Friday 15 February 2013

ശാരീരിക വൈരൂപ്യം കൊണ്ടു പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലോകശ്രദ്ധ നേടിയ ജൂലിയ പാസ്ട്രാന എന്ന യുവതിയുടെ മൃതദേഹം, മരണമടഞ്ഞ് 150 വര്‍ഷത്തിനു ശേഷം സംസ്കരിച്ചു.

ശാരീരിക വൈരൂപ്യം കൊണ്ടു പത്തൊന്‍പതാം നൂറ്റാണ്ടില്‍ ലോകശ്രദ്ധ നേടിയ ജൂലിയ പാസ്ട്രാന എന്ന യുവതിയുടെ മൃതദേഹം, മരണമടഞ്ഞ് 150 വര്‍ഷത്തിനു ശേഷം സംസ്കരിച്ചു. ഹൈപ്പര്‍ട്രിക്കോസിസ് (ശരീരത്തിലെ അമിത രോമവളര്‍ച്ച) എന്ന ജനിതകവൈകല്യമുണ്ടായിരുന്ന ജൂലിയയുടെ മുഖത്തും ശരീരമാസകലവും വന്‍തോതിലുള്ള രോമവളര്‍ച്ചയുണ്ടായിരുന്നു. ഉന്തിനില്‍ക്കുന്ന മുഖവും കൂടിയായതോടെ ചിലര്‍ അവരെ ‘കുരങ്ങുവനിത എന്നുവരെ വിളിച്ചു.
1834ല്‍ മെക്സിക്കോയില്‍ ജനിച്ച ജൂലിയയെ ഇരുപതാം വയസ്സില്‍ തിയഡോര്‍ ലെന്‍റ് എന്ന യുഎസ് കലാസംഘാടകനാണു കണ്ടെത്തിയത്. പണം കൊടുത്തു ജൂലിയയെ വാങ്ങിയ ലെന്‍റ്, നൃത്തവും പാട്ടും പഠിപ്പിച്ചു; ‘വിചിത്ര ഷോയുമായി ജൂലിയയെ ലോകമെങ്ങും കൊണ്ടുനടന്നു. പിന്നീട് അവരെ വിവാഹം കഴിച്ചു. 1860ല്‍ ലെന്‍റിന്‍റെ കുഞ്ഞിനു ജൂലിയ ജന്മം നല്‍കി. അമ്മയുടെ അതേ ജനിതകപ്രത്യേകതകള്‍ ഉണ്ടായിരുന്ന കുഞ്ഞ് മൂന്നു ദിവസമേ ജീവിച്ചുള്ളൂ. പ്രസവാനന്തര സങ്കീര്‍ണതകളെത്തുടര്‍ന്ന് അഞ്ചാം നാള്‍ ജൂലിയയും മരിച്ചു.
പിന്നീട്, ഇരുവരുടെയും എംബാം ചെയ്ത മൃതദേഹങ്ങളുമായിട്ടായിരുന്നു ലെന്‍റിന്‍റെ ലോകപര്യടനം. ഒടുവില്‍, നോര്‍വേയിലെ ഓസ്‌ലോ സര്‍വകലാശാലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മെക്സിക്കോയിലെ സിനലോവ സംസ്ഥാനത്തെ ഗവര്‍ണര്‍ മരിയോ ലോപ്പസിന്‍റെ ഇടപെടല്‍ മൂലമാണു മൃതദേഹം ഒടുവില്‍ സ്വന്തം രാജ്യത്തെത്തിച്ചതും സംസ്കരിച്ചതും. ജീവിതകാലത്തു ജൂലിയ നേരിട്ട ക്രൂരതകളും അതിനെ അവര്‍ അതിജീവിച്ചതും ഊഹിക്കാവുന്നതേയുള്ളൂവെന്നും ഇതൊരു മഹത്തായ ജീവിതകഥയാണെന്നും ലോപ്പസ് പറഞ്ഞു.

No comments:

Post a Comment