Showing posts with label ബേപ്പൂര്‍ സുല്‍ത്താന്‍. Show all posts
Showing posts with label ബേപ്പൂര്‍ സുല്‍ത്താന്‍. Show all posts

Thursday, 4 July 2013

അതെ മഹാനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ജന്മദിനം’


‘മണി ഏഴ് : ഞാന്‍ ചാരു കസേരയില്‍ കിടന്നു കൊണ്ട് ഓര്‍ത്തു : ഈ ദിനമെങ്കിലും കളങ്കമില്ലാതെ സൂക്ഷിക്കണം . ആരോടും ഒന്നും കടം വാങ്ങാന്‍ പാടില്ല . ഒരു കുഴപ്പവും ഇന്നുണ്ടാവരുത് . ഈ ദിവസം മംഗളകരമായിതന്നെ പര്യവസാനിക്കണം.
……. ഇന്നെനിക്കു എത്ര വയസ്സ് കാണും ?കഴിഞ്ഞ കൊല്ലത്തെക്കാള്‍ ഒന്ന് കൂടീട്ടുണ്ട് . കഴിഞ്ഞ കൊല്ലത്തില്‍ ? … ഇരുപത്തിയാറു . അല്ല. മുപ്പത്തിരണ്ട് ; അതോ നാല്പത്തിയെഴോ ? ……. ‘

മഹാനായ ഒരു എഴുത്തുകാരന്‍ തന്റെ ഒരു ജന്മദിനത്ത്‌തെ കുറിച്ച് എഴുതിയ കഥയിലെ ചില കുറി പ്പുകലാണിത് . അതെ മഹാനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ജന്മദിനം’ എന്നാ കഥയില്‍ നിന്നാണിത്.

ജന്മദിനത്തില്‍ എല്ലാം നല്ലതായി തീരണമേ എന്ന് പ്രാര്‍ഥിച്ചു ഒടുവില്‍ സംഭവിച്ചതോ? ദിവസം മുഴുവന്‍ പട്ടിണി കിടന്ന് … കയ്യിലുള്ള എട്ടണ സംഭാവനയും കൊടുത്തു വിശന്നിരുന്നു. ഒരു കൂട്ടുകാരന്‍ ഉച്ചക്ക് ഊണിനു ക്ഷണിച്ചുരുന്നു , ഉച്ചയാകുമ്പോള്‍ കൂട്ടാന്‍ വരാം എന്നും പറഞ്ഞു. ഉച്ച കഴിഞ്ഞിട്ടും കൂട്ടുകാരനെ കണ്ടില്ല. ഒടുവില്‍ വൈകുന്നേരം വന്നു പറഞ്ഞു. ക്ഷമിക്കണം … ബഷീര്‍ … ഇന്ന് എനിക്ക് കുറച്ചു വിരുന്നു കാരുണ്ടായിരുന്നു …. നമുക്ക് ഊണ് വേറൊരു ദിവസം ആക്കാം ….

സമയം രാത്രിയായി…. ബഷീറിനു വിശപ്പ് സഹിക്കാന്‍ പറ്റിയില്ല…. ഒടുവില്‍ അയല്‍ വക്കത്തു താമസിക്കുന്ന കോളേജ് പിള്ളേരുടെ റൂമില്‍ കയറി ഭക്ഷണം കട്ടു (മോഷ്ടിച്ച് ) തിന്നേണ്ടി വന്നു…

ജൂലൈ 5, അദ്ദേഹത്തിന്റെ ചരമ വാര്‍ഷികം ആയിരുന്നു. തന്റെ ജീവിതാനുഭവങ്ങള്‍ പച്ചയായി നമ്മുടെ മുന്‍പില്‍ ബഷീര്‍ വരച്ചു കാണിച്ചു. തന്റെ യാത്രാനുഭവങ്ങള്‍ കഥയ്ക്കുവേണ്ടി ഇത്രമാത്രം ഉപയോഗിച്ച വേറൊരു കഥാകൃത്ത് നമുക്കില്ല.

1908 ജനുവരി 21 നു ആയിരുന്നു അദ്ദേഹത്തിന്റെ ജനനം . 1982 ഇല്‍ ഇന്ത്യ ഗവര്‍മെന്റ് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളായിരുന്നു ബഷീര്‍ .

സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടി.. പിന്നീട് തന്റെ രചനയില്‍ …. ‘ഗാന്ധിയെ തൊട്ടേ….’ എന്ന് അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്..

കുറെ വര്ഷം ബഷീര്‍ ഇന്ത്യയോട്ടാകെ അലഞ്ഞു തിരിഞ്ഞു.. ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല.. ഉത്തരേന്ദ്യയില്‍ ഹിന്ദു സന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു.. പല ജോലികളും ചെയ്തു.. അറബി നാടുകളിലും ആഫ്രിക്ക യിലുമായി യാത്ര തുടര്‍ന്നു .. പല ഭാഷകളും ഗ്രഹിച്ചു. മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും , ദാരിദ്ര്യവും , ദുരയും നേരിട്ട് കണ്ടു . ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം..

സാമാന്യം മലയാള ഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും . ബഷീറിന്റെ മിക്ക കഥാപാത്രങ്ങളും നമ്മുടെ മുന്‍പില്‍ ജീവിച്ചു. ബഷീറിന്റെ കഥാപാത്രങ്ങള്‍ പലതും അദ്ദേഹത്തിന്റെ വിപ്ലവ ചിന്തകളുടെ പ്രതിഫലനങ്ങള്‍ ആയിരുന്നു.

എട്ടു കാലി മമ്മൂഞ്ഞ് എന്ന അദ്ദേഹത്തിന്റെ കഥാ പാത്രം നാട്ടിലുള്ള എല്ലാ ഗര്‍ഭങ്ങ ലുടെയും ഉത്തരവാദിത്വം ഏറ്റെടുക്കു മായിരുന്നു . ഒരു തനി മലയാളിയെയാണ് ഈ കഥാ പാത്രത്തിലൂടെ അദ്ദേഹം വരച്ചു കാണിച്ചത്.

സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ബഷീര്‍തന്റെ രചനയിലൂടെ പോരാടി. രാഷ്ട്രീയവും , സാഹിത്യവുമായി ബഷീര്‍ ജീവിച്ചു. ലളിതമായ ജീവിത ചര്യയിലൂടെ ലോകത്തിനു വഴി കാട്ടിയായി.
‘ബേപ്പൂര്‍ സുല്‍ത്താന്‍ ‘ എന്ന അപര നാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു.

പ്രേമലേഖനം , ബാല്യകാല സഖി (പിന്നീട് സിനിമ ആയി), ന്റുപ്പാപ്പക്കൊരനെടാര്‍ന്നു , ആന വാരിയും പൊന്‍കുരിശും , പാത്തുമ്മയുടെ ആട് , മതിലുകള്‍ (പിന്നീട് സിനിമ ആയി) , ഭൂമിയുടെ അവകാശികള്‍ , ശബ്ദങ്ങള്‍ , സ്ഥലത്തെ പ്രധാന ദിവ്യന്‍ , വിശ്വ വിഖ്യാദമായ മൂക്ക് , നീല വെളിച്ചം (ഭാര്‍ഗവീ നിലയം എന്ന പേരില്‍ സിനിമ ആയി) , ജന്മദിനം , വിഡ്ഢികളുടെ സ്വര്‍ഗം , മുചീട്ടുകാരന്റെ മകന്‍ , പാവ പ്പെട്ടവരുടെ വേശ്യ അങ്ങനെ ബഷീറിന്റെ രചനകളുടെ പട്ടിക നീളുന്നു.

ഫാബി ബഷീര്‍ ആണ് ഭാര്യ . അനീസ് , ഷാഹിന എന്നിങ്ങനെ രണ്ടു മക്കളുണ്ട്.. 1994 ജൂലൈ 5 നു ബഷീര്‍ അന്തരിച്ചു .

Tuesday, 22 January 2013

ബേപ്പൂര്‍ സുല്‍ത്താന്‍

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21ന് തിരുവിതാംകൂറിലെ തലയോലപ്പറമ്പ് (കോട്ടയം) ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും. ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി. കാല്‍നടയായി എറണാകുളത്തു ചെന്ന് കളളവണ്ടി കയറി കോഴിക്കോട്ടെത്തി. ഇന്ത്യ ന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കുകൊണ്ടു. മര്‍ദ്ദനത്തിരയാവുകയും ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയില്‍ മദിരാശി, കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവന്തപുരം ജില്ലകളില്‍ തടവില്‍ കിടന്നു. ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് – മോഡല്‍ തീവ്രവാദ സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുകയും സംഘടനയുടെ മുഖപത്രമായി “ഉജ്ജീവനം’ എന്നൊരു വാരിക നടത്തുകയും ചെയ്തു. പിന്നീട് വാരിക കണ്ടു കെട്ടി. പത്തുവര്‍ഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. അറേബ്യ, ആഫ്രിക്ക തീരങ്ങളിലും സഞ്ചരിച്ചു. അഞ്ചാറു വര്‍ഷം സന്യസിച്ചു. ഹിന്ദു സന്യാസിമാരുടെയും സൂഫികളായ മുസ്ളീം സന്യാസിമാരുടെയും കൂടെ. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍‍. ബഷീറിന്റെ ഓരോ കൃതിയും മലയാളിയുടെ ഭാവുകത്വത്തെയാണ്‌ പുതിയ തീരങ്ങളിലേക്ക് കൊണ്ടു പോയത്. നാം കേട്ടു പരിചയിച്ച ശബ്ദങ്ങളെ ബഷീര്‍ എടുത്തു മാറ്റി, പുതിയ ശബ്ദവും പുതിയ കാലചരിത്ര രേഖകളും സാഹിത്യലോകത്തേക്ക് കൊണ്ടു വന്നു. ബഷീറിനെപ്പോലെ തികച്ചും ‘യൂണിവേര്‍സല്‍’ ആയ ആശയങ്ങള്‍ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മറ്റൊരു എഴുത്തുകാരന്‍ ഇല്ല. സാമന്യ മലയാള ഭാഷ ജ്ഞാനമുളള ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. മലയാള സാഹിത്യം ബഷീറില്‍ നിന്നും വായിച്ചു തുടങ്ങിയാല്‍ ആരും അതിനെ പ്രണയിക്കുമെന്നാണു പരക്കെയുള്ള വിശ്വാസം. ബാല്യകാല സഖി, പ്രേമലേഖനം, ന്റുപ്പാപ്പക്കൊരാനയുണ്ടാര്‍ന്നു, പാത്തുമ്മായുടെ ആട്‌, മതിലുകള്‍ തുടങ്ങി അനശ്വരങ്ങളായ ഒട്ടേറെ നോവലുകള്‍ ബഷീര്‍ മലയാളത്തിനു നല്‍കി. ബാല്യകാല സഖി,ന്റുപ്പാപ്പക്കൊരാനയുണ്ടാര്‍ന്നു, പാത്തുമ്മായുടെ ആട്‌ എന്നീനോവലുകള്‍ സ്കോട്‌ ലന്‍ഡിലെ ഏഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ പഠനഗ്രന്ഥങ്ങളാണ്‌. ഡോ. റൊണാള്‍ഡ്‌ ആഷര്‍ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത്‌ ത്‌. 1994 ജൂലൈ 5-ന് അന്തരിച്ചു. ഭാര്യ ഫാബി ബഷീര്‍. മക്കള്‍ : ഷാഹിന, അനിസ്. പുരസ്‌കാരങ്ങള്‍: ഇന്ത്യാ ഗവണ്‍മന്റിന്റെ പത്മശ്രീ (1982), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ‘ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്’ ബിരുദം (1987), സംസ്‌കാരദീപം അവാര്‍ഡ് (1987), പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം(1993). നോവല്‍ : ബാല്യകാല സഖി ( 1944), പാത്തുമ്മയുടെ ആട് ( 1959), ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് (1951), മാന്ത്രികപ്പൂച്ച (1968), താരാസ്പെഷ്യല്‍സ് (1968), പ്രേമ ലേഖനം(1943) ജീവിതനിഴല്‍പ്പാടുകള്‍( 1954) ആനവാരിയും പൊന്‍കുരിശും (1953) സ്ഥലത്തെ പ്രധാന ദിവ്യന്‍( 1951) മുച്ചീട്ടുകളിക്കാരന്‍റെ മകള്‍ (1951) മരണത്തിന്‍റെ നിഴലില്‍ (1951) ശബ്ദങ്ങള്‍ (1947) മതിലുകള്‍(1965). കഥകള്‍ : ആനപ്പൂട (1975) ജന്മദിനം ( 1945) വിശപ്പ് ( 1954) വിശ്വവിഖ്യാതമായ മൂക്ക് ( 1954) ഓര്‍മ്മക്കുറിപ്പ് ( 1946) പാവപ്പെട്ടവരുടെ വേശ്യ( 1952) ഒരു ഭഗവദ് ഗീതയും കുറെ മുലകളും ( 1967) ഭൂമിയുടെ അവകാശികള്‍ (1977) ചിരിക്കുന്ന മരപ്പാവ(1975) വിഡ്ഢികളുടെ സ്വര്‍ഗം (1948) യാ ഇലാഹി പ്രേം പാറ്റ (മരണാനന്തരം 2000). ലേഖനങ്ങള്‍ : അനര്‍ഘ നിമിഷം ( 1946) സ്മരണകള്‍ എം. പി. പോള്‍ (1991) ഓര്‍മ്മയുടെ അറകള്‍(1973) ഡി. സി. യും ഒരു ഉണ്ടക്രിസ്ത്യാനിയും, അനുരാഗത്തിന്‍റെ ദിനങ്ങള്‍ (1983). പലവക : ശിങ്കിടിമുങ്കന്‍(1991) നേരും നുണയും (1969) ചേവിയോര്‍ക്കുക അന്തിമകാഹളം (1992) ഭാര്‍ഗ്ഗവീ നിലയം ( തിരക്കഥ, 1985) കഥാബീജം (നാടകം 1945).