Showing posts with label ല്‍ ന്‍ ര്‍ ള്‍. Show all posts
Showing posts with label ല്‍ ന്‍ ര്‍ ള്‍. Show all posts

Sunday, 21 April 2013

തൃശൂര്‍ പൂരം പൂരങ്ങളുടെ പൂരം



തൃശൂര്‍ പൂരം പൂരങ്ങളുടെ പൂരം എന്ന് അറിയപ്പെടുന്ന പ്രശസ്തമായ പൂരം ആണ്
കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് ഏകദേശം
200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട് . സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം
തൃശ്ശിവപേരൂരിലെ കേരളത്തിലെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവമായി തുടരുന്നു. പൂരം നക്ഷത്രത്തിലാണ്
തൃശൂര്‍ പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം
വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത് .

ഗജവീരന്മാരെ അണിനിരത്തിയുള്ള പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളുടെ പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം,
പുലരുന്നതിനു മുന്നുള്ള വെടിക്കട്ട് എന്നിവ ചേര്‍ന്ന് ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുന്നു. തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള എഴുന്നുള്ളത്ത്(മഠത്തില്‍ വരവ് )
മഠത്തിലെ ചമയങ്ങള്‍ ,അണിഞ്ഞുകൊണ്ടുള്ള എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവിലമ്മയുടെ പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം,
ഇരുവരുടേയും കൂടിക്കാഴ്ച, കുടമാറ്റം, വെടിക്കെട്ട്, എന്നിവയാണ് പ്രധാന ചടങ്ങുകള്‍ .

പൂരത്തിനോടനുബന്ധിച്ച് കോടികളുടെ വ്യാപാരം നടക്കുന്ന പൂരപ്രദർശനവും ഉണ്ടാവാറുണ്ട്.

ചരിത്രം

ശക്തന്‍ തമ്പുരാന്‍റെ കാലത്ത് ദക്ഷിണ കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.അന്ന് പൂരങ്ങളുടെ പൂരമായി
കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിൽ നിന്നും ദേവകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്‍മാരും
ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നായിരുന്നു വിശ്വാസം.ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും
പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്,
കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങൾക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ
പൂരങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ
തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ 1797 മേയിൽ( 977 മേടം) സാംസ്കാരികകേരളത്തിന്റെ
തിലകക്കുറിയായി മാറിയ തൃശൂര്‍ പൂരം ആരംഭിച്ചു. അങ്ങനെ ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്നതിൽ നിന്നു് വിലക്ക് നേരിട്ട
തൃശിവപേരൂര്‍ ദേശക്കാർക്ക് വേണ്ടി ശക്തന്‍ തമ്പുരാന്‍ തുടങ്ങിയ പൂരമാണ്‌ പിന്നീട്‌ കാലത്തെ അതിശയിപ്പിക്കുന്ന പൂരമായി മാറിയത്‌.
പൂരത്തിലെ പ്രധാ‍ന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമ്മേക്കാവും തിരുവമ്പാടിയുമാണ്.

ഉത്സവം

തൃശ്ശിവപേരൂരിലെ മൂന്നു് പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നായ വടക്കുംന്നാഥ ക്ഷേത്രാങ്കണത്തില്‍ വെച്ചാണ്‌
പൂരം അരങ്ങേറുന്നത്. പൂരത്തിലെ പ്രധാനികളായ പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗക്കാരുടെ പരസ്പരമുള്ള
മത്സരത്തിനു വടക്കുംനാഥന്‍ സാക്ഷിയെന്നു് വിശ്വാസം. പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും അവർക്കാണ്.

ഒരുക്കങ്ങള്‍
മേടമാസത്തില്‍ മിക്കവാറും മകം നാളിലായിരിക്കും പൂരം. പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറുന്നു.
തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തില്‍ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു.ക്ഷേത്രം അടിയന്തരക്കാരായ
ആശാരിമാര്‍ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം.ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിന്‍ മാവിലയും ചേർത്തു കെട്ടുന്നു.
ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തില്‍ തട്ടകക്കാര്‍ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു
തയ്യാറാക്കിയിരിക്കുന്ന കുഴിയില്‍ പ്രതിഷ്ഠിക്കുന്നു.

ചടങ്ങുകള്‍

കണിമംഗലം ശാസ്താവിന്റെ പൂരം എഴുന്നള്ളിപ്പോടെയാണ്‌ വടക്കുംനാഥന്‍ കണികണ്ടുണരുന്നത്. കണിമംഗലം
ക്ഷേത്രത്തില്‍ ദേവഗുരുവായ ബ്രുഹസ്പതി യാണ്‌ പ്രതിഷ്ഠ എന്നാണ്‌ വിശ്വാസം. ശ്രീ വടക്കുംനാഥന്റെ
സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നൽകിയിരിക്കന്നു.
ആദ്യപൂരത്തിനുമുണ്ട് പ്രത്യേകത. സാധാരണയായി തുറക്കാത്ത തെക്കേ ഗോപുര വാതിൽ തലേന്നു തുറന്നിടുന്നു.
നെയ്തലക്കാവിലമ്മയ്ക്കാണ് പൂരത്തിനോടനുബന്ധിച്ച് തെക്കേഗോപുര നട തുറക്കനുള്ള അവകാശം.
പൂരത്തലേന്നാണ് തെക്കേ ഗോപുരം തുറന്നു വയ്ക്കുന്നത്. ഗ്രാമപ്രദക്ഷിണത്തോടെ വടക്കെ
പ്രദക്ഷിണവഴിയിലെത്തുന്ന അമ്മ പ്രദക്ഷിണം വച്ചു് നായ്ക്കനാലിലെത്തുമ്പോൾ പൂരത്തിന്റെ
ആദ്യ പാണ്ടി തുടങ്ങും ശ്രീമൂലസ്ഥാനത്ത് എത്തുമ്പോൾ പാണ്ടി നിറുത്തി ത്ര്പുടയാവും.
ത്ര്പുടയോടെ ചുറ്റമ്പലത്തില്‍ കടന്ന അമ്മ വടക്കും നാഥനെ പ്രദക്ഷിണം വച്ച്
തെക്കേഗോപുരത്തിലെത്തുമ്പോൾ ത്രുപുടമാറി ആചാരപ്രകാരമുള്ള കൊമ്പുപറ്റ്, കുഴൽ‌പറ്റ് ആവും.
പിന്നെ നടപാണ്ടിയുമായി അമ്മ തെക്കേ നട തുറന്ന് തെക്കോട്ടിറങ്ങും.
ആനച്ചമയം മറ്റൊരാകർഷണമാണ്‌. ആനയുടെ മസ്തകത്തിൽ കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം
വെഞ്ചാമരം എന്നിവ രണ്ടു വിഭാഗക്കാരും പ്രദർശനത്തിന്‌ വയ്ക്കുന്നു, കൂടെ വർണ്ണക്കുടകളും.
.പൂരത്തലേന്നാള്‍ രാവിലെ ആരംഭിക്കുന്ന പ്രദർശനം രാത്രി വൈകുവോളം നീളുന്നു.
പൂരക്കഞ്ഞി
പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്.
മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ചെത്തുമാങ്ങാഅച്ചാറും പപ്പടവും മട്ട അരിക്ക്ഞ്ഞിയ്യൊടൊപ്പം ഉണ്ടാവും.
ഒരു പാളയിൽ കഞ്ഞിയും മറ്റൊരു പാളയിൽ കറികളും ഉണ്ടാവും. കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും.
ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും