Showing posts with label ലോകജനസംഖ്യാദിനം. Show all posts
Showing posts with label ലോകജനസംഖ്യാദിനം. Show all posts

Thursday, 12 July 2012

ജൂലൈ 11; ലോക ജനസംഖ്യാ ദിനം

ഇന്ന് ലോക ജനസംഖ്യാ ദിനം
മുംബൈയിലെ ചര്‍ച്ച് ഗേററ് റെയില്‍വേ സ്റേറഷന്‍ പ്ലാറ്റ്ഫോമിലെ ജനത്തിരക്ക്

ന്യൂദല്‍ഹി: എല്ലാവര്‍ക്കും പ്രജനനാരോഗ്യം എന്ന പ്രമേയവുമായി ലോക ജനസംഖ്യാ ദിനം ഇന്ന് ആചരിക്കുന്നു. എല്ലാ വര്‍ഷവും ജൂലൈ 11 ജനസംഖ്യാ ദിനമായി ആചരിക്കണമെന്ന് 1989ലാണ് ഐക്യരാഷ്ട്ര സഭാ വികസന പദ്ധതി (യു.എന്‍.ഡി.പി) ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചത്. ജനസംഖ്യാപ്രശ്നങ്ങള്‍, കുടുംബാസൂത്രണത്തിന്റെ പ്രധാന്യം, മാതൃ ആരോഗ്യം, ലിംഗ സമത്വം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനാണ് ജനസംഖ്യാ ദിനാചരണം. ജൂലൈ ഒമ്പതിന് ലോക ജനസംഖ്യ 7,025,071,966 ആണെന്നാണ് കണക്ക്.
ഓരോ ഗര്‍ഭവും സന്തോഷത്തോടെ സ്വീകരിക്കുന്ന, ഓരോ ശിശുജനനവും സുരക്ഷിതമാകുന്ന ഒരു ലോകമാണ് ഐക്യരാഷ്ട്ര സഭാ ജനസംഖ്യാ നിധി (യു.എന്‍.എഫ്.പി.എ) വിഭാവനം ചെയ്യുന്നത്. 2015ഓടെ എല്ലാവര്‍ക്കും മതിയായ പ്രസവ പരിചരണം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ആഗോള തലത്തില്‍ ഓരോ ദിവസവും പ്രസവത്തിനിടെ 800ഓളം സ്ത്രീകള്‍ മരിക്കുന്നുവെന്നാണ് യു.എന്‍.എഫ്.പി.എയുടെ കണക്ക്. ഗര്‍ഭകാലത്ത് വേണ്ടത്ര പരിചരണവും ചികിത്സാ സൗകര്യവും ലഭിക്കാത്തതാണ് ഇതിന് കാരണം. ഫലപ്രദമായ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ഇല്ലാത്തതും പ്രസവത്തെത്തുടര്‍ന്നുള്ള മരണ നിരക്ക് കൂട്ടുന്നു. ഗര്‍ഭം ഒഴിവാക്കാനോ വൈകിപ്പിക്കാനോ താല്‍പര്യമുള്ള 22.2 കോടി സ്ത്രീകള്‍ക്ക് ഫലപ്രദമായ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ലഭ്യമാകുന്നില്ല. 180 കോടി യുവജനങ്ങള്‍, മതിയായ ബോധ്യമോ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയോ ഇല്ലാതെയാണ് പുനരുല്‍പാദന പ്രായത്തിലേക്ക് കടക്കുന്നത്.
ജനസംഖ്യാ ദിനത്തില്‍ രാജ്യമെങ്ങും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.