Saturday 1 September 2012

കൊച്ചി ചരിത്രം - ഭാഗം 2


കൊച്ചിയിലാദ്യം
ആരോഗ്യ ചരിത്രം
1802-ല്‍ വസൂരിക്കെതിരായ വാക്സിനേഷന്‍ നല്‍കിക്കൊണ്ടാണ് കൊച്ചിയിലെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ആറ് വാക്സിനേറ്റര്‍മാര്‍ അടങ്ങുന്ന സംഘത്തെ 1812-ല്‍ സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും നൂറ്റാണ്ടിന്റെ പകുതി വരെ പ്രതിരോധ കുത്തിവെയ്പിനോട് ജനങ്ങള്‍ക്ക് ഭയമായിരുന്നു. യൂറോപ്യന്‍ ചികിത്സ കൊച്ചിയിലെത്തുന്നത് 1818-ല്‍ ആണ്. മിഷണറിയായിരുന്ന റവ: ജെ.ഡേവിസണ്‍ മട്ടാഞ്ചേരിയിലൊരു ഡിസ്പെന്‍സറി തുറന്നതോടെയാണിത്. എന്നാല്‍ ജനങ്ങളുടെ ഭയം മാറ്റാന്‍ ഇതിനും കഴിഞ്ഞില്ല. സര്‍ക്കാര്‍ ഗ്രാന്‍ഡ് ലഭിച്ചിരുന്നെങ്കിലും രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് അടച്ചുപൂട്ടേണ്ടിവന്നു. 1823-ല്‍ കൊച്ചിയിലെ ദര്‍ബാര്‍ ഫിസിഷ്യനായിത്തീര്‍ന്ന ഒരു ബ്രിട്ടീഷ് സിവില്‍ സര്‍ജനും എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ ജയിലുകളില്‍ ഉപചികിത്സക്ക് പ്രചാരമുണ്ടാക്കി കൊടുത്തു. ആധുനിക ചികിത്സയുടെ ഗുണവശങ്ങള്‍ ജനങ്ങള്‍ വേഗം തിരിച്ചറിഞ്ഞു.
എറണാകുളം ജനറല്‍ ആശുപത്രി
ഇക്കാലത്താണ് കൊച്ചിയിലെ ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രിയായ എറണാകുളം ചാരിറ്റി ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. രോഗികളെ കിടത്തി ചികത്സിക്കുവാനുള്ള സൌകര്യവും ഓപ്പറേഷന്‍ തീയറ്ററും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രത്യേക വാര്‍ഡുകളും ഔട്ട് പേഷ്യന്റ് ഡിസ്പെന്‍സറിയുമായി 1848 (1845) ല്‍ സ്ഥാപിച്ച ആശുപത്രി പിന്നീട് എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍ ആയിത്തീര്‍ന്നു. തുടര്‍ന്ന് നിരവധി ആതുരാലയങ്ങള്‍ ഒന്നൊന്നായി കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1911-ഓടുകൂടി 9 ആശുപത്രികളും 8 ഡിസ്പെന്‍സറികളും സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്ന് ഒരാശുപത്രിയും ഉള്‍പ്പടെ 17 മെഡിക്കല്‍ സ്ഥാപനങ്ങള്‍ കൊച്ചിയില്‍ സേവനമാരംഭിച്ചു. ഇതില്‍ മട്ടാഞ്ചേരി ആശുപത്രി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാത്രമുള്ള ഒന്നായിരുന്നു.
ഇന്ത്യയിലെ ആദ്യ ക്രിസ്തീയമത സ്ഥാപനം
ഇന്ത്യയിലെ ആദ്യത്തെ ക്രിസ്തീയ മതസ്ഥാപനമായ സെന്റ് ഫ്രാന്‍സിസ് പള്ളി ഫോര്‍ട്ടുകൊച്ചിലാണ്. പോര്‍ട്ടുഗീസ് അധിനിവേശത്തിന്റെ ബാക്കി പത്രം കൂടിയാണ് ഈ പള്ളി. 1500-ല്‍ ആണ് ഇത് നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ കാല്‍കുത്തിയ ആദ്യത്തെ യൂറോപ്യന്‍ നാവിക മേധാവി വാസ്കോഡി ഗാമയെ 1524-ല്‍ ഈ പള്ളിയില്‍ അടക്കം ചെയ്തു. 1538-ല്‍ ഭൌതികാവശിഷ്ടങ്ങള്‍ പോര്‍ച്ചുഗലിലേക്ക് കൊണ്ടുപോയെങ്കിലും സ്മാരകശില ഇന്നും പള്ളിക്കുള്ളില്‍ ഉണ്ട്. ആരംഭത്തില്‍ പള്ളി മരം കൊണ്ടായിരുന്നെങ്കിലും പതിനാറ് വര്‍ഷത്തിനു ശേഷം കല്ലുകൊണ്ട് പണിത് പരിശുദ്ധ അന്തോണിയുടെ പേരില്‍ ദേവാര്‍ച്ചന ചെയ്തു. 1663 വരെ ഫ്രാന്‍സിസ്കന്‍ സഭയുടെ കീഴിലായിരുന്നു പള്ളി. കൊച്ചിയെ കീഴടക്കിയ ഡച്ചുകാര്‍ പള്ളിയെ പ്രൊട്ടസ്റ്റന്റ് ദേവാലയമാക്കി മാറ്റി. 1779-ല്‍ അവര്‍ പള്ളി പുതുക്കി പണിതു എന്ന് ശിലാഫലകം തെളിവ് നല്‍കുന്നു. 1795-ല്‍ കൊച്ചി ബ്രിട്ടന്റെ കീഴിലായെങ്കിലും 9 വര്‍ഷം കൂടി പള്ളി ഡച്ചുകാരുടെ കീഴില്‍ തന്നെയായിരുന്നു 19-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ പള്ളി വീണ്ടും രക്ഷക പുണ്യവാളന്റെ നാമധേയത്തിലായി തീര്‍ന്നു. ഇന്നത് ദക്ഷിണേന്ത്യന്‍ സഭയുടെ കീഴിലാണ്.
തീവണ്ടിയോടി തുടങ്ങുന്നു
1902 ജൂണ്‍ 2-നാണ് കൊച്ചിയില്‍ തീവണ്ടി ഓടി തുടങ്ങിയത്. എറണാകുളം -ഷൊര്‍ണൂര്‍ റയില്‍ പാതയിലാണ് ആദ്യവണ്ടിയുടെ യാത്ര. 1899 മദ്രാസ് റെയില്‍വേ കമ്പനി പാതയുടെ പണി തുടങ്ങിയെങ്കിലും പ്രധാന പാലങ്ങളുടെ പണിയിലുണ്ടായ കാലതാമസം കാരണം മൂന്നു വര്‍ഷമെടുത്തു പൂര്‍ത്തിയാവാന്‍ . അതേ വര്‍ഷം ജൂലൈ 16-നാണ് യാത്രാസൌകര്യം ഒരുങ്ങിയത്. പാതയുടെ നീളം 65 മൈല്‍ ആയിരുന്നു. എറണാകുളം -ഷൊര്‍ണൂര്‍ മീറ്റര്‍ഗേജ് 1935-ലാണ് ബ്രോഡ്ഗേജായത്. പിന്നീട് കൊച്ചിന്‍ ഹാര്‍ബര്‍ വരെ പാത നീട്ടി. തുറമുഖ അധികൃതര്‍ ആധുനിക രീതിയില്‍ പണികഴിപ്പിച്ചതാണ് ഇന്നത്തെ കൊച്ചിന്‍ ഹാര്‍ബര്‍ സ്റ്റേഷന്‍
മഹാനഗരത്തിന്റെ ഭൂരേഖകള്‍
ഒരു മഹാപ്രളയത്തില്‍ നിന്നാണ് കൊച്ചി രൂപമെടുക്കുന്നത്. 1341-ല്‍ പെരിയാറില്‍ ഉണ്ടായ പ്രളയം. അന്ന് സമ്പല്‍ സമൃദ്ധിയുടെ പ്രതീകമായി നിലകൊണ്ട കൊടുങ്ങല്ലൂരിലെ മുസിരിസ് തുറമുഖം എക്കലടിഞ്ഞ് ഉപയോഗ ശൂന്യമായി. തെക്ക് കൊച്ചി ഒരു പ്രകൃതിദത്ത തുറമുഖമാവുകയും ചെയ്തു. ഇത് പഴയ കഥ. ഇന്നത്തെ എറണാകുളം ജില്ല രൂപീകരിച്ചത് 1958 ഏപ്രിലില്‍ ആണ്. 2408 കി.മീ.സ്ക്വയര്‍ ആണ് ഇതിന്റെ വിസ്തീര്‍ണ്ണം. വടക്ക് തൃശൂരും കിഴക്ക് ഇടുക്കിയും തെക്ക് ആലപ്പുഴയും കോട്ടയവുമാണ് എറണാകുളത്തിന്റെ അതിര്‍ത്തി ജില്ലകള്‍ ‍. പടിഞ്ഞാറുഭാഗത്ത് നിവര്‍ന്ന് കിടക്കുന്ന അറബിക്കടല്‍ ‍
ആലുവ, കോതമംഗലം, കുന്നത്തുനാട്, കൊച്ചി, മൂവാറ്റുപുഴ, കണയന്നൂര്‍ , പറവൂര്‍ എന്നീ താലൂക്കുകള്‍ ഉള്‍പ്പെടുന്നതാണ് എറണാകുളം ജില്ല. 14 അസംബ്ലി മണ്ഡലങ്ങളാണ് ഈ ജില്ലയിലുള്ളത്. ആലുവ, അങ്കമാലി, എറണാകുളം, കോതമംഗലം, കുന്നത്തുനാട്, മട്ടാഞ്ചേരി, മൂവാറ്റുപുഴ, വൈപ്പിന്‍ , കളമശ്ശേരി, പറവൂര്‍ , പെരുമ്പാവൂര്‍ , പിറവം, തൃപ്പൂണിത്തുറ, തൃക്കാക്കര എന്നിവയാണവ. 2001-ലെ സെന്‍സസ് പ്രകാരം 25,89,038 പേരാണ് ഈ ജില്ലയിലുള്ളത്. ഇടനാട്, മലനാട്, തീരപ്രദേശം എന്നിങ്ങനെ ഭൂഘടനാപരമായി എറണാകുളത്തെ വേര്‍തിരിക്കാം. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ പെരിയാര്‍ , മൂവാറ്റുപുഴ, തൊടുപുഴ ആറുകള്‍ എറണാകുളം ജില്ലയിലൂടെ ഒഴുകുന്നു. വേമ്പനാട്, കൊടുങ്ങല്ലുര്‍ , വരാപ്പുഴ കായലുകളും ജില്ലയെ ജലസമൃദ്ധമാക്കുന്നു. കടലും കായലും നദികളും ചേര്‍ന്ന് സുഖകരമായ കാലാവസ്ഥ എറണാകുളത്തിന് പ്രദാനം ചെയ്യുന്നു.
വില്ലിംഗ്ടണ്‍ , വൈപ്പിന്‍ , രാമന്‍തുരുത്ത്, ബോള്‍ഗാട്ടി, വല്ലാര്‍പാടം, കുമ്പളം, ചേരാനല്ലൂര്‍ എന്നിവ കായലാല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളാണ്. പ്രകൃതിയുടെ സമ്മാനമായ കൊച്ചിതുറമുഖം എറണാകുളം ജില്ലയ്ക്ക് തൊടുകുറിയാണ്.
ഹിന്ദു, ക്രിസ്ത്യന്‍ , മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ കൊച്ചിയിലുണ്ട്. ആതിഥേയത്വം കൊച്ചിയുടെ മുഖമുദ്രയാണ്. ജൂതന്മാര്‍ മുതല്‍ എത്രയോ ജനസമൂഹങ്ങള്‍ കൊച്ചിയില്‍ അഭയം തേടിവന്നിരിക്കുന്നു. ജൂതന്മാര്‍ , ജൈനന്മാര്‍ , ഗൌഡസാരസ്വത ബ്രാഹ്മണര്‍ , ഗുജറാത്തികള്‍ , മറാഠികള്‍ , സിഖുകാര്‍ എന്നിങ്ങനെ പട്ടിക നീളുന്നു. നഗരത്തില്‍ നിന്ന് 10 കി.മീ അകലെയുള്ള കാക്കനാട് ആണ് ജില്ലാകേന്ദ്രം സ്ഥിതിചെയ്യുന്നത്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട നാടാണ് കൊച്ചി. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്സ്സിറ്റി, കണ്ടെയ്നര്‍ ടെര്‍മിനല്‍ എന്നിവയാല്‍ കൊച്ചിവളരുകയാണ്.

No comments:

Post a Comment