Showing posts with label കൗതുകം. Show all posts
Showing posts with label കൗതുകം. Show all posts

Friday, 15 February 2013

ശാരീരിക വൈരൂപ്യം കൊണ്ടു പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലോകശ്രദ്ധ നേടിയ ജൂലിയ പാസ്ട്രാന എന്ന യുവതിയുടെ മൃതദേഹം, മരണമടഞ്ഞ് 150 വര്‍ഷത്തിനു ശേഷം സംസ്കരിച്ചു.

ശാരീരിക വൈരൂപ്യം കൊണ്ടു പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലോകശ്രദ്ധ നേടിയ ജൂലിയ പാസ്ട്രാന എന്ന യുവതിയുടെ മൃതദേഹം, മരണമടഞ്ഞ് 150 വര്‍ഷത്തിനു ശേഷം സംസ്കരിച്ചു. ഹൈപ്പര്‍ട്രിക്കോസിസ് (ശരീരത്തിലെ അമിത രോമവളര്‍ച്ച) എന്ന ജനിതകവൈകല്യമുണ്ടായിരുന്ന ജൂലിയയുടെ മുഖത്തും ശരീരമാസകലവും വന്‍തോതിലുള്ള രോമവളര്‍ച്ചയുണ്ടായിരുന്നു. ഉന്തിനില്‍ക്കുന്ന മുഖവും കൂടിയായതോടെ ചിലര്‍ അവരെ ‘കുരങ്ങുവനിത എന്നുവരെ വിളിച്ചു.
1834ല്‍ മെക്സിക്കോയില്‍ ജനിച്ച ജൂലിയയെ ഇരുപതാം വയസ്സില്‍ തിയഡോര്‍ ലെന്‍റ് എന്ന യുഎസ് കലാസംഘാടകനാണു കണ്ടെത്തിയത്. പണം കൊടുത്തു ജൂലിയയെ വാങ്ങിയ ലെന്‍റ്, നൃത്തവും പാട്ടും പഠിപ്പിച്ചു; ‘വിചിത്ര ഷോയുമായി ജൂലിയയെ ലോകമെങ്ങും കൊണ്ടുനടന്നു. പിന്നീട് അവരെ വിവാഹം കഴിച്ചു. 1860ല്‍ ലെന്‍റിന്‍റെ കുഞ്ഞിനു ജൂലിയ ജന്മം നല്‍കി. അമ്മയുടെ അതേ ജനിതകപ്രത്യേകതകള്‍ ഉണ്ടായിരുന്ന കുഞ്ഞ് മൂന്നു ദിവസമേ ജീവിച്ചുള്ളൂ. പ്രസവാനന്തര സങ്കീര്‍ണതകളെത്തുടര്‍ന്ന് അഞ്ചാം നാള്‍ ജൂലിയയും മരിച്ചു.
പിന്നീട്, ഇരുവരുടെയും എംബാം ചെയ്ത മൃതദേഹങ്ങളുമായിട്ടായിരുന്നു ലെന്‍റിന്‍റെ ലോകപര്യടനം. ഒടുവില്‍, നോര്‍വേയിലെ ഓസ്‌ലോ സര്‍വകലാശാലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മെക്സിക്കോയിലെ സിനലോവ സംസ്ഥാനത്തെ ഗവര്‍ണര്‍ മരിയോ ലോപ്പസിന്‍റെ ഇടപെടല്‍ മൂലമാണു മൃതദേഹം ഒടുവില്‍ സ്വന്തം രാജ്യത്തെത്തിച്ചതും സംസ്കരിച്ചതും. ജീവിതകാലത്തു ജൂലിയ നേരിട്ട ക്രൂരതകളും അതിനെ അവര്‍ അതിജീവിച്ചതും ഊഹിക്കാവുന്നതേയുള്ളൂവെന്നും ഇതൊരു മഹത്തായ ജീവിതകഥയാണെന്നും ലോപ്പസ് പറഞ്ഞു.

Thursday, 10 January 2013

ക്രിസ്തുമസ് ദീപിലെ ചുവന്ന ഞെണ്ടുകളുടെ മുട്ടയിടാന്‍ സമയത്തുള്ള തീരദേശ യാത്ര


പെര്‍ത്തില്‍ നിന്നും (ആസ്ട്രേലിയ) 2400 കിലോ മീറ്റര്‍ അകലെയുള്ള ക്രിസ്തുമസ് ദീപിലെ ചുവന്ന ഞെണ്ടുകളുടെ മുട്ടയിടാന്‍ സമയത്തുള്ള തീരദേശ പ്രദേശങ്ങളിലേക്കുള്ള പാലായനത്തിന്റെ ചിത്രങ്ങളാണ് താഴെ... ഒക്ടോബര്‍ /നവംബര്‍ മാസങ്ങളില്‍ പതിവായി നടക്കാറുള്ള, ഫോറസ്റ്റില്‍ നിന്നും തീരദേശങ്ങളിലേക്കുള്ള ഈ പാലായനം ക്രിസ്തുമസ ദീപിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണവും , ടൂറിസം വരുമാനവുമാനത്രേ. ഏകദേശം അഞ്ചു കോടിയിലേറെ ഞെണ്ടുകള്‍ ഇങ്ങനെ കാട്ടില്‍ നിന്നും ഏഴു ദിവസങ്ങളിലായി എല്ലാ വര്‍ഷവും തീരദേശ പ്രദേശങ്ങളിലേക്ക് പാലായനം ചെയ്യാറുണ്ട് .ഈ സമയങ്ങളില്‍ ഈ ദീപിലെ മിക്ക റോഡുകളും ഞെണ്ടുകളുടെ സുഖമമായ പാലായനത്തിനായി സര്‍ക്കാര്‍ അടച്ചിടാറുണ്ട്‌.,.കൂടാതെ ഞെണ്ടുകളുടെ സുഖമമായ സഞ്ചാരത്തിന് ഇവക്കു പ്രതേകം ടണലുകളും സര്‍ക്കാര്‍ നിര്‍മിച്ചിട്ടുണ്ട്.. പ്രകൃതിയെയും ജന്തു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്കും യാതൊരു വിധ പരിഗണനകളും കൊടുക്കാത്ത നമുക്ക് ഇത്തരത്തിലുള്ള ഒരു വാര്‍ത്ത വളരെ കൌതുകം നിറഞ്ഞത്‌ തന്നെയാണ്. ഈ ഞെണ്ടുകള്‍ നമ്മുടെ നാട്ടിലാണെങ്കില്‍ ഒരു പക്ഷെ ഈ ഭൂമുകത്തു നിന്ന് തന്നെ നാം ഈ ജീവിയെ നീക്കം ചെയ്തിട്ടുണ്ടാവും..മനുഷ്യന് മാത്രമല്ല, എല്ലാ ജീവ ജാലങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന് ലോകത്തിനു മാതൃക കാണിച്ചു കൊടുത്ത ക്രിസ്തുമസ് ദീപ ഭരണ കൂടത്തിനു ഒരായിരം നന്ദി...... ഭാഗ്യം ചെയ്ത ഞണ്ടുകള്‍....... .

Tuesday, 4 September 2012

നൂറു വര്‍ഷമായി പ്രകാശം ചൊരിയുന്ന ബള്‍ബ്

ലണ്ടന്‍: നൂറു വര്‍ഷമായി പ്രകാശം ചൊരിയുന്ന ബള്‍ബ്. ഏതെങ്കിലും മാന്ത്രിക കഥയിലെ പരാമര്‍ശമാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സംഭവം ഉള്ളതു തന്നെ. ബ്രിട്ടണിലാണ് ഈ അത്ഭുത ബള്‍ബുള്ളത്. 

കണക്കുകള്‍ പ്രകാരം 1912 ജൂലെയിലാണ് ഈ ബള്‍ബ് ബ്രിട്ടണിലെ സഫോള്‍ക്ക് നിരത്തിലുള്ള വീടിന്റെ പോര്‍ച്ചില്‍ സ്ഥാപിച്ചത്. ഇപ്പോള്‍ റോജര്‍ ഡൈബെല്‍ എന്നയാളുടെ ഉടമസ്ഥതയിലാണ് ആ വീട്. 230 വോള്‍ട്ട്, 55 വാട്ട് ഡിസിയാണ് ബള്‍ബിന്റെ കപ്പാസിറ്റി. 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോജര്‍ ഈ വീട്ടില്‍ താമസിക്കാനെത്തുമ്പോള്‍ തന്നെ ഇവിടെയുള്ളതാണ് ഈ ബള്‍ബ്.

ബള്‍ബ് നിര്‍മ്മിച്ചതെന്നാണെന്നുള്ള അറിയാനുള്ള ശ്രമമാണ് കൗതുകകരവും ആശ്ചര്യജനകവുമായ അറിവിലേക്ക് എത്തിയത്. നോര്‍ത്ത് ലണ്ടനിലെ വെബ്ലിയിലുള്ള ബള്‍ബ് മാനുഫാക്ച്ചറിംഗ് കമ്പനിയാണ് ഈ അത്ഭുത ബള്‍ബ് നിര്‍മ്മിച്ചത്. 

പുതിയ ബള്‍ബുകള്‍ക്കെല്ലാം വെറും ആയിരം മണിക്കൂറുകള്‍ പ്രകാശിക്കാനുള്ള കാലാവധി മാത്രമേ ഉള്ളൂ എന്നിടത്താണ് ഈ ബള്‍ബ് ഏവര്‍ക്കും അത്ഭുതമാകുന്നത്.

കുഞ്ഞന്‍ തവള

\
പോക്രോം , പോക്രോം എന്ന് ശബ്ദമുണ്ടാക്കുന്ന ഈ കുഞ്ഞന്‍തവളയെ തപ്പാന്‍ കണ്ണുകള്‍ക്ക് നല്ല പവറു വേണം. കാരണം പാപ്പുവ ന്യൂ ഗിനിയില്‍ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും ചെറിയ തവളയായ പീഡൊഫ്രൈനെ അമൌന്‍സിസ് എന്ന കുഞ്ഞന്‍ തവളയുടെ വലിപ്പം 7 മില്ലി മീറ്ററാണ് അതായത് .72 ഇഞ്ച് വലിപ്പം. കരിയിലകള്‍ക്കിടയില്‍ മറ്റൊരു കരിയിലയെ പോലെ ഒളിച്ചിരുന്ന ഈ വിരുതനെ കണ്ടെത്താന്‍ കുറച്ചധികം കഷ്ടപ്പെടേണ്ടി വന്നെന്ന് ഗവേഷകസംഘം തലവനായ ക്രിസ്റ്റ് ഓസ്റ്റ് പറഞ്ഞു. അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ ഒരു സംഘമാണ് ഈ കുഞ്ഞന്‍ തവളയെപ്പറ്റിയുള്ള വിവരങ്ങള്‍ പ്ലോസ് വണ്‍ ജേണല്‍ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലൂടെ പുറത്തു വിട്ടത്.

ഒരു സെന്‍റി മീറ്ററിലും ചെറുതായ ബ്രസീലിയന്‍ സ്വര്‍ണ്ണ തവള, ക്യൂബന്‍
തവളയായ മോണ്ടെ ഇബേറിയ എലൂത്ത് എന്നിവരെ പിന്തള്ളിയാണ് ലോകത്തിലെ
കുഞ്ഞന്‍ തവളയെന്ന സ്ഥാനം പീഡൊഫ്രൈനെ അമൌന്‍സിസ് കരസ്ഥമാക്കുന്നത്.
മാത്രമല്ല, പീഡോസൈപ്രിസ് പ്രൊജെനെറ്റിക എന്ന മീനുകളെ പിന്തള്ളി
നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും ചെറിയ ജീവിവര്‍ഗ്ഗം എന്ന കിരീടവും ഈ
കുഞ്ഞന്‍ തവള അണിയാന്‍ സാധ്യത ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഫോട്ടോകോറിനസ്
സ്പിനിസെപ്സ് എന്ന സ്പീഷിസിലെ ആണ്‍ ആങ്ക്ലര്‍ ഫിഷ് ആയ പീഡോസൈപ്രിസ് പ്രൊജെനെറ്റിക്
എന്ന മീനിന്‍റെ വലിപ്പം 6 മില്ലിമീറ്ററാണെങ്കിലും 50 മില്ലിമീറ്ററിലേറെ വലിപ്പമുള്ള
പെണ്‍ മീനുകളോട് കൂടിച്ചേര്‍ന്നാണ് ഇവ വസിക്കുന്നത് എന്നത് കുഞ്ഞന്‍ തവളയെ
നട്ടെല്ലുള്ള ജീവികളിലും തന്നെ ഏറ്റവും ചെറുതാക്കുമെന്നാണ് കരുതപ്പെടുന്നത്.

Saturday, 1 September 2012

ട്രയിന്‍ പോലൊരു ബസ്‌

ട്രയിന്‍ പോലൊരു ബസ്‌. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടല്ലേ. പല ബോഗികള്‍ ചേര്‍ന്ന ഒരു തീവണ്ടി പോലെ ലോകത്തിലെ ഏറ്റവും നീളമേറിയ ബസ്‌ നിരത്തിലിറക്കുന്നത്‌ യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയാണ്‌. 101 അടി നീളം വരുന്ന ഈ വാഹനം 256 യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതാണെന്നാണ്‌ അവകാശവാദം.

ഫ്രൗണ്‍ ഹോഫര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ട്രാഫിക്‌ ആന്റ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ സിസ്‌റ്റം ആണ്‌ ഈ ബസ്‌ നിര്‍മ്മാണത്തിന്‌ പിന്നില്‍. ഓട്ടോ ട്രാം എക്‌സട്രാ ഗ്രാന്റ്‌ എന്ന്‌ പേരുള്ള 10 മില്യണ്‍ ഡോളറാണ്‌ നിര്‍മ്മാണ ചെലവ്‌ വഹിച്ചത്‌. അടുത്ത ആഗസ്‌റ്റില്‍ നിരത്തിലിറങ്ങുന്ന വാഹനം പരീക്ഷണാടിസ്‌ഥാനത്തിലാണ്‌ തുടക്കത്തില്‍ ഓടുക.

ഇതിന്റെ ഏറ്റവും വലിയ ഗുണം പരിസ്‌ഥിതിക്ക്‌ ഏറെ അനുകൂലമായ വിധത്തില്‍ വൈദ്യൂതോര്‍ജ്‌ജ&ത്തിലാണ്‌ ബസ്‌ പ്രവര്‍ത്തിക്കുന്നത്‌. ഒരു തവണ ബാറ്ററി ചാര്‍ജ്‌ജ് ചെയ്‌താല്‍ അഞ്ചു മൈല്‍ ദൂരം യാത്ര ചെയ്യാനാകും ഓടിത്തുടങ്ങുമ്പോള്‍ ബാറ്ററി തനിയെ ചാര്‍ജ്‌ജ് ചെയ്യുകയും ചെയ്യും. മൂന്ന്‌ കാര്യേജ്‌ വരുന്ന വാഹനം കൂടുതല്‍ നിയന്ത്രണ വിധേയമാകത്തക്ക വിധത്തില്‍ ഒരു കമ്പ്യൂട്ടര്‍ ഡ്രൈവിംഗ്‌ സിസ്‌റ്റം വികസിപ്പിച്ചെടുക്കാനുള്ള നീക്കത്തിലാണ്‌ ബസിന്റെ അണിയറപ്രവര്‍ത്തകര്‍.

Wednesday, 1 August 2012

ഉറക്കത്തില്‍ നദിയില്‍ നീന്തി!

യുഎസിലെ ഇഡാഹോയിലെ ബര്‍ലിയില്‍ താമസിക്കുന്ന ഒരാളുടെ ഭാര്യയെ ഒരു ദിവസം വെളുപ്പിന്‌ കാണാതായി. ഇരുവരും ഒരുമിച്ചാണ്‌ ഉറങ്ങാന്‍ കിടന്നത്‌. ചെരുപ്പു പോലും ഇടാതെ നിശാവസ്‌ത്രവും ധരിച്ചാണ്‌ അവര്‍ അപ്രത്യക്ഷയായത്‌. ആരായാലും ഇത്തരമൊരു അവസ്‌ഥയില്‍ പരിഭ്രമിക്കും. പോലീസില്‍ വിവരം അറിയിക്കുകയും ചെയ്യും. അദ്ദേഹവും അതുതന്നെ ചെയ്‌തു.

തന്റെ ഭാര്യയ്‌ക്ക് ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന 'സോമ്‌നാംബുലിസം' എന്ന അസുഖം ഉണ്ടെന്നും പരാതിക്കാരന്‍ പോലീസിനെ അറിയിച്ചിരുന്നു. പോലീസെത്തി പരിസരമാകെ അരിച്ചുപെറുക്കി. എന്നാല്‍, അവരെ കുറിച്ച്‌ ഒരു വിവരവും ലഭിച്ചില്ല. അവസാനം, സമീപത്തുളള സ്‌നേക്ക്‌ നദിയില്‍ നിന്നാണ്‌ അവരെ ലഭിച്ചത്‌. വീട്ടില്‍ നിന്ന്‌ കുറേ അകലെയുളള നദിയില്‍ ഇവര്‍ ഉറക്കത്തില്‍ നീന്തുകയായിരുന്നുവത്രേ!

'സോമ്‌നാംബുലിസം' ഉളളവര്‍ ഉറക്കത്തില്‍ എഴുന്നേറ്റ്‌ നടക്കുക മാത്രമല്ല ചിലപ്പോള്‍ വീട്ടുപകരണങ്ങള്‍ നീക്കി വയ്‌ക്കുക, ഡ്രൈവ്‌ ചെയ്യുക തുടങ്ങി സങ്കീര്‍ണമായ പ്രവൃത്തികളും ചെയ്യുമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌.

വിമാനത്തില്‍ ഉറങ്ങിയാല്‍ ഇങ്ങനെയിരിക്കും!

ബസില്‍ കയറിയിരുന്ന്‌ ഉറങ്ങുന്നതു പോലെയല്ല വിമാനത്തില്‍ കയറിയിരുന്ന്‌ ഉറങ്ങുന്നത്‌. പാകിസ്‌താനില്‍ നിന്ന്‌ പാരീസിലേക്ക്‌ പറന്ന പട്രീഷെ അഹമ്മദിന്‌ ഇക്കാര്യം നന്നായി മനസ്സിലായി. വിമാനത്തില്‍ ഇരുന്ന്‌ ഉറങ്ങിയ ഇവര്‍ പാരീസിലെത്തിയത്‌ അറിഞ്ഞില്ല. വിമാനം തിരികെ ലാഹോറിലെത്തിയപ്പോഴാണ്‌ ഉറങ്ങുന്ന പട്രീഷ്യ അധികൃതരുടെ പോലും ശ്രദ്ധയില്‍ പെട്ടത്‌!

പാരീസിലെ ചാള്‍സ്‌ ഡീ ഗ്വല്ലെ വിമാനത്താവളത്തിലെ ഗ്രൗണ്ട്‌ സ്‌റ്റാഫിന്റെ ഗുരുതരമായ പിഴവാണ്‌ പട്രീഷ തിരിച്ചു പറക്കാന്‍ കാരണമായതെന്നാണ്‌ പാകിസ്‌താന്‍ എയര്‍ലൈന്‍സിന്റെ കുറ്റപ്പെടുത്തല്‍. യാത്രക്കാരിയെ തിരികെ പാരീസിലെത്തിക്കാനുളള ഏര്‍പ്പാടും എയര്‍ലൈന്‍സ്‌ അധികൃതര്‍ ചെയ്‌തു.

ഫ്രഞ്ചുകാരിയായ പട്രീഷയുടെ ഭര്‍ത്താവ്‌ പാകിസ്‌താന്‍ സ്വദേശിയാണ്‌. എന്തായാലും അവരുടെ ഉറക്കം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്‌!

കുഞ്ഞിയും കുഞ്ഞനും കണ്ടുമുട്ടി!

ലോകത്തിലെ ഏറ്റവും ചെറിയ സ്‌ത്രീയും പുരുഷനും തമ്മില്‍ കണ്ടുമുട്ടി. വളരെ കുറച്ചു സമയമേ കൂടിക്കാഴ്‌ച നീണ്ടു നിന്നുളളൂ എങ്കിലും കാഴ്‌ചക്കാരുടെ മനസ്സില്‍ എക്കാലവും ഈ 'ചെറിയ കൂടിക്കാഴ്‌ച' മായാതെകിടക്കുമെന്ന്‌ ഉറപ്പ്‌. ഗിന്നസ്‌ ബുക്കിന്റെ 2013 എഡിഷന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ഫോട്ടോ ഷൂട്ടിന്‌ എത്തിയപ്പോഴാണ്‌ ചന്ദ്ര ബഹാദൂര്‍ ദാംഗി എന്ന നീളക്കുറവിന്റെ രാജാവും ജ്യോതി ആംഗെ എന്ന നീളക്കുറവിന്റെ രാജകുമാരിയും ജീവിതത്തില്‍ ആദ്യമായി പരസ്‌പരം കണ്ടത്‌.

എഴുപത്തിരണ്ടുകാരനായ ദാംഗിയുടെ നീളം 21.5 ഇഞ്ചാണ്‌. ജ്യോതിക്കാണ്‌ ദാംഗെയെക്കാള്‍ ഉയരക്കൂടുതല്‍- 24.7 ഇഞ്ച്‌! പതിനെട്ടുകാരിയായ ജ്യോതി ആംഗെ നാഗ്‌പൂര്‍ സ്വദേശിയാണ്‌. നേപ്പാളിലെ റിംഖോലി ഗ്രാമവാസിയാണ്‌ ദാംഗി.

ജ്യോതി തന്റെ നീളക്കുറവിന്റെ പ്രശസ്‌തി ആവോളം ആസ്വദിക്കുകയാണ്‌. യാത്ര ഇഷ്‌ടപ്പെടുന്ന ജ്യോതി ജപ്പാനിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ഫാഷന്‍ ഡിസൈനര്‍ എന്ന പേരില്‍ അറിയപ്പെടാനാണ്‌ ഇവര്‍ ആഗ്രഹിക്കുന്നത്‌ ഒപ്പം ബോളിവുഡില്‍ ഒരു കൈ നോക്കാനും ഇവര്‍ ആഗ്രഹിക്കുന്നു. അതേസമയം, തന്റെ പ്രശസ്‌തി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൂടി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ്‌ ദാംഗി.

സെപ്‌റ്റംബര്‍ 13 ന്‌ പുറത്തിറങ്ങുന്ന ഗിന്നസ്‌ ബുക്കിന്റെ പുതിയ പതിപ്പില്‍ ഇവരുടെ അപൂര്‍വ സംഗമത്തിന്റെ ഫോട്ടോകള്‍ സ്‌ഥാനംപിടിക്കും.

കൊത്തിയ മൂര്‍ഖനെ കടിച്ചുകൊന്നു!

കടിച്ച പാമ്പിനെ തിരിച്ചു വരുത്തി വിഷമെടുപ്പിക്കുന്ന വിഷഹാരികളെ കുറിച്ചുളള നിറംപിടിപ്പിച്ച കഥകള്‍ നാം കേട്ടിട്ടുണ്ട്‌. അത്‌ കഥ. എന്നാല്‍, ഒരാള്‍ യഥാര്‍ഥ ജീവിതത്തില്‍ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചുകൊന്നു! അതും ഒരു മൂര്‍ഖനെ!

നേപ്പാള്‍ തലസ്‌ഥാനമായ കാഠ്‌മണ്ഡുവില്‍ നിന്ന്‌ 200 കിലോമീറ്റര്‍ അകലെയുളള ഒരു ഗ്രാമത്തിലാണ്‌ സംഭവം നടന്നത്‌. പാടത്തുവച്ചാണ്‌ മൊഹമ്മദ്‌ സാല്‍മോ മിയ എന്നയാളെ മൂര്‍ഖന്‍ കടിച്ചത്‌. തന്റെ കഷ്‌ടകാലത്തിനാണ്‌ ഇത്തരമൊരു ദുര്‍ബുദ്ധി തോന്നിയതെന്ന്‌ മൂര്‍ഖന്‌ അപ്പോള്‍ തോന്നിക്കാണില്ല! പാമ്പ്‌ തന്നെ കടിച്ചപ്പോള്‍ ഭയത്തിനു പകരം കടുത്ത കോപമാണ്‌ മിയയ്‌ക്ക് തോന്നിയത്‌. പാമ്പിനെ ഓടിച്ചിട്ട്‌ പിടിച്ച്‌ അതിനെ കടിച്ചുകൊന്നപ്പോഴാണ്‌ മിയയുടെ കോപം അല്‍പ്പമൊന്ന്‌ ശമിച്ചത്‌.

പാമ്പിനെ വേണമെങ്കില്‍ തനിക്ക്‌ അടിച്ചു കൊല്ലാമായിരുന്നു. എന്നാല്‍, പ്രതികാരബുദ്ധി അതിനനുവദിച്ചില്ല. അതിനാലാണ്‌ അതിനെ കടിച്ചു തന്നെ കൊന്നതെന്നും മിയ ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്തായാലും തന്നെ കടിച്ച പാമ്പിനെ കടിച്ചുകൊന്ന ശേഷമാണ്‌ മിയ ചികിത്സയ്‌ക്കു വിധേയനായത്‌. ജീവന്‌ അപകടകരമായ രീതിയില്‍ മിയയ്‌ക്ക് വിഷമേറ്റിരുന്നില്ല.

ആകാശമധ്യത്തില്‍ പൊരിഞ്ഞ അടി!

വാക്കേറ്റം കൈയാങ്കളിയില്‍ അവസാനിക്കാന്‍ ഏറെ സമയമൊന്നും വേണ്ടല്ലോ? അത്‌ കരയിലായാലും കടലിലായാലും ആകാശമധ്യത്തിലായാലും ഒരുപോലെതന്നെ. ഇതാണ്‌ സ്വിസ്‌ എയറിന്റെ സൂറിച്ചില്‍ നിന്നുളള ബീജിംഗ്‌ വിമാനത്തിലും നടന്നത്‌. രണ്ട്‌ യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. അത്‌ നല്ല 'സൂപ്പര്‍' അടിയിലാണ്‌ കലാശിച്ചത്‌. അവര്‍ അടിച്ച്‌ വാശി തീര്‍ത്തപ്പോള്‍ യഥാര്‍ഥത്തില്‍ ഇരകളായത്‌ യാത്രക്കാരാണ്‌. കാരണം, അടിയുടെ വേദിയായതോടെ പറന്നുയര്‍ന്ന്‌ ആറ്‌ മണിക്കൂറിനു ശേഷം വിമാനം സൂറിച്ചിലേക്ക്‌ തന്നെ തിരിച്ചുവിട്ടു! 

സെപ്‌റ്റംബര്‍ രണ്ടിനാണ്‌ സംഭവം നടന്നതെന്ന്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ പറയുന്നു. 200 യാത്രക്കാരുമായി സൂറിച്ചില്‍ നിന്ന്‌ പറന്നുയര്‍ന്ന വിമാനം ആറ്‌ മണിക്കൂര്‍ യാത്രചെയ്‌ത് മോസ്‌കോയ്‌ക്ക് മുകളിലെത്തിയപ്പോഴാണ്‌ 27 ഉം 57 ഉം വയസ്സുളള രണ്ട്‌ ചൈനക്കാര്‍ തമ്മില്‍ വിമാനത്തില്‍ 'പൊരിഞ്ഞ അടി' നടന്നത്‌. വിമാനജോലിക്കാര്‍ ഏറെ പണിപ്പെട്ട്‌ ഇരുവരെയും പിടിച്ചുമാറ്റി. എന്നാല്‍, വിമാനം മോസ്‌കോയില്‍ അടിയന്തരമായി ഇറക്കുന്നതിനു പകരം സൂറിച്ചിലേക്ക്‌ തിരിച്ചുവിടാനാണ്‌ ക്യാപ്‌റ്റന്‍ തീരുമാനിച്ചത്‌. സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണിതെന്നായിരുന്നു വിശദീകരണം.

കരടി ഫാമിലി ബിയറടിച്ച്‌ പൂസായി!കരടി ഫാമിലി ബിയറടിച്ച്‌ പൂസായി!

ഒരു കരടി കുടുംബം, അച്‌ഛന്‍ കരടിയും അമ്മക്കരടിയും കുട്ടിക്കരടിയും, 100 ക്യാന്‍ ബിയര്‍ അകത്താക്കി! ഇത്‌ ആരും നല്‍കിയതല്ല, മോഷ്‌ടിച്ച്‌ കുടിച്ചതാണ്‌!

നോര്‍വേയിലെ ഒരു അവധിക്കാല വിശ്രമ കേന്ദ്രത്തിലാണ്‌ സംഭവം നടന്നത്‌. അവധിക്കാലമാഘോഷിക്കാനെത്തിയ ബോര്‍തന്‍ നീല്‍സന്റെ കുടുംബമാണ്‌ കരടിക്കൊളളയ്‌ക്ക് ഇരയായത്‌. ഇവര്‍ തങ്ങളുടെ താമസസ്‌ഥലത്തു നിന്ന്‌ പുറത്തുപോയ അവസരത്തിലാണ്‌ കരടികള്‍ കൊളള നടത്തിയത്‌..... ...

തുറന്നു കിടന്ന ഒരു ജനാലയിലൂടെയാണ്‌ കരടികള്‍ അകത്തുകടന്നത്‌. അകത്തു കടന്ന വന്യജീവികള്‍ 100 ബോട്ടിലില്‍ അധികം ബിയര്‍ അകത്താക്കി. കൂടാതെ അവിടെയുണ്ടായിരുന്ന മൊത്തം ഭക്ഷണവും അകത്താക്കി എന്നു മാത്രമല്ല കണ്ണില്‍ക്കണ്ട എല്ലാ സാധനസാമഗ്രികളും തച്ചു തകര്‍ക്കുകയും ചെയ്‌തു. ബിയറിന്റെ രുചിയറിഞ്ഞ കരടി കുടുംബത്തില്‍ നിന്ന്‌ ഇനി ഏതു നിമിഷവും അടുത്ത ആക്രമണം ഉണ്ടാകാമെന്നാണ്‌ ഇവിടുത്തുകാര്‍ ഇപ്പോള്‍ ഭയക്കുന്നത്‌.

Thursday, 31 May 2012

ദിവസം 50 രൂപയ്ക്ക് കുടിച്ചാല്‍ ബി.പി.എല്ലില്‍ നിന്ന് പുറത്താവും










രാജ്യത്ത് കൂടുതല്‍ മദ്യവില്പന കേരളത്തില്‍
ന്യൂഡല്‍ഹി: ഗ്രാമപ്രദേശങ്ങളിലെ മദ്യപാനം കുറയ്ക്കാന്‍ പുതിയ മാര്‍ഗവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. പ്രതിദിനം അമ്പതു രൂപയിലധികം മദ്യത്തിനായി ചെലവാക്കുന്നവരെ ബി.പി.എല്‍. പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അമ്പതുരൂപയിലേറെ പ്രതിദിനം മദ്യത്തിന് ചെലവാക്കുന്നവരെ പാവങ്ങളായി കാണാനാവില്ലെന്ന് മധ്യപ്രദേശ് പഞ്ചായത്ത്ഗ്രാമവികസന മന്ത്രി ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. അതിനാല്‍ ഇത്തരക്കാര്‍ക്കുള്ള ഭക്ഷ്യ സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും നിര്‍ത്തും. ഈ വിഭാഗക്കാരെ ബി.പി.എല്‍. പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരം ഗ്രാമസഭകള്‍ക്കുണ്ടെന്നും ഭാര്‍ഗവ പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തെ എതിര്‍ക്കുന്ന സാമൂഹികപ്രവര്‍ത്തകരുമുണ്ട്. വിദിഷ ജില്ലയിലെ വനിതാ പഞ്ചായത്ത് പ്രതിനിധികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് മന്ത്രിയുടെ നിര്‍ദേശം വന്നത്. മറ്റു ചില സംസ്ഥാനങ്ങളിലും വനിതകളുടെ ഭാഗത്തുനിന്ന് ഇത്തരം ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മദ്യവില്പന തടയാന്‍ തങ്ങള്‍ക്ക് അധികാരം നല്‍കണമെന്നാണ് വനിതകള്‍ ആവശ്യപ്പെട്ടത്. വിദിഷ ബ്ലോക്കിലെ 49 വനിതാ സര്‍പഞ്ചുമാരില്‍ 33 പേരും ഇക്കാര്യം ആവശ്യപ്പെട്ടു. ഇന്ത്യയിലെ മദ്യ ഉപഭോഗം പ്രതിവര്‍ഷം 30 ശതമാനത്തോളം കൂടിവരികയാണ്. നിലവില്‍ 700 കോടി ലിറ്ററാണ് രാജ്യത്തെ മദ്യ ഉപഭോഗം. ഇത് അടുത്ത മൂന്നുവര്‍ഷം കൊണ്ട് 2000 കോടി ലിറ്ററാകുമെന്ന് അസോചം(അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ) നടത്തിയ പഠനത്തില്‍ പറയുന്നു. നിലവില്‍ ഇന്ത്യയിലെ 52000 കോടിയുടെ മദ്യവിപണി മൂന്നു വര്‍ഷം കൊണ്ട് രണ്ടു ലക്ഷം കോടിയുടേതാകും. ലോകത്തിലെ ഏറ്റവും വലിയ മദ്യവിപണികളിലൊന്നാണ് ഇന്ത്യ. തെക്കു കിഴക്കന്‍ ഏഷ്യയിലെ 70 ശതമാനം മദ്യനിര്‍മാണവും ഇന്ത്യയിലാണ്. രാജ്യത്ത് ഏറ്റവുമധികം മദ്യം ചെലവാകുന്നത് കേരളത്തിലാണ്. രാജ്യത്തിലെ ആകെ മദ്യ ഉപഭോഗത്തിന്റെ 16 ശതമാനം കേരളത്തിലും 14 ശതമാനം തൊട്ടുപിന്നില്‍ നില്‍ക്കുന്ന പഞ്ചാബിലുമാണ്. ആന്ധ്രാ, ഹരിയാണ, ഹിമാചല്‍, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം തൊട്ടുതാഴെയുള്ള സ്ഥാനത്തുള്ളത്.

ഇത് കാറോ സ്വര്‍ണ കൊട്ടാരമോ?‍


സ്വിസ് ബിസിനസുകാരനായ അന്‍ലൈക്കറിന്റെ കാര്‍ ഒന്നു കാണേണ്ടതു തന്നെയാണ്. ഇദ്ദേഹത്തിന്റെ മെഴ്‌സിഡസ് മക്‌ലാറന്‍ എസ്എല്‍ആര്‍ കണ്ടാല്‍ അത് കാറു തന്നെയാണോ എന്ന് ആരും ചോദിച്ചുപോകും. അത്രയധികം സ്വര്‍ണവും രത്‌നങ്ങളും ഉപയോഗിച്ചാണ് അന്‍ലൈക്കന്‍ സ്വന്തം കാര്‍ ആള്‍ട്ടര്‍ ചെയ്ത് എസ്‌ക്ലൂസിവ് ആക്കിയിരിക്കുന്നത്. ലോകത്ത് ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും വിലയേറിയ കാറും ഇതാണത്രെ! 
ആള്‍ട്ടര്‍ ചെയ്ത ശേഷം 'അന്‍ലൈക്കര്‍ മക്‌ലാറന്‍ എസ്എല്‍ആര്‍ 999 റെഡ് ഗോള്‍ഡ് ഡ്രീം' എന്ന പേരിലാണ് ഈ വാഹനം അറിയപ്പെടുന്നത്. അന്‍ലൈക്കറിന്റെ സ്വന്തം ഇഷ്ടപ്രകാരം കാര്‍ മാറ്റിയെടുക്കുന്നതിന് 30,000 മണിക്കൂര്‍ വേണ്ടിവന്നു. ഇതിനായി ചെലവഴിച്ചതും ഒട്ടും കുറവല്ല - 55 ലക്ഷം ഡോളര്‍! 
കാറിന്റെ ചക്രങ്ങള്‍, നിറം, ഇന്റീരിയര്‍ എന്തിനേറെ എഞ്ചിന്‍ വരെ അന്‍ലൈക്കര്‍ സ്വന്തം ഇഷ്ടപ്രകാരം മാറ്റിമറിച്ചു. 25 ലെയറുളള ചുവന്ന പെയിന്റാണ് കാറിന് അടിച്ചിരിക്കുന്നത്! പെയിന്റില്‍ അഞ്ച് കിലോ സ്വര്‍ണത്തരികളും ചേര്‍ത്തിരിക്കുന്നു! വീല്‍ക്കപ്പും ഹെഡ്‌ലൈറ്റും ഡോറും 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞിരിക്കുന്നു. കാറിനകത്തെ ഇന്‍ഡിക്കേറ്ററുകര്‍ രത്‌ന ഖചിതമാണ്. സീറ്റുകവറും മറ്റ് ഇന്റിരിയറുകള്‍ക്കും സ്വര്‍ണ ടച്ച് നല്‍കിയിട്ടുണ്ട്. മൊത്തം 600 മാണിക്യ കല്ലുകളാണ് ഈ കാറിനെ സുന്ദരിയാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 
എഞ്ചിനാവട്ടെ 640 ബിഎച്ച്പിയില്‍ നിന്ന് 999 ബിഎച്ച്പി ആക്കി ഉയര്‍ത്തുകയും ചെയ്തു. ഇതിന്റെ ഫലമായി കാറിന്റെ ടോപ്പ് സ്പീഡ് മണിക്കൂറില്‍ 210 മൈലായി വര്‍ദ്ധിപ്പിക്കാനായി. 
സ്വപ്ന സാക്ഷാത്കാരത്തിനായി ഇത്രയധികം ചെലവഴിച്ച അന്‍ലൈക്കര്‍ ഇനി തന്റെ ഈ സ്വപ്ന വാഹനം വാങ്ങുന്നതിനായി ആരെങ്കിലും വരുമോ എന്ന കാത്തിരിപ്പിലാണ്. ആര്‍ക്കായാലും 11 ദശലക്ഷം ഡോളറില്‍ കുറച്ച് ഈ നിരത്തിലെ കൊട്ടാരം വില്‍ക്കില്ല എന്നാണ് ഉടമയുടെ തീരുമാനം. 470,000 ഡോളറായിരുന്നു കാറിന്റെ യഥാര്‍ത്ഥ വില. 

കുട്ടിക്കുരങ്ങിനെ നായ ദത്തെടുത്തു!



തന്റെ കുഞ്ഞല്ല എങ്കിലും മിന്റുവിന്‌ കുരങ്ങന്റെ കുഞ്ഞ്‌ പൊന്‍കുഞ്ഞാണ്‌! തന്റെ ഏഴ്‌ കുഞ്ഞുങ്ങള്‍ക്കൊപ്പം മിന്റു എന്ന പെണ്‍പട്ടി ഒരു കുട്ടിക്കുരങ്ങിനെ കൂടി ദത്തെടുത്തു! ദത്തെടുത്തു എന്നുവച്ചാല്‍ കുഞ്ഞു കുരങ്ങിനെ പാലൂട്ടുന്നതു മുതല്‍ ശത്രുക്കളില്‍ നിന്ന്‌ രക്ഷിക്കുന്നത്‌ വരെ മിന്റുവാണ്‌.
വടക്കുകിഴക്കന്‍ ബംഗ്ലാദേശിലെ ബിഷ്വന്ത്‌പൂര്‍ ഗ്രാമമാണ്‌ മാതൃവാത്സല്യത്തിന്റെ അപൂര്‍വമായ കഥയ്‌ക്ക് വേദിയാവുന്നത്‌. ഷിപാര്‍ റേസ എന്ന ബ്രിട്ടീഷ്‌ ബംഗ്ലാദേശിയുടെ വളര്‍ത്തു നായയാണ്‌ മിന്റു. കഴിഞ്ഞമാസം, ഒരു നെല്‍പ്പാടത്തില്‍ നാശം കാട്ടിയ കുരങ്ങന്‍മാരെ ഓടിക്കുമ്പോഴാണ്‌ കുട്ടിക്കുരങ്ങ്‌ നാട്ടുകാരുടെ കൈയില്‍ പെട്ടത്‌. അന്നുമുതല്‍ എങ്ങനെയോ മിന്റു അതിന്റെ അമ്മയാവുകയായിരുന്നു.
കുട്ടിക്കുരങ്ങ്‌ മിന്റുവിന്റെ മക്കളോടൊപ്പം കളിക്കുകയും അവരോടൊപ്പം മുലകുടിക്കുകയും ചെയ്യുന്നു. ഈ അപൂര്‍വ സൗഹൃദം കാണുന്നതിനു വേണ്ടി വളരെ ദൂരത്തു നിന്നു പോലും ആളുകള്‍ ഷിപാര്‍ റേസയുടെ വീട്‌ തിരക്കിയെത്തുന്നു. അതേസമയം, കാഴ്‌ചക്കാരില്‍ ആരെങ്കിലും കുട്ടിക്കുരങ്ങനെ ശല്യപ്പെടുത്തിയാല്‍ മിന്റുവിന്റെ വിധം മാറും, അവര്‍ക്ക്‌ കടി കിട്ടുകയും ചെയ്യും!

ജനസംഖ്യ കുറയ്‌ക്കാന്‍ മനുഷ്യരെ തിന്നു!



ജനസംഖ്യ കുറയ്‌ക്കാന്‍ മനുഷ്യരെ കൊന്നു തിന്നുന്ന സംഘത്തില്‍ ഉള്‍പ്പെട്ട മൂന്ന്‌ പേരെ ബ്രസീലിയന്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു! അമ്പതുകളില്‍ എത്തി നില്‍ക്കുന്ന ദമ്പതിമാരായ ജോര്‍ജ്‌ ഡാ സില്‍വേറിയ, ഇസബെല്‍ പൈറസ്‌ എന്നിവരും ബ്രൂണാ ഡാ സില്‍വ എന്ന 25 കാരിയുമാണ്‌ പിടിയിലായത്‌. 'എല്‍ കാര്‍ട്ടല്‍' എന്ന ഗൂഢ മതത്തിന്റെ പേരില്‍ ഇവര്‍ മൂന്ന്‌ സ്‌ത്രീകളെയാണ്‌ കൊന്നുതിന്നത്‌!
2008 നും 2012 നും ഇടയിലാണ്‌ ഇവര്‍ കൊലപാതകം നടത്തിയത്‌. പതിനേഴിനും മുപ്പത്തിയൊന്നിനും ഇടയില്‍ പ്രായമുളളവരായിരുന്നു കൊലപാതകത്തിനിരയായത്‌. ഇരകളുടെ മാംസം ഭക്ഷിച്ചതായി പ്രതികള്‍ കുറ്റസമ്മതം നടത്തി. ഇവര്‍ക്ക്‌ 30 വര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന ശിക്ഷയാണിത്‌. ഡാ സില്‍വേറിയയില്‍ നിന്നും 'ഒരു മാനസികരോഗിയുടെ വെളിപ്പെടുത്തല്‍' എന്ന ഒരു കൈയെഴുത്തു പ്രതിയും പോലീസ്‌ പിടിച്ചെടുത്തു. ഇതില്‍ നരഭോജനത്തെ കുറിച്ചുളള വിശദമായ വിവരങ്ങള്‍ ഉള്ളതായും പോലീസ്‌ വക്‌താവ്‌ പറയുന്നു.
കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരെയാണ്‌ എല്‍ കാര്‍ട്ടല്‍ അനുയായികള്‍ ലക്ഷ്യമിടുന്നത്‌. തൊഴില്‍ വാഗ്‌ദാനം നടത്തിയും മറ്റുമാണ്‌ ഇവര്‍ ഇരകളുമായി അടുക്കുന്നതും അവരെ വകവരുത്തി ഭക്ഷിക്കുന്നതും!

മരിച്ച ശേഷം ജീവിച്ചു, വീണ്ടും മരിച്ചു!‍


മരിച്ചുവെന്ന്‌ ആശുപത്രിയധികൃതര്‍ പ്രഖ്യാപിച്ച രണ്ടു വയസ്സുളള ആണ്‍കുട്ടി മണിക്കൂറുകള്‍ക്ക്‌ ശേഷം ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നു! മയക്കത്തില്‍ നിന്ന്‌ ഉണര്‍ന്നതുപോലെ ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്ന കുട്ടി പിതാവിനോട്‌ കുടിക്കാന്‍ അല്‍പ്പം വെളളം ചോദിച്ചു. എന്നാല്‍, വെളളം കൊണ്ടുവരുന്നത്‌ കാത്തുനില്‍ക്കാതെ അവന്‍ വീണ്ടും മരണത്തിന്റെ മടിത്തട്ടിലേക്ക്‌ മടങ്ങി! 
വടക്കന്‍ ബ്രസീലിലെ ബെലേമാണ്‌ കൗതുകവും അതോടൊപ്പം അടങ്ങാത്ത ദുഃഖവും സമ്മാനിക്കുന്ന സംഭവത്തിന്‌ വേദിയായത്‌. കെല്‍വിന്‍ സാന്റോസ്‌ എന്ന കുട്ടിയെ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വെളളിയാഴ്‌ച വൈകിട്ട്‌ 7:30 ഓടെ കുട്ടി മരിച്ചു എന്ന്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതി. മൃതദേഹം പ്ലാസ്‌റ്റിക്‌ ബാഗിലാക്കി ബന്ധുക്കള്‍ക്ക്‌ കൈമാറുകയും ചെയ്‌തു. 
വീട്ടിലെത്തിച്ച മൃതദേഹം മൂടിയില്ലാത്ത ഒരു ശവപ്പെട്ടിയിലേക്ക്‌ മാറ്റി. വെളളിയാഴ്‌ച രാത്രി മുഴുവന്‍ ബന്ധുക്കള്‍ അതിനു കാവലിരിക്കുകയും ചെയ്‌തു. എന്നാല്‍, ശനിയാഴ്‌ച ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ നിശ്‌ചയിച്ചിരുന്ന സമയത്തിന്‌ ഒരു മണിക്കൂര്‍ മുമ്പാണ്‌ എല്ലാവരെയും ഞെട്ടിപ്പിക്കുകയും സന്തോഷിപ്പിക്കുകയും പിന്നീട്‌ തീരാദുഃഖത്തിലേക്ക്‌ തള്ളിവിടുകയും ചെയ്‌ത സംഭവം അരങ്ങേറിയത്‌.
കെല്‍വിന്‍ ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നു. തനിക്ക്‌ അല്‍പ്പം വെളളം തരുമോ എന്ന്‌ അച്‌ഛന്റെ പേരെടുത്ത്‌ ചോദിച്ചു! ദുഃഖാര്‍ത്തരായി നിന്ന മാതാപിതാക്കളും ബന്ധുക്കളുമെല്ലാം തങ്ങളുടെ കുട്ടി ജീവിതത്തിലേക്ക്‌ മടങ്ങിവന്നത്‌ കണ്ട്‌ സന്തോഷത്താല്‍ അലറി വിളിച്ചു. എന്നാല്‍, എല്ലാത്തിനും ക്ഷണികമായ ആയുസ്സ്‌ മാത്രമായിരുന്നു. കെല്‍വിന്‍ വീണ്ടും ശവപ്പെട്ടിയിലേക്ക്‌ വീണു, മരണത്തിന്റെ മടിത്തട്ടില്‍ നിത്യവിശ്രമത്തിനായി! 
സന്തോഷത്തളളലില്‍ നിമിഷ നേരത്തേക്ക്‌ പ്രജ്‌ഞയറ്റുപോയ കെല്‍വിന്റെ പിതാവ്‌ അന്റോണിയോ സാന്റോസ്‌ ഉടന്‍ തന്നെ മകനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, കെല്‍വിനില്‍ ജീവന്റെ തുടിപ്പുകളൊന്നും അവശേഷിച്ചിട്ടില്ല എന്നായിരുന്നു ഡോക്‌ടര്‍മാര്‍ വിധിയെഴുതിയത്‌. എന്തായാലും, മരിച്ചയാള്‍ വീണ്ടും ജീവിക്കുക അസാധ്യമായതിനാല്‍ മകന്‍ മരിക്കും മുമ്പേ മരിച്ചുവെന്ന്‌ വിധിയെഴുതിയ ആശുപത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്‌ അന്റോണിയോ.

കാറിനായി കൈ ഒട്ടിച്ച്‌ 87 മണിക്കൂര്‍!


ഒരു കാര്‍ സ്വന്തമാക്കാന്‍ ഇത്രയും ത്യാഗമോ? ഒരു പുതുപുത്തന്‍ ബിഎംഡബ്ലിയു സീരീസ്‌ 1 ലഭിക്കുമെന്നു പറഞ്ഞാല്‍ ചിലര്‍ എന്തിനും തയാറായേക്കുമെന്നാണ്‌ ചൈനയില്‍ നിന്നുളള ഒരു വാര്‍ത്ത തെളിയിക്കുന്നത്‌. സോംഗ്‌ ചാങ്ങ്‌ജിയാങ്ങ്‌ എന്ന 27 കാരന്‍ പുത്തന്‍ ബിഎംഡബ്ലിയു സ്വന്തമാക്കാന്‍ വേണ്ടി ഒരു മത്സരത്തില്‍ പങ്കുചേര്‍ന്നു. കാറില്‍ കൈ ഒട്ടിച്ചുവച്ച്‌ നില്‍ക്കുന്ന ഒരുതരം വിചിത്രമായ മത്സരം. 87 മണിക്കൂര്‍ നേരം കാറില്‍ കൈ ഒട്ടിച്ചുവച്ച്‌ നിന്ന ചാങ്ങ്‌ജിയാങ്ങ്‌ മത്സരം ജയിച്ചു!
മെയ്‌ അവസാന വാരം നടന്ന മത്സരത്തില്‍ 18 നും 40 നും ഇടയില്‍ പ്രായമുളള 120 പേരാണ്‌ പങ്കെടുത്തത്‌. കാറുകളില്‍ പതിച്ചിരിക്കുന്ന കൈപ്പത്തിയുടെ വലുപ്പത്തിലുളള സ്‌റ്റിക്കറുകളില്‍ കൈ ഒട്ടിച്ച്‌ വച്ച്‌ ഏറ്റവും കൂടുതല്‍ സമയം നില്‍ക്കുന്നവരാണ്‌ വിജയി. ഇതൊക്കെ അറിയുമ്പോള്‍ സംഭവം നിസ്സാരമെന്ന്‌ തോന്നിയേക്കാം. എന്നാല്‍, അതല്ല യാഥാര്‍ഥ്യം.
നാല്‌ പകലും മൂന്ന്‌ രാത്രിയും നീണ്ട മത്സരത്തില്‍ എല്ലാ നാല്‌ മണിക്കൂറിലും 15 മിനിറ്റ്‌ വീതമായിരുന്നു ഇടവേള. ഈ സമയത്ത്‌ ആഹാരം കഴിക്കുകയോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുകയോ ഒക്കെ ആവാം. ദിവസങ്ങള്‍ നീണ്ട മത്സരത്തിനിടെ കാറില്‍ കൈ വച്ച്‌ നിന്ന്‌ ഉറങ്ങുന്നവരുടെയും ഒരേ നില്‍പ്പായതിനാല്‍ ശരീരവേദന കാരണം കരയുന്നവരുടെയും നടക്കാനാവാത്തവരെ സുഹൃത്തുക്കള്‍ ചുമലിലേറ്റി കൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നതോടെ മത്സരം അത്ര സുഖമല്ല എന്ന അഭിപ്രായവും ഉയര്‍ന്നു.
മിക്കവരും കണ്ണീരോടെ മത്സരം അവസാനിപ്പിച്ചപ്പോള്‍ ചാങ്ങ്‌ജിയാങ്ങും മറ്റ്‌ രണ്ട്‌ പേരുമാണ്‌ സധൈര്യം മുന്നേറിയത്‌. എന്നാല്‍, കാലില്‍ നീരുവന്ന്‌ വീര്‍ത്തതിനാല്‍ ഇതില്‍ ഒരാള്‍ കൂടി പിന്‍മാറി. അതിനുശേഷം മൂന്ന്‌ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അടുത്തയാളും പിന്തിരിഞ്ഞു, ചാങ്ങ്‌ജിയാങ്ങ്‌ വിജയിയുമായി.
എന്നാല്‍, വിജയത്തില്‍ മതിമറന്ന്‌ ആഹ്‌ളാദിക്കാന്‍ ചാങ്ങ്‌ജിയാങ്ങിന്‌ കഴിയില്ല. കാരണം കാര്‍ അദ്ദേഹത്തിന്‌ സ്വന്തമാകില്ല! അഞ്ച്‌ വര്‍ഷം ഉപയോഗിച്ചശേഷം കാര്‍ മത്സരം നടത്തിയവര്‍ക്ക്‌ തിരികെ നല്‍കണം. എന്തായാലും, കോടികള്‍ തരാമെന്ന്‌ പറഞ്ഞാലും ജീവിതത്തില്‍ ഇനി ഇത്തരമൊരു മത്സരത്തില്‍ പങ്കെടുക്കില്ല എന്നാണ്‌ ചാങ്ങ്‌ജിയാങ്ങ്‌ ഇപ്പോള്‍ പറയുന്നത്‌.

ലോക ഏമ്പക്ക ചാമ്പ്യന്‍ഷിപ്പ്‌!


പൊതു സ്‌ഥലത്തു വച്ച്‌ നീട്ടിവലിച്ച്‌ ഏമ്പക്കം വിടുന്നത്‌ ലോകത്ത്‌ ഒരിടത്തും അത്ര നല്ല കാര്യമായല്ല കാണുന്നത്‌. എന്നാല്‍, ഏമ്പക്കത്തോടുളള ഈ അവജ്‌ഞ മാറ്റിയെടുക്കുന്നതിനാണ്‌ ജനീവ ആസ്‌ഥാനമായുളള 'വേള്‍ഡ്‌ ബര്‍പിംഗ്‌' ഫെഡറേഷന്‍ ശ്രമിക്കുന്നത്‌. ഇതിനായി അവര്‍ ന്യൂയോര്‍ക്കില്‍ വച്ച്‌ ഒരു ലോക ഏമ്പക്ക ചാമ്പ്യന്‍ഷിപ്പ്‌ നടത്തുകയും ചെയ്‌തു!
ആദ്യ ലോക ഏമ്പക്ക ചാമ്പ്യന്‍ഷിപ്പില്‍ 35 കാരനായ ടിം ആണ്‌ വിജയിയായത്‌. പ്രശസ്‌ത തീറ്റക്കാരായ അഞ്ച്‌ പേരാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്‌. മത്സരം കാണാനെത്തിയവരെല്ലാം 400 പൗണ്ട്‌ ഭാരമുളള എറിക്‌ ജയിക്കുമെന്നായിരുന്നു കരുതിയിരുന്നത്‌. എന്നാല്‍, മത്സരത്തിനു മുമ്പ്‌ രണ്ട്‌ ഗ്യാലന്‍ സോഡ അകത്താക്കിയ എറിക്കിന്റെ ശ്രമം ഏതാനും സെക്കന്‍ഡ്‌ മാത്രമാണ്‌ നീണ്ടുനിന്നത്‌. 
അതേസമയം, രണ്ട്‌ ഗ്യാലന്‍ കോള അകത്താക്കിയെത്തിയ ടിം അവിസ്‌മരണീയ പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. 18.1 സെക്കന്‍ഡ്‌ നീണ്ട ഒരു ഏമ്പക്കത്തിലൂടെ ടിം കിരീടം സ്വന്തമാക്കി!

താമസം ഭര്‍ത്താവിന്റെ ശവകുടീരത്തില്‍!‍



അര്‍ജന്റനീയക്കാരി അഡ്രീന വില്ലാറെല്‍ തന്റെ ഭര്‍ത്താവിനെ വളരെയധികം സ്‌നേഹിച്ചിരുന്നു. ഭര്‍ത്താവിനോടുളള സ്‌നേഹം അദ്ദേഹത്തിന്റെ മരണത്തോടെ വിസ്‌മൃതിയിലാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, വര്‍ഷത്തില്‍ കുറേ ദിവസം ഭര്‍ത്താവിന്റെ ശവകുടീരത്തില്‍ താമസിക്കുന്നത്‌ അഡ്രീന പതിവായിരിക്കുകയാണ്‌! അദ്ദേഹത്തിന്റെ എംബാം ചെയ്‌ത മൃതദേഹവും കണ്ടുകൊണ്ട്‌ കുറച്ചുദിവസം കഴിയാന്‍ എല്ലാ വര്‍ഷവും കുറച്ചു ദിവസം ഇവര്‍ ബ്യൂണസ്‌ ഐറിസില്‍ നിന്ന്‌ ഡോസ്‌ ഡി മയോ എന്ന ടൗണിലെത്തും. 
രണ്ട്‌ വര്‍ഷം മുമ്പാണ്‌ അഡ്രീനയുടെ ഭര്‍ത്താവ്‌ മരിച്ചത്‌. അതിനുശേഷം ആരും അറിയാതെയാണ്‌ ഇവര്‍ ഭര്‍ത്താവിന്റെ ശവകുടീരത്തില്‍ എത്തിക്കൊണ്ടിരുന്നത്‌. എന്നാല്‍, ശവകുടീരത്തില്‍ നിന്ന്‌ സംഗീതവും മറ്റും ഉയരുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതോടെ സമീപവാസികള്‍ പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ അഡ്രീനയുടെ സന്ദര്‍ശനത്തെ കുറിച്ചുളള വിവരം പുറത്തു വരുന്നത്‌. 
ശവകുടീരത്തില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിന്‌ തൊട്ടടുത്താണ്‌ ഇവര്‍ കിടന്നിരുന്നത്‌. ഒരു ഇന്റര്‍നെറ്റ്‌ കണക്ഷനും റേഡിയോയും അവിടെ കഴിയുന്ന ദിവസങ്ങളില്‍ ആഹാരം പാകം ചെയ്യുന്നതിനായി ഒരു ചെറിയ കുക്കറും അവര്‍ സംഘടിപ്പിച്ചിരുന്നതായും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഭര്‍ത്താവിനോടുളള സ്‌നേഹപ്രകടനം നല്ലതാണ്‌. എന്നാല്‍, ഇത്‌ കുറച്ചു കടന്നുപോയി എന്നാണ്‌ പോലീസിന്റെ നിലപാട്‌. 

കാഴ്‌ചയില്ലാത്ത വാര്‍ത്താ അവതാരകന്‍!


ലോകത്തില്‍ ആദ്യമായി ഒരു അന്ധനായ വാര്‍ത്താ അവതാരകന്‍ ടെലിവിഷന്‍ മാധ്യമരംഗത്ത്‌ സ്‌ഥാനം നേടുന്നു. ദക്ഷിണകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ചാനലാണ്‌ ലീ ചാംഗ്‌ ഹൂണ്‍ എന്ന കാഴ്‌ചശക്‌തിയില്ലാത്ത അവതാരകനെ പരിചയപ്പെടുത്തുന്നത്‌.
ബ്രെയ്‌ലി മെഷീന്‍ ഉപയോഗിച്ചാണ്‌ ലീ വാര്‍ത്ത വായിക്കുന്നത്‌. പുതിയ അവതാരകന്റെ രംഗപ്രവേശം ലോകമെമ്പാടുമുളള വികലാംഗര്‍ക്ക്‌ പ്രചോദനമാവും എന്നാണ്‌ ചാനല്‍ അധികൃതര്‍ കരുതുന്നത്‌. ലീയുടെ വാര്‍ത്ത വായന കേഴ്‌വിക്കാരില്‍ അസൂയയുളവാക്കാന്‍ തക്കവണ്ണം കുറ്റമറ്റതാണത്രെ. എന്നാല്‍, കാഴ്‌ചയില്ലാത്തതു കാരണം തന്റെ ഭാവപ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രം ലീക്ക്‌ കഴിയുന്നില്ല.
എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു വിമര്‍ശനമെങ്കിലും ഉണ്ടാവുമല്ലോ. തങ്ങളുടെ റേറ്റിംഗ്‌ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ ചാനല്‍ അധികൃതര്‍ കാഴ്‌ചയില്ലാത്ത അവതാരകനെ രംഗത്തിറക്കിയിരിക്കുന്നത്‌ എന്നാണ്‌ വിമര്‍ശകരുടെ പക്ഷം.