Saturday, 1 September 2012

കൊച്ചി ചരിത്രം - ഭാഗം 1


ഉദ്ഭവം
1341-ല്‍ പെരിയാറില്‍ ഉണ്ടായ പ്രളയം ഭീകരമായിരുന്നു. ആ മഹാപ്രളയത്തില്‍ നിന്നാണ് കൊച്ചി രൂപമെടുത്തത് എന്ന് ഒരു ഐതിഹ്യമുണ്ട്. ഈ പ്രളയത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മുസിരിസ് തുറമുഖം എക്കലടിഞ്ഞ് ഉപയോഗ ശൂന്യമാവുകയും കൊച്ചിയില്‍ ഒരു പ്രകൃതിദത്ത തുറമുഖം ഉണ്ടാവുകയും ചെയ്തു എന്നാണ് ഐതീഹ്യം. എന്നാല്‍ കൊച്ചിയിലെ രാജകുടുംബത്തിന് ഇതിനേക്കാള്‍ ഏറെ പഴക്കമുണ്ട് എന്നും കാണുന്നു.
സ്ഥലനാമ ഐതിഹ്യം
എറണാകുളം ശിവക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം ഇപ്രകാരമാണ്. ഹിമാലയത്തില്‍ തപസ്സനുഷ്ഠിച്ചിരുന്ന കുലുമുനിയുടെ ശിഷ്യന്‍ ഋഷിനാഗന്‍ ശാപം കിട്ടിയതിനാല്‍ നാഗമായി മാറിയെന്നും ശാപമോക്ഷത്തിനായി ബഹുളാരണ്യത്തില്‍ ഒരു നാഗം സൂക്ഷിച്ചിരുന്ന ശിവലിംഗം എടുത്ത് സഹ്യപര്‍വ്വതത്തിന്റെ പടിഞ്ഞാറുഭാഗം വഴി സഞ്ചരിക്കുമ്പോള്‍ യാത്രാമധ്യേ ശിവലിംഗം കടല്‍ തീരത്ത് വച്ചെന്നും, അതവിടെ ഉറച്ചുപോയെന്നുമാണ് കഥ. ഋഷിനാഗകുളം എന്ന പേരിലറിയപ്പെട്ടിരുന്ന ആ സ്ഥലമാണ് എറണാകുളം എന്നായി മാറിയതെന്ന് ഐതിഹ്യം. ‘ഇരങ്ങിയല്‍ ’ എന്ന ഒരു തരം ചേറില്‍ നിന്നാണ് എറണാകുളം എന്ന പേര്‍ ഉണ്ടായതെന്ന് മറ്റൊരു ഐതിഹ്യം. തമിഴില്‍ ശിവന് ‘ഇരൈവന്‍ ’, ‘ഇറയനാര്‍ ’ എന്നിങ്ങനെ വിളിപ്പേരുണ്ട്. ഇരയനാര്‍കുളമാണ് എറണാകുളമായത് എന്ന് മറ്റൊരു ഐതിഹ്യവും നിലനില്‍ക്കുന്നു.
കൊച്ചി രാജ്യം
‘മഹോദയ പുരം’ അതായത് ഇന്നത്തെ കൊടുങ്ങല്ലൂര്‍ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്നവരായിരുന്നു കുലശേഖര ചക്രവര്‍ത്തിമാര്‍ (ഏ.ഡി. 800 മുതല്‍ 1102 വരെ). ഇവരുടെ രണ്ടാം ചേര സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തെ തുടര്‍ന്ന് സ്വതന്ത്രങ്ങളായ പല ചെറു രാജ്യങ്ങളും നിലവില്‍ വന്നു. ഇവയില്‍ പ്രധാനപ്പെട്ടവ വേണാട് (തിരുവിതാംകൂര്‍ ), പെരുമ്പടപ്പ് (കൊച്ചി), കോഴിക്കോട്, കോലത്തുനാട് എന്നിവയായിരുന്നു. പെരുമ്പടപ്പ് സ്വരൂപം രാജവംശത്തിന്റെ ഭരണത്തില്‍ വന്ന പ്രദേശമാണ് പിന്നീട് കൊച്ചി രാജ്യമായത്. അവസാനത്തെ ചേരമാന്‍ പെരുമാളിന്റെ (കേരള ചക്രവര്‍ത്തി) സഹോദരീ പുത്രനാണ് പെരുമ്പടപ്പ് സ്വരൂപത്തിന്റെ സ്ഥാപകന്‍ എന്നു വിശ്വസിക്കപ്പെടുന്നു. അദ്ദേഹം പെരുമ്പടപ്പ് നമ്പൂതിരിയുടെ പുത്രനായത് കൊണ്ടാണ് ആ രാജവംശത്തിന് പെരുമ്പടപ്പ് സ്വരൂപം എന്ന പേര്‍ കൈവന്നത്. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം ഏ.ഡി.പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം വരെ പൊന്നാനി താലൂക്കില്‍ പെരുമ്പടപ്പ് ഗ്രാമത്തിലെ ചിത്രകൂടമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മഹോദയപുരത്തേക്ക് തലസ്ഥാനം മാറ്റപ്പെട്ടു. അവിടെ നിന്ന് പഴയ കൊച്ചി പട്ടണത്തിലേക്ക് തലസ്ഥാനം മാറ്റിയത് ഏ.ഡി. 1405-ലാണ്. കാലക്രമത്തില്‍ തൃപ്പൂണിത്തുറ രാജസ്ഥാനമായി മാറി. 1503 മുതല്‍ 1947 വരെയുള്ള കാലത്ത് പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലണ്ട് എന്നിവരുടെ മേല്‍ക്കോയ്മയില്‍ കൊച്ചിക്കു കഴിയേണ്ടി വന്നു. കൊച്ചി രാജവംശം രാഷ്ട്രീയമായ പ്രാധാന്യം നേടിയത് പോര്‍ട്ടുഗീസുകാരുടെ ആഗമനത്തിനു ശേഷമാണ്.

പതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും മദ്ധ്യ കേരളത്തിലെ ആധിപത്യത്തിനായി കോഴിക്കോട് സാമൂതിരിയും കൊച്ചി രാജാവും സംഘട്ടനങ്ങളാരംഭിച്ചു. പെരുമ്പടപ്പ് സ്വരൂപത്തിലെ അഞ്ചു താവഴികള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ പലപ്പോഴും കൊച്ചിയില്‍ ആക്രമണം നടത്താന്‍ സാമൂതിരിക്ക് അവസരം നല്‍കുകയും ചെയ്തിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കേരളക്കരയിലെത്തിയ പോര്‍ട്ടുഗീസുകാര്‍ക്ക് കച്ചവടാവശ്യത്തിനായി കൊച്ചി മഹാരാജാവ് പട്ടണത്തില്‍ പാണ്ടികശാല കെട്ടാന്‍ അനുമതി നല്‍കി. അങ്ങനെ കച്ചവടത്തിനായി കൊച്ചിയുമായി ബന്ധം ആരംഭിച്ചു. യൂറോപ്യന്‍മാരുടെ ബന്ധം പിന്നീടവരുടെ ആധിപത്യത്തിലേക്ക് വഴി തെളിച്ചു. സാമൂതിരിയുമായുണ്ടായ സംഘട്ടനങ്ങളില്‍ പലപ്പോഴും പരാജയപ്പെട്ട കൊച്ചിരാജാവ് പകവീട്ടുന്നതിനായി പോര്‍ട്ടുഗീസുകാരുമായി ചങ്ങാത്തം കൂടി. കൊച്ചിരാജാവിന്റെ സഹായത്തോടെ പോര്‍ട്ടുഗീസുകാര്‍ സാമൂതിരിയെ നേരിട്ടപ്പോള്‍ സാമൂതിരി ഡച്ചുകാരെ കൂട്ടുപിടിച്ചു. ആദ്യഘട്ടത്തില്‍ സാമൂതിരിയുടെ സൈന്യം വിജയം കൈവരിച്ചെങ്കിലും പിന്നീട് പോര്‍ട്ടുഗീസ് സൈന്യാധിപന്‍ അല്‍ബുബക്കര്‍ക്കിന്റെ നേതൃത്വത്തിലുള്ള സേനക്കു മുന്‍പില്‍ സാമൂതിരിയുടെ സൈന്യത്തിന് കീഴടങ്ങേണ്ടി വന്നു. വൈപ്പിന്‍ , ഇടപ്പള്ളി എന്നിവിടങ്ങളില്‍ നടന്ന യുദ്ധങ്ങളില്‍ സാമൂതിരിയുടെ സൈന്യത്തിന് വലിയ നാശനഷ്ടങ്ങള്‍ നേരിട്ടു.

ആജന്മ ശത്രുക്കളായ സാമൂതിരിയേയും ഇടപ്പള്ളി രാജാവിനേയും പരാജയപ്പെടുത്തുവാന്‍ കഴിഞ്ഞതില്‍ കൊച്ചി രാജാവിന് വലിയ സംതൃപ്തി തോന്നി. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി പോര്‍ട്ടുഗീസുകാര്‍ കൊച്ചി പട്ടണത്തില്‍ ഒരു കോട്ടപണിയുവാന്‍ രാജാവിന്റെ അനുമതി തേടി. രാജാവ് സ്വന്തം ചെലവില്‍ ആ കോട്ട പണിയിച്ചു കൊടുക്കുവാനും തയ്യറായി. അന്നത്തെ പോര്‍ട്ടുഗീസ് രാജാവിന്റെ നാമധേയം നല്‍കിയ കോട്ട ഇമ്മാനുവല്‍ കോട്ട എന്നറിയപ്പെട്ടു. ഇന്ത്യയില്‍ യൂറോപ്യന്‍മാരുടെ ആദ്യത്തെ കോട്ടയാണിത്. ഈ കോട്ടയുടെ അവശിഷ്ടങ്ങള്‍ പോലും ഇന്നില്ല.

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പോര്‍ട്ടുഗീസുകാരും ഡച്ചുകാരും തമ്മില്‍ ഇന്ത്യയില്‍ ആധിപത്യം നേടാന്‍ ശക്തിയായ മത്സരം നടന്നു. കേരളത്തില്‍ തങ്ങള്‍ കരസ്ഥമാക്കിയ സ്ഥലങ്ങള്‍ക്കായുള്ള മത്സരത്തില്‍ സാമൂതിരിയും ഡച്ചുകാരൂം ഒരു ഭാഗത്തും പോര്‍ട്ടുഗീസുകാരും കൊച്ചിരാജാവും മറുഭാഗത്തുമായി അണിനിരന്നു. കൊടുങ്ങല്ലൂരില്‍ 1662-ല്‍ ഇരുശക്തികളും ഏറ്റുമുട്ടിയപ്പോള്‍ പോര്‍ട്ടുഗീസുകാരുടെ കൊടുങ്ങല്ലൂര്‍ കോട്ട ഡച്ചുകാര്‍ കീഴടക്കി. പിന്നീട് ഡച്ചുകാര്‍ കൊച്ചിയിലെ കോട്ടയും ആക്രമിച്ച് കീഴടക്കി. 1663-ല്‍ പോര്‍ച്ചുഗീസുകാര്‍ക്കു മേല്‍ വിജയം നേടിയ ഡച്ചുകാര്‍ കൊച്ചിയെ അവരുടെ അധീനതയിലാക്കി. 1663 മാര്‍ച്ച് 20-ന് കൊച്ചി രാജാവ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി കരാറിലേര്‍പ്പെട്ടു. കരാറനുസരിച്ച് വിദേശാക്രമണത്തില്‍ നിന്ന് കൊച്ചിയെ രക്ഷിക്കാനുള്ള ചുമതല ഡച്ചുകാര്‍ ഏറ്റെടുത്തു. ആവശ്യമുള്ള സ്ഥലങ്ങളില്‍ കോട്ടകെട്ടുവാനുള്ള അനുവാദവും കുരുമുളകിന്റെ കയറ്റുമതിയിലും കറുപ്പിന്റെ ഇറക്കുമതിയിലുമുള്ള കുത്തകയും അവര്‍ കൈവശമാക്കി. പോര്‍ച്ചുഗലില്‍ നിന്ന് പെഡ്രോ അല്‍വാറിസ് കബ്രാള്‍ 1500-ല്‍ കൊച്ചിയില്‍ വന്നു. 1502-ല്‍ വാസ്കോഡ ഗാമയും എത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. കോട്ട കൊത്തളങ്ങളും പള്ളികളും അവരുടേതായി സംഭാവനയുണ്ട്. 1511-ല്‍ ആദ്യത്തെ പ്രൈമറി സ്ക്കൂള്‍ ആരംഭിച്ചതും രണ്ടു പതിറ്റാണ്ടിനു ശേഷം ഒരാശുപത്രി തുടങ്ങിയതും അവരാണ്. നമ്മുടെ ഭാഷയ്ക്ക് 270-ല്‍ ഏറെ വാക്കുകള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ട്. പാതിരിയും കപ്പിത്താനും മേശയും കസേരയും വിഭവമായി കരുതുന്ന പുട്ടും ഇടിയപ്പവും പാലും പോര്‍ച്ചുഗീസ് സംഭാവനകളാണ്. കീഴടങ്ങിയ പോര്‍ച്ചുഗീസുകാരില്‍ വിവാഹിതരെ ഗോവയ്ക്കും അവിവാഹിതരെ യൂറോപ്പിലേക്കും അയച്ചു എന്ന് ചരിത്രം. വലിയ കപ്പിത്താന്‍ വാന്‍ഗൂണ്‍സും ജേക്കബ് ഹസ്റ്റാര്‍ട്ടും ആയിരുന്നു ഡച്ച് പടനായകന്‍മാര്‍ . 1741-ലെ കുളച്ചല്‍ യുദ്ധത്തോടെ ഡച്ചുകാരുടെ ആധിപത്യം ഇളകി. തിരുവിതാംകൂര്‍ സൈന്യത്തോട് അവര്‍ പരാജയപ്പെട്ടു. സാമൂതിരിയില്‍ നിന്നു ഹൈദരാലിയില്‍ നിന്നും പരാജയങ്ങള്‍ ഏറ്റു വാങ്ങിയ ഡച്ചുകാരുടെ പ്രതാപം അവസാനിച്ചു. 1795-ല്‍ കൊച്ചിയിലെ ഡച്ച് കോട്ട ഇംഗ്ലീഷുകാര്‍ കീഴടക്കി. 1791-ല്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മ ഒരു ഉടമ്പടിയിലൂടെ കൊച്ചി അംഗീകരിച്ചതോടെയാണ് 1947 വരെ നീണ്ട അധിനിവേശത്തിനു തുടക്കമായത്.
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യപാദംവരെ
ജനസംഖ്യ
1910-ല്‍ ജനസംഖ്യ 23192 ആയിരുന്നു. ഏറ്റവും കൂടുതല്‍ ജനവാസവും കച്ചവടവും അഭിവൃദ്ധിയും ഉണ്ടായത് മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി മേഖലയിലായിരുന്നു. കൊപ്രപിണ്ണാക്ക്, ചായ, കുരുമുളക്, ഈട്ടി, റബര്‍ തുടങ്ങിയവ കയറ്റി അയച്ചിരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു കൊച്ചി. 14 ഭാഷകള്‍ സംസാരിച്ചിരുന്ന വിവിധ ജാതി മതവിഭാഗക്കാര്‍ ഇവിടെ താമസിച്ചിരുന്നു. ഫോര്‍ട്ടുകൊച്ചിയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രി ഉണ്ടായിരുന്നു.
1947 ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് അയിത്താചരണം എല്ലാരംഗത്തുമുണ്ടായിരുന്നു. ബ്രാഹ്മണര്‍ക്കു മാത്രമായി ഹോട്ടലുകള്‍ ഉണ്ടായിരുന്നു. എറണാംകുളം കോളേജില്‍ ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം ഹോസ്റ്റലുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ജാതി തിരിച്ചായിരുന്നു ജനങ്ങള്‍ താമസിച്ചിരുന്നത്. ചിറ്റൂര്‍ റോഡു മുതല്‍ രവിപുരം വരെ നായര്‍ തറവാട്ടുകാര്‍ , എറണാകുളം മാര്‍ക്കറ്റിനു സമീപം പ്രമുഖ ഈഴവ കുടുംബക്കാര്‍ , കായല്‍ തീരത്ത് മത്സ്യ തൊഴിലാളികള്‍ എന്നിങ്ങനെയാണ് ജനങ്ങള്‍ താമസിച്ചിരുന്നത്. ഹൈക്കോടതി കെട്ടിടം മുതല്‍ തേവര വരെ കായല്‍ തീരത്ത് മത്സ്യതൊഴിലാളി കുടുംബങ്ങള്‍ (കുടിലുകള്‍ ‍)ആയിരുന്നു. തിരക്കേറിയ പത്മ ജംഗ്ക്ഷന്‍ പുഞ്ചപ്പാടമായിരുന്നു. വര്‍ഷക്കാലത്ത് പരിസരവാസികള്‍ വഞ്ചികളിച്ചിരുന്ന സ്ഥലമാണത്. ബാനര്‍ജി റോഡ് മുതല്‍ പാലാരിവട്ടം വരെ പുഞ്ചത്തോട് തോടായിരുന്നു. സെന്റ് ആല്‍ബര്‍ട്സ് സ്ക്കൂള്‍ ഇരിക്കുന്ന സ്ഥലം തുമ്പപ്പറമ്പ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കായല്‍ വഴി വഞ്ചിയിലൂടെയായിരുന്നു സാധാരണ യാത്ര. കൊച്ചിയില്‍ നിന്ന് കൊടുങ്ങല്ലൂര്‍ക്കും ആലപ്പുഴക്കും കൊല്ലത്തേക്കും വഞ്ചിയാത്രയായിരുന്നു. രണ്ടുനൂറ്റാണ്ടു പഴക്കമുള്ള എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നാണ് വഞ്ചി(ബോട്ട്) യാത്ര തുടങ്ങിയത്. കായല്‍ തീരത്ത് മത്സ്യതൊഴിലാളികളും ബ്രോഡ് വേയില്‍ കറുത്ത ജൂതന്‍മാരുമായിരുന്നു കച്ചവടക്കാര്‍ ‍. ഇവരുടേതായ ഒരു ശ്മശാനം സെന്റ് തെരേസാസ് കോളേജിനു കിഴക്കുവശം കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൊച്ചിരാജ്യത്ത് വീട് ഓട് മേയാന്‍ നായര്‍ സമുദായത്തിനു മാത്രമായിരുന്നു അനുവാദം. അതിന് കൊച്ചി രാജാവിന്റെ പ്രത്യേക അനുവാദം വേണമായിരുന്നു. അവര്‍ണ്ണര്‍ക്ക് ഓലപ്പുരയും വൈക്കോല്‍ മേഞ്ഞ പുരയുമായിരുന്നു. കൊച്ചിയില്‍ തീവണ്ടി ആദ്യം എത്തിയത് 1902-ല്‍ ആണ്. അന്നത്തെ റയില്‍വേ സ്റ്റേഷന്‍ ഇന്നത്തെ ഹൈക്കോടതിക്കു പിന്നിലായിരുന്നു. കായലില്‍ ആദ്യം ബോട്ട് സര്‍വീസ് നടത്തിയത് എറണാകുളത്തു നിന്നും മട്ടാഞ്ചേരിയിലേക്ക് ആയിരുന്നു. അന്നത്തെ ബോട്ടുകള്‍ തീബോട്ടുകള്‍ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. 1939-ലാണ് ആദ്യമായി ബസ് സര്‍വ്വീസ് തുടങ്ങിയത്. 8 പേര്‍ക്ക് കയറാവുന്ന കല്‍ക്കരി കത്തിക്കുന്ന ബസ്സുകള്‍ ആണ് ആദ്യമായി കൊച്ചിയില്‍ സര്‍വ്വീസ് തുടങ്ങിയത്. അന്നത്തെ മറ്റൊരു പ്രധാനപ്പെട്ട വാഹനം രണ്ടണ ചാര്‍ജ്ജ് റിക്ഷാ വണ്ടിയാണ്.
കൊച്ചി (എ.ഡി 800 മുതല്‍ എ.ഡി 1102 വരെ)
എ.ഡി 800 മുതല്‍ 1102 വരെ മഹോദയപുരം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്നവരായിരുന്നു കുലശേഖര ചക്രവര്‍ത്തിമാര്‍‍ . ആ മഹോദയപുരം ആണ് ഇന്നത്തെ കൊടുങ്ങല്ലൂര്‍ ‍. രണ്ടാം ചേരസാമ്രാജ്യത്തിന്റെ ശിഥീലീകരണത്തെ തുടര്‍ന്ന് സ്വതന്ത്രങ്ങളായ പല ചെറുരാജ്യങ്ങളും നിലവില്‍ വന്നു. ഇവയില്‍ പ്രധാനപ്പെട്ടവയാണ് വേണാട്(തിരുവിതാംകൂര്‍‍ ), പെരുമ്പടപ്പ്(കൊച്ചി) കോഴിക്കോട്, കോലത്തുനാട് എന്നിവ. പെരുമ്പടപ്പ് സ്വരൂപം രാജവംശത്തിന്റെ സ്ഥാപകന്‍ കേരള ചക്രവര്‍ത്തി എന്ന പേരിലറിയപ്പെടുന്ന ചേരമാന്‍ പെരുമാളിന്റെ സഹോദരി പുത്രനാണ് എന്ന് വിശ്വസിക്കുന്നു. ഈ പ്രദേശമാണ് പിന്നീട് കൊച്ചി രാജ്യമെന്ന പേരില്‍ അറിയപ്പെട്ടത്. എ.ഡി 13-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മഹോദയപുരത്തേക്ക് തലസ്ഥാനം മാറ്റപ്പെട്ടു. എ.ഡി 1405-ലാണ് തലസ്ഥാനം പഴയ കൊച്ചി പട്ടണത്തിലേക്ക് മാറ്റിയത്. കാലക്രമത്തില്‍ തൃപ്പൂണിത്തുറ രാജസ്ഥാനമായി മാറി.
പോര്‍ച്ചുഗീസ് ഭരണകാലം
1503 മുതല്‍ 1947 വരെയുള്ള കാലത്താണ് പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലണ്ട് എന്നിവരുടെ മേല്‍ക്കോയ്മയില്‍ കൊച്ചിക്കു കഴിയേണ്ടി വന്നത്. കൊച്ചി രാജവംശം രാഷ്ട്രീയമായ പ്രാധാന്യം നേടിയത് പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു ശേഷമാണ്. 15-ാം നൂറ്റാണ്ട് ആയപ്പോഴേക്കും മധ്യകേരളത്തിലെ ആധിപത്യത്തിനു വേണ്ടി കോഴിക്കോട് സാമൂതിരുയും കൊച്ചി രാജാവും സംഘട്ടനങ്ങളാരംഭിച്ചു. പെരുമ്പടപ്പു സ്വരൂപത്തിലെ അഞ്ചു താവഴികള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ പലപ്പോഴും കൊച്ചിയില്‍ ആക്രമണം നടത്താന്‍ സാമൂതിരിക്ക് അവസരം ഒരുക്കി. സാമൂതിരിയുമായി ഉണ്ടായ സംഘട്ടനങ്ങളില്‍ പലപ്പോഴും പരാജയപ്പെട്ട കൊച്ചി രാജാവ് പോര്‍ച്ചുഗീസുകാരുമായി ചങ്ങാത്തം സ്ഥാപിച്ചു. കച്ചവടത്തിനായി പട്ടണത്തില്‍ പാണ്ടികശാല കെട്ടാന്‍ അവര്‍ക്ക് രാജാവ് അനുമതി നല്‍കി. കച്ചവടത്തിനായി ബന്ധം ആരംഭിച്ച യൂറോപ്യന്‍മാരുടെ ബന്ധം പിന്നീട് അവരുടെ ആധിപത്യത്തിലേക്ക് വഴിതെളിച്ചു. പോര്‍ച്ചുഗലില്‍ നിന്ന് പെഡ്രോ അല്‍വാറീസ് കബ്രാള്‍ 1500-ല്‍ കൊച്ചിയില്‍ വന്നു. 1502-ല്‍ വാസ്കോഡ ഗാമയും എത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. കോട്ടകളും കൊത്തളങ്ങളും പള്ളികളും അവരുടേതായി സംഭാവനയുണ്ട്. 1511-ല്‍ ആദ്യത്തെ പ്രൈമറി സ്കൂള്‍ ആരംഭിച്ചതും രണ്ടുപതിറ്റാണ്ടിനു ശേഷം ഒരു ആശുപത്രി തുടങ്ങിയതും പോര്‍ച്ചുഗീസുകാരാണ്. നമ്മുടെ ഭാഷയ്ക്ക് 270-ല്‍പരം വാക്കുകള്‍ അവര്‍ സമ്മാനിച്ചിട്ടുണ്ട്. പാതിരിയും കപ്പിത്താനും മേശയും കസേരയും എല്ലാം പോര്‍ച്ചുഗീസ് സംഭാവനകളാണ്. മലയാളികളുടെ സ്വന്തം വിഭവമായി കരുതുന്ന പുട്ടും ഇടിയപ്പവും പാലും പോര്‍ച്ചുഗീസ് സംഭാവനകളാണ്. പലപ്പോഴും കൊച്ചി രാജാവിനു യുദ്ധപരാജയം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, പോര്‍ച്ചുഗീസ് സൈന്യാധിപന്‍ അല്‍ ബൂക്കര്‍ക്കിന്റെ നേതൃത്വത്തിലുള്ള സേനയുടെ മുമ്പില്‍ സാമൂതിരിയുടെ സൈന്യത്തിനു കീഴടങ്ങേണ്ടി വന്നു. ഇടപ്പള്ളി, വൈപ്പിന്‍ എന്നിവിടങ്ങളില്‍ നടന്ന യുദ്ധങ്ങളില്‍ സാമൂതിരിയുടെ സൈന്യത്തിനു വന്‍നാശം നേരിട്ടു. സാമൂതിരിയേയും ഇടപ്പള്ളി രാജാവിനേയും പരാജയപ്പെടുത്താന്‍ കഴിഞ്ഞതില്‍ കൊച്ചിരാജാവിനും വലിയ സംതൃപ്തി തോന്നി. ഈ സന്ദര്‍ഭം ഉപയോഗിച്ച് പോര്‍ച്ചുഗീസുകാര്‍ കൊച്ചി പട്ടണത്തില്‍ ഒരു കോട്ട പണിയുവാന്‍ രാജാവിന്റെ അനുമതി തേടി. രാജാവ് സ്വന്തം ചിലവില്‍ ആ കോട്ട പണിയിച്ചു കൊടുക്കാന്‍ തയ്യാറായി. അന്നത്തെ പോര്‍ച്ചുഗീസ് രാജാവിന്റെ നാമധേയം നല്‍കിയ കോട്ട ഇമ്മാനുവല്‍ കോട്ട എന്നറിയപ്പെടുന്നു. ഇന്ത്യയിലെ യൂറോപ്യന്മാടെ ആദ്യത്തെ കോട്ടയാണിത്. ഈ കോട്ടയുടെ അവശിഷ്ടങ്ങള്‍ പോലും ഇന്നില്ല.

 1. ഉണ്ണി രാമന്‍ കോയില്‍11 (1503-1537) ഇദ്ദേഹത്തിന്റെ കാലത്താണ് പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ അവരുടെ ആധിപത്യത്തിനു അടിത്തറ പാകിയത്. 1505-ല്‍ പോര്‍ച്ചുഗീസ് വൈസ്രോയി ഫ്രാന്‍സിസ് ഡി അല്‍മൈഡ കൊച്ചിയില്‍ എത്തി. കിരീടാവകാശം ഇളയ താവഴിയില്‍പ്പെട്ട വ്യക്തികള്‍ക്കാണ് എന്ന വ്യവസ്ഥ ഉണ്ണിരാമന്‍ കോയില്‍ 11-ന്റെ കാലത്താണ് നിലവില്‍ വന്നത്.
 2. വീര കേരള വര്‍മ്മ (1537-65) ഗംഗാധര വീര കേരളന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാജാവായിരുന്നു വീരകേരളവര്‍മ്മ. 1542-ല്‍ ഇദ്ദേഹത്തിന്റെ കാലത്താണ് സെന്റ്: സേവ്യര്‍ കേരളത്തില്‍ (കൊച്ചിയില്‍ ‍) എത്തിയത്. 1549-ല്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ പള്ളുരുത്തി ക്ഷേത്രം കൊള്ളയടിച്ചു. 1555-ല്‍ വീര കേരളവര്‍മ്മ മഹാരാജാവിന്റെ കാലത്താണ് പോര്‍ച്ചുഗീസുകാര്‍ മട്ടാഞ്ചേരി കൊട്ടാരം പണിതത്. ഡച്ചുകാര്‍ പിന്നീടത് പുതുക്കി പണിതതുകൊണ്ടാണ് മട്ടാഞ്ചേരി പാലസ് എന്ന പേരിലറിയപ്പെടുന്നത്. 1565 ഫെബ്രുവരിയില്‍ അദ്ദേഹം കൊല്ലപ്പെട്ടു.
 3. കേശവ രാമവര്‍മ്മ (1565-1601) പോര്‍ച്ചുഗീസ് ഭരണ കാലഘട്ടത്തിലെ പ്രശസ്തനായ ഭരണാധികാരിയായിരുന്നു കേശവ രാമവര്‍മ്മ. 1567-ല്‍ ഇദ്ദേഹത്തിന്റെ കാലത്താണ് കൊച്ചിയില്‍ ജൂതന്മാര്‍ താമസമുറപ്പിച്ചത്. മട്ടാഞ്ചേരി പാലസിനരികെ ഒരു ജൂതത്തെരുവും ഉണ്ടാക്കി. തിരുമല ദേവസ്വം തുടങ്ങാനായി മട്ടാഞ്ചേരിയില്‍ കൊങ്കിണികള്‍ക്ക് സ്ഥലവും അനുവദിച്ചു.
 4. വീര കേരളവര്‍മ്മ (1601-15) 1609-ല്‍ വീര കേരളവര്‍മ്മ രാജാവിന്റെ ഭരണകാലത്താണ് ആദ്യത്തെ ബ്രിട്ടീഷ് കപ്പല്‍ കൊച്ചിയിലെത്തിയത്. ഇട്ടികുമാര മേനോനെ വധിച്ച് മതിലകം പിടിച്ചടക്കിയത് ഇദ്ദേഹമാണ്.
 5. രവിവര്‍മ്മ (1615-24) 1615 മുതല്‍ 1624 വരെ ഭരിച്ചിരുന്ന രവിവര്‍മ്മ രാജാവിന്റെ ഭരണകാലം പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു കാലഘട്ടമായിരുന്നു . 1624-ല്‍ രവിവര്‍മ്മ രാജാവ് ഇഹലോകവാസം വെടിഞ്ഞു.
 6. വീര കേരളവര്‍മ്മ (1624-1637) മതിലകം അങ്ങാടി പിടിച്ചെടുത്തതാണ് ഇദ്ദേഹത്തിന്റെ കാലത്തെ ഒരു പ്രധാന സംഭവം. 1937 ജൂലായ് 11-ന് അദ്ദേഹം അന്തരിച്ചു.
 7. ഗോദവര്‍മ്മ (1637-45) ഇദ്ദേഹത്തിന്റെ കാലത്ത് മുരിങ്ങൂര്‍ താവഴി ഇളയ താവഴിയുമായി കൂടിച്ചേര്‍ന്നു. മൂത്ത താവഴിയില്‍ നിന്നും പള്ളുരുത്തി താവഴിയില്‍ നിന്നും ഇളയ താവഴിയിലേക്ക് ദത്തെടുത്തിരുന്നു. വീര കേരളവര്‍മ്മയുടെ ഇളയ സഹോദരനാണ് ഗോദവര്‍മ്മ രാജാവ്.
 8. വീര രായിരവര്‍മ്മ (1645-46) വീര കേരളവര്‍മ്മയുടേയും ഗോദവര്‍മ്മയുടേയും സഹോദരനായിരുന്നു വീര രായിരവര്‍മ്മ. ഇദ്ദേഹത്തിന്റെ മരണത്തോടെ ഇളയ താവഴിയില്‍ ആണ്‍ സന്തതികള്‍ ഇല്ലാതായി.
 9. വീര കേരളവര്‍മ്മ (1645-50) ഇളയ താവഴിയില്‍ ആണ്‍ സന്തതികള്‍ ഇല്ലാതായപ്പോള്‍ പള്ളുരുത്തി താവഴിയില്‍ നിന്നും ഗോദവര്‍മ്മ രാജാവിന്റെ കാലത്ത് ദത്തെടുത്തതാണ് വീര കേരളവര്‍മ്മ രാജാവിനെ.
 10. രാമവര്‍മ്മ (1650- 56) ചാഴിയൂരില്‍ നിന്നും ദത്തെടുത്ത രാമവര്‍മ്മയാണ് 1650 മുതല്‍ 1656 വരെ കൊച്ചി ഭരിച്ചത്. 1656-ല്‍ അദ്ദേഹം അന്തരിച്ചു.
 11. റാണി ഗംഗാധര ലക്ഷ്മി (1656-58) രാമവര്‍മ്മയുടെ മരണ ശേഷം വലിയമ്മ തമ്പുരാന്‍ റീജന്റ് ആയി ഭരണം ഏറ്റെടുത്തു. റാണി ഗംഗാധര ലക്ഷ്മിയാണ് കൊച്ചി രാജ്യം ഭരിച്ച ഏക വനിത. വെട്ടത്തു നാട്ടില്‍ നിന്നും അയിരൂരില്‍ നിന്നും അഞ്ചു ആണ്‍ കുട്ടികളെ അവര്‍ ദത്തെടുത്തു. അതില്‍ ഏറ്റവും പ്രായമുള്ള ഉണ്ണി രാമവര്‍മ്മ 1658-ല്‍ മഹാരാജാവായി സ്ഥാനമേറ്റു.
 12. രാമവര്‍മ്മ (1658-62) വെട്ടത്തുനാട്ടില്‍ നിന്നും റാണി ഗംഗാധര ലക്ഷ്മി ദത്തെടുത്ത ആണ്‍കുട്ടികളില്‍ ഏറ്റവും മുതിര്‍ന്ന ആളാണ് രാമവര്‍മ്മ. രാജ്യഭരണം നിഷേധിച്ചതിനാല്‍ മൂത്ത താവഴിയിലെ വീര കേരളവര്‍മ്മ രാജ്യം വിട്ടു. രാജ്യഭരണം നേടിയെടുക്കാനുള്ള (ഏറ്റു മുട്ടലിനിടയില്‍ ) മത്സരങ്ങള്‍ക്കിടയില്‍ രാമവര്‍മ്മ മഹാരാജാവും ചാഴിയൂര്‍ രാജ്യത്തില്‍ നിന്നു ദത്തെടുത്ത വീര കേരളവര്‍മ്മയും മട്ടാഞ്ചേരി പാലസിനടുത്തു വച്ച് കൊല്ലപ്പെട്ടു.
 13. ഗോദവര്‍മ്മ (1662-63) രാമവര്‍മ്മ കൊല്ലപ്പെട്ടതിനു ശേഷം ഗോദവര്‍മ്മ കൊച്ചി രാജാവായി. 1663 ജനുവരിയില്‍ ഡച്ചുകാര്‍ കൊച്ചി കൊട്ടാരം പിടിച്ചെടുത്തു. ഗോദവര്‍മ്മ ഡച്ചുകാര്‍ക്കു കീഴടങ്ങുകയും ചെയ്തു. രാമവര്‍മ്മ മഹാരാജാവിന്റെ കീഴടങ്ങലോടെ കൊച്ചിയിലെ പോര്‍ച്ചുഗീസുകാരുടെ ആധിപത്യം അവസാനിച്ചു.

ഡച്ച് ഭരണകാലം
17-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഡച്ചുകാരും പോര്‍ച്ചുഗീസുകാരും തമ്മില്‍ ഇന്ത്യയില്‍ ആധിപത്യം നേടാന്‍ ശക്തിയായ മത്സരം നടന്നു. കേരളത്തില്‍ തങ്ങള്‍ കരസ്ഥമാക്കിയ സ്ഥലങ്ങള്‍ക്കായുള്ള മത്സരത്തില്‍ സാമൂതിരിയും ഡച്ചുകാരും ഒരുഭാഗത്തും പോര്‍ച്ചുഗീസുകാരും കൊച്ചിരാജാവും മറുഭാഗത്തുമായി അണിനിരന്നു. കൊടുങ്ങല്ലുരില്‍ 1662-ല്‍ ഇരുശക്തികളും ഏറ്റുമുട്ടിയപ്പോള്‍ പോര്‍ച്ചുഗീസുകാരുടെ കൊടുങ്ങല്ലൂര്‍ കോട്ട ഡച്ചുകാര്‍ കീഴടക്കി. 1663-ല്‍ പോര്‍ച്ചുഗീസുകാര്‍ക്കുമേല്‍ വിജയം നേടിയ ഡച്ചുകാര്‍ കൊച്ചിയെ അവരുടെ അധീനതയിലാക്കി. കീഴടങ്ങിയ പോര്‍ച്ചുഗീസുകാരില്‍ വിവാഹിതരെ ഗോവക്കും അവിവാഹിതരെ യൂറോപ്പിലേക്കും അയച്ചു എന്ന് ചരിത്രം. വലിയ കപ്പിത്താന്‍ വാന്‍ ഗൂണ്‍സും, ജേക്കബ് ഹസ്റ്റാര്‍ട്ടും ആയിരുന്നു ഡച്ച് പടനായകന്മാര്‍ ‍. 1663 മാര്‍ച്ച് 20-ന് കൊച്ചി രാജാവ് ഡച്ച് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുമായി കരാറിലേര്‍പ്പെട്ടു. കരാറനുസരിച്ച് വിദേശാക്രമണത്തില്‍ നിന്ന് കൊച്ചിയെ രക്ഷിക്കാനുള്ള ചുമതല ഡച്ചുകാര്‍ എറ്റെടുത്തു. പകരം ആവശ്യമുള്ള സ്ഥലങ്ങളില്‍ കോട്ടകെട്ടുവാനുള്ള അനുവാദവും കുരുമുളകിന്റെ കയറ്റുമതിയിലും കറുപ്പിന്റെ ഇറക്കുമതിയിലുമുള്ള കുത്തകയും അവര്‍ കൈവശമാക്കി. 1663 മുതല്‍ 1795 വരെയായിരുന്നു ഡച്ചുകാരുടെ കൊച്ചിയിലെ സുവര്‍ണകാലം. കോട്ടകൊത്തളങ്ങള്‍ക്ക് അപ്പുറം ഡച്ചുകാരുടെ ഒരു സംഭാവനയാണ് ‘ഹോര്‍ത്തുസ് ഇന്‍ഡിക്കസ് മലബാറിക്കസ്’ എന്ന പുസ്തകം. തദ്ദേശീയരായ പണ്ഡിതന്മാരുടെ സഹായത്തോടെ ഹെന്‍റിക് വാന്‍ഡ്രീഡിന്റെ താല്പര്യത്തില്‍ രചിക്കപ്പെട്ട ഒരു ഗ്രന്ഥമാണ് ‘ഹോര്‍ത്തൂസ് ഇന്‍ഡിക്കസ് മലബാറിക്കസ്’. അര്‍ണോസ് പാതിരിയും ആഞ്ചലോസ് ഫ്രാന്‍സീസും മലയാള ഭാഷക്ക് വ്യാകരണം എഴുതിയതും ഡച്ചുകാരുടെ ഭരണകാലത്താണ്.
ഹോര്‍ത്തൂസ് മലബാറിക്കസ്
കേരളത്തിലെ സസ്യ സമ്പത്തിനെ പറ്റി ശാസ്ത്രീയമായി വിവരിക്കുന്ന ആദ്യത്തെ ആധികാരിക ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കസ്. ലത്തീന്‍ ഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥം എഴുതിയത് മലയാളിയല്ല. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി മലയാള അക്ഷരങ്ങള്‍ മുദ്രണം ചെയ്യപ്പെട്ടതു ഇതിലാണ്. 17-ാം നൂറ്റാണ്ടിന്റെ പകുതിയില്‍ കൊച്ചിയില്‍ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍റിക് ആന്‍ഡ്രയല്‍ വാന്‍റീഡ് ആണ് ഹോര്‍ത്തൂസ് മലബാറിക്കസിന്റെ കര്‍ത്താവ്. ഹോളണ്ടിലെ ആംസ്റ്റര്‍ ഡാമില്‍ 1678-ല്‍ ഈ പുസ്തകത്തിന്റെ ആദ്യ വാള്യം അച്ചടിച്ചു. 15 വര്‍ഷം കൊണ്ടാണ് വാന്‍റീഡ് ഈ ഗ്രന്ഥം തയ്യാറാക്കിയത്. 12 വാള്യങ്ങളിലായി 1595 പേജുകളുണ്ട്. 742 സസ്യജാലങ്ങളെ കുറിച്ചുള്ള വിവരങ്ങളുണ്ട്. പ്രശസ്ത നാട്ടു വൈദ്യനായിരുന്ന ഇട്ടി അച്ച്യുതന്‍ തയ്യാറാക്കിയ കാരളാരാമം ആണ് ഹോര്‍ത്തൂസ് മലബാറിക്കസ് രചിക്കുന്നതിന് സഹായകരമായതെന്നു പറയപ്പെടുന്നു. ഗ്രന്ഥരചനയില്‍ സഹായിച്ച നാട്ടു വൈദ്യന്മാരായ ഇട്ടി അച്ച്യുതന്‍ , അപ്പുഭട്ട് രംഗഭട്ട്, വിനായക് പണ്ഡിറ്റ്, ഇറ്റാലിയന്‍ മിഷനറി ബ്രദര്‍ മാത്യൂസ് തുടങ്ങിയവരുടെ പേരുകള്‍ മുലഗ്രന്ഥത്തിലുണ്ട്.
ബ്രിട്ടീഷ് ഭരണകാലം
1741-ല്‍ കുളച്ചല്‍ യുദ്ധത്തോടെ ഡച്ചുകാരുടെ ആധിപത്യം ഇളകി. തിരുവിതാംകൂര്‍ സൈന്യത്തോട് ഡച്ചുസൈന്യം പരാജയപ്പെട്ടു. പിന്നീട് സാമൂതിരിയില്‍ നിന്നും ഹൈദരാലിയില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയ ഡച്ചുകാരുടെ പ്രതാപം അവസാനിച്ചു.1795-ല്‍ കൊച്ചിയിലെ ഡച്ചുകോട്ട ഇംഗ്ലീഷുകാര്‍ കീഴടക്കി. 1791-ല്‍ ബ്രിട്ടീഷും കൊച്ചിയും തമ്മിലുണ്ടായ ഒരു ഉടമ്പടിയിലൂടെയാണ് ബ്രിട്ടീഷ് അധിനിവേശത്തിനു തുടക്കമായത്. ആശുപത്രികള്‍ , ഇംഗ്ലീഷ് സ്കൂളുകള്‍ , റെയില്‍വേ, തുറമുഖ വികസനം എന്നിങ്ങനെ ഇംഗ്ലീഷുകാര്‍ കൊച്ചിക്കു നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഫോര്‍ട്ടുകൊച്ചിയില്‍ മുനിസിപ്പാലിറ്റിയുണ്ടാക്കി സ്വയം ഭരണത്തിന് തുടക്കമിട്ടത് ഇംഗ്ലീഷുകാരാണ്. നിരവധി ബാങ്കുകളും അവരുടെ സംഭാവനയായുണ്ട്.
ദിവാന്‍മാര്‍
1812-ല്‍ കൊച്ചിയില്‍ ദിവാന്‍ ഭരണം നിലവില്‍ വന്നു. 135 കൊല്ലത്തെ ചരിത്രമാണ് ദിവാന്‍ ഭരണത്തിന് ഉള്ളത്. ഇന്ത്യ സ്വതന്ത്രമാകുന്നതു വരെ ഇരുപത്തിനാല് ദിവാന്‍മാര്‍ ഇവിടെ ഉണ്ടായിരുന്നു. കേണല്‍ മണ്‍റോ (1812-1818) ആണ് പ്രഥമ ദിവാന്‍ ‍. റാണാദാര്‍മാര്‍ എന്ന പേരില്‍ പോലീസ് സേന നവീകരിച്ചു. ആധുനിക രീതിയില്‍ ഓഡിറ്റ് അക്കൌണ്ട് സമ്പ്രദായം ആരംഭിച്ചു. ന്യൂനപക്ഷം സമുദായ താല്പര്യം സംരക്ഷിച്ചിരുന്നു. നഞ്ചപ്പയ്യ (1818-1825) അടിമകളെ യജമാന്‍മാര്‍ ഉപദ്രവിക്കുന്നത് നിരോധിച്ചുകൊണ്ട് 1821-ല്‍ ഒരു വിളംബരം പ്രഖ്യാപിച്ചു. കൊച്ചിയില്‍ കണ്ടെഴുത്ത് ആരംഭിക്കുന്നതും ഇക്കാലത്ത് പുത്തന്‍ എന്ന നാണയം നടപ്പിലാക്കിയതും നഞ്ചപ്പയ്യയാണ്. പിന്നീട് ശേഷഗിരി റാവു (1825-1830), എടമന ശങ്കരമേനോന്‍ (1830-1835) എന്നിവരായിരുന്നു. 1835-1840 കാലത്ത് ഭരിച്ചിരുന്ന വെങ്കട സുബ്ബയ്യ കാര്‍ഷിക പദ്ധതികള്‍ക്ക് മുന്‍തൂക്കം കൊടുത്ത ദിവാനാണ്. നാട്ടുഭാഷാ വിദ്യാലയങ്ങള്‍ നിര്‍ത്തി കുറെ കൂടി മെച്ചപ്പെട്ട വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. 1840-1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര്‍ നല്ലോരു ഭരണ തന്ത്രജ്ഞനും പരിഷ്കര്‍ത്താവുമായിരുന്നു. അദ്ദേഹം ധനകാര്യത്തിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. എലിമെന്ററി ഇംഗ്ഗീഷ് സ്കൂള്‍ സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്). എറണാകുളത്ത് ധര്‍മാശുപത്രിയും ഇക്കാലത്ത് സ്ഥാപിച്ചു. ഇത് പില്‍ക്കാലത്ത് ജനറല്‍ ആശുപത്രിയായി വളര്‍ന്നു.1856-1860 ല്‍ ദിവാനായ വെങ്കട റാവു ജനപ്രീതി നേടാനാകാത്ത ഒരു ദിവാനായിരുന്നു. പിന്നീട് 1860 മുതല്‍ 1879 വരെ വര്‍ഷം ദിവാനായിരുന്ന തോട്ടക്കാട്ട് ശങ്കുണ്ണി മേനോന്‍ വക്കീലന്‍മാര്‍ക്കും ജഡ്ജിമാര്‍ക്കും യോഗ്യതാ പരീക്ഷ നിശ്ചിയിച്ചു കൊണ്ട് നീതിന്യായഭരണം പരിഷ്കരിച്ചു. 1856-ല്‍ ഒരു യൂറോപ്യന്‍ എന്‍ജിനീയറുടെ കീഴില്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. എറണാകുളത്തെ ഇംഗ്ലീഷ് സ്കൂള്‍ സെക്കന്റ് ഗ്രേഡ് കോളേജായി ഉയര്‍ത്തി. 1879-1889 ല്‍ ശങ്കുണ്ണി മേനോന്റെ സഹോദരന്‍ തോട്ടക്കാട്ട് ഗോവിന്ദ മേനോന്‍ ദിവാനായി. കായല്‍ നികത്തി എറണാകുളത്തിന്റെ തീരപ്രദേശം നന്നാക്കിയെടുത്തത് ഈ കാലത്താണ്. സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് ധനസഹായം നല്‍കിയിരുന്നത് ആദ്യമായി ഗോവിന്ദ മേനോന്‍ ദിവാനായപ്പോഴാണ്. നാട്ടുഭാഷയിലും ഇംഗ്ലീഷിലുമുള്ള സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയങ്ങള്‍ തുറന്നത് തിരുവെങ്കിടാചാര്യ (1889 മുതല്‍ 1892 വരെ) ആയിരുന്നു. 1892-96 കാലത്തെ ദിവാനായ ജി.സുബ്രഹ്മണ്യപിള്ള ആരോഗ്യവകുപ്പ് പുനസംഘടിപ്പിച്ചു. 1896-1901 ല്‍ ദിവാനായിരുന്ന രാജഗോപാലാചരിയുടെ കാലത്താണ് ഷൊര്‍ണൂര്‍ - എറണാകുളം തീവണ്ടിപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഇക്കാലത്ത് കൊച്ചിയില്‍ ഒരു ചീഫ് ജസ്റ്റിസും രണ്ട് ജഡ്ജിമാരുമുള്ള ഒരു ചീഫ് കോര്‍ട്ട് സ്ഥാപിച്ചു. ജയിലുകള്‍ പരിഷ്കരിച്ചു. ഈ സമയത്ത് പുരയിടങ്ങളുടെ അതിര്‍ത്തി നിശ്ചയിക്കുന്ന സര്‍വ്വേയും ആരംഭിച്ചിരുന്നു. 1901 -1902 ല്‍ എല്‍ ലോക്കിന്റേയും 1902-1907 ല്‍ എന്‍ പട്ടാഭി രാമറാവുവിന്റേയും കാലത്ത് ഈ സര്‍വ്വേ തുടരുകയും ചെയ്തു.
1907-1914 ല്‍ എ.ആര്‍ ‍ബാനര്‍ജി ദിവാനായിരുന്ന കാലത്താണ് കണ്ടെഴുത്ത് പൂര്‍ത്തിയാക്കിയതും ഭൂമി സംബന്ധമായ രേഖകള്‍ സൂക്ഷിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തത്. 1910-ലെ മുന്‍സിപ്പല്‍ റെഗുലേഷന്‍ അനുസരിച്ച് നഗര സമിതികള്‍ക്ക് രൂപം നല്‍കി. പൊതുജനാരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തി. സാനിറ്ററി ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചു. എറണാകുളം നഗരത്തിലേക്ക് ചൊവ്വരയില്‍ നിന്ന് ശുദ്ധജല വിതരണം തുടങ്ങി.
1914 -1919 ല്‍ ദിവാനായ ജെ.ഡബ്ല്യൂ ഭോര്‍ ഭൂനിയമ പരിഷ്കാരങ്ങളാണ് കൂടുതലും നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്തുകളും സഹകരണ സംഘങ്ങളും ഈ കാലത്ത് രൂപം കൊണ്ടു.
1919 -1922 ല്‍ ദിവാനായ ടി.വിജയ രാഘവാചാരി പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ച ആളായിരുന്നു. 1920-ല്‍ കൊച്ചിയിലെ ആദ്യത്തെ സാമൂഹ്യ നിയമ നിര്‍മ്മാണമായ നായര്‍ റെഗുലേഷന്‍ ആക്ട് നടപ്പിലാക്കി. സ്ത്രീ വിദ്യാഭ്യാസത്തിന് വളരെ പ്രചാരം ഇക്കാലത്തുണ്ടായി എന്നത് എടുത്തു പറയേണ്ട ഒന്നാണ്.
1922-1925 ല്‍ ദിവാനായ പി.നാരായണ മേനോന്റെ കാലത്താണ് ആദ്യമായി കൊച്ചിക്ക് ലെജിസ്ലേറ്റീവ് കൌണ്‍സില്‍ ഉണ്ടായത്. കൊച്ചി തുറമുഖ പദ്ധതിയുടെ ആദ്യഘട്ടം ഈ സമയത്ത് പൂര്‍ത്തിയായി.
1925-1930 ല്‍ ടി.എ.എസ്.നാരായണയ്യരുടെ കാലത്താണ് നഗരങ്ങളില്‍ ശുദ്ധ ജലവിതരണം തുടങ്ങിയത്.
1930-1935 ല്‍ സി.ജി.ഹെര്‍ബര്‍ട്ട് ദിവാനായിരിക്കുമ്പോള്‍ കൊച്ചി ഷൊര്‍ണൂര്‍ തീവണ്ടിപ്പാത മീറ്റര്‍ ഗേജില്‍ നിന്നും ബ്രോഡ് ഗേജാക്കി മാറ്റി. അവശ സമുദായത്തിന്റെ സംരക്ഷണത്തിനു വേണ്ടി ഒരു പ്രത്യേക വകുപ്പ് ഉണ്ടാക്കി.
1935 -1941 ല്‍ ദിവാനായിരുന്ന സര്‍ ആര്‍ കെ ഷണ്‍മുഖം ചെട്ടിയുടെ കാലത്ത് കൊച്ചിയിലെ സെക്രട്ടറിയേറ്റ് ആധുനിക രീതിയില്‍ സംവിധാനം ചെയ്തു. കൊച്ചി തുറമുഖ വികസന പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി. സമുദായ ക്രമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ഒരു പ്രത്യേക സമിതി ഉണ്ടാക്കി. 1938 ജൂണ്‍ 18-ന് കൊച്ചിയിലെ ഹൈക്കോടതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇതേ വര്‍ഷം കൊച്ചിയിലെ കുടിയാന്‍ നിയമവും നടപ്പിലായി. ചില സര്‍ക്കാര്‍ വകുപ്പുകളുടെ ഭരണം നിയമസഭയോട് ഉത്തരവാദിത്വമുള്ള ഒരു മന്ത്രിയെ ഏല്‍പ്പിക്കുന്ന ദ്വിഭരണ സമ്പ്രദായം ആര്‍‍ കെ ഷണ്‍മുഖം ചെട്ടിയുടേതാണ്.
1941-1943 ല്‍ എ.എഫ്.ഡബ്ല്യൂ.ഡിക്സണ്‍ ,1943-1944 സര്‍ ജോര്‍ജ്ജ് ബോഗ്, 1944-1947 സി.പി.കരുണാകര മേനോന്‍ എന്നിവരായിരുന്നു പിന്നീട് കൊച്ചി ഭരിച്ച ദിവാന്‍മാര്‍

No comments:

Post a Comment