ഒരു കാര്‍ സ്വന്തമാക്കാന്‍ ഇത്രയും ത്യാഗമോ? ഒരു പുതുപുത്തന്‍ ബിഎംഡബ്ലിയു സീരീസ് 1 ലഭിക്കുമെന്നു പറഞ്ഞാല്‍ ചിലര്‍ എന്തിനും തയാറായേക്കുമെന്നാണ് ചൈനയില്‍ നിന്നുളള ഒരു വാര്‍ത്ത തെളിയിക്കുന്നത്. സോംഗ് ചാങ്ങ്‌ജിയാങ്ങ് എന്ന 27 കാരന്‍ പുത്തന്‍ ബിഎംഡബ്ലിയു സ്വന്തമാക്കാന്‍ വേണ്ടി ഒരു മത്സരത്തില്‍ പങ്കുചേര്‍ന്നു. കാറില്‍ കൈ ഒട്ടിച്ചുവച്ച് നില്‍ക്കുന്ന ഒരുതരം വിചിത്രമായ മത്സരം. 87 മണിക്കൂര്‍ നേരം കാറില്‍ കൈ ഒട്ടിച്ചുവച്ച് നിന്ന ചാങ്ങ്‌ജിയാങ്ങ് മത്സരം ജയിച്ചു!
മെയ് അവസാന വാരം നടന്ന മത്സരത്തില്‍ 18 നും 40 നും ഇടയില്‍ പ്രായമുളള 120 പേരാണ് പങ്കെടുത്തത്. കാറുകളില്‍ പതിച്ചിരിക്കുന്ന കൈപ്പത്തിയുടെ വലുപ്പത്തിലുളള സ്‌റ്റിക്കറുകളില്‍ കൈ ഒട്ടിച്ച് വച്ച് ഏറ്റവും കൂടുതല്‍ സമയം നില്‍ക്കുന്നവരാണ് വിജയി. ഇതൊക്കെ അറിയുമ്പോള്‍ സംഭവം നിസ്സാരമെന്ന് തോന്നിയേക്കാം. എന്നാല്‍, അതല്ല യാഥാര്‍ഥ്യം.
നാല് പകലും മൂന്ന് രാത്രിയും നീണ്ട മത്സരത്തില്‍ എല്ലാ നാല് മണിക്കൂറിലും 15 മിനിറ്റ് വീതമായിരുന്നു ഇടവേള. ഈ സമയത്ത് ആഹാരം കഴിക്കുകയോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുകയോ ഒക്കെ ആവാം. ദിവസങ്ങള്‍ നീണ്ട മത്സരത്തിനിടെ കാറില്‍ കൈ വച്ച് നിന്ന് ഉറങ്ങുന്നവരുടെയും ഒരേ നില്‍പ്പായതിനാല്‍ ശരീരവേദന കാരണം കരയുന്നവരുടെയും നടക്കാനാവാത്തവരെ സുഹൃത്തുക്കള്‍ ചുമലിലേറ്റി കൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നതോടെ മത്സരം അത്ര സുഖമല്ല എന്ന അഭിപ്രായവും ഉയര്‍ന്നു.
മിക്കവരും കണ്ണീരോടെ മത്സരം അവസാനിപ്പിച്ചപ്പോള്‍ ചാങ്ങ്‌ജിയാങ്ങും മറ്റ് രണ്ട് പേരുമാണ് സധൈര്യം മുന്നേറിയത്. എന്നാല്‍, കാലില്‍ നീരുവന്ന് വീര്‍ത്തതിനാല്‍ ഇതില്‍ ഒരാള്‍ കൂടി പിന്‍മാറി. അതിനുശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അടുത്തയാളും പിന്തിരിഞ്ഞു, ചാങ്ങ്‌ജിയാങ്ങ് വിജയിയുമായി.
എന്നാല്‍, വിജയത്തില്‍ മതിമറന്ന് ആഹ്‌ളാദിക്കാന്‍ ചാങ്ങ്‌ജിയാങ്ങിന് കഴിയില്ല. കാരണം കാര്‍ അദ്ദേഹത്തിന് സ്വന്തമാകില്ല! അഞ്ച് വര്‍ഷം ഉപയോഗിച്ചശേഷം കാര്‍ മത്സരം നടത്തിയവര്‍ക്ക് തിരികെ നല്‍കണം. എന്തായാലും, കോടികള്‍ തരാമെന്ന് പറഞ്ഞാലും ജീവിതത്തില്‍ ഇനി ഇത്തരമൊരു മത്സരത്തില്‍ പങ്കെടുക്കില്ല എന്നാണ് ചാങ്ങ്‌ജിയാങ്ങ് ഇപ്പോള്‍ പറയുന്നത്.
No comments:
Post a Comment