Showing posts with label കുഞ്ഞിപ്പാട്ടുകള്‍. Show all posts
Showing posts with label കുഞ്ഞിപ്പാട്ടുകള്‍. Show all posts

Wednesday, 1 August 2012

നഴ്സറിപ്പാട്ടുകള്‍

പൂച്ച നല്ല പൂച്ച


പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാല്‌ വച്ച പാത്രം
നക്കി തോര്‍ത്തി വച്ചു!

പൂ പറിക്കാന്‍ പോര്ണോ?


മദ്ധ്യകേരളത്തിലെ ഒരു പഴയ ഒരു കളിപ്പാട്ടാണു് 'പൂ പറിക്കാന്‍  പോര്ണോ?..'എന്നു തുടങ്ങുന്ന ഈ കുഞ്ഞിപ്പാട്ടു്. കുട്ടികള്‍ രണ്ടു സംഘമായി പരസ്പരം അഭിമുഖമായി നിന്നുകൊണ്ടു് അതില്‍ ഓരോ സംഘവും ഒന്നിടവിട്ട വരികള്‍ പാടിക്കൊണ്ട് കൈകോര്‍ ത്തുപിടിച്ച് മുന്നിലേക്കും പിന്നിലേക്കും താളത്തില്‍ നടന്നുകൊണ്ടാണു് ഈ കുഞ്ഞിക്കളി പുരോഗമിക്കുന്നതു്. സാധാരണ പത്തുവയസ്സില്‍  താഴെയുള്ള പെണ്‍കുട്ടികളാണു് ഈ കളി കളിക്കാറുള്ളതു്.


പൂപറിക്കാന്‍  പോര്‌ണോ
പോര്‌ണോമ്പടി രാവിലേ

ആരേ നിങ്ങള്‍  ക്കാവശ്യം
ആവശ്യമ്പടി രാവിലേ

വാവേനെ(1) ഞങ്ങള്‍ക്കാവശ്യം
ആവശ്യമ്പടി രാവിലേ

ആരുവന്ന്‌ കൊണ്ടുപോം
കൊണ്ടുപോമ്പടി രാവിലേ

കുഞ്ഞാറ്റ(2)പവന്ന്‌ കൊണ്ടുമ്പോം
കൊണ്ടുപോമ്പടി രാവിലേ

എന്നാലൊന്ന്‌ കാണട്ടേ
കാണട്ടമ്പടി രാവിലേ


1↑ ഈ സ്ഥാനത്തു് മറുസംഘത്തിലെ ഏതെങ്കിലും കുട്ടിയുടെ പേരാണു് ചേര്‍ക്കുക.
2↑ ഈ സ്ഥാനത്തു് ഇപ്പുറത്തുള്ള ഏതെങ്കിലും കുട്ടിയുടെ പേരും ചേര്‍ക്കും.

കുറുക്കാ കുറുക്കാ

കുറുക്കാ കുറുക്കാ
കുറുക്കന്റെ മോനേ
നിനക്കെന്താ കുറുക്കാ ജോലി?

വെളുക്കുമ്പൊ കുളിക്കണം
വെളുത്ത മുണ്ടുടുക്കണം
കോഴീനെ പിടിക്കണം
കറുമുറു തിന്നണം

കാക്ക പാറി വന്നു

കാക്ക പാറി വന്നു,
 പാറമേലിരുന്നു, 
കാക്ക പാറിപ്പോയി,
പാറ ബാക്കിയായി.

ഉറുമ്പേ ഉറുമ്പേ


പറയാനും പാടാനും വേണ്ടി കൊഞ്ചിക്കൊഞ്ചി ഭാഷ പഠിച്ചുതുടങ്ങുന്ന ചെറിയ കുട്ടികളെ രസിപ്പിക്കാനുതകുന്ന ഒട്ടനവധി കുഞ്ഞിപ്പാട്ടുകൾ മലയാളത്തിലുണ്ടു്. ഇവയിൽ പലതും ഏതോ കാലത്തു് ആരൊക്കെയോ പാടിത്തുടങ്ങി സ്വയം പ്രചാരമാർജ്ജിച്ചവയാണു്.
തൃശ്ശൂരിലും പരിസരത്തും കുട്ടികൾക്കു പാടിക്കൊടുത്തു പഠിപ്പിച്ചിരുന്ന കുഞ്ഞിപ്പാട്ടുകളിൽ ഒന്നാണു് താഴെക്കൊടുത്തിരിക്കുന്ന ഉറുമ്പുപാട്ട്:


എവിടയ്ക്ക്‌ പോണൂ?

പ്ലാല പർക്കാൻ[1] പോണൂ.

പ്ലാല പർക്കാൻ
കാട്ടില്‌ പോയപ്പോ
പ്ലാലേമപ്പടി ചോര.

ചോര കഴ്കാൻ
നീറ്റ്‌ല്‌ പോയപ്പോ
നീറ്റിലപ്പടി വാള[2].

വാളേനെ കോർക്കാൻ
വള്ളിക്ക്‌ പോയപ്പോ
വള്ളീലപ്പടി ചുണ്ടങ്ങ.

ചുണ്ടങ്ങേടെ കാതും കുത്തി
പട്ടര്‌ടെ കുട്ടീടെ കല്യാണം...!

  1. ↑ പ്ലാവില പെറുക്കാൻ
  2. ↑ നീർ = വെള്ളം, വാള = ഒരു തരം മത്സ്യം

ആരാദ്? മാലാഖ

ഡും ഡും ഡും...

ആരാദ്?
മാലാഖ!
എന്തിനു വന്നു?
എഴുത്തിനു വന്നു.
എന്തെഴുത്ത്?
തലേലെഴുത്ത്
എന്തു തല?
മൊട്ടത്തല
എന്തു മൊട്ട?
കോഴിമൊട്ട
എന്തു കോഴി?
പൂവൻ കോഴി
എന്തു പൂവ്?
കാട്ടു പൂവ്
എന്തു കാട്?
പട്ടിക്കാട്
എന്തു പട്ടി?
പേപ്പട്ടി
എന്തു പേ?
പെപ്പരപ്പേ..