Sunday, 13 November 2011

Blog Help

പൊതുവേ ഉന്നയിക്കപ്പെടാറുള്ള സംശയങ്ങള്‍:

1. ബ്ലോഗ് എന്നാല്‍ എന്താണ്?
നിങ്ങളുടെ മനസ്സിലുള്ള ആശയങ്ങളെയും, ഭാവനകളേയും, ചിന്തകളേയും, ലോകം മുഴുവന്‍ പരന്നുകിടക്കുന്ന ഇന്റര്‍നെറ്റ് എന്ന മാധ്യമത്തില്‍ക്കൂടി ആര്‍ക്കും വായിക്കാവുന്നരീതിയില്‍ ഒരു വെബ് പേജായി പ്രസിദ്ധീകരിക്കാനുള്ള സൌകര്യമാണ് ബ്ലൊഗ് ഒരുക്കുന്നത് - നിങ്ങളുടെ സ്വന്തമായ, എന്നാല്‍ എല്ലാവര്‍ക്കും വായിക്കാവുന്ന ഒരു ഡയറിപോലെ. ലിപികളിൽ കൂടിമാത്രമല്ല, “പോഡ്‌കാസ്റ്റ്” എന്ന സങ്കേതം വഴി നിങ്ങളുടെ ആശയങ്ങള്‍ ശബ്ദരൂപത്തില്‍ പ്രസിദ്ധീകരിക്കുവാനും ബ്ലോഗുവഴി സാധിക്കും. സ്വന്തം റേഡിയോസ്റ്റേഷനില്‍നിന്നുള്ള പ്രക്ഷേപണം പോലെ!
ഗൂഗിള്‍, വേഡ്‌പ്രസ് തുടങ്ങിയ കമ്പനികളൊക്കെ ബ്ലോഗിംഗ് ഈ സൌജന്യ സേവനം നല്‍കുന്നുണ്ട്. ഇവിടെ നിങ്ങള്‍തന്നെയാണ് നിങ്ങളുടെ ബ്ലോഗിന്റെ പ്രസാധകനും, എഴുത്തുകാരനും, എഡിറ്ററും. മറ്റാരുടെയും കൈകടത്തലുകളോ, നിയന്ത്രണങ്ങളോ നിങ്ങള്‍ ബ്ലോഗില്‍ എഴുതുന്ന കാര്യങ്ങളില്‍ ഉണ്ടാവില്ല.

2. ബ്ലോഗ് എന്ന മാധ്യമത്തിന്റെ സവിശേഷതകള്‍ അല്‍പ്പം കൂടി ഒന്നു വിശദീകരിക്കാമോ?

പരമ്പരാഗത മാധ്യമങ്ങളായ അച്ചടിമാധ്യമം, റേഡിയോ, ടെലിവിഷന്‍, തുടങ്ങിയവയ്കൊനും ഇല്ലാത്ത ചില പ്രത്യേകതകൾ ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ലോകം‌മുഴുവന്‍ പരന്നുകിടക്കുന്ന ഇന്റര്‍നെറ്റ് എന്ന ആധുനിക വിവരസാങ്കേതികവിദ്യയിലൂന്നിയ ഒരു ചാലകസംവിധാനമാണ് ബ്ലോഗിന്റെ നട്ടെല്ല്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട ഒരു ബ്ലോഗ് പേജ്, ലോകത്തെവിടെയിരുന്നും അടുത്ത നിമിഷത്തില്‍ത്തന്നെ തുറന്നുനോക്കാം എന്നത് ബ്ലോഗിന്റെ മാത്രം പ്രത്യേകതയാണ്. പത്രങ്ങള്‍ക്കോ, ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ക്കോ ഇത്ര വിശാലമായ, അതിവേഗത്തിലുള്ള സഞ്ചാരസ്വാതന്ത്ര്യം ഇല്ല. നിങ്ങളുടെ ആശയങ്ങള്‍ സ്വതന്ത്രമായി പറയുവാന്‍, ഒരു മാധ്യമത്തില്‍ക്കൂടി മറ്റുള്ളവരെ അറിയിക്കുവാന്‍ ഒരു കീബോര്‍ഡും മൌസും ഉപയോഗിച്ചുകൊണ്ടു മറ്റാരുടെയും നിയന്ത്രണങ്ങളില്ലാതെ സാധിക്കും എന്നതും നിസ്സാര സംഗതിയല്ലല്ലോ. ഇതര മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിന്റെ മറ്റൊരു പ്രത്യേകത, ഇവിടെ വായനക്കാരന്റെ / പ്രേക്ഷകന്റെ പ്രതികരണം അപ്പപ്പോള്‍ അതേ ബ്ലോഗില്‍ രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടെന്നുള്ളതാണ്. അതിനാല്‍, എഴുത്തുകാരന് വായനക്കാരനുമായി സംവദിക്കാന്‍ കഴിയുന്നു, അതുപോലെ തിരിച്ചും. (ഒരു കാര്യം എഴുതുന്നയാള്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്നേക്കാവുന്ന ഇത്തരം കമന്റുകള്‍ സ്വീകരിക്കാന്‍ സന്നദ്ധനായിരിക്കണം എന്നു സാരം).


3. ഇതുകൊള്ളാമല്ലോ!അങ്ങനെയാണെങ്കില്‍ മലയാളത്തില്‍ മാത്രവാവില്ലല്ലോ ബ്ലോഗുകള്‍ ഉള്ളത്? മറ്റുഭാഷകളിലും ഇതുപോലെ ബ്ലോഗുകള്‍ ഉണ്ടോ?

തീര്‍ച്ചയായും. മലയാളത്തില്‍മാത്രമല്ല, ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലും ബ്ലോഗ് എഴുത്തുകാര്‍ ഉണ്ട്.

4. ആട്ടെ, എനിക്കും ഒരു ബ്ലോഗ് തുടങ്ങണം. അതിനുള്ള മെംബര്‍ഷിപ്പിന് ആരെയാണ് സമീപിക്കേണ്ടത്? അതുപോലെ ബ്ലോഗില്‍ ഭാഗഭാക്കായിരിക്കുന്നവര്‍ ഏതെങ്കിലും സംഘടനയുടെയോ, ഗ്രൂപ്പിന്റെയോ, ക്ലബ്ബിന്റെയോ അംഗങ്ങളാണോ? ആണെങ്കില്‍ ഇതില്‍ ചേരുന്നതിന്റെ നിബന്ധനകള്‍ എന്തൊക്കെയാണ്?

ബ്ലോഗില്‍ എഴുതുന്നവര്‍ ഒരു ക്ലബിന്റെയോ സംഘടനയുടെയോ മെംബര്‍മാര്‍ അല്ല. അതില്‍ അംഗത്വത്തിന്റെ ആവശ്യവും ഇല്ല. എന്നാല്‍ നിങ്ങള്‍ക്ക് സ്വന്തമായി ഒരു ബ്ലോഗ് സൃഷിടിക്കുന്നതിന് ഗൂഗിള്‍, വേഡ്‌പ്രസ് തുടങ്ങിയ ഏതെങ്കിലും സേവനദാതാക്കളുടെ ബ്ലോഗര്‍ സര്‍വീസില്‍ നിങ്ങളുടെ ബ്ലോഗ് റെജിസ്റ്റര്‍ ചെയ്തതായിരിക്കണം - നമ്മള്‍ ഇമെയില്‍ അക്കൌണ്ടുകള്‍ ഉണ്ടാക്കാറില്ലേ, അതുപോലെ. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് അടുത്ത അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

5. എന്റെ കൈയ്യിലുള്ള കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള കീബോര്‍ഡാണല്ലോ ഉള്ളത്. വിന്റോസും ഇഗ്ലീഷില്‍ത്തന്നെ. ഇതുപയോഗിച്ച് മലയാളം ടൈപ്പുചെയ്യാനൊക്കുമോ? ഈ കീബോര്‍ഡില്‍ മലയാളത്തിലെ 16 സ്വരാക്ഷരങ്ങളേയും 36 വ്യഞ്ജനാക്ഷരങ്ങളെയും എങ്ങനെ എഴുതിപ്പിടിപ്പിക്കും? ഇതെല്ലാം കൂടി ഓര്‍ത്തുവയ്ക്കുക ദുഷ്കരമല്ലേ?


ഏതുകമ്പ്യൂട്ടറിലും, അനുയോജ്യമായ ട്രാന്‍സ്‌ലിറ്ററേഷന്‍ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചുകൊണ്ട് യൂണീക്കോഡ് മലയാളം ടൈപ്പുചെയ്യാന്‍ പറ്റും. കീമാന്‍, വരമൊഴി, ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ തുടങ്ങിയവ അവയില്‍ ചിലതുമാത്രം. മലയാളത്തിലെ 53 അക്ഷരങ്ങളേയും പ്രതിനിധീകരിക്കുന്ന കീകള്‍ ഏതൊക്കെയെന്ന് ഓര്‍ത്തുവയ്ക്കേണ്ട ആവശ്യം ഇല്ല. ഇംഗ്ലീഷിലെ 5 സ്വരങ്ങളും 21 വ്യഞ്ജനങ്ങളും ഉപയോഗിച്ചുകൊണ്ട് ഏതുമലയാളവാക്കും, കൂട്ടക്ഷരങ്ങള്‍ ഉള്‍പ്പടെ എഴുതാം. kaakka എന്നെഴുതിയാല്‍ "കാക്ക" എന്നും “pakshi" എന്നെഴുതിയാല്‍ “പക്ഷി” എന്നും ഈ സോഫ്റ്റ്വെയറുകള്‍ സ്വയം എഴുതിക്കൊള്ളും!

6. ഒരു ബ്ലോഗിന്റെ അടിസ്ഥാന കാര്യങ്ങള്‍ എന്തൊക്കെയാണ്? പലവിധത്തിലും ഡിസൈനിലും ഒക്കെയുള്ള ബ്ലോഗുകള്‍ കാണാറുണ്ടല്ലോ?

നിങ്ങള്‍ വായിക്കുന്ന ഈ ബ്ലൊഗ് തന്നെ ഉദാഹരണമായി ഒന്നു നോക്കാം. ഇതിനൊരു തല‍ക്കെട്ടുണ്ട്. ടൈറ്റില്‍ ബാര്‍ എന്ന ഭാഗമാണിത്. നോട്ട്ബുക്ക്‌ എന്നാണ് ഈ ബ്ലോഗിന്റെ പേര്. അതിനു താഴെയായി ഈ ബ്ലോഗില്‍ കൈകാര്യം ചെയ്യുന്ന വിഷയമെന്താണെന്ന് എഴുതിയിട്ടുണ്ട്. നിങ്ങള്‍ വായിക്കുന്ന ഈ അധ്യായത്തെ ഒരു പോസ്റ്റ് എന്നാണ് വിളിക്കുന്നത്. (അതായത്, ബ്ലോഗിനെ ഒരു പുസ്തകമായി സങ്കല്‍പ്പിച്ചാല്‍, അതിലെ അദ്ധ്യായങ്ങളാണ് പോസ്റ്റുകള്‍). പോസ്റ്റിന്റെ തലക്കെട്ട് ഏറ്റവും മുകളിലുണ്ട് - “ബ്ലോഗ് ഒരു പരിചയപ്പെടല്‍”. അതു പബ്ലിഷ് ചെയ്ത തീയതിയും അതോടൊപ്പം ഉണ്ട്. ഈ പോസ്റ്റിന്റെ ഏറ്റവും താഴെയായി കമന്റുകള്‍ രേഖപ്പെടുത്താനുള്ള ലിങ്ക് കാണാം. Post a comment എന്ന പേരില്‍.

ഈ പോസ്റ്റിന്റെ വലതുഭാഗത്തുകാണുന്ന ഏരിയയെ സൈഡ് ബാര്‍ എന്നുവിളിക്കുന്നു. ഈ ബ്ലോഗിന് ഇടതുവശത്തും ഒരു സൈഡ് ബാർ ഉണ്ട്. എന്നെപ്പറ്റിയുള്ള വിവരങ്ങള്‍ (ബ്ലോഗ് എഴുത്തുകാരനെപ്പറ്റി) About me എന്ന പ്രൊഫൈലില്‍ ഉണ്ട്. വലതുവശത്തെ സൈഡ് ബാറിൽ ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകളിലേക്ക് പോകുവാനുള്ള ലിങ്കുകള്‍ കാണാം. ബ്ലോഗ് ആര്‍ക്കൈവ്സ് എന്നാണിവയെ വിളിക്കുക. ഇത്രയുമാണ് ഒരു ബ്ലോഗിന്റെ പ്രധാന ഭാഗങ്ങള്‍. ഇതുകൂടാതെ മറ്റനേകം “അലങ്കാരങ്ങളും“ സൈഡ് ബാറിലും ടൈറ്റില്‍ ബാറിലും ചേര്‍ക്കാം. അവയെപ്പറ്റി വഴിയേ പറയാം.

7. ബ്ലോഗില്‍ ഇന്നതേ എഴുതാവൂ എന്നു വല്ല നിബന്ധനയും ഉണ്ടോ? സാഹിത്യത്തിനാണോ മുന്‍‌ഗണന?

ഒരിക്കലും അല്ല. നിങ്ങളുടെ ബ്ലോഗില്‍ എന്തെഴുതണം എന്നു തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. അത് ഒരു കഥയാവാം, കവിതയാവാം, അനുഭവക്കുറിപ്പുകളാവാം, അവലോകനങ്ങളാവാം, ഏതെങ്കിലും ആനുകാലിക സംഭവങ്ങളെപ്പറ്റി നിങ്ങളുടെ അഭിപ്രായങ്ങളാവാം, അതുമല്ലെങ്കില്‍ ഒരു വിഷയത്തെപ്പറ്റിയുള്ള പഠനമോ ചര്‍ച്ചയ്യോ ആവാം. ആത്മീയം, ശാസ്ത്രം, സാമൂഹികം, സിനിമ, കല, പാചകം - വിഷയങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടെത്തൂ. നിങ്ങള്‍ക്ക് സൃഷ്ടിച്ചെടുക്കാവുന്ന എന്തും ബ്ലോഗിന് വിഷയമാക്കാം. ഇതുകൂടാതെ ഫോട്ടോകളും, ചെറിയ വീഡിയോക്ലിപ്പുകളും, സൌണ്ട് ക്ലിപ്പുകളും പ്രസിദ്ധീകരിക്കുവാനുള്ള സൌകര്യവും ബ്ലോഗുകള്‍ തരുന്നുണ്ട്.

ഇതൊക്കെ ബ്ലോഗുകള്‍ക്ക് വിഷയം ആവാമെങ്കിലും ആനുകാലികപ്രാധാന്യമുള്ള വിഷയങ്ങള്‍ ജനങ്ങള്‍ ബ്ലോഗിലൂടെ ചര്‍ച്ചചെയ്യുമ്പോഴാണ് ബ്ലോഗിന്റെ ശരിക്കുമുള്ള ആശയവിനിമയ സ്വാന്തന്ത്ര്യവും ശേഷിയും ഉപയോഗിക്കപ്പെടുന്നത്. വിഷയം എന്തുതന്നെയായാലും എഴുത്തുകാരനും പ്രസാധകനും നിങ്ങള്‍തന്നെ.


8. ഇതിനെല്ലാം വായനക്കാര്‍ ഉണ്ടാവുമോ? ഇത്രയധികം പ്രസിദ്ധീകരണങ്ങള്‍ ലോകം മുഴുവനും പരന്നുകിടക്കുന്ന ഒരു മാധ്യമത്തില്‍ക്കൂടി പുറത്തുവന്നാല്‍ ആര്‍ക്കാണ് വായിക്കാന്‍ സമയം?

ശരിയാണ്. ബ്ലോഗുകളുടെയും പോസ്റ്റുകളുടെയും എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഏതു തിരഞ്ഞെടുക്കണം എന്നത് വായനക്കാരനു തീരുമാനിക്കേണ്ടിവരുന്നു. തമാശയ്ക്കായി ബ്ലോഗ് പോസ്റ്റുകള്‍ എഴുതുന്നവരും, കാര്യമാത്രപ്രസക്തമായി മാത്രം എഴുതുന്നവരും ഉണ്ട്. അതുപോലെ, വെറുതേ ഒരു നേരം പോക്കിനായി ചെറിയ ബ്ലോഗ് പോസ്റ്റുകള്‍ ഓടിച്ചുവായിച്ചുപോകുന്നവരും, അതല്ലാതെ കാര്യമായിത്തന്നെ ബ്ലോഗുകള്‍ വായിക്കുകയും, പ്രയോജനപ്രദങ്ങളായ കാര്യങ്ങള്‍ കമന്റിലൂടെ പറയുന്നവരും ഉണ്ട്. പലപ്പോഴും പോസ്റ്റുകളേക്കാള്‍ നല്ല കമന്റുകളും ഉണ്ടാവാറുണ്ട്. അങ്ങനെവരുമ്പോള്‍ അവരവര്‍ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകളുടെ ഗുണനിലവാരം അവരവര്‍തന്നെ തീരുമാനിക്കേണ്ടിവരുന്നു. ഇന്ന ബ്ലോഗര്‍ എഴുതുന്ന ഒരു പോസ്റ്റില്‍ മിനിമം ഇന്ന കാര്യങ്ങള്‍ പ്രതീക്ഷിക്കാം എന്നൊരു ബോദ്ധ്യം ഒരു വായനക്കാരന് ഉണ്ടാക്കിയെടുക്കുന്നതിലാണ് ബ്ലോഗ് പോസ്റ്റുകള്‍ ചെയ്യുന്നവരുടെ കഴിവ് (ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്). അതായത് ‘എന്തെങ്കിലും എഴുതി പോസ്റ്റ് ചെയ്യുക’ എന്ന രീതിയില്‍ പോസ്റ്റുകള്‍ എഴുതാതെയിരിക്കുക - കാര്യമാത്രപ്രസക്തമായി എഴുതുവാൻ ഉള്ളപ്പോൾ മാത്രം പോസ്റ്റുകൾ പ്രസിദ്ധീകരിക്കുക. അങ്ങനെവരുമ്പോള്‍ സ്വാഭാവികമായും വായനക്കാരെ പ്രതീക്ഷിക്കാം.


9. അങ്ങനെയാണെങ്കില്‍, ഒരു ബ്ലോഗില്‍ കമന്റുകള്‍ അധികം ഇല്ല എന്നു വയ്ക്കുക. അതിനര്‍ത്ഥം അവിടെ വായനക്കാര്‍ ഇല്ലെന്നാണോ?
അങ്ങനെ പറയാന്‍ പറ്റില്ല. ഒരു ബ്ലോഗ് പോസ്റ്റിന്റെ ഗുണനിലവാരം തീരുമാനിക്കുന്നത് കമന്റുകളുടെ എണ്ണമല്ല, അത് പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് ഉടമതന്നെയാണ്. കമന്റുകള്‍ ഇല്ലാതാവുന്നതിനു കാരണങ്ങള്‍ പലതുണ്ട്. ഗഹനമായ വിഷയമാണെങ്കില്‍ ചിലപ്പോള്‍ വായനക്കാരന് കമന്റായി എന്തെഴുതണം എന്നറിയാന്‍ പാടില്ലായിരിക്കാം. അല്ലെങ്കില്‍ കമന്റിടാന്‍ തക്കവിധമുള്ള കാര്യങ്ങള്‍ അതില്‍ ഇല്ലായിരിക്കാം. പൊതുവേ നോക്കിയാല്‍ “ഗംഭീരം, കിടിലന്‍....” തുടങ്ങിയ ഒറ്റവാക്കു കമന്റുകള്‍ക്കൊന്നും പിന്നില്‍ പ്രത്യേക അര്‍ത്ഥമൊന്നും ഇല്ല എന്നു കാണാം. കമന്റിനായി എഴുതാതിരിക്കുക, അതുതന്നെയാണ് നല്ലവഴി. വെബ്‌പേജുകള്‍ എത്രപേര്‍ സന്ദര്‍ശിച്ചു എന്നറിയാനുള്ള എളുപ്പവഴി “ഹിറ്റ് കൌണ്ടറുകള്‍” അവയില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. ഫ്രീയായി അനേകം ഹിറ്റ് കൌണ്ടറൂകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അവ നിങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയാല്‍ എത്രപേര്‍ അതുവഴിവന്നുപോയി എന്നു മനസ്സിലാക്കാം.


10. ബ്ലോഗും പോസ്റ്റും തമ്മിലുള്ള വ്യത്യാസമെന്ത്? ഓരോ പ്രാവശ്യം നമ്മള്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കുമ്പോഴും പുതിയ ബ്ലോഗ് തുടങ്ങണമോ? പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരാനുണ്ടോ?

ബ്ലോഗിനെ ഒരു പുസ്തകം അല്ലെങ്കില്‍ മാസിക പോലെ സങ്കല്‍പ്പിക്കൂ. എങ്കില്‍, അതിനുള്ളിലെ ഓരോ അദ്ധ്യായങ്ങളാണ് ഓരോ പോസ്റ്റും. അതായാത്, ഈ പുസ്തകത്തില്‍ നമുക്ക് ഇഷ്ടാനുസരണം പുതിയ പുതിയ അദ്ധ്യായങ്ങള്‍ (പോസ്റ്റുകള്‍) ചേര്‍ത്തുകൊണ്ടേയിരിക്കാം. അതിനായി പുതിയ ബ്ലോഗുകള്‍ തുടങ്ങേണ്ടതില്ല.

ഒരു ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്ന ഒരു അദ്ധ്യായത്തെയാണ് പോസ്റ്റ് എന്നു വിളീക്കുന്നത് എന്നു പറഞ്ഞല്ലോ. ഉദാഹരണത്തിന് ഇന്നു നിങ്ങള്‍ ഒരു ഓര്‍മ്മക്കുറിപ്പെഴുതി പബ്ലിഷ് ചെയ്തു എന്നുവയ്ക്കുക. അതൊരു പോസ്റ്റാണ്. ഇനി നാളെ നിങ്ങള്‍ക്ക് മറ്റൊരു കഥ പബ്ലിഷ് ചെയ്യണം എന്നിരിക്കട്ടെ. അത് പുതിയൊരു പോസ്റ്റാണ്. പോസ്റ്റുകള്‍തമ്മില്‍ എത്ര കാലത്തെ അകലം വേണം എന്നത് പ്രസാധകന്റെ ഇഷ്ടം. ഒരു ദിവസം തന്നെ ഒന്നിലധികം പോസ്റ്റും ആവാം. പുതിയ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യുമ്പോള്‍ പഴവയ “ആര്‍ക്കൈവ്സ്” ലേക്ക് പോകുന്നു. അവ അവിടെ എത്രകാലം വേണമെങ്കിലും സൂക്ഷിക്കപ്പെടും. ഓരോന്നും എപ്പോള്‍ വേണമെങ്കിലു എടുത്തുവായിക്കാനുള്ള സൌകര്യവും ബ്ലോഗില്‍ ഉണ്ട്.

11. ഒരാള്‍ക്ക് ഒന്നില്‍കൂടുതല്‍ ബ്ലോഗുകള്‍ ആകാമോ?

ആകാം. പൊതുവേ പറഞ്ഞാല്‍ വ്യത്യസ്തവിഷയങ്ങള്‍ നിങ്ങള്‍ പോസ്റ്റുകളില്‍ക്കൂടി കൈകാര്യചെയ്യുന്നുണ്ടെങ്കില്‍ ഓരോ വിഷയത്തിനും അനുസൃതമായി ഓരോ ബ്ലോഗുകകള്‍ ആവാം. കഥയെഴുതാന്‍ ഒരെണ്ണം, കവിതയ്ക്ക് വേറൊന്ന്, രാഷ്ട്രീയം പറയണമെങ്കില്‍ വേറൊന്ന് ഇങ്ങനെ. ഇനി അതല്ല, ഒരേ ബ്ലോഗില്‍ത്തന്നെ വ്യത്യസ്ത വിഷയങ്ങള്‍ പറയുന്നതിനും വിരോധമില്ല. സൈഡ് ബാറിൽ വിഷയം തിരിച്ച് ലിങ്കുകൾ കൊടുത്താൽ മതിയാവും.


12. ബ്ലോഗില്‍ എഴുതുന്നതിന് യഥാര്‍ത്ഥപേരല്ലാതെ തൂലികാനാമങ്ങള്‍ വേണം എന്നുണ്ടോ? ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ?

ബ്ലോഗില്‍ എന്തു പേര്‍ സ്വീകരിക്കണം എന്നത് അവരവരുടെ ഇഷ്ടമാണ്. സ്വന്തം പേരിലോ, തൂലികാ നാമത്തിലോ എഴുതാം. തൂലികാനാമം, സ്വന്തം ഐഡന്റിറ്റി മറച്ചുവയ്ക്കുവാന്‍ ഒരു പരിധിവരെ സഹായിക്കുന്നു. ഒരു പരിധിവരെ എന്നുപറയുവാന്‍ കാരണം, ബ്ലോഗുകളില്‍ എഴുതുന്നവര്‍ തമ്മില്‍ പരസ്പരം പരിചയം ക്രമേണ ഉണ്ടായിവരും. മനുഷ്യസഹജമാണല്ലോ ഇങ്ങനെ പരിചയപ്പെടാനുള്ള ആഗ്രഹം. എന്നാല്‍ ഇങ്ങനെ പരിചയപ്പെടാന്‍ ആഗ്രഹിക്കാത്ത ബ്ലോഗര്‍മാരും ഉണ്ട്. അവര്‍ എക്കാലത്തും അവരുടെ തൂലികാനാമത്തില്‍തന്നെ തുടരും.

നമ്മള്‍ സ്വന്തം പേരില്‍ പറയുവാന്‍ ഒരുപക്ഷേ ആഗ്രഹിക്കാത്ത കാര്യങ്ങളും, തുറന്നു പറയുവാനുള്ള സ്വാന്തന്ത്ര്യം ഒരു തൂലികാനാമം തരുന്നുണ്ട്. വ്യക്തിപരമായ കാരണങ്ങളാലോ, പ്രത്യേക സാഹചര്യങ്ങളിലോ, ഭീഷണികള്‍ ഭയന്നോ ഒക്കെ ഒരാള്‍ക്ക് സ്വന്തം പേരില്‍ പറയാന്‍ ആഗ്രഹിക്കാത്ത പല കാര്യങ്ങളും ഒരു തൂലികാ നാമത്തിന്റെ പിന്‍‌ബലത്തില്‍ പറയുവാനാവും. അതായത് തൂലികാ നാമം കൂടുതല്‍ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ തരുന്നു. പക്ഷേ ഇത് സൈബർ കുറ്റങ്ങൾ ചെയ്യുവാനുള്ള ഒരു മറയല്ല എന്നോർക്കുക. നിയമപരമായ നടപടികള്‍ നിങ്ങള്‍ക്കെതിരേ ഉണ്ടായാല്‍ നിങ്ങള്‍ ആരെന്നും ഏതുകമ്പ്യൂട്ടറില്‍നിന്നാണ് ബ്ലോഗ് എഴുതിയതെന്നും ഒക്കെ വളരെ എളുപ്പം നിയമപാലകര്‍ക്ക് കണ്ടെത്താവുന്നതേയുള്ളൂ എന്നും മനസ്സിലാക്കുക.

എന്നാല്‍, കൊട്ടാരക്കര പൂത്തേരില്‍ വീട്ടില്‍ രാജേഷ് കുമാര്‍ (ഉദാഹരണം ആണേ) എന്ന സ്വന്തം നാമധേയത്തിലാണ് ഒരാള്‍ എഴുതുന്നതെങ്കില്‍, ബ്ലോഗില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ ആധികാരികതയും ഉത്തരവാദിത്തവും കൈവരുന്നു. ഇദ്ദേഹം അതിനു പകരം “പോത്തന്‍സ്” എന്നൊരു തൂലികാനാമത്തിലാണ് എഴുതുന്നതെന്നിരിക്കട്ടെ. കുഴപ്പമൊന്നുമില്ല. പതിയെപ്പതിയെ പുറത്തുവരുന്ന ബ്ലോഗുകളുടെ നിലവാരവും, അദ്ദേഹം ബ്ലോഗില്‍ എത്ര ആക്ടീവാണ് (വായനയ്ക്കും, പോസ്റ്റുകള്‍ ഇടുന്നതിലും) എന്നതനുസരിച്ച് അദ്ദേഹത്തിന് ബൂലോകത്ത് ആ പേര് വീണുകിട്ടുകയും ചെയ്യും. പക്ഷേ നാളെ അമേരിക്കയില്‍നിന്ന് ഒരാള്‍ വന്ന് “പോത്തന്‍സ്” എന്ന പേരില്‍ ബ്ലോഗിംഗ് തുടങ്ങിയാല്‍ എന്തുചെയ്യാനൊക്കും? പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, വേണമെങ്കില്‍ ഒന്നു റിക്വസ്റ്റ് ചെയ്തുനോക്കാം, ഇതെന്റെ ബ്ലോഗ് പേരാണ്, താങ്കള്‍ ഒന്നു മാറ്റാമോ എന്ന്. സ്വീകരിക്കപ്പെട്ടാല്‍ ഒത്തു! അത്രതന്നെ.

വളരെ വിചിത്രവും എന്നാല്‍ ഓര്‍ത്തിരിക്കാന്‍ എളുപ്പവുമായ തൂലികാനാമങ്ങളും പലര്‍ക്കും ഉണ്ട്. പക്ഷേ തുലികാ നാമങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഒന്നോർക്കുക, രജിസ്ട്രേഷന്റെ സമയത്ത് നാം തനിച്ചിരുന്നാവും രജിസ്ട്രേഷൻ ചെയ്യുന്നത്. അപ്പോൾ (ഉദാഹരണത്തിനു) “നട്ടപ്പിരാന്തൻ” എന്നൊരു തൂലികാ നാമം എഴുതിവയ്ക്കുന്നു എന്നുകരുതുക. കുറേ നാൾ കഴിഞ്ഞ് ബ്ലോഗ് വഴി പലരെ പരിചയപ്പെട്ടുകഴിയുമ്പോൾ എപ്പോഴെങ്കിലും പരസ്പരം കാണേണ്ട സാഹചര്യം ഉണ്ടായേക്കാം. പലപ്പോഴും ബ്ലോഗ് എന്തെന്നുപോലും അറിയാൻ വയ്യാത്ത ആളുകളോടൊപ്പം. അപ്പോൾ തൂലികാനാമത്തിൽ വരുന്ന സംബോധനകൾ എങ്ങനെയിരിക്കും? ഒരു ബസ്റ്റാന്റിൽ നിന്നുകൊണ്ട് മൊബൈൽഫോണിൽകൂടി “ഹലോ അപ്പൂ, ഞാൻ നട്ടപ്പിരാന്തനാ” എന്നു അദ്ദേഹത്തിനു പറയേണ്ടിവന്നാൽ ചുറ്റുപാടും നിൽക്കുന്ന പൊതുജനം എന്തുധരിക്കും! മറ്റുചില തൂലികാ നാമങ്ങളെ ഇതേ സാഹചര്യത്തിൽ സങ്കൽ‌പ്പിച്ചു നോക്കൂ (ഉദാ. അഹങ്കാരി, തെമ്മാടി, ഗുണ്ടാ) അതുകൊണ്ട് തൂലികാ നാമങ്ങൾ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കുക !


13. അനോനിമസ് എന്നൊരു ഓപ്‌ഷന്‍ കമന്റുകളിലും, അനോനി എന്നൊരു പ്രയോഗം ബൂലോകത്തിലും കാണാറുണ്ടല്ലോ - എന്തിനാണ് ഇത്തരത്തില്‍ ഒരു ഓപ്‌ഷന്‍?

കമന്റെഴുതുവാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു ഓപ്ഷന്‍ ഉള്ളത്. കമന്റ് ആരെഴുതി എന്നത് അജ്ഞാതമായിരിക്കും. തന്റെ ബ്ലോഗില്‍ അനോനിമസ് ആയി കമന്റുകള്‍ അനുവദിക്കണമോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഇതിനുള്ള സെറ്റിംഗ്സ് ബ്ലോഗറില്‍ ഉണ്ട്. ഇതിന്റെ ഉദ്ദേശം എന്താണെന്നുവച്ചാല്‍, ആരുടെയും മുഖം നോക്കാതെ (പ്രത്യേകിച്ച് എഴുതിയ ആളുടെ) സത്യസന്ധമായി പോസ്റ്റിനെപ്പറ്റിയുള്ള അഭിപ്രായം തുറന്നുപറയുക എന്നതാണ്. പക്ഷേ ദൌര്‍ഭാഗ്യവശാല്‍ ചിലരൊക്കെ ഈ ഓപ്ഷന്‍ ദുരുപയോഗം ചെയ്ത്, ചില പോസ്റ്റുകളേയും അതെഴുതിയവരേയും വാക്കുകളാല്‍ ആക്രമിക്കാനുള്ള ഒരു മറയായി ഉപയോഗിച്ചുകാണുന്നു. തൂലികാനാമങ്ങളും ഒരു വിധത്തില്‍ നോക്കിയാല്‍ അനോനിമസ് പേരുകള്‍ തന്നെയാണ്, ആ നാമത്തിന്റെ പിന്നിലുള്ള വ്യക്തിയെ നമുക്ക് നേരില്‍ അറിയാത്തിടത്തോളം കാലം.


No comments:

Post a Comment