Wednesday 24 October 2012

പൂതംകളി

പുരാണത്തിലെ ഒരു കഥയാണ് പൂതംകളിയുടെ ഉത്ഭവം. അസുരരാജാവായ ദാരികന്‍ ബ്രഹ്മാവില്‍ നിന്നും സ്ത്രീകളാല്‍ മാത്രമേ കൊല്ലപ്പെടാവൂ, തന്റെ രക്തം ഭൂമിയില്‍ വീണാല്‍ ആയിരം ദാരികന്മാര്‍ ജനിക്കണമെന്നും രണ്ടുവരം നേടി. അഹങ്കാരിയായ ദാരികന്റെ ഉപദ്രവം സഹിക്കവയ്യാതെ ബ്രഹ്മാവും, വിഷ്ണുവും ദേവഗണങ്ങളും ശിവനെ സമീപിച്ചു. ശിവന്റെ മൂന്നാം കണ്ണില്‍ നിന്നും ഭദ്രകാളി ജന്മമെടുത്തു. ഭദ്രകാളിയും ദാരികനും ഏഴു ദിവസം രാപ്പകലില്ലാതെ യുദ്ധം ചെയ്യുകയും ദാരികനെ വധിക്കുകയും ചെയ്തു. ഭദ്രകാളിയുടെ പടയാളികളായാണ് പൂതങ്ങളെ കണക്കാക്കുന്നത്. ഇവക്ക് തൊണ്ണൂറ്റിയാറ് കണ്ണുകളുണ്ട്. ഭദ്രകാളിയുടെ പടയായി വന്നത് ശിവന്റെ ഭൂതകണങ്ങളായിരുന്നു ഇതിന്റെ ഓര്‍മ്മക്കായാണ് അമ്പലങ്ങളില്‍ നടത്തുന്ന ഒരു പ്രധാന ചടങ്ങായി പൂതംകളി കൊണ്ടാടുന്നത്. തട്ടകത്തെ അമ്പലത്തില്‍ താലപ്പൊലി ദിവസം എല്ലാ ഭൂതങ്ങളും ഒത്തുകൂടുന്നു. അഷ്ടദേവികളില്‍ പ്രധാനിയായ ഭദ്രകാളി പിശാചായ അശ്വവേതാളത്തിന്റെ പുറത്തുകയറിയാണ് യുദ്ധത്തിന് എത്തിയത്. ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ പതിക്കാതെ പാനം ചെയ്യാന്‍ ഇവക്ക് കഴിവുണ്ടായിരുന്നു. ഈ ഐതിഹ്യപ്രകാരമാണ് ഉത്സവങ്ങള്‍ക്ക് വേതാളക്കുതിര ഉണ്ടാക്കുന്നത്. മകരം മുതല്‍ മേടം വരെ ഭഗവതിക്ഷേത്രങ്ങളില്‍ പൂതംകളി നടത്താറുണ്ട്. ഏഴുദിവസത്തെ വ്രതനിഷ്ഠ പൂതം കെട്ടിയാടുന്ന കലാകാരന്മാര്‍ക്ക് ഉണ്ടായിരിക്കണം. മണ്ണാന്‍ സമുദായക്കാരാണ് പ്രധാനമായും പൂതവേഷം കെട്ടാറുള്ളത്.

No comments:

Post a Comment