Showing posts with label സാഹിത്യകാരന്മാര്‍. Show all posts
Showing posts with label സാഹിത്യകാരന്മാര്‍. Show all posts

Friday, 6 July 2012

വൈക്കം മുഹമ്മദ് ബഷീര്‍






മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂര്‍ സുല്‍ ത്താന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 18 ആം ചരമ വാര്‍ഷിക ദിന മാണ് ജൂലായ്‌ 5ന് . ആധുനിക മലയാള സാഹിത്യത്തില്‍  ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍  എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അദ്ദേഹത്തെയാണ്. 1982-ല്‍ ഇന്ത്യാ ഗവണ് മെന്‍റ്‍ പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. 

സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍  സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കില്‍  ബഷീര്‍  സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍  ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയില്‍പ്പുള്ളികളും , ഭിക്ഷക്കാരും, വേശ്യകളും,പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ ,വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍  സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തില്‍  ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. ഇസ്ലാം മതത്തില്‍  ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

1908 ജനുവരി 19[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍  ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍  ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂള്‍ പഠനകാലത്ത്‌(9-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍  നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തില്‍  വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി.ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. 1930-ല്‍  കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍  ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയില്‍  തീവ്രവാദ സംഘമുണ്ടാക്കി.തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികള്‍. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍  ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍  ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍  ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍  അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും-തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു, ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍  മലയാള സാഹിത്യത്തില്‍  വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയില്‍  കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളില്‍  കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍  പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍  ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകര്‍  നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
ഏറെ വൈകിയാണ് ബഷീര്‍  വിവാഹിതനായത്. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീര്‍  അന്തരിച്ചു.


Thursday, 31 May 2012

ആ നീര്‍മാതളപൂവിന്റെ ഓര്‍മയ്ക്ക്

"കണ്ണുകള്‍ക്ക്‌ കാണുവാനുള്ള ശക്തി നഷ്ടപ്പെട്ടാല്‍ കൈയിന് എഴുതുവാനുള്ള ത്രാണി ഇല്ലാതാവുമ്പോള്‍ ഞാന്‍ എന്റെ യാത്ര അവസാനിപ്പിച്ചേക്കാം.ചരിത്രം രാജാക്കന്‍മാരുടെയും യുദ്ധം ചെയ്തവരുറെയും മാത്രം കഥയല്ല; സ്നേഹിച്ചവരുറെയും കഥയാണ്. സാധാരണ മനുഷ്യരുടെ കഥ "
-നീര്‍മാതളം പൂത്തകാലം -

ഒരു വര്ഷം കൂടി കടന്നു പോകുന്നു നമ്മുടെ ഇടയിലിരുന്നു സാധാരണ മനുഷ്യരുടെ കഥ പറഞ്ഞ ആ കഥാകാരി വിട പറഞ്ഞിട്ട് .

കവയിത്രി ബാലാമണിയമ്മയുറെയും വി എം നായരുടെയും മകളായി 1932  മാര്‍ച്ച്‌ 31 നു ജനനം. മലയാളത്തിലും ഇംഗ്ലീഷിലും ആയി നിരവധി രചനകള്‍.
കടല്‍ മയൂരം ചന്ദനമരങ്ങള്‍, മാനസി, കവാടം, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍ എന്നീ നോവലുകളും പക്ഷിയുടെ മരണം, നഷ്ടപെട്ട നീലാംബരി, ചേക്കേറുന്ന പക്ഷികള്‍, മാധവിക്കുട്ടിയുടെ കഥകള്‍, എന്റെ ചെറിയ കഥകള്‍, എന്റെ പ്രിയപ്പെട്ട ചെറു കഥകള്‍ തുടങ്ങി നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട് . എന്റെ കഥ, വിഷാദം പൂക്കുന്ന മരങ്ങള്‍ എന്നിവ ആത്മകഥകള്‍ ആണ് വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികളും അവരെ തേടിഎത്തി.

പില്‍ക്കാലത്ത് ഇസ്ലാം മതം സ്വീകരിച്ചു കമല സുരയ്യ എന്ന പേര് സ്വീകരിച്ചു.

സ്ത്രീ പുരുഷ ബന്ധത്തെ പല വീക്ഷണ കോണുകളില്‍ നിരീക്ഷിക്കുന്ന ഒരു പൊതു സ്വഭാവം കമലയുടെ ഓരോ രചനകളിലും ഉണ്ടായിരുന്നു. തുറന്നു പറച്ചിലുകളെ അധികം പ്രോത്സാഹിപ്പിക്കാത്ത മലയാളികളുടെ സദാചാര ബോധത്തെ നിഷേധിക്കാന്‍ തന്റെ രചനകളിലൂടെ കമല കാണിച്ച ധൈര്യം അസാമാന്യമായിരുനു. മരണവും പ്രണയവും വികാരങ്ങളും സ്വപ്നവും കാല്പനികതയും  സ്ത്രീപക്ഷത്ത്‌ നിന്നുള്ള ചിന്തകളും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു കമലയുടെ ലോകം . അതോടൊപ്പം വിവാദങ്ങളും .എങ്കിലും മലയാളി വായനക്കാര്‍ തീവ്രമായ സ്നേഹത്തോടെ കമലയുടെ രചനകളെ നെഞ്ചേറ്റി.

2009 മെയ്‌ 31 നു കമല സുരയ്യ ഈ ഭൂമിയെ വിട്ടു പിരിഞ്ഞു.
കമല പറഞ്ഞിട്ടുണ്ട് നീര്‍മാതളം പൂക്കുന്നത് കേവലം ഒരാഴ്ച കാലത്തെക്ക് മാത്രമാണെന്ന്. പക്ഷെ കമലയെന്ന നീര്‍മാതളപൂവിന്റെ ഗന്ധം ഓരോ സഹൃദയ സ്മരണകളിലും പടര്‍ന്നു നില്‍ക്കും മലയാളമുള്ള കാലം വരെ.   

Tuesday, 10 April 2012

തകഴി ശിവശങ്കരപ്പിള്ള


രമണനോളം മലയാളികള്‍ മനസ്സില്‍ കൊണ്ട് നടന്ന മറ്റൊരു പ്രണയ കഥയുണ്ട്. കറുത്തമ്മയെ പ്രണയിച്ച പരീക്കുട്ടിയുറെ കഥ. കടല്‍ എന്ന സത്യവും പ്രണയം എന്ന കാല്പനികതയും മിത്തുകളും കൂട്ടിയിണക്കി മെനെഞ്ഞെടുത്ത കരുത്തുറ്റ കഥ" ചെമ്മീന്‍".  അത് മലയാളി കൊണ്ടാടി.
അതോടൊപ്പം തകഴിയെന്ന അനശ്വരനായ എഴുത്തുകാരനെയും.

1912 ഏപ്രില്‍ 17 നു ജനിച്ച അദ്ദേഹം പതിമൂന്നാം വയസ്സിലാണ് ആദ്യ കഥ എഴുതുന്നത്‌.തുടര്‍ന്ന് നൂറുകണക്കിന് കഥകളും പതിയെ നോവലിന്റെ ലോകത്തേക്കും കടന്നു ഇടതു പക്ഷത്തില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും കേന്ദ്ര കേരള സാഹിത്യ അക്കടമികളിലും പ്രമുഖ സ്ഥാനം അലങ്കരിച്ചിട്ടുണ്ട് .

ഇരുപത്തി ഒന്ന് കഥാ സമാഹാരങ്ങളിലായി ഇരുനൂറോളം കഥകള്‍, മുപ്പത്തി ഒന്പതു നോവലുകള്‍, ഒരു നാടകം, ഒരു യാത്ര വിവരണം, മൂന്നു ആത്മ കഥകള്‍ അങ്ങനെ ബൃഹത്തായതാണു  തകഴിയുടെ സാഹിത്യസഞ്ചയം. 1934  ഇലെ ത്യാഗത്തിന്റെ പ്രതിഫലം എന്ന കൃത്യാണ്  ആദ്യമായി തകഴി എഴുതിയ നോവല്‍.

ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കയര്‍, ചെമ്മീന്‍, രണ്ടിടങ്ങഴി, ഔസേപ്പിന്റെ മക്കള്‍ തെണ്ടി വര്‍ഗ്ഗം എന്നിവ വളരെ ശ്രദ്ധിക്കപ്പെട്ട നോവലുകളാണ്. വെള്ളപ്പൊക്കത്തില്‍, നിത്യകന്യക, തസീല്‍ദാരുടെ അച്ചന്‍, രണ്ടു തെണ്ടികള്‍, മാഞ്ചുവട്ടില്‍, പാതിവൃത എന്നിവ ശ്രദ്ധിക്കപ്പെട്ട കഥകളാണ്. 

നിത്യ ജീവിതത്തില്‍ കണ്ടുമുട്ടിയ കഥാപത്രങ്ങളാണ് തകഴിയുടെ തൂലികക്ക് ബലം നല്‍കിയത് . സാമ്പത്തിക സാമൂഹിക അസമത്ത്വങ്ങളും വേദനിക്കുന്നവരുടെ രാഷ്ട്രീയവും എല്ലാം തന്റെ രചനകളില്‍ പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലുണ്ടായ സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞു നിന്നു.

നിരവധി പുരസക്കരങ്ങളും അദ്ദേഹത്തെ തേടിയെത്തി.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്( ചെമ്മീന്‍ 1958 ), കേരള സാഹിത്യ അക്കാദമി അവാര്‍ഡ്( ഏണിപ്പടികള്‍ 1965 ),വയലാര്‍ അവാര്‍ഡ് (കയര്‍, 1980 ), കൂടാതെ സാഹിത്യത്തിന്റെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠം(1984 ) എന്നിവ അദ്ദേഹത്തിന് ലഭിച്ചു. 

1999  ഏപ്രില്‍ 10  മലയാളത്തിലെ ആ മഹാ പ്രതിഭ അക്ഷരങ്ങളുടെ ലോകത്ത്  നിന്നും യാത്രയായി. 

Friday, 25 November 2011

മലയാളം സാഹിത്യകാരന്മാര്‍


ജീവചരിത്രം

          നമ്മുടെ സാഹിത്യകാരന്മാരെ തിരിച്ചറിയാതെ അവരുടെ കൃതികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക വിഷമകരമാണ്.  ഇവിടെ ഞങ്ങള്‍ ഓരോ യൂണിറ്റിലും നാം അറിഞ്ഞിരിക്കേണ്ട സാഹിത്യക്കരന്മാരെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. 

Wednesday, 2 February 2011

ജി. ശങ്കരക്കുറുപ്പ്‌


എറണാകുളം ജില്ലയില്‍ കാലടിക്കടുത്ത്‌ നായത്തോട്‌ എന്ന ഗ്രാമത്തില്‍ ആണ്‌ 1901 ജൂണ്‍ 3 ന്‌ ശങ്കരക്കുറുപ്പ്‌ ജനിച്ചത്‌. അച്ഛന്‍ നെല്ലിയ്‌ക്കാപ്പിള്ളി ശങ്കരവാര്യര്‍. അമ്മ ലക്ഷ്‌മിക്കുട്ടി അമ്മ. പെരുമ്പാവൂരും ആലുവായിലും സ്‌ക്കൂളുകളില്‍ പഠിച്ചു. 1919ല്‍ പണ്‌ഡിതര്‍ പരീക്ഷ ജയിച്ച്‌ തിരുവില്വാമല സ്‌ക്കൂളില്‍ ഭാഷാധ്യാപകനായി. 1937ല്‍ എറണാകുളം മഹാരാജാസ്‌ കോളേജിലെ മലയാള പണ്‌ഡിതനായി. 1950ല്‍ അവിടെ പ്രൊഫസര്‍ ആയി. 1956ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. പിന്നീട ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ ഒരു വര്‍ഷം പ്രൊഡ്യൂസര്‍ ആയും പിന്നീട്‌ ഉപദേഷ്‌ടാവായും ജോലി ചെയ്‌തു. 1931ല്‍ ആണ്‌ ശങ്കരക്കുറുപ്പ്‌ പി. സുഭദ്രാമ്മയെ വിവാഹം ചെയ്‌തത്‌. 1945 മുതല്‍ 1957 വരെ സാഹിത്യപരിഷത്ത്‌ മാസികയുടെ പത്രാധിപര്‍
ആയിരുന്നു. കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍ ആയിരുന്നു ജി. സാഹിത്യ പരിഷത്തിന്റേയും. 1968ല്‍ അദ്ദേഹത്തെ രാജ്യസഭാംഗമായി നോമിനേറ്റു ചെയ്‌തു. കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍, സോവിയറ്റ്‌ലാന്റ ്‌ നെഹ്രു
അവാര്‍ഡ്‌, ജ്ഞാനപീഠ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌, റഷ്യന്‍, ഇറ്റാലിയന്‍ തുടങ്ങിയ വിദേശഭാഷകളിലേയ്‌ക്കും,
മിക്ക ഭാരതീയ ഭാഷകളിലേയ്‌ക്കും ജിയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 1978 ജനുവരിയില്‍ രോഗബാധയെത്തുടര്‍ന്ന്‌ അദ്ദേഹം ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി. 1978 ഫെബ്രുവരി 2 ന്‌ മരിച്ചു.

കവിത, നാടകം, നിരൂപണം, വ്യാകരണം, ജീവചരിത്രം - വൈവിദ്ധ്യപൂര്‍ണ്ണമാണ്‌ ജി. യുടെ സാഹിത്യസേവന മണ്‌ഡലം. കവിത അദ്ദേഹത്തിന്‌ ആത്മാവിഷ്‌ക്കാരവും, അന്വേഷണവും ആയി മാറി. സൂര്യകാന്തി, മേഘഗീതം, പുഷ്‌പഗീതം, നിമിഷം, പൂജാപുഷ്‌പം, മുത്തുകള്‍, ഇതളുകള്‍, ചെങ്കതിരുകള്‍, നവാതിഥി, പഥികന്റെ പാട്ട്‌, അന്തര്‍ദ്ദാഹം, വെള്ളില്‍ പറവകള്‍, വിശ്വദര്‍ശനം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം, മധുരം സൗമ്യം ദീപ്‌തം ഇവയാണ്‌ അദ്ദേഹത്തിന്റെ 

പ്രധാന കവിതാസമാഹാരങ്ങള്‍.
ജ്ഞാനപീഠപുരസ്‌ക്കാരം നേടിയ ഓടക്കുഴല്‍ തിരഞ്ഞെടുത്ത കവിതകളുടെ- ആദ്യകാല കവിതകളുടെ - സമാഹാരമാണ്‌. ശങ്കരക്കുറുപ്പിന്റെ തിരഞ്ഞെടുത്ത രണ്ടു കവിതാസമാഹാരങ്ങള്‍ കൂടി ഉണ്ട്‌. ജിയുടെ തിരഞ്ഞെടുത്ത കവിതകള്‍, പാഥേയം. ഇളംചുണ്ടുകള്‍, ഓലപ്പീപ്പി എന്നിവ കുട്ടികള്‍ക്കു വേണ്ടി എഴുതിയ കവിതകളാണ്‌. സന്ധ്യ, ഇരുട്ടിനു മുമ്പ്‌, ആഗസ്റ്റ്‌ പതിനഞ്ച്‌ എന്നീ നാടകങ്ങള്‍, ടാഗോറിന്റെ ഏതാനും കവിതകള്‍ നൂറ്റൊന്നു കിരണങ്ങള്‍ എന്ന പേരില്‍ പരിഭാഷപ്പെടുത്തിയ ജി. ഗീതാഞ്‌ജലിയും വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ഒമര്‍ഖയ്യാമിന്റെ റുബയ്യാത്തിന്റെ പരിഭാഷയാണ്‌ വിലാസലഹരി. മേഘദൂതത്തിന്റെ പരിഭാഷയാണ്‌ മേഘച്ഛായ. നിരൂപകന്‍, ഉപന്യാസകാരന്‍ എന്നീ നിലകളിലും ജി. ശ്രദ്ധേയനാണ്‌. ഗദ്യോപഹാരം, മുത്തും ചിപ്പിയും, രാക്കുയിലുകള്‍, ലേഖമാല എന്നിങ്ങനെ ഉള്ള ഗദ്യ ഗ്രന്ഥങ്ങളിലെ ലേഖനങ്ങള്‍, ജി. യുടെ ഗദ്യലേഖനങ്ങള്‍ എന്ന പേരില്‍ ലഭ്യമാണ്‌. ഡയറിക്കുറിപ്പുകളും, ആത്മകഥാപരമായ ലേഖനങ്ങളും ചേര്‍ന്ന കൃതിയാണ്‌ ജി. യുടെ നോട്ടുബുക്ക്‌ .