Showing posts with label സയന്‍സ്. Show all posts
Showing posts with label സയന്‍സ്. Show all posts

Friday, 31 August 2012

25 ലക്ഷം ഭീമന്‍ തമോഗര്‍ത്തങ്ങള്‍; വന്‍കൊയ്ത്തുമായി നാസ ടെലസ്‌കോപ്പ്‌

വൈസ് ടെലസ്‌കോപ്പ്
പ്രപഞ്ചത്തില്‍ ഇത്രകാലവും അറിയപ്പെടാതിരുന്ന ലക്ഷക്കണക്കിന് അതിഭീമന്‍ തമോഗര്‍ത്തങ്ങളെയും ആയിരക്കണക്കിന് 'ചൂടന്‍ ഗാലക്‌സി'കളെയും നാസയുടെ ഒരു ബഹിരാകാശ ടെലസ്‌കോപ്പ് കണ്ടെത്തി. ഗാലക്‌സികളും തമോഗര്‍ത്തങ്ങളും രൂപപ്പെടുന്നതെങ്ങനെയെന്ന കാര്യം ആഴത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലാണിത്.

ബഹിരാകാശധൂളീപടലങ്ങളാല്‍ സാധാരണ ടെലസ്‌കോപ്പുകളുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞിരുന്ന ഭീമന്‍ തമോഗര്‍ത്തങ്ങളെയും ചൂടന്‍ ഗാലക്‌സികളെയും, നാസയുടെ 'വൈഡ്-ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വ്വെ എക്‌സ്‌പ്ലോറര്‍' അഥവാ 'വൈസ്' (WISE) എന്ന ബഹിരാകാശ ടെലസ്‌കോപ്പാണ് തിരിച്ചറിഞ്ഞത്.

വൈസ് അതിന്റെ 'ഇന്‍ഫ്രാറെഡ് ദൃഷ്ടി'യുപയോഗിച്ചാണ് പൊടിപടലങ്ങള്‍ക്കുള്ളില്‍ നിന്ന് തമോഗര്‍ത്തകൊയ്ത്ത് നടത്തിയത്. ദൃശ്യപ്രകാശം വഴി വസ്തുക്കളെ നിരീക്ഷിക്കുന്ന സാധാരണ ടെലസ്‌കോപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, താപവികിരണങ്ങള്‍ അഥവാ ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ വഴി നിരീക്ഷണം നടത്തുന്ന ടെലസ്‌കോപ്പാണ് വൈസ്.

2009 ഡിസംബര്‍ മുതല്‍ 2011 ഫിബ്രവരി വരെ വൈസ് നടത്തിയ ആകാശ സര്‍വ്വെയില്‍നിന്നാണ് ഗവേഷകര്‍ പുതിയ കണ്ടെത്തല്‍ നടത്തിയത്. വൈസ് നടത്തിയ സര്‍വ്വെയുടെ പ്രാഥമികഫലങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവന്നിരുന്നു.

തമോഗര്‍ത്തകൊയ്ത്ത് : ക്വാസറുകള്‍ എന്നറിയപ്പെടുന്ന അതിഭീമന്‍ തമോഗര്‍ത്തങ്ങളാകാന്‍ സാധ്യതയുള്ള ലക്ഷക്കണക്കിന് വസ്തുക്കളെ പ്രപഞ്ചത്തിന്റെ വിദൂരകോണുകളില്‍ 'വൈസ്' സ്‌പേസ് ടെലക്‌സോപ്പ് തിരിച്ചറിഞ്ഞു. 


ഭീമന്‍ നക്ഷത്രങ്ങള്‍ ഇന്ധനം എരിഞ്ഞൊടുങ്ങി തമോഗര്‍ത്തങ്ങളായി പരിണമിക്കാറുണ്ട്. അതേസമയം, തുടര്‍ച്ചയായി ചുറ്റിനുംനിന്ന് ദ്രവ്യം ആവാഹിച്ചുകൊണ്ട് ഗാലക്‌സികളുടെ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന അതിഭീമന്‍ തമോഗര്‍ത്തങ്ങളുമുണ്ട്. ക്വാസറുകള്‍ (quasars)എന്നാണ് അത്തരം ഭീമന്‍ തമോഗര്‍ത്തങ്ങളുടെ പേര്. പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമേറിയ വസ്തുക്കളാണ് ക്വാസറുകള്‍.

നമ്മുടെ ഗാലക്‌സിയായ ക്ഷീരപഥം (ആകാശഗംഗ) പരിഗണിക്കുക. ക്ഷീരപഥത്തിന്റെ മധ്യേ സ്ഥിതിചെയ്യുന്ന 'സാഗിറ്റാരിയസ് എ സ്റ്റാര്‍' (Sagittarius A*) എന്ന തമോഗര്‍ത്തത്തിന് സൂര്യനെ അപേക്ഷിച്ച് 40 ലക്ഷം മടങ്ങ് ദ്രവ്യമാനം (പിണ്ഡം) കൂടുതലാണ്. ഇത്തരം ഏതാണ്ട് 25 ലക്ഷം അതിഭീമന്‍ തമോഗര്‍ത്തങ്ങള്‍ അഥവാ ക്വാസറുകളെയാണ് വൈസ് ഇപ്പോള്‍ പുതിയതായി കണ്ടെത്തിയിരിക്കുന്നത് - നാസയുടെ വാര്‍ത്താക്കുറിപ്പ്പറയുന്നു.

വൈസ് കണ്ടെത്തിയ ക്വാസറുകളാകാന്‍ സാധ്യതയുള്ള വിദൂരവസ്തുക്കളെ, പസദേനയില്‍ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (JPL)യിലെ ദാനിയേല്‍ സ്‌റ്റേണും കൂട്ടരും പുനപ്പരിശോധിക്കുകയുണ്ടായി. 'ന്യൂക്ലിയര്‍ സ്‌പെക്ട്രോസ്‌കോപ്പിക് ടെലക്‌സോപ്പ് അരേയ് ' (നസ്റ്റര്‍) എന്ന സ്‌പേസ് ടെലസ്‌കോപ്പിന്റെ സഹായമാണ് അതിന് അവര്‍ തേടിയത്.

'നസ്റ്റര്‍' ടെലസ്‌കോപ്പ് ഉപയോഗിച്ച് തമോഗര്‍ത്തങ്ങളില്‍ നിന്നുള്ള എക്‌സ്‌റേ പരിശോധിച്ച് വൈസ് ടെലസ്‌കോപ്പിന്റെ കണ്ടെത്തല്‍ അവര്‍ സ്ഥിരീകരിച്ചതായി,'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന റിപ്പോര്‍ട്ട്പറയുന്നു.


മഞ്ഞവൃത്തനുള്ളിലെ വസ്തുക്കളാണ് തമോഗര്‍ത്തങ്ങള്‍


ലക്ഷക്കണക്കിന് ഭീമന്‍ തമോഗര്‍ത്തങ്ങളെ കൂടാതെ, ഇത്രകാലവും മറഞ്ഞിരുന്ന ആയിരത്തോളം 'ചൂടന്‍ ഗാലക്‌സി'കളെയും വൈസ് തിരിച്ചറിഞ്ഞു.

സൂര്യനെ അപേക്ഷിച്ച് ഏതാണ്ട് 100 ട്രില്യണ്‍ (ഒരു ട്രില്യണ്‍ = ഒരുലക്ഷം കോടി) മടങ്ങ് പ്രകാശതീവ്രതയുള്ള ഇത്തരം ഗാലക്‌സികള്‍ക്ക് ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുള്ള വിളിപ്പേര് hot DOGs' എന്നാണ്! 'പൊടിയാല്‍ മറഞ്ഞിരിക്കുന്ന ചൂടന്‍ ഗാലക്‌സികള്‍' (hot 'dust-obscrued galaxies') എന്നതിന്റെ ചുരുക്കപ്പേരാണിത്.

പൊടിനിറഞ്ഞ് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം ചൂടന്‍ ഗാലക്‌സികള്‍ വളരെ അപൂര്‍വമാണ്. മുഴുവന്‍ ആകാശവും ഇന്‍ഫ്രാറെഡ് ദൃഷ്ടികളാല്‍ സ്‌കാന്‍ ചെയ്യേണ്ടി വന്നു വൈസിന് ആയിരത്തോളം 'hot DOGs'നെ തിരിച്ചറിയാനെന്ന് ജെ.പി.എല്ലിലെ പീറ്റര്‍ ഈസെന്‍ഹാര്‍ഡ്ട് പറയുന്നു. ഇതുസംബന്ധിച്ച പ്രബന്ധത്തിന്റെ മുഖ്യ രചയിതാവാണ് ഈസെന്‍ഹാര്‍ഡ്ട്.

ഈ ചൂടന്‍ ഗാലക്‌സികളുമായി ബന്ധപ്പെട്ട് ഗവേഷകര്‍ നിരീക്ഷിച്ച മറ്റൊരു വിചിത്ര സംഗതി, നക്ഷത്രങ്ങളില്‍ വലിയൊരു പങ്കും പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ, ഗാലക്‌സി കേന്ദ്രത്തിലെ അതിഭീമന്‍ തമോഗര്‍ത്തം രൂപപ്പെടുന്നു എന്നതാണ്. 'കോഴിക്ക് മുമ്പേ മുട്ട എത്തുന്നു എന്നതുപോലെയാണിത്'-ഈസെന്‍ഹാര്‍ഡ്ട് പറയുന്നു.
(കടപ്പാട് : NASA/JPL-Caltech/UCLA, Mathrubhumi)

ചൊവ്വയുടെ പ്രതലഘടന പകര്‍ത്തി ക്യൂരിയോസിറ്റിയുടെ ടെലിഫോട്ടോ


വാഷിങ്ടണ്‍: :::; നാസയുടെ പര്യവേക്ഷണ വാഹനം ക്യൂരിയോസിറ്റി ചൊവ്വയില്‍ നിന്ന് 100എം.എം. ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ചുള്ള ആദ്യ ചിത്രം അയച്ചു. ചൊവ്വയിലെ പ്രതലത്തിന്റെ പ്രത്യേകതകള്‍ അടയാളപ്പെടുത്തുന്നതാണ് ചിത്രം.
ക്യൂരിയോസിറ്റിയുടെ ലക്ഷ്യമായ 18000 അടി ഉയരമുള്ള മൗണ്ട് ഷാര്‍പ്പിന്റെ പനോരമ ചിത്രവും അയച്ചവയില്‍ ഉള്‍പ്പെടും.

മറ്റൊരു ഗ്രഹത്തില്‍ നിന്ന് ആദ്യ ശബ്ദരേഖയും ക്യൂരിയോസിറ്റി തിങ്കളാഴ്ച അയച്ചു. ചിത്രങ്ങള്‍ക്കും ശബ്ദരേഖയ്ക്കും ശേഷം പര്യവേക്ഷണത്തിന്റെ സങ്കീര്‍ണമായ ഘട്ടത്തിലേക്ക് കടക്കാനാണ് ചൊവ്വയുടെ ലാബോറട്ടറി എന്ന് വിശേഷിപ്പിക്കുന്ന ക്യൂരിയോസിറ്റിയുടെ അടുത്ത ദൗത്യം.

ചൊവ്വയുടെ ഉപരിതലത്തിലുള്ള ഹൈഡ്രജന്റെയും ഹൈഡ്രോക്‌സില്‍ അടങ്ങിയ ധാതുക്കളുടെയും അളവ് പരിശോധിക്കാന്‍ 'ഡാന്‍ ഇന്‍സ്ട്രുമെന്‍റ്' പുറത്തെടുക്കുകയാവും ക്യൂരിയോസിറ്റിയുടെ അടുത്തഘട്ടം. ഗ്രഹത്തില്‍ മുമ്പ് വെള്ളം ഉണ്ടായിരുന്നോ എന്നറിയാന്‍ ഇതു സഹായിക്കും.

പാറയില്‍ നിന്ന് ലേസര്‍ ഉപയോഗിച്ച് നീരാവിയുണ്ടാക്കി രാസപരിശോധന നടത്താന്‍ 'ചെംകാം' എന്ന മറ്റൊരു ഉപകരണവും പുറത്തിറക്കാനുണ്ട്.

ചുരുക്കത്തില്‍ ശാസ്ത്രലോകത്തിന്റെ ജിജ്ഞാസ ശമിപ്പിക്കാനുള്ള വിവരങ്ങളായിരിക്കും ക്യൂരിയോസിറ്റി ഇനിയുള്ള ദിവസങ്ങളില്‍ പുറത്തുവിടുക. അതിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രജ്ഞര്‍ .

Saturday, 25 August 2012

ചന്ദ്രനില്‍ കാല് കുത്തിയ ആദ്യ മനുഷ്യന്‍ , നീല്‍ ആംസ്ട്രോങ് അന്തരിച്ചു


തന്‍റെ ചെറു കാല്‍വെപ്പിലൂടെ മാനവകുലത്തിനെ വലിയൊരു കുതിച്ചുചാട്ടത്തിലേക്ക് നയിച്ച  നീല്‍ ആംസ്ട്രോങ്  ശനിയാഴ്ച അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗത്തിനെ തുടര്‍ന്നായിരുന്നു അന്ത്യം. എണ്‍പത്തി രണ്ടാം വയസ്സായിരുന്നു.


നാസയുടെ അപ്പോളോ പതിനൊന്ന് പേടകത്തില്‍ 1969 ജൂലായ് 20 നാണ് ആംസ്ട്രോങിന്‍റെ നേതൃത്വത്തിലുള്ള സംഘം ചന്ദ്രനില്‍ ഇറങ്ങിയത്. എഡ്വിന്‍ ആല്‍ഡ്രിന്‍ , മൈക്കല്‍ കോളിന്‍സ് എന്നിവര്‍ക്കൊപ്പം തന്‍റെ മുപ്പത്തെട്ടാമത്തെ വയസ്സിലായിരുന്നു ആംസ്ട്രോങ് ,ചന്ദ്രനില്‍ കാല്‍ കുത്തിയത്.

1930 ആഗസ്ത് 5 ന് യു.എസിലെ ഒഹായോയില്‍ ആണ് ആംസ്‌ട്രോങിന്‍റെ ജനനം. തന്‍റെ പതിനാറാമത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ച അദ്ദേഹം എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം നാവികസേനയില്‍ വൈമാനികനായി. പിന്നീട് വ്യോമസേനയില്‍ ചേര്‍ന്ന അദ്ദേഹത്തെ 1962-ലാണ് നാസ പരിശീലനത്തിന് തെരഞ്ഞെടുത്തത്. 1971ല്‍ നാസയില്‍ നിന്ന് വിരമിച്ച അദ്ദേഹം സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറിങ് അദ്ധ്യാപകനായി ചേര്‍ന്നു. അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കോണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍ നല്‍കി അമേരിക്ക അദ്ദേഹത്തെ ആദരിച്ചു.

Thursday, 9 August 2012

ശരീരത്തിലെ കുഞ്ഞറകള്‍

ആറാം ക്ളാസ്സിലെ  അടിസാഥാനശാസ്ത്രത്തിലെ 'ശരീരത്തിലെ കുഞ്ഞറകള്‍' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ചെടിയുടെ തണ്ടിന്റെ കോശം കുട്ടികള്‍ മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുന്നു.

Thursday, 26 April 2012

റിസാറ്റ് - ഒന്ന് വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ തദ്ദേശനിര്‍മിത റഡാര്‍ ഇമേജിങ് ഉപഗ്രഹം റിസാറ്റ്-ഒന്ന് വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി-സി 19 പേടകത്തില്‍ ശ്രീഹരിക്കോട്ടയിലെ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് പുലര്‍ച്ചെ 5.47നായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച ആരംഭിച്ച 71 മണിക്കൂര്‍ കൗണ്ട്ഡൗണിന് ശേഷമാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 1850 കിലോഭാരമുള്ള ഉപഗ്രഹം തദ്ദേശീയമായി നിര്‍മിച്ചതില്‍ ഏറ്റവും ഭാരമേറിയതുമാണ്. ഇന്ത്യ ഇതു വരെ വിക്ഷേപിച്ചിട്ടുള്ളതില്‍ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്.

ദുരന്തനിവാരണ സംവിധാനവും സൂക്ഷ്മ കാലാവസ്ഥാ നിരീക്ഷണവും ലക്ഷ്യമിട്ടുള്ളതാണ് റിസാറ്റ്-ഒന്ന്. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും അതിനൂതന ഉപഗ്രഹചിത്ര സംപ്രേക്ഷണ സംവിധാനവുമായി സിന്തറ്റിക് അപേര്‍ചര്‍ റഡാര്‍ (സാര്‍) പേലോഡാണ് ഇതിലുള്ളത്. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങളിലൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ഉപഗ്രഹചിത്ര സംപ്രേഷണ സംവിധാനമാണ് സാര്‍ പേലോഡിലുള്ളത്. പത്ത് വര്‍ഷമെടുത്താണ് റിസാറ്റ്-ഒന്ന് ദൗത്യം പൂര്‍ത്തിയാക്കിയത്. ഇതിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്.


1850 കിലോഗ്രാം ഉപഗ്രഹം 480 കിലോമീറ്റര്‍ അകലെയുള്ള താല്‍ക്കാലിക ഭ്രമണപഥത്തിലാണ് പി.എസ്.എല്‍.വി സി-19 എത്തിച്ചത്. ഉപഗ്രഹത്തില്‍ ഘടിപ്പിച്ചി ബൂസ്റ്റര്‍ റോക്കറ്റുകളുടെയും മറ്റും സഹായത്തില്‍ ഇത് പിന്നീട് 536 കിലോമീറ്റര്‍ അകലെയുള്ള സ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കും.

Friday, 20 April 2012

അഗ്‌നി-5 വിക്ഷേപണം വിജയകരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5 വിക്ഷേപിച്ചു. ഒഡിഷയിലെ വീലര്‍ ദ്വീപില്‍ കാലത്ത് 8.05നു നടന്ന വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആര്‍ .ഡി.ഒ. അറിയിച്ചു. ബുധനാഴ്ച നടത്തേണ്ടിയിരുന്ന പരീക്ഷണ വിക്ഷേപണം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. യു.എസ് , റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ഭൂഖണ്ഡാന്തര മിസൈലുകള്‍ സ്വന്തമായുണ്ടായിരുന്നത്. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പ്രഹരപരിധി അയ്യായിരം കിലോമീറ്ററാണ്. ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ഏറ്റവും പ്രഹരപരിധി കൂടിയ മിസൈലായിരിക്കുകയാണ് അഗ്‌നി-5. ഡി.ആര്‍ .ഡി.ഒ ശാസ്ത്രജ്ഞര്‍ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണിത്. ഒരു ടണ്ണിലേറെ ഭാരം വരുന്ന അണ്വായുധം പേറാന്‍ ശേഷിയുള്ള മിസൈലിന് പതിനേഴ് മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണുള്ളത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇതിന്റെ പ്രവര്‍ത്തനം. 750 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള കെ-15, 3,500 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള കെ-4 മിസൈലുകളും പൂര്‍ണമായി സജ്ജമായിക്കഴിഞ്ഞാല്‍ അഗ്‌നി-5 ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകും. ഇന്ത്യന്‍ തദ്ദേശീയമായി വികസിപ്പിച്ച ഐ.എന്‍.എസ്. അരിഹന്റിലായിരിക്കും അഗ്‌നി-5 വിന്യസിക്കുക. മിസൈലിനു പിറകില്‍ പ്രവര്‍ത്തിച്ച ഡി. ആര്‍.ഡി. ഒ.യിലെ ശാസ്ത്രജ്ഞരെ പ്രതിരോധമന്ത്രി ഏ.കെ. ആന്റണി അഭിനന്ദിച്ചു. രാജ്യത്തിന്റെ മിസൈല്‍ ഗവേഷണ രംഗത്ത് ഒരു നാഴികക്കല്ലാണ് അഗ്‌നി-5ന്റെ വിക്ഷേപണമെന്ന് ആന്റണി പറഞ്ഞു.

Thursday, 19 January 2012

'ചന്ദ്രയാന്റെ' വിജയഗാഥ വീണ്ടും; ചന്ദ്രനില്‍ ഹിമശേഖരം കണ്ടെത്തി



ശരിക്കും ഫീനിക്‌സ് പക്ഷിയെപ്പോലെയായിരിക്കുകയാണ് ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍ ഒന്ന്', ദൗത്യം അവസാനിച്ചിട്ടും അതില്‍ നിന്നുള്ള കണ്ടുപിടിത്തങ്ങള്‍ തീരുന്നില്ല. ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍ മഞ്ഞുപാളികളുടെ വന്‍ശേഖരമുണ്ടെന്ന് ചന്ദ്രയാനിലെ പരീക്ഷണോപകരണങ്ങളില്‍ (പേലോഡുകള്‍) ഒരെണ്ണം കണ്ടെത്തിയെന്നതാണ് പുതിയ വാര്‍ത്ത.

അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയുടെ 'മിനിസര്‍' (Mini-Sar) എന്ന പരീക്ഷണോപകരണം നല്‍കിയ വിവരമാണ്, ചാന്ദ്രധ്രുവത്തില്‍ മഞ്ഞുപാളികളുടെ ശേഖരമുണ്ടെന്ന് വ്യക്തമാക്കിയത്. 40 ചെറു ഗര്‍ത്തങ്ങളില്‍ മിനിസര്‍ ഉപകരണം ഹിമപാളികളുടെ സാന്നിധ്യം കണ്ടു. ഏതാണ്ട് 60 കോടി മെട്രിക് ടണ്‍ ഹിമശേഖരം ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍ ഉണ്ടാകാമെന്നാണ് കണക്കുകൂട്ടല്‍.

ചാന്ദ്രധ്രുവത്തിലെ തണുത്തുറഞ്ഞ ഗര്‍ത്തങ്ങളില്‍ ഹിമപാളികളുണ്ടോ എന്നകാര്യം പരിശോധിക്കുകയായിരുന്നു ചന്ദ്രയാനില്‍ ഘടിപ്പിച്ചിരുന്ന മിനിസറിന്റെ ലക്ഷ്യം. രണ്ടു മുതല്‍ 15 കിലോമീറ്റര്‍ വരെ വ്യാസമുള്ള മഞ്ഞുപാളികള്‍ തിരിച്ചറിയാന്‍ ചന്ദ്രയാന് കഴിഞ്ഞതായി നാസ വെളിപ്പെടുത്തി. 

'ശാസ്ത്രീയമായും, പര്യവേക്ഷണത്തിന്റെ തലത്തിലും ചന്ദ്രന്‍ കരുതിയിരുന്നതിലും ആകര്‍ഷകമായ ഒരു ലക്ഷ്യസ്ഥാനമാണെന്ന് പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു'-മിനിസര്‍ ഉപകരണത്തിന്റെ മുഖ്യഗവേഷകനും ഹൂസ്റ്റണിലെ ലൂണാര്‍ ആന്‍ഡ് പ്ലാനെറ്ററി ഇന്‍സ്റ്റിട്ട്യൂട്ടിലെ ശാസ്ത്രജ്ഞനുമായ പോള്‍ സ്​പുഡിസ് അഭിപ്രായപ്പെട്ടു. ടെക്‌സാസില്‍ നടക്കുന്ന 41-ാമത് ലൂണാര്‍ ആന്‍ഡ് പ്ലാനെറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് ഈ കണ്ടെത്തല്‍ നാസ അവതരിപ്പിച്ചത്.

ചന്ദ്രയാനില്‍ നിന്ന് ലഭിച്ച വിവരം, നാസയുടെ 'എല്‍ക്രോസ്' ദൗത്യം നല്‍കിയ വസ്തുതകളുമായി ഗവേഷകര്‍ ഒത്തുനോക്കി ശരിയെന്ന് ഉറപ്പിക്കുകയും ചെയ്തു. മഞ്ഞുപാളികള്‍ക്കൊപ്പം ചാന്ദ്രധ്രുവത്തില്‍ ഹൈഡ്രോകാര്‍ബണുകളും കാണപ്പെടുന്നുണ്ടെന്ന് പഠനവിവരം പറയുന്നു.

ചന്ദ്രന്റെ ഉത്തരധ്രുവത്തിലുണ്ടെന്ന് കരുതുന്ന ഹിമപാളിക്ക് തുല്യമായ അളവില്‍ റോക്കറ്റ് ഇന്ധനമുണ്ടെങ്കില്‍, ദിവസം ഒന്ന് എന്ന കണക്കില്‍ 2200 വര്‍ഷത്തേക്ക് സ്‌പേസ് ഷട്ടില്‍ വിക്ഷേപിക്കാന്‍ അതു മതിയാകുമെന്ന് പോള്‍ സ്​പുഡിസ് പറഞ്ഞു.

'മിനിയേച്ചര്‍ സിന്തറ്റിക് അപ്പര്‍ച്വര്‍ റഡാര്‍' എന്നതിന്റെ ചുരുക്കപ്പേരാണ് 'മിനിസര്‍'. ചന്ദ്രയാന് വേണ്ടി നാസ നല്‍കിയ ഈ പരീക്ഷണോപകരണം ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയ്ക്ക് കീഴിലെ അപ്ലൈഡ് ഫിസ്‌ക്‌സ് ലബോറട്ടറിയും അമേരിക്കയുടെ നേവല്‍ എയര്‍ വാര്‍ഫെയര്‍ സെന്ററും ചേര്‍ന്നാണ് വികസിപ്പിച്ചത്. ചാന്ദ്രധ്രുവത്തില്‍ സ്ഥിരമായി സൂര്യപ്രകാശം പതിക്കാത്ത ഇരുണ്ട ഗര്‍ത്തങ്ങളിലെ ഹിമസാന്നിധ്യം തേടുകയായിരുന്ന 8.77 കിലോഗ്രാം ഭാരമുണ്ടായിരുന്ന മിനിസറിന്റെ ലക്ഷ്യം. 

ചാന്ദ്രയാനിലുണ്ടായിരുന്ന 11 പഠനോപകരണങ്ങളില്‍ ഒന്നായ നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്), ചന്ദ്രോപരിതലത്തിലുടനീളം ജലാംശമുള്ളതായി കണ്ടെത്തിയിരുന്നു. ചന്ദ്രപ്രതലത്തിലെ ഓരോ ടണ്‍ മണ്ണിലും കുറഞ്ഞത് ഒരു ലിറ്റര്‍ വെള്ളമെങ്കിലുമുണ്ടാകുമെന്നാണ് ആ ഉപകരണം തിരിച്ചറിഞ്ഞത്.

ചന്ദ്രപ്രതലത്തിലെ ജലത്തിന് കാരണം ബാഹ്യസ്രോതസ്സുകളല്ല, ജലതന്മാത്രകള്‍ ചന്ദ്രനില്‍ തന്നെ രൂപപ്പെടുന്നു എന്ന്, യൂറോപ്യന്‍ യൂണിയനും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് വികസിപ്പിച്ച സബ് കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് ആറ്റം റിഫ്‌ളെക്ടിങ് അനലൈസര്‍ (സാറ) എന്ന ചാന്ദ്രയാനിലെ പേലോഡ് കണ്ടെത്തിയ വിവരം പുറത്ത് വന്നത് 2009 ഒക്ടോബര്‍ 15-നാണ്.

2009 ആഗസ്ത് 28-നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത്. 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കെയാണ് അവസാനിച്ചത്. പക്ഷേ, പ്രതീക്ഷിക്കാത്തത്ര വലിയൊരു വിജയക്കുതിപ്പ് നടത്തിയിട്ടാണ് ചന്ദ്രയാന്‍ വിടവാങ്ങിയതെന്ന് അന്ന് ആരും കരുതിയില്ല.