Wednesday 4 July 2012

നമ്മുടെ രാഷ്ട്രപതി


തെരഞ്ഞെടുക്കുന്നത് ഇലക്ടറല്‍ കോളജ്
ലോക്സഭ , രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പട്ട അംഗങ്ങളടങ്ങിയ ഇലക്ടറല്‍ കോളജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
ലോക്സഭയില്‍ നിലവിലുള്ള 543 അംഗങ്ങള്‍, രാജ്യസഭയിലെ 233 അംഗങ്ങള്‍(മൊത്തം 776 അംഗങ്ങള്‍), 28 സംസ്ഥാന നിയമസഭകളിലെയും ദല്‍ഹി, പുതുച്ചേരി സംസ്ഥാനങ്ങളിലെയും 4120 അംഗങ്ങളുമാണ് (മൊത്തം 4896) ഈ ഇലക്ടറല്‍ കോളജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
1971ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ചാണ് എം.എല്‍.എമാരുടെ വോട്ടുകളുടെ മൂല്യം  നിശ്ചയിക്കുക. എന്നാല്‍, എം.എല്‍.എമാരുടെ വോട്ടുമൂല്യം  അതത് സംസ്ഥാനത്തിലെ ജനസംഖ്യയുടെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക. ഇതില്‍ ലോക്സഭ, രാജ്യസഭ എം.പിമാരുടെ  വോട്ടുമൂല്യം 708 ആയിരിക്കും. ഇവ തുല്യമായിരിക്കും. സംസ്ഥാനതലത്തില്‍ ഉത്തര്‍പ്രദേശില്‍ 208ഉം സിക്കിമില്‍ ഏഴുമാണ്. കേരളത്തിന്‍െറ മൂല്യം 152 ആണ്.
ഇലക്ടറല്‍ കോളജ് രഹസ്യവോട്ടെടുപ്പിലൂടെയാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാന നിയമസഭാമന്ദിരങ്ങളിലും പാര്‍ലമെന്‍റിലും പോളിങ് സ്റ്റേഷനുകള്‍ ഒരുക്കും. നോമിനേറ്റഡ് അംഗങ്ങള്‍ക്കും  സംസ്ഥാനങ്ങളിലെ  ലെജിസ്ളേറ്റിവ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും വോട്ടവകാശമില്ല.
ആനുപാതിക  പ്രാതിനിധ്യപ്രകാരം  കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ട് സമ്പ്രദായത്തിലാണ് വോട്ട് രേഖപ്പെടുത്തുക. എത്ര സ്ഥാനാര്‍ഥികളുണ്ടോ അത്രയും വോട്ട് മുന്‍ഗണനാക്രമത്തില്‍ ഒരു വോട്ടര്‍ക്ക് ചെയ്യാവുന്നതാണ്.അതായത്, 1,2,3,4,5,6,....., എന്ന ക്രമത്തില്‍ ബാലറ്റ്  പേപ്പറില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുക.
കൗതുകമുണര്‍ത്തുന്ന വോട്ടെണ്ണല്‍
വോട്ടെണ്ണുന്നരീതിയും ഏറെ ശ്രദ്ധേയമാണ്. എല്ലാ സ്ഥാനാര്‍ഥികള്‍ക്കുംകൂടി കിട്ടിയ വോട്ടിന്‍െറ മൂല്യം നിര്‍ണയിക്കുകയാണ് ആദ്യം ചെയ്യുക. അതിന്‍െറ പകുതിയോട് ഒന്നുകൂട്ടി കിട്ടുന്ന സംഖ്യക്ക് ക്വോട്ട എന്നാണ്  പറയുക.
10,00000 വോട്ടാണ് ആകെ പോള്‍ ചെയ്ത വോട്ടിന്‍െറ മൂല്യമെങ്കില്‍ ഏറ്റവും കുറഞ്ഞത് 5,00000 +1 എന്ന കണക്കില്‍ 5,00001 മൂല്യ വോട്ടായി കണക്കാക്കി മുന്‍ഗണനാ വോട്ടുകിട്ടുന്ന ആള്‍ ജയിച്ചതായി പ്രഖ്യാപിക്കും. അഥവാ ആര്‍ക്കും ജയിക്കാനാവശ്യമായ ക്വോട്ട ലഭിക്കാത്തപക്ഷം വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കും.
തുടര്‍ന്ന്, ഏറ്റവും കുറവ് വോട്ട് കിട്ടിയ സ്ഥാനാര്‍ഥിയുടെ ബാലറ്റ് പരിശോധിക്കും. ആ സ്ഥാനാര്‍ഥിയെ ഒഴിവാക്കി,  അദ്ദേഹത്തിന്‍െറ ബാലറ്റ് പേപ്പറുകളില്‍ അടുത്ത മുന്‍ഗണനകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ആര്‍ക്കുവേണ്ടിയാണോ ആ സ്ഥാനാര്‍ഥിക്ക് കൈമാറും. ഇത്  ആ സ്ഥാനാര്‍ഥിക്ക് ആദ്യം ലഭിച്ച വോട്ടുകളോടൊപ്പം കൂട്ടുന്നു.
ഇങ്ങനെ കൂട്ടുമ്പോള്‍ ക്വോട്ടയിലത്തെുന്ന സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കും. അങ്ങനെവരുമ്പോഴും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണെങ്കില്‍ ഏറ്റവും കുറവ് വോട്ട്   കിട്ടിയ അടുത്ത സ്ഥാനാര്‍ഥിയെ ഒഴിവാക്കും. തുടര്‍ന്ന്, അയാളുടെ മുന്‍ഗണനാ വോട്ടുകള്‍ കൈമാറ്റംചെയ്യപ്പെടും.   
ഈ  നടപടിക്രമം തുടരുമ്പോള്‍ ആര്‍ക്കും ക്വോട്ട ലഭിക്കാതെ ഒരു സ്ഥാനാര്‍ഥിമാത്രം അവശേഷിക്കുന്നഘട്ടത്തില്‍ ആ സ്ഥാനാര്‍ഥിയെ ക്വോട്ട  വോട്ട് ലഭിച്ചില്ളെങ്കിലും വിജയിയായി പ്രഖ്യാപിക്കും. ഈ രീതിയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പുപ്രക്രിയ നടക്കുന്നത്.


മത്സരിക്കാനുള്ള യോഗ്യതകള്‍
നമ്മുടെ രാഷ്ട്രപതിയാകുന്നയാള്‍ 35 വയസ്സ്  പൂര്‍ത്തിയായ ഇന്ത്യന്‍പൗരനായിരിക്കണം. അതോടൊപ്പം, ലോക്സഭാംഗമാകാനുള്ള എല്ലാ യോഗ്യതകളുമുണ്ടായിരിക്കണം. നിലവില്‍  സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കരുത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയെ കുറഞ്ഞത് 50 വോട്ടര്‍മാര്‍ചേര്‍ന്ന് നിര്‍ദേശിക്കണം. അതോടൊപ്പം, 50 വോട്ടര്‍മാര്‍ പ്രസ്തുത സ്ഥാനാര്‍ഥിയെ പിന്തുണക്കുകയുംവേണം. 15,000 രൂപ കെട്ടിവെക്കണം.
തെരഞ്ഞെടുപ്പിന്‍െറ നാള്‍വഴികള്‍
നമ്മുടെ രാജ്യത്ത് ഇതുവരെ 12 രാഷ്ട്രപതി തെരഞ്ഞെടുപ്പുകളാണ്  നടന്നത്. 1952 മേയ് 2,  1957 മേയ് 6, 1962 മേയ് 7, 1967 മേയ് 6, 1969 ആഗസ്റ്റ് 16, 1974 ആഗസ്റ്റ് 17, 1977 ആഗസ്റ്റ് 6, 1982 ജൂലൈ 12, 1987 ജൂലൈ 13, 1992 ജൂലൈ 13, 1997 ജൂലൈ 14, 2002 ജൂലൈ 15, 20മ07 ജൂലൈ 19 തീയതികളിലാണ്  ആ തെരഞ്ഞെടുപ്പുകള്‍ നടന്നത്. മത്സരരംഗത്ത് ഒരാള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതിനാല്‍ 1977ല്‍ മത്സരം നടന്നില്ല. ആ വര്‍ഷം നീലം സഞ്ജീവ റെഡ്ഡിയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. അങ്ങനെ അത് ചരിത്രമാവുകയും ചെയ്തു.


ഇപ്രാവശ്യം വോട്ടുമൂല്യം ഇങ്ങനെ
* എം.പിമാരുടെ വോട്ടുമൂല്യം:  5,49,408
* എം.എല്‍.എമാരുടെ വോട്ടുമൂല്യം: 6,49,474
* മൊത്തം വോട്ടുമൂല്യം: 10,98,882
* വിജയിക്കാന്‍വേണ്ട മൂല്യവോട്ട്: 5,49,442
* യു.പി.എയുടെ വോട്ടുമൂല്യം 4,60,191 (42%)
* എന്‍.ഡി.എയുടെ വോട്ടുമൂല്യം: 3,04,785 (28%)
* യു.പി.എ, എന്‍.ഡി.എ ഇതരകക്ഷികളുടെ
   വോട്ടുമൂല്യം: 2,62,408 (24%)
* ചെറുപാര്‍ട്ടികളുടെ വോട്ടുമൂല്യം: 71,498 (6%)
സത്യവാചകം ആര് ചൊല്ലിക്കൊടുക്കും?           
രാഷ്ട്രപതിയാകുന്ന വ്യക്തിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആണ്. അദ്ദേഹത്തിന്‍െറ അസാന്നിധ്യത്തില്‍ സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിയാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.
പ്രധാന അധികാരങ്ങള്‍, കര്‍ത്തവ്യങ്ങള്‍
പാര്‍ലമെന്‍റിന്‍െറ ഭാഗമാണെങ്കിലും രാഷ്ട്രപതി  ലോക്സഭയിലോ രാജ്യസഭയിലോ ഇരിക്കുകയോ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്യാറില്ല. യഥാകാലം ഇരു സഭകളുടെയും സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുന്നത് രാഷ്ട്രപതിയാണ്. അദ്ദേഹത്തിന് സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കാനും ലോക്സഭ പിരിച്ചുവിടാനും അധികാരമുണ്ട്.
സഭകള്‍ സമ്മേളിക്കാത്ത അവസരങ്ങളില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ അധികാരമുണ്ട്. ഇരുസഭകളും പാസാക്കിയ ബില്‍ നിയമമാകണമെങ്കില്‍ രാഷ്ട്രപതി ഒപ്പിടണം. പാര്‍ലമെന്‍റിലേക്കുള്ള ഓരോ പൊതുതെരഞ്ഞെടുപ്പിനുശേഷവും അതിന്‍െറ പ്രഥമ സമ്മേളനത്തിലും ഓരോ വര്‍ഷത്തെയും ആദ്യ സമ്മേളനത്തിലും ഇരുസഭകളുടെയും സംയുക്ത സമ്മേളനങ്ങളിലും രാഷ്ട്രപതി അഭിസംബോധന ചെയ്ത് പ്രസംഗിക്കണം.
പാര്‍ലമെന്‍റിന്‍െറ ഓരോ സഭയെയും പ്രത്യേകമായോ ഇരുസഭകളെയും സംയുക്തമായോ അഭിസംബോധന ചെയ്യാവുന്നതാണ്. ഇതിനായി അംഗങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശംകൊടുക്കാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്. ചില പ്രത്യേകതരം ബില്ലുകള്‍ രാഷ്ട്രപതിയുടെ നിര്‍ദേശം ലഭിച്ചതിനുശേഷമേ അവതരിപ്പിക്കാനും ചര്‍ച്ചക്കെടുക്കാനും അനുവാദമുള്ളൂ.
ലോക്സഭയിലെ പ്രോടെം സ്പീക്കറെയും രാജ്യസഭയിലെ ആക്ടിങ് ചെയര്‍മാനെയും നിയമിക്കുന്നതും രാഷ്ട്രപതിയാണ്.
ആദ്യത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ്
1952ല്‍ നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ ഡോ. രാജേന്ദ്രപ്രസാദാണ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചു  സ്ഥാനാര്‍ഥികളായിരുന്നു ആ തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ടായിരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം രാഷ്ട്രപതിസ്ഥാനം വഹിച്ച വ്യക്തിയാണ് ഇദ്ദേഹം.
ബിഹാറാണ് അദ്ദേഹത്തിന്‍െറ സംസ്ഥാനം. കേന്ദ്രമന്ത്രിയായശേഷം രാഷ്ട്രപതിയാകുന്ന വ്യക്തിയാണ് ഇദ്ദേഹം.1946ലെ ഇടക്കാല മന്ത്രിസഭയില്‍ ഭക്ഷ്യ,കൃഷിമന്ത്രിയായിരുന്നു. സ്വാതന്ത്ര്യാനന്തരം തെരഞ്ഞെടുക്കപ്പെട്ട ജവഹര്‍ലാല്‍ മന്ത്രിസഭയിലും ഇതേ വകുപ്പില്‍ മന്ത്രിയായിരുന്നു.
ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായ ഭരണഘടനാ നിര്‍മാണസഭയാണ് നമ്മുടെ രാജ്യത്തിന്‍െറ ഭരണഘടന നിര്‍മിച്ചത്. ഭാരതം റിപ്പബ്ളിക്കായ 1950 ജനുവരി 26മുതല്‍ അദ്ദേഹം ഇടക്കാല രാഷ്ട്രപതിയായി പ്രവര്‍ത്തിച്ചു. ഇതുള്‍പ്പെടെ മൂന്നുതവണ അദ്ദേഹം ഈ സ്ഥാനം അലങ്കരിച്ചു.1962ല്‍ ഭാരതരത്ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1963ഫെബ്രുവരി 28ന് 78ാം വയസ്സില്‍  അദ്ദേഹം അന്തരിച്ചു.
‘സത്യഗ്രഹ ഓഫ് ചമ്പാരന്‍’, ‘വിഭജിക്കപ്പെട്ട ഇന്ത്യ’, ‘ആത്മകഥ’, ‘മഹാത്മജിയുടെ പാദങ്ങളില്‍’ എന്നിവ പ്രധാന പുസ്തകങ്ങളാണ്.                      -velicham



പ്രണബ് രാഷ്ട്രപതിയായി

No comments:

Post a Comment