Wednesday, 4 July 2012

ഉസ്താദും ഞാനും



വൈക്കം മുഹമ്മദ് ബഷീര്‍ ഇപ്പോള്‍ ബേപ്പൂര്‍ സുല്‍ത്താന്‍ എന്നാണറിയപ്പെടുന്നതെങ്കിലും അദ്ദേഹം ബേപ്പൂരില്‍ താമസമാക്കുന്നതിനുമുന്‍പ് പല ആരാധകന്മാരും 'ഗുരു' എന്നായിരുന്നു വിളിച്ചിരുന്നത്. ഒരുപക്ഷേ, ഇതു തുടങ്ങിയത് ബഷീറിന്റെ പല കൃതികളിലും വാത്സല്യപൂര്‍വം 'പരമു' എന്ന് വിളിക്കുന്ന ശോഭനാ പരമേശ്വരന്‍ നായര്‍ ആയിരിക്കാം. എന്തോ കാരണവശാല്‍ ബഷീറിനെ ഞാന്‍ 'ഉസ്താദ്' എന്ന് വിളിക്കാന്‍ തുടങ്ങി. 'ഉസ്താദ്' എന്നത് 'ഗുരു'വിന്റെ അറബി പര്യായമാണല്ലോ.

ഞാനാദ്യം ഉസ്താദിനെ പരിചയപ്പെട്ടത് 1953-ലോ '54-ലോ മദിരാശിയില്‍ വെച്ചാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകമായ ബാല്യകാലസഖി വായിച്ചതുമുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറി. പിന്നീട് പ്രസിദ്ധപ്പെടുത്തിയ എല്ലാ പുസ്തകങ്ങളും വാങ്ങുകയും വീണ്ടും വീണ്ടും വായിച്ചാസ്വാദിക്കുകയും ചെയ്തിരുന്നു. ആ കാലഘട്ടത്തില്‍ ഞങ്ങള്‍ ചിലര്‍, കോഴിക്കോട്ട് ആരംഭിച്ച കലാസമിതി പ്രസ്ഥാന പ്രവര്‍ത്തനത്തിലും നാടകോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലും വളരെയധികം താത്പര്യം കാണിച്ചിരുന്നു. ന്റുപ്പുപ്പാ ഒരു നാടകമായി അവതരിപ്പിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അതിന്റെ സന്ദേശവും ചിരിപ്പിക്കുന്ന സംഭാഷണവും ചിരിച്ചു കഴിഞ്ഞാല്‍ ഊറിനില്ക്കുന്ന ആന്തരതത്ത്വങ്ങളുടെ കയ്പുരസവും എന്നെ അതിയായി ആകര്‍ഷിച്ചു. മധുരമുള്ള ചോക്കലേറ്റ് തിന്നു കഴിയുമ്പോള്‍ വായില്‍ അവശേഷിക്കുന്ന കൊക്കോയുടെ കയ്പാണ് അത് പലവുരു വായിച്ചപ്പോഴും എന്നിലുണ്ടായ പ്രതീതി.

ആ കാലത്ത് ബഷീര്‍ മദിരാശിയില്‍ എഗ്‌മോര്‍ ഹൈറോഡില്‍ ആയിരുന്നു താമസം. രണ്ടാം നിലയിലെ സിമന്‍റുപാകിയ ടെറസ്സിന്റെ ഒരു ഭാഗത്തുള്ള രണ്ടു മുറിയില്‍. അത് അവിവാഹിതരുടെ ലോഡ്ജായിരുന്നു. ഞാനാദ്യം ചെന്ന അവസരത്തില്‍ ബഷീര്‍ തനിച്ചായിരുന്നു.
അദ്ദേഹം ഒരു മുണ്ടുടുത്ത് അര്‍ധനഗ്‌നനായി കസേരയിലോ ചാരുകസേരയിലോ ഇരിക്കുകയായിരുന്നു. വടിവൊത്ത മസിലുകള്‍ എടുത്തുകാട്ടിക്കൊണ്ടുള്ള ശരീരം എത്ര മനോഹരം എന്നായിരുന്നു ആദ്യം എനിക്കുതോന്നിയത്. ഒരു ബീഡി വലിക്കുന്നുണ്ടായിരുന്നു.
ഞാന്‍ സ്വയം പരിചയപ്പെടുത്തി. കുശലപ്രശ്‌നമെന്ന നിലയ്ക്ക് പ്രാധാന്യമില്ലാത്ത പലതിനെപ്പറ്റിയും സംസാരിച്ചു. എനിക്കാ മനുഷ്യനെ വളരെ ഇഷ്ടപ്പെട്ടു. ബഷീറിന് എന്നെ ഇഷ്ടപ്പെട്ടോ എന്ന് പറയാനാവില്ല. ആ വിശാലഹൃദയന് ആരെയെങ്കിലും വെറുക്കാന്‍ സാധിക്കുമോ എന്നെനിക്കു സംശയമാണ്. വല്ലവരിലും വല്ല കുറ്റങ്ങളോ വീഴ്ചകളോ കണ്ടാലും അവരുടെ നല്ല വശങ്ങള്‍ കണ്ടുപിടിച്ച് നല്ല വാക്കു പറയുന്ന ഒരു മനുഷ്യനാണ് ബഷീര്‍. ഞങ്ങള്‍ തമ്മില്‍ എങ്ങനെയോ ഒരു സൗഹാര്‍ദം രൂപപ്പെട്ടുവന്നു.

ന്റുപ്പുപ്പാ ഒരു നാടകമാക്കണമെന്ന എന്റെ അഭിലാഷം ഞാന്‍ മടിയോടുകൂടി അദ്ദേഹത്തിന്റെ മുന്നില്‍ വെച്ചപ്പോള്‍ ആദ്യം ചോദിച്ച ചോദ്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു: 'നിങ്ങള്‍ക്ക് പാചകം ചെയ്യാനറിയുമോ?' ഞാന്‍ വളരെ മടിച്ചു മറുപടി പറഞ്ഞു: 'എനിക്ക് ചായ ഉണ്ടാക്കാന്‍ അറിയാം. പക്ഷേ, അത് വേറെ വല്ലവരും ഇഷ്ടപ്പെടുമോ എന്നത് അറിയില്ല.' അദ്ദേഹം ചുണ്ടുകള്‍ അമര്‍ത്തിപ്പിടിച്ച് പരിഹാസമായ ഗൗരവത്തോടുകൂടി എന്നെ നോക്കി: 'നിങ്ങള്‍ക്ക് ബിരിയാനി വയ്ക്കാന്‍ അറിയുമോ?' ഞാന്‍ ഉടനെ മറുപടി പറഞ്ഞു. 'ഇല്ല.' അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: 'എനിക്കു ബിരിയാനി വയ്ക്കാനറിയാം, മീന്‍ മുളകിട്ടുവെയ്ക്കുന്നതും എനിക്കറിയാം. ഇതു ശരിയോ എന്ന് പരീക്ഷിക്കണമെങ്കില്‍ നിങ്ങള്‍ എനിക്ക് മീന്‍ വാങ്ങിച്ചുകൊണ്ടുത്തരണം.' കെട്ടുപോയ ബീഡിക്കുറ്റി നിലത്തെറിഞ്ഞ് വേറെ ഒന്നു കത്തിച്ചു. എന്റെ അപേക്ഷയെ സംബന്ധിച്ച് കുറച്ചുകൂടി പ്രസക്തമായതായിരുന്നു പിന്നത്തെ ചോദ്യം. 'നിങ്ങള്‍ക്ക് ഒരു താമരക്കുളം ഉണ്ടാക്കാന്‍ കഴിയുമോ? പെണ്ണട്ടകളെ കൊണ്ടുവരാമോ?' ന്റുപ്പുപ്പായിലെ കഥാനായിക കുഞ്ഞുപാത്തുമ്മ ഒരു താമരക്കുളത്തില്‍ കുളിച്ചപ്പോള്‍ തുടയ്ക്ക് ഒരട്ട കടിച്ച സംഭവമാണ് അദ്ദേഹം സൂചിപ്പിച്ചത്. അവള്‍ അട്ടയെ വലിച്ചെടുത്ത് അതിനെ ശാസിച്ച് പിന്നെ ചവിട്ടിത്തേയ്ക്കാന്‍ പോകുമ്പോള്‍ പെട്ടെന്നോര്‍ത്തത് അതൊരു പെണ്ണട്ടയായിരിക്കുമെന്നും അതിന്റെ കുട്ടി അട്ടകള്‍ അമ്മയെ കാത്തിരിക്കുന്നുണ്ടാകും എന്നുമായിരുന്നു. ഈ ആലോചന മനസ്സില്‍ തോന്നിയപ്പോള്‍ കുഞ്ഞിപ്പാത്തുമ്മ അട്ടയെ വളരെ ദയാപൂര്‍വം കുളത്തില്‍ത്തന്നെ വിട്ടു. മനുഷ്യത്വത്തിന്റെ മഹത്തായ മാതൃക! തത്ത്വജ്ഞാനം പറയാതെ ആളുകളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള ബഷീറിന്റെ കഴിവിന്റെ ഒരുത്തമ തെളിവാണിത്.
പിന്നീട് പലവുരു ഞാനവിടെ പോയപ്പോഴെല്ലാം ഉസ്താദും ഞാനും പല കാര്യങ്ങളെക്കുറിച്ചു സംസാരിച്ചു. ബഷീറിന്റെ ആ ലോഡ്ജില്‍ ഞാനൊരു നിത്യസന്ദര്‍ശകനായി മാറി. അവിടുത്തെ ജീവിതത്തെപ്പറ്റിയും വീട്ടുടമയുമായിട്ടുള്ള പ്രശ്‌നങ്ങളെപ്പറ്റിയും ബഷീര്‍ എന്നെ പറഞ്ഞു ധരിപ്പിച്ചു. വീട്ടുടമ ഒരു ബ്രാഹ്മണ സ്ത്രീയായിരുന്നു - ഒരു വിധവ. ആ മുറി വാടക കൊണ്ടുവേണം അവര്‍ക്ക് കഴിയാന്‍. അവിടെ താമസിക്കുന്ന അവിവാഹിതരാണെങ്കില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഗതിമുട്ടിയവരായിരുന്നു. വാടക ആവശ്യപ്പെട്ടുവരുന്ന വീട്ടുടമയെ പറഞ്ഞു സമാധാനിപ്പിക്കുന്നത് ബഷീറിന്റെ ഡ്യൂട്ടിയായിരുന്നു. ബഷീര്‍ കഥ വിസ്തരിച്ചു പറഞ്ഞപ്പോള്‍ അതൊരു ചിരിപ്പിക്കുന്ന ഇതിഹാസമായി മാറി. ആ സന്ദര്‍ശനങ്ങള്‍ എന്നെ ബഷീറിന്റെ അടിമ/ആരാധകന്‍/അനുയായി - എങ്ങനെ വേണമെങ്കിലും വിളിച്ചോളൂ - ആക്കിമാറ്റി.
അടുത്ത രണ്ടു മൂന്നു വര്‍ഷം ഞാന്‍ ബഷീറിനെ കണ്ടുകൊണ്ടിരുന്നത് എറണാകുളത്തുവെച്ചായിരുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ പുസതകക്കടയില്‍, ചിലപ്പോള്‍ പ്രാക്കുളം ഭാസിയുടെ ഷണ്‍മുഖം റോഡിലുള്ള സീവ്യൂ ഹോട്ടലില്‍. ഉസ്താദിന്റെ കൂടെ ബഷീര്‍ ബുക്‌സ്റ്റാളില്‍ ഇരിക്കുന്നത് മറക്കാനാവാത്ത അനുഭവമായിരുന്നു. എറണാകുളം ടി.ബി. റോഡിലുള്ള ആ സ്ഥാപനത്തിന്റെ മുന്‍പില്‍ കൂടി പോകുന്ന മിക്കവാറും ജനങ്ങളെ - ആണായാലും പെണ്ണായാലും ശരി ബഷീറിനറിയാമായിരുന്നു. ചിലര്‍ നോക്കി തലയാട്ടുകയോ ചിരിക്കുകയോ ചെയ്യും. ചിലര്‍ പുസ്തകങ്ങള്‍ വാങ്ങാനില്ലെങ്കിലും കൂടി അവിടെ കേറി കുശലം പറയും. ബഷീര്‍ നല്ല പുസ്തകങ്ങള്‍ അണിനിരത്തുവാന്‍ വിദഗ്ധനായിരുന്നു. എന്നതില്‍ സംശയമില്ല. പക്ഷേ, അതേ വൈദഗ്ധ്യം കച്ചവടത്തില്‍ കാണിച്ചിരുന്നുവോ എന്നുള്ളത് എനിക്കുറപ്പില്ല. വല്ലവരും കേറി ഒരു നല്ല പുസ്തകം വാങ്ങിയാല്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. പക്ഷേ, അതിന്റെ വില കാശായി വാങ്ങുന്നതില്‍ വ്യഗ്രത കാണിച്ചിരുന്നില്ല.

ബഷീറിന്റെ ഏതോ ഒരു പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹത്തോട് പുസ്തകങ്ങള്‍ വാങ്ങി കാശ് കൊടുക്കാത്തവരുടെ ഒരു ലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ അധികവും സാഹിത്യകാരന്മാരുടേയും സ്‌നേഹിതന്മാരുടേയും പേരുകളാണ്. അല്ലാത്തവരുടെ ഒരു നീണ്ട ലിസ്റ്റും കാണും; അവരെ ആര്‍ക്കറിയാം? ഭാഗ്യവശാല്‍ എന്നെ ഒരു 'നല്ല കുട്ടി'യായിട്ടാണ് കണക്കാക്കിയിരുന്നത്. പല പുസ്തകങ്ങളും അദ്ദേഹം എനിക്കുവേണ്ടി തെരഞ്ഞെടുത്തു തന്നിട്ടുണ്ട്. ഒരു പുസ്തകത്തിന്റെ പേര് ഞാന്‍ പ്രത്യേകിച്ചോര്‍മിക്കുന്നു. ആക്‌സല്‍ മുന്തേയുടെ ദ സ്‌റ്റോറി ഓഫ് സാന്‍മിഷേല്‍ (The Story of Saint Maichel Axel Munthe) അത് വായിക്കുന്നതു തന്നെ ഒരു ഇന്റലക്ച്ചുവല്‍ എക്‌സ്പീരിയന്‍സ് (Intellectual Experience) ആയിരുന്നുവെന്ന് പറയാതിരിക്കാന്‍ വയ്യ. ഞാന്‍ എടുക്കുന്ന ചില പുസ്തകങ്ങളുടെ അകം ചട്ടയില്‍ എന്തെങ്കിലും കുറിക്കുന്നത് അദ്ദേഹത്തിന്റെ വിനോദമായിരുന്നു. അങ്ങനെ എഴുതിവെച്ച ന്റുപ്പുപ്പായുടെ ഒരു കോപ്പി ഇപ്പോഴും എന്റെ കൈയിലുണ്ട്. 'അബ്ദുള്ളയ്ക്ക്, ഒരു ചെറിയ ജീവനുള്ള ആനയ്ക്ക് പകരമായി' വേറെ പല പുസ്തകങ്ങളിലും പലതും എഴുതിയിട്ടുണ്ട്. അവ ഒരു മുതല്‍കൂട്ടായി ഞാന്‍ കണക്കാക്കുന്നു.

അതിനിടയ്ക്ക് വേറൊരു കാര്യം പറഞ്ഞുകൊള്ളട്ടെ. ഞങ്ങളുടെ എല്ലാവരുടെയും ഒരു ഉത്തമ മിത്രമായിരുന്നു പരേതനായ മുല്ലവീട്ടില്‍ അബ്ദുറഹിമാനും ഞാനുമാണ് എറണാകുളത്തുപോയാല്‍ പതിവായി ബഷീറിനെ കാണാറുള്ളത്. ചിലപ്പോള്‍ ഞങ്ങള്‍ ബഷീറിനോട് പണം കടംചോദിക്കും. ഉണ്ടെങ്കില്‍ അദ്ദേഹം തരികയും ചെയ്യും. പക്ഷേ, തരുമ്പോള്‍ ഒരു ഉപദേശം കൂടി ഉണ്ടാകും: 'ചീത്ത കാര്യങ്ങള്‍ക്ക് ചെലവാക്കരുത്' ഇങ്ങനെ തരുന്ന കടം ബഷീര്‍ ഒരിക്കലും തിരിച്ചുചോദിക്കാറില്ല. ഞങ്ങള്‍ ഓര്‍മിച്ചുതിരിച്ചുകൊടുക്കുമെന്ന് മാത്രം.
ബഷീറിന്റെ ചുറ്റുപാടുമുള്ള മനുഷ്യരോട് അദ്ദേഹത്തിനുള്ള സൗഹാര്‍ദവും അവര്‍ക്ക് ഇങ്ങോട്ടുള്ള വാത്സല്യവും ബഹുമാനവും അദ്ഭുതകരമായിരുന്നു. ബുക്‌സാറ്റാളിലെ നിരന്തര ചങ്ങാതിമാര്‍ പോഞ്ഞിക്കര റാഫിയും പെരുന്ന തോമസുമായിരുന്നു. ബഷീര്‍ കടവിട്ട് പുറത്തുപോകുമ്പോള്‍ അവരാണ് അവിടുത്തെ കാര്യങ്ങള്‍ നോക്കുക. പിന്നെയുള്ള രണ്ട് ഉറ്റ ചങ്ങാതിമാര്‍ പത്രപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ എം.പി. കൃഷ്ണപിള്ളയും പ്രാക്കുളം ഭാസിയുമായിരുന്നു. കൃഷ്ണപിള്ള ബുക്‌സ്റ്റാളിനടുത്തുണ്ടായിരുന്ന 'എം.പി സ്റ്റുഡിയോ'യുടെ ഉടമസ്ഥനായിരുന്നു. പ്രാക്കുളം ഭാസി 'സീ വ്യൂ ഹോട്ടലി'ന്റെ ഉടമസ്ഥനെന്ന നിലയ്ക്ക് കൊടിപറപ്പിച്ചിരുന്ന കാലമായിരുന്നു. ബഷീറിന്റെ സ്‌നേഹിതന്മാര്‍ ആ മാതിരി ആള്‍ക്കാര്‍ മാത്രമായിരുന്നില്ല. പുസ്തകക്കടയുടെ തൊട്ട് ഒരു കുട ഷാപ്പുണ്ടായിരുന്നു. അവിടുത്തെ ജോലിക്കാര്‍ ബഷീറിന് ഒരു കുട സമ്മാനിച്ചു. അതിന്റെ തുണിയില്‍ സുവര്‍ണലിപികളില്‍ 'വൈക്കം മുഹമ്മദ് ബഷീര്‍' എന്നെഴുതിയിരുന്നു. ബഷീര്‍ ഒരിക്കല്‍ ആ കുട നിവര്‍ത്തി പേരെനിക്ക് കാണിച്ചുതന്നിട്ട്, ഒരു ഗൂഢാലോചനക്കാരന്‍ പറയുന്ന മാതിരി രഹസ്യത്തില്‍ എന്നോടു പറഞ്ഞു: 'പേരെന്തിനാണെന്നറിയാമോ? എന്റെ ചങ്ങാതികള്‍ എന്നു പറയുന്നവര്‍ - ആ കഴുവേറിയുടെ മക്കള്‍ - മോഷ്ടിച്ചു കൊണ്ടുപോകാതിരിക്കാന്‍!' ആ കാലത്ത് ബഷീര്‍ 'സുല്‍ത്താന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്നില്ലെങ്കിലും എറണാകുളത്ത് അദ്ദേഹം ഒരു സഹൃദയ ദര്‍ബാറിലെ രാജാവായിരുന്നു!

ബഷീറിന് ആരുമായും അനായാസേന സ്‌നേഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു. വ്യക്തിപരമായി മാത്രമേ അദ്ദേഹത്തിന് അത് സാധിച്ചിരുന്നുള്ളൂ. ഒരു കൂട്ടത്തില്‍പ്പോയാല്‍ ഭയങ്കര നാണം കുണുങ്ങിയാണ്. പൊതുസമ്മേളനങ്ങള്‍, മീറ്റിങ്ങുകള്‍ എന്നിവയില്‍ അദ്ദേഹം ഒരിക്കലും പങ്കെടുത്തിരുന്നില്ല. അതുപോലെത്തന്നെ കേരളത്തിലെ സാഹിത്യകാരന്മാര്‍ മിക്കവരിലുമുള്ള ആ പ്രത്യേക സുഖക്കേട്, തരം കിട്ടിയാല്‍ വാചകമടിക്കലും പ്രസംഗിക്കലും അദ്ദേഹത്തെ തീരെ ബാധിച്ചിരുന്നില്ല. പൊതുയോഗങ്ങള്‍ മാത്രമല്ല ചെറിയ സദസ്സുകളില്‍പ്പോലും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നില്ല. അദ്ദേഹം അവസാന കാലത്താണ് ഇതിനൊരയവുവരുത്തിയത്. നിര്‍ബന്ധിച്ചാല്‍ അത്യാവശ്യം സദസ്സുകളില്‍ വന്നിരിക്കാറുണ്ടായിരുന്നു.

ബഷീര്‍ കുറച്ചുകാലം മാനസിക രോഗിയായി എന്നുള്ള വിവരം അദ്ദേഹത്തിന്റെ സ്‌നേഹിതന്മാര്‍ക്കും ആരാധകന്മാര്‍ക്കു അറിയാവുന്ന സംഗതിയാണല്ലോ. കുറച്ചുകാലം അദ്ദേഹം തൃശ്ശൂരിനടുത്തുള്ള മാനസിക രോഗങ്ങള്‍ ചികിത്സിക്കുന്ന ഒരു ആയുര്‍വേദാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരിക്കല്‍ ഞാനദ്ദേഹത്തെ അവിടെപ്പോയി കണ്ടതോര്‍ക്കുന്നു. അവിടുത്തെ പ്രധാന വൈദ്യര്‍ വല്ലപ്പുഴയുടെ ചികിത്സയിലായിരുന്നു. ദിവസേന തേച്ചുകുളി, തലയില്‍ ഒരു പ്രത്യേക എണ്ണ, 'നസ്യം' എന്ന പേരില്‍ രൂക്ഷമായ മരുന്ന് മൂക്കില്‍ക്കൂടി കൊടുക്കല്‍ -ഇതായിരുന്നു ചികിത്സ. അന്ന് ഈ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞിരിക്കുമ്പോഴാണ് ഞങ്ങള്‍ കയറിച്ചെന്നത്. കണ്ണില്‍നിന്നും മൂക്കില്‍നിന്നും ധാരാളം വെള്ളംഒഴുകിക്കൊണ്ടിരുന്നു. പക്ഷേ, സാധാരണ പറയുന്ന തമാശകള്‍ക്കോ, സംഭാഷണത്തിനോ ഒരു കുറവുമുണ്ടായിരുന്നില്ല. അവിടുത്തെ പരിചാരകന്മാര്‍ ഞങ്ങളെ തള്ളിപ്പുറത്താക്കിയിരുന്നില്ലെങ്കില്‍ ഞങ്ങളവിടെ വളരെ നേരം ഇരുന്നുപോകുമായിരുന്നു. ആശുപത്രിയിലെ ചികിത്സ കഴിഞ്ഞപ്പോള്‍ ബഷീര്‍ തുടര്‍ച്ചയായ വിശ്രമത്തിനും മറ്റും തൃശ്ശൂരില്‍ ഒരു വാടകവീട്ടില്‍ രണ്ടുമാസം താമസിച്ചിരുന്നു. അപ്പോഴുള്ള ചികിത്സയും മുന്‍പത്തെ മാതിരി തന്നെയായിരുന്നു. തേച്ചുകുളി, നസ്യം കണ്ണില്‍ ഒരു പ്രത്യേകതരം മഷിയിടല്‍, ആ കണ്‍മഷി ഒരുഗ്രന്‍ സാധനമായിരുന്നു. കണ്ണിനും കാഴചയ്ക്കും വളരെ ഗുണം ചെയ്യുമെന്നാണ് വെപ്പ്. പക്ഷേ, ഇട്ടുകഴിഞ്ഞാല്‍ ഒന്നു രണ്ട് മണിക്കൂര്‍ കണ്ണ് ഭയങ്കരമായി എരിയുമായിരുന്നു.

പാത്തുമ്മയുടെ ആടിന്റെ ആമുഖത്തില്‍ ഇതിനെപ്പറ്റി അതിരസകരമായ വിവരണമുണ്ട്. ആ കൂട്ടത്തില്‍ സന്ദശര്‍ശകമാരുടെ ഒരു ലിസ്റ്റും. ലിസ്റ്റില്‍ സന്ദര്‍ശകരെ രണ്ടായി വിഭജിച്ചിട്ടുണ്ട്. കണ്‍മഷി ഇട്ടവരും കണ്‍മഷിയില്‍നിന്ന് രക്ഷപ്പെട്ടവരും. ഞാന്‍ ഇതെടുത്തു പറയാന്‍ കാരണം ബഷീറിന്റെ ബുദ്ധിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലായിരുന്നു എന്നു കാണിക്കാനാണ്. അല്ലെങ്കില്‍ എങ്ങനെ കാണാന്‍ ചെന്ന ആളുകളുടെ പേരെല്ലാം ഓര്‍ത്ത് സൂക്ഷ്മമായി പുസ്തകത്തില്‍ ചേര്‍ത്തു?

1958ല്‍ ആണെന്ന് തോന്നുന്നു ഞങ്ങള്‍ ചിലര്‍ ബഷീറിനെ കാണാന്‍ തലയോലപ്പറമ്പിലെ വീട്ടില്‍ ചെന്നത്്. അതിനിടയ്ക്ക് ബുക്‌സ്റ്റാള്‍ പൂട്ടി ബഷീര്‍ തലയോലപ്പറമ്പില്‍ ഉമ്മയും കുടുംബവുമായി താമസമാക്കിയിരുന്നു. പാത്തുമ്മയുടെ ആട് അപ്പോഴേക്ക് എഴുതിക്കഴിഞ്ഞിരുന്നു. അത് തലയോലപ്പറമ്പില്‍ സഹോദരന്മാരും അവരുടെ ഭാര്യമാരും സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും. ഉമ്മയും കൂടെ താമസിച്ചതിനെക്കുറിച്ചുള്ള മറക്കാനാവാത്ത ഒരാഖ്യാനമായിരുന്നു. പുസ്തകം പ്രസിദ്ധപ്പെടുത്തി കഴിഞ്ഞിരുന്നു. സാഹിത്യരംഗത്ത് അത് കോളിളക്കംതന്നെ സൃഷ്ടിച്ചു. സാധാരണ ദൈനംദിന സംഭവങ്ങള്‍ ഒരു അനുഗൃഹീത കലാകാരന്റെ പേനയില്‍ കൂടി വിവരിക്കുമ്പോള്‍ അത് വിശ്വസാഹിത്യമായി എങ്ങനെ രൂപാന്തരപ്പെടും എന്ന് ബഷീര്‍ തെളിയിച്ചിരുന്നു. പുസ്തകത്തിന്റെ പേരായ പാത്തുമ്മയുടെ ആട് അതിന്റെ ഒരു ഉദാഹരണമായിരുന്നു.

പുതുതായി രൂപമെടുത്ത കേരള സംസ്ഥാനത്തില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ആദ്യത്തെ മന്ത്രിസഭ 1957ല്‍ നിലവില്‍ വന്നു. ബഷീറിന്റെ വളരെ അടുത്ത ചില സ്‌നേഹിതന്മാര്‍ - പ്രത്യേകിച്ച് പ്രൊഫസ്സര്‍ മുണ്ടശ്ശേരി, കെ.സി. ജോര്‍ജ് എന്നിവര്‍ ആ കാബിനറ്റിലെ മന്ത്രിമാരായിരുന്നു. പുതുതായി സ്ഥാപിച്ച കേരള സംഗീത നാടക അക്കാദമി മുന്‍പ് കേന്ദ്ര കലാസമിതി ചെയ്ത മാതൃകയില്‍ ഒരു കലോത്സവം സംഘടിപ്പിക്കുന്നുണ്ടായിരുന്നു. അതില്‍ നാടകമത്‌സരം, ചിത്രമെഴുത്ത്, പ്രദര്‍ശനം, നാടന്‍ പാട്ടുകളുടേയും നൃത്തങ്ങളുടേയും പ്രദര്‍ശനം, പേരെടുത്ത കേരളീയര്‍ അവതരിപ്പിക്കുന്ന സംഗീതം, നൃത്തം ഇത്യാദി കലാപ്രദര്‍ശനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. അതിന്റെ സമാപന സമ്മേളനത്തില്‍ പ്രധാനപ്പെട്ട വ്യക്തികളുടെ പ്രസംഗത്തിനുശേഷം ഒരു നാടകവും അവതരിപ്പിക്കണമെന്നതായിരുന്നു പരിപാടി ആ അവസരത്തില്‍ ന്റുപ്പുപ്പാ ഒരു നാടകമായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. ഇതാണ് ഞങ്ങള്‍ ചിലര്‍ ബഷീറിനെ കാണാന്‍ പോയതിന്റെ ഉദ്ദേശം.
ന്റുപ്പുപ്പാ മലയാളത്തിലെ ഒരു സുപ്രധാന നോവലെന്ന് മാത്രമല്ല അതൊരു ക്ലാസ്സിക് (Classic) ആയി മാറിക്കഴിഞ്ഞിരുന്നു. അത് മറ്റാരെങ്കിലും കൈകാര്യം ചെയ്ത് നാടകരൂപമാക്കുന്ന പ്രശ്‌നമേയില്ല. നാടകമാക്കുകയാണെങ്കില്‍ ബഷീര്‍ തന്നെ അത് ചെയ്യണം. പരേതനായ മുല്ലവീട്ടില്‍ അബ്ദുറഹിമാന്‍, തിക്കോടിയന്‍, ശോഭനാ പരമേശ്വന്‍ നായര്‍, ഞാന്‍ എന്നിവര്‍ അബ്ദുറഹിമാന്റെ വാനില്‍ തലയോലപ്പറമ്പിലേക്ക് പോയി. കുറേ സംസാരിച്ചതിനുശേഷം ബഷീര്‍ ഞങ്ങളുടെ കൂടെ കോഴിക്കോട്ടു വരാമെന്നും നോവല്‍ നാടകമാക്കി അഭിനയിച്ചു കഴിയുന്നതുവരെ അവിടെ നില്ക്കാമെന്നും സമ്മതിച്ചു. ബഷീര്‍ അപ്പോള്‍ പുതിയതൊന്നും എഴുതാന്‍ തുടങ്ങാതെ വിശ്രമിക്കുന്ന സമയമായിരുന്നു. ഞങ്ങളോട് അപ്പോള്‍ പറയാന്‍ കൂട്ടാക്കാത്ത എന്തോ ഒരുദ്ദേശ്യവും അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ കൂടെ വരാനായി ഒരുങ്ങി. യാത്രയ്ക്കുവേണ്ടി ഒരുക്കിയത് ഒരു ചെറിയ ഇരുമ്പുപെട്ടിയായിരുന്നു. അതില്‍ കുറച്ചു വസ്ത്രങ്ങള്‍ക്കു പുറമേ മരത്തിന്റെ മെതിയടി, ഒരു പുതപ്പ്, ഒരു ഇലക്ട്രിക് മേശവിളക്ക് എന്നിവയായിരുന്നു. അത്രമാത്രം!

ആ കാലത്ത് ഭാര്യാസമേതം മയ്യഴിയില്‍ താമസിച്ചിരുന്ന എസ്.കെ. പൊറ്റെക്കാട്ട് കോഴിക്കോട് പുതിയറയിലുള്ള 'ചന്ദ്രകാന്തം' എന്ന തന്റെ സ്വന്തം വീടുപയോഗിക്കാന്‍ ഞങ്ങളെ സസന്തോഷം അനുവദിച്ചു. സ്ഥിരം കൂട്ടുകാരന്‍, സെക്രട്ടറി, എഴുതി എടുക്കുന്ന ആള്‍ എന്നീ വിവിധ ജോലികള്‍ ചെയ്യുവാന്‍ പരമു ബഷീറിന്റെ കൂടെ താമസിച്ചു. അരി, മസാല സാധനങ്ങള്‍, മത്സ്യം എന്നിവ ആവശ്യമുള്ളത് അവിടെ ദിവസേന വാങ്ങിക്കൊടുക്കുവാന്‍ ഒരു വാല്യക്കാരനേയും ഏര്‍പ്പാടു ചെയ്തു. ഞങ്ങള്‍ എല്ലാവരും ഇടയ്ക്ക് പോകാറുണ്ടായിരുന്നു. പ്രത്യേകിച്ച് ഉച്ചഭക്ഷണ സമയത്ത്. 'ചന്ദ്രകാന്ത'ത്തിലെ അപ്പോഴത്തെ ജീവിതസമ്പ്രദായം ദേവന്മാരെപ്പോലും ആശ്ചര്യപ്പെടുത്തുന്ന ഒന്നായിരുന്നു. പെട്ടെന്നുപോയി നോക്കിയാല്‍ സുപ്രസിദ്ധ ചിത്രമെഴുത്തുകാരന്‍ എം.വി. ദേവന്‍ മസാലയും മുളകും അരയ്ക്കുന്നുണ്ടാകും; എം.ടി. വാസുദേവന്‍ നായര്‍ അരി വേവിക്കുന്നുണ്ടാകും; വി.കെ.എന്‍. ആ വലിയ വയറിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തീ ഊതുന്നുണ്ടാകും. സാക്ഷാല്‍ ബഷീര്‍ അടുക്കളയുടേയും സ്വീകരണമുറിയുടേയുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുമ്പോള്‍ പരമു കടലാസും പെന്‍സിലുമായി ശ്രദ്ധാപൂര്‍വം ഇരിക്കുന്നതും കാണാം. ഏതാണ് നാടകത്തിന്റെ ഡയലോഗായി പകര്‍ത്തേണ്ടതെന്നും ഏതാണ് അടുക്കളയിലേക്കുള്ള നിര്‍ദേശങ്ങള്‍ എന്നും വകതിരിവോടെ അയാള്‍ ശ്രദ്ധിച്ചു വേണ്ടതുപോലെ കൈകാര്യം ചെയ്യേണ്ടതാണ് - അതായത് നാടകത്തില്‍ വേണ്ടത് എഴുതി വെക്കുക. ബാക്കിയുള്ളവ ഒഴിവാക്കുക. ചില ദിവസങ്ങളില്‍ വീട്ടുടമസ്ഥനായ എസ്.കെ. പൊറ്റെക്കാട്ട് അവിടെയിരുന്ന് ഇതെല്ലാം കണ്ട് രസിക്കുന്നുണ്ടാവും. ഇപ്പോഴാണ് ഇതെല്ലാം നടന്നിരുന്നെങ്കില്‍ 'ചന്ദ്രകാന്ത'ത്തിനെ 'എഴുത്തുകാരന്റെ പണിപ്പുര' എന്നു പറയുമായിരിക്കാം.

വളരെ സ്വകാര്യമായി ബഷീര്‍ അബ്ദുറഹിമാനോട് ഒരു സംഗതി പറഞ്ഞു: 'എനിക്ക് വിവാഹം കഴിക്കണം. അതിനു പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കണം' യാദൃച്ഛികമാണെന്ന് പറയട്ടെ ആ സമയത്ത് അബ്ദുറഹിമാന്റെ സ്‌നേഹിതനായ ഒരു പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തന്റെ മകള്‍ക്ക് ഒരു വരനെ കണ്ടുപിടിക്കണമെന്ന് അബ്ദുറഹിമാനെ ഏല്പിച്ചിരുന്നു. കുട്ടി ഒരു സ്‌കൂളില്‍ ട്രെയിനിങ് കഴിച്ച അധ്യാപികയാണ്. സമയം കളയാതെ അബ്ദുറഹിമാന്‍ അയാളുടെ സഹോദരന്റെ വീട്ടില്‍ ഒരു 'കൂടിക്കാഴ്ച'ക്കേര്‍പ്പാടു ചെയ്തു.
ബഷീറും അബ്ദുറഹിമാനും ദേവനും ഞാനും ഈ 'പെണ്ണുകാണ'ലിന് ചെറുവണ്ണൂര്‍ പോയി. തമ്മില്‍ പരിചയപ്പെടാന്‍വേണ്ടി ബഷീറിനേയും ആവാന്‍ പോകുന്ന വധുവിനേയും ഒരു മുറിയിലാക്കി. ചിത്രം വരച്ചെടുക്കാന്‍ വേണ്ടി ദേവന് ആ മുറിയില്‍ പ്രവേശനം നല്കിയിരുന്നു. ഈ 'സ്‌പെഷ്യല്‍ പെര്‍മിഷ'ന് ഒരു പ്രത്യേക നിബന്ധന ഉണ്ടായിരുന്നു. അവര്‍ തമ്മില്‍ സംസാരിക്കുന്നത് എന്താണെന്ന് വേറെ ആരോടും പറയാന്‍ പാടില്ല. നേരം കുറെ കഴിഞ്ഞു. അബ്ദുറഹിമാന്‍ രണ്ടു പ്രാവശ്യം വാതിലിനു തട്ടേണ്ടി വന്നു. സമ്മതം എന്നു കാണിച്ചുകൊണ്ട് വെളുക്കനെ ഒരു ചിരിയുമായി ബഷീര്‍ പുറത്തുവന്നു.

ബാക്കി സംഗതികള്‍ വേഗത്തില്‍ പറഞ്ഞുറപ്പിച്ചു. അബ്ദുറഹിമാന്റെ സഹോദരന്‍ ഡോ. മുഹമ്മദിന്റെ വീട്ടില്‍ വെച്ചായിരുന്നു നിക്കാഹ്. ക്ഷണിക്കപ്പെട്ട ചുരുക്കം ചില അതിഥികളും ബഷീറിന്റെ ചില അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാം രാത്രി 9 മണിക്കുള്ളില്‍ കഴിഞ്ഞുവെന്നാണന്റെ ഓര്‍മ. നിക്കാഹ് കഴിഞ്ഞശേഷം ബഷീര്‍ ചന്ദ്രകാന്തത്തിലേക്കും പെണ്ണ് അവരുടെ വീട്ടിലേക്കും പോയി. ബഷീറിനും ഭാര്യക്കും പിറ്റേ ദിവസം എന്റെ വീട്ടില്‍ ഒരു വിരുന്നുണ്ടായിരുന്നു. അടുത്ത ചില സ്‌നേഹിതന്മാരും സന്നിഹിതരായിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട് - ഊണ് തയാറാകാന്‍ കുറച്ചു വൈകി. ഒന്‍പത് മണി കഴിഞ്ഞു. പുരുഷന്മാര്‍ ഞങ്ങളെല്ലാവരും കൂടി പുറത്തിരുന്നു സംസാരിച്ചുകൊണ്ടിരുന്നു. വധു അകത്ത് സ്ത്രീകളുടെ കൂടെയുമായിരുന്നു. ഈ താമസം കണ്ടപ്പോള്‍ ബഷീര്‍ അക്ഷമനാകുകയും ഞങ്ങളെല്ലാം അദ്ദേഹത്തെ കളിയാക്കുകയും ചെയ്തു. ബഷീര്‍ ഇടയ്ക്കിടയ്ക്ക് എണീറ്റുനില്ക്കും; പിന്നെ അവിടെത്തന്നെ ഇരിക്കും. പുതുതായി കിട്ടിയ ഭാര്യയുമായി 'ചന്ദ്രകാന്ത'ത്തിലേക്ക് പോകാനുള്ള ബഷീറിന്റെ വ്യഗ്രത കണ്ട് ഞങ്ങളെല്ലാവരും ചിരിച്ചു. അവസാനം ഊണു കഴിഞ്ഞു. ചില സുഹൃത്തുക്കളുടെ അകമ്പടിയോടുകൂടി ബഷീറിനേയും ഭാര്യയേയും 'ചന്ദ്രകാന്ത'ത്തിലെത്തിച്ചു. അവിടെ എത്തേണ്ട താമസം -ഭാര്യയെ അകത്താക്കി ഞങ്ങളെയെല്ലാം പുറത്തുനിര്‍ത്തി ബഷീര്‍ എന്ന 'ചന്ദ്രകാന്ത'ത്തിന്റെ പുതിയ ഗൃഹസ്ഥന്‍ വാതിലടച്ചു സാക്ഷയിട്ടു.

ഒരു കാര്യം ഞാന്‍ പറയാന്‍ വിട്ടു. ബഷീറിന്റെ ഭാര്യയുടെ പേര് 'ഫാത്തിമ ബീബി' എന്നായിരുന്നു. പെണ്ണു കണ്ട് വിവാഹം ഉറപ്പിച്ച ഉടനെ ബഷീര്‍ ആ പേരു മാറ്റി 'ഫാബി' എന്നാക്കി. പേരുകള്‍ ബഷീറിന്റെ ഒരു ഒബ്‌സെഷന്‍(ീയലെശൈീി) ആയിരുന്നു. പ്രേമലേഖനം വായിച്ചവര്‍ സാറാമ്മയും കേശവന്‍ നായരും തമ്മില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന കുട്ടിയുടെ പേരിനെപ്പറ്റിയുള്ള ചര്‍ച്ച ഓര്‍മിക്കുന്നുണ്ടാകും. 'ആകാശമിഠായി' എന്നിങ്ങനെ പലതും ന്റുപ്പുപ്പായില്‍ 'ലൂട്ടാപ്പി', 'ബുദ്ദുസ്' മുതലായ പ്രത്യേക നിര്‍മിതമായ പേരുകള്‍ മുഴച്ചുനില്ക്കുന്നു. ബഷീറിന്റെ ആദ്യത്തെ മകളുടെ പേര് മൂന്ന് പ്രാവശ്യം മാറ്റി അവസാനമാണ് 'ഷാഹിന' എന്നു സ്ഥിരപ്പെടുത്തിയത്. അക്ഷരങ്ങളും ശബ്ദങ്ങളും കൊണ്ടുള്ള ഒരു സ്വരലയം (Harmony) ഉണ്ടാക്കുന്നത് ബഷീറിന്റെ പ്രത്യേകതയായിരുന്നു. അതു വായിക്കുമ്പോള്‍ ജെയിംസ് ജോയ്‌സിന്റെ ഫിനിഗന്‍സ് വേക്‌ലെ ഒരു പേജിലധികം നീണ്ടുനില്ക്കുന്ന അക്ഷരങ്ങളുടെ തകൃതിയാണ് ഓര്‍മവരിക.

കലോത്സവ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ബഷീറിന്റെ നിക്കാഹും മറ്റും നടന്നത്. അതിനകം ന്റുപ്പുപ്പാ നാടകമാക്കിയതിന്റെ സ്‌ക്രിപ്റ്റ് തയാറായി റിഹേഴ്‌സല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അതു നന്നായി അഭിനയിച്ച് അവതരിപ്പിച്ചെങ്കിലും കാണികളില്‍ വേണ്ടത്ര മതിപ്പുണ്ടാക്കിയില്ല. ഒരുപക്ഷേ, സീനുകളുടെ ഇടയിലുള്ള കാലതാമസം കൊണ്ടായിരിക്കാം. ബഷീര്‍ എന്നോടു ആദ്യം പ്രവചിച്ചതുപോലെ ബിരിയാനി ഉണ്ടാക്കുന്ന കൈവിരുതോടുകൂടി താമരപ്പൊയ്കയും അട്ടകളും അവതരിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം. എന്റെ ഓര്‍മയില്‍ നിക്കാഹ് കഴിഞ്ഞ മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ടാണ് നാടകം അരങ്ങേറിയത്. ബഷീര്‍ അന്നുവരാന്‍ കൂട്ടാക്കിയില്ല. പൊതുസദസ്സുകളില്‍ വരാന്‍ വൈമനസ്യം കാണിക്കുന്ന ബഷീറിനെ സംബന്ധിച്ചിടത്തോളം അതൊരദ്ഭുതമല്ല. പക്ഷേ, ബീഗം ഫാബി ബഷീറിനെയും നാടകം കാണാന്‍ വരാന്‍ സമ്മതിച്ചില്ല. ആ അപേക്ഷയ്ക്ക് ഗൗരവത്തോടുകൂടിയുള്ള ഒരു മറുപടിയായിരുന്നു: 'അവളോട് ഞാന്‍ ഓരോ രംഗത്തും നടക്കുന്ന കഥ ക്രമപ്രകാരം പറഞ്ഞു കൊടുത്തേക്കാം.'

നാടകം കഴിഞ്ഞതിനുശേഷമുള്ള ഒരു സംഭവം എടുത്തു പറയേണ്ടതുണ്ട്. സമാപന സമ്മേളനത്തിനു പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളില്‍ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടും വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരിയും ഉണ്ടായിരുന്നു. അവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചു എന്നു മാത്രമല്ല നാടകം കഴിയുന്നതുവരെ ഇരുന്നുകാണുകയും ചെയ്തിരുന്നു. അപ്പോള്‍ അര്‍ധരാത്രി കഴിഞ്ഞിരുന്നു. നാടകം കഴിഞ്ഞപ്പോള്‍ പ്രൊഫസര്‍ മുണ്ടശ്ശേരിക്ക് ബഷീറിനെ കാണണമെന്ന് എന്നോടു പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു. 'എനിക്കവരെ ഇപ്പോഴൊന്നു പോയി കാണാമോ?' അതു നവദമ്പതിമാരോടു ചെയ്യുന്ന ഒരു ക്രൂരതയായിരിക്കുമെന്നദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. പിറ്റേ ദിവസം രാവിലെ കോഴിക്കോട്ടുനിന്ന് പോകുന്ന വഴി കാണാമെന്നുറച്ചു. 'ചന്ദ്രകാന്തം' എവിടെയാണെന്ന് അദ്ദേഹത്തിന്റെ ഡ്രൈവറെ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. പിറ്റേ ദിവസം രാവിലെ നടന്ന സംഭവം പിന്നീടാണ് എന്നോട് ബഷീര്‍ വിവരിച്ചു പറഞ്ഞത്. രാവിലെ എന്ന് മുണ്ടശ്ശേരിമാസ്റ്റര്‍ പറഞ്ഞത് വെളുപ്പിന് നാലു മണി എന്ന അര്‍ഥത്തിലായിരുന്നു. അദ്ദേഹത്തിന് ഏഴു മണിക്ക് തൃശ്ശൂര്‍ എത്തണം. അങ്ങനെ കോഴികൂവുന്നതിനുമുന്‍പ് മുണ്ടശ്ശേരി മാസ്റ്റര്‍ സ്‌റ്റേറ്റ് കാറില്‍ 'ചന്ദ്രകാന്ത'ത്തിന്റെ മുന്‍പിലെത്തി. ബഷീറിനെ എങ്ങനെയെല്ലാമോ ഉറക്കപ്പിച്ചില്‍നിന്ന് ഉണര്‍ത്തി വീട്ടിനുപുറത്തുവരുത്തിച്ചു. സാഹിത്യം കലരാത്ത പച്ച മലയാളത്തില്‍ ബഷീര്‍ മുണ്ടശ്ശേരി മാസ്റ്ററെ അഭിവാദ്യം ചെയ്തു. മാസ്റ്റര്‍ അത് കുലുങ്ങിച്ചിരിച്ചുകൊണ്ട് കേട്ടുനിന്നു. ആ സമയത്ത് തന്റെ ഭാര്യയ്ക്ക് പുറത്തുവരാന്‍ സാധ്യമല്ലെന്നും ഏത് കടന്നാക്രമണവും താന്‍ ചെറുക്കുമെന്നും ബഷീര്‍ പറഞ്ഞുവത്രെ. അവസാനം ശ്രീമതി ഫാബിയുടെ നിഴല്‍ കണ്ട് മുണ്ടശ്ശേരി മാസ്റ്റര്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നു.

മുണ്ടശ്ശേരി മാസ്റ്റര്‍ ചെയ്ത ഒരു കാര്യം ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ തന്റെ പഴയ സുഹൃത്തായ ബഷീറിനെ അദ്ദേഹം മറന്നില്ല. ന്റുപ്പാപ്പാ എസ്.എസ്.എല്‍.സിക്ക് നോണ്‍ണ്ടീറ്റെയില്‍ ആയി പ്രിസ്‌ക്രൈബ് ചെയ്തു. ഇതിനെ സങ്കുചിതമനഃസ്ഥിതിക്കാരായ പലരും എതിര്‍ത്തിരുന്നു. 'ഇതെന്തോന്നാ സാഹിത്യം' എന്ന് അസംബ്ലിയില്‍ വരെ പ്രസംഗിച്ച വീരന്മാരുണ്ടായിരുന്നു. ഈ എതിര്‍പ്പിനെപ്പറ്റി ബഷീറിന്റെ ഒരു ആമുഖത്തില്‍ എടുത്തുപറയുന്നുണ്ട്. ഈ പുസ്തകം പ്രിസ്‌ക്രൈബ് ചെയ്ത് അതില്‍നിന്ന് കിട്ടിയ റോയല്‍റ്റി പിന്നീട് ബഷീറിന് തലയോലപ്പറമ്പില്‍ ഒരു വീടെടുക്കാന്‍ സഹായമായിരുന്നു. ഈ പുസ്തകം നോണ്‍ണ്ടിറ്റൈല്‍ ടെക്‌സ്റ്റായി സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധപ്പെടുത്തിയതിനെപ്പറ്റിയുള്ള സാഹചര്യങ്ങള്‍ വിവരിച്ചുകൊണ്ട് ബഷീര്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതുകയുണ്ടായി. ഈ ലേഖനം സംഗതികള്‍ പ്രതിപാദിക്കാനുള്ള ബഷീറിന്റെ കഴിവിന് നല്ല ഉദാഹരണമാണ്. വളച്ചൊടിക്കാതെയും അനാവശ്യമായ വികാരം കാണിക്കാതെയും നടന്ന സംഭവങ്ങള്‍ അദ്ദേഹം നിരത്തിവെച്ചിട്ടുണ്ട്. എല്ലാം പറഞ്ഞുകഴിഞ്ഞിട്ടും ഒരാളെപ്പറ്റിയും ആവലാതി പറയാതെയുള്ള നിലപാട് ബഷീറിന്റെ മഹാമനസ്‌കതയുടെ ദൃഷ്ടാന്തമാണ്.

നാടകോത്സവവും മറ്റും കഴിഞ്ഞപ്പോള്‍ ബഷീര്‍ തലയോലപ്പറമ്പിലേക്ക് കെട്ടിയോളുമായി മടങ്ങിപ്പോയി. അതിനുശേഷം കുറച്ചുകാലത്തേക്ക് എനിക്കദ്ദേഹവുമായി വലിയ സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ല. കോട്ടയം - വൈക്കം റോഡിലുള്ള അദ്ദേഹത്തിന്റെ പുതിയ വീട് ഞാന്‍ ഒന്നോ രണ്ടോ പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ടെന്നു തോന്നുന്നു. പിന്നീട് അദ്ദേഹം ആ വീടുവിറ്റ് അബ്ദുറഹിമാന്റെ സഹായത്തോടുകൂടി കോഴിക്കോടിനടുത്തുള്ള ബേപ്പൂരില്‍ രണ്ടര ഏക്കറോളം തെങ്ങുതോട്ടവും പഴയ വീടുമുള്ള പറമ്പ് വിലയ്ക്കുവാങ്ങി. അങ്ങനെ ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍, മലബാറിലെ 'കാട്ടുമലയാളിക'ളുടെ മധ്യത്തില്‍ താമസം മാറ്റി. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് ആദ്യം വിളിച്ചത് ആരാണെന്നറിയില്ല. ഏതായാലും പേരിന് പ്രചരണം കിട്ടി. പലരും അദ്ദേഹത്തിനെഴുതുന്നതുതന്നെ സുല്‍ത്താന്‍ എന്ന വിലാസത്തിലാണ്. നാലു ഭാഗത്തുമുള്ള കൂറുള്ള പ്രജകളുടെ സഹകരണത്തോടു കൂടി എഴുത്തുകളെല്ലാം അദ്ദേഹത്തിന്റെ കൈയിലെത്തുന്നു. ഈ കാര്യത്തില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റും സഹകരണ മനോഭാവമാണ് കാണിക്കുന്നത്.

ഉസ്താദ് സ്വാഭാവികമായി നാണം കുണുങ്ങിയും പൊതു സമ്മേളനങ്ങളും പ്രസംഗങ്ങളും വെറുക്കുന്ന ആളുമാണ്. പക്ഷേ, അദ്ദേഹത്തിന്റെ വീട് ഒരു 'ഓപ്പന്‍ ഹൗസ്' (ഛുലി ഒീൗലെ) ആയിരുന്നു. സാധാരണ കയറിച്ചെന്നാല്‍ അതിരാവിലെ അല്ലെങ്കില്‍ അദ്ദേഹം ഒരു കസേരയിലോ ചാരുകസേരയിലോ ഇരിക്കുന്നതു കാണാം. ചിലപ്പോള്‍ ഇരിപ്പ് വരാന്തയിലെ തിണ്ണയുടെ മേലായിരിക്കും. ഉച്ചതിരിഞ്ഞാല്‍ മരത്തിന്റെ ചോട്ടില്‍ ഒരു കസേരയിലിരിക്കുന്നുണ്ടാകും. നാലുഭാഗവും അനവധി പത്രങ്ങളും മാസികകളും കാണാം. സാധാരണയായി അടുത്ത് ഒരു തെര്‍മോഫ്ലാസ്‌കില്‍ പാലൊഴിക്കാത്ത ചായയും ഒരു കെട്ടുബീഡിയുമുണ്ടാകും. ആരുകേറിച്ചെന്നാലും ബീഗം ഫാബി വീട്ടിലുണ്ടെങ്കില്‍ ഒരു കപ്പു ചായയെങ്കിലും പ്രതീക്ഷിക്കാം. ബഷീറുമായുള്ള സംഭാഷണം വൈവിധ്യം നിറഞ്ഞതാണ്. മതപഠനവും ഷെരിയത്ത് നിയമവും തൊട്ട് അയല്‍പക്കം താമസിക്കുന്നവരുടെ ചില്ലറ പരാധീനതകള്‍ വരെ എടുത്തു പറയും. വരുന്ന സന്ദര്‍ശകന്മാരുടെ പ്രാധാന്യമോ സ്വയം നടിക്കുന്ന ഗമയോ പരിഗണിക്കാതെ എല്ലാവരോടും ബഷീര്‍ ഒരുപോലെ പെരുമാറുന്നു. ഇതുതന്നെയാണ് എഴുത്തുകള്‍ക്ക് മറുപടി അയയ്ക്കുന്ന രീതിയും. ആരു കത്തെഴുതിയാലും മറുപടി അയയ്ക്കും. ചിലപ്പോള്‍ ഒരു പോസ്റ്റുകാര്‍ഡില്‍ രണ്ടുവരിയെങ്കിലും. ഇത്രയധികം ആളുകള്‍ ബഷീറിനെഴുതാതിരുന്നാല്‍ നന്നായിരുന്നുവെന്ന് ഞങ്ങളാശിച്ചു പോയിട്ടുണ്ട്. എങ്കില്‍ ആ മനുഷ്യന് കുറച്ചു കൂടി സാഹിത്യം എഴുതാന്‍ സമയം കിട്ടുമായിരുന്നു.

സയന്‍സ് ഫിക്ഷന്‍ (Science Fiction) പുസ്തകങ്ങളില്‍ ബഷീറിന് അതിരുകവിഞ്ഞ താത്പര്യമുണ്ടെന്ന് ഒരുപക്ഷേ അധികം പേര്‍ക്ക് അറിയില്ലായിരിക്കും. അതില്‍നിന്ന് കിട്ടുന്ന പല സംഗതികളും അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ സ്ഫുരിക്കും. ബഷീര്‍ ഒരു സൂഫിയാണ്. സൂഫിസം എന്താണെന്ന് പൂര്‍ണമായി ഗ്രഹിച്ച ഒരു സൂഫി. സയന്‍സ് ഫിക്ഷനും സൂഫിസവും രണ്ടും ചേര്‍ന്നാല്‍ എന്തുണ്ടാവും? ഇതിനു മറുപടി പറയേണ്ടത് മനശ്ശാസ്ത്രവിദഗ്ധന്മാരാണ്. ഇതില്‍ വേറൊരു കാര്യം കൂടി ചേര്‍ക്കണം. ചില കാര്യങ്ങളില്‍ ബഷീര്‍ ടോള്‍സ്‌റ്റോയിയുടേയും ഗാന്ധിയുടേയും അനുയായി ആണ്. യന്ത്രവത്കരണത്തോടുള്ള വിരോധമല്ല. സ്വന്തം ജീവിതരീതിയെ ആസ്പദമാക്കിയുള്ള കാര്യങ്ങളിലാണ് ഈ സ്വഭാവം കാണുന്നത്. ശുചീകരണം പെഴ്‌സണല്‍ ഹൈജീന്‍ (Personal Hygeine) എന്നിവയില്‍ ന്റപ്പുപ്പായിലെ നിസാറഹമ്മദ് കക്കൂസ് കെട്ടുന്നതിനെപ്പറ്റിയുള്ള പ്രസംഗവും പ്രവൃത്തിയും ഓര്‍ക്കേണ്ടതാണ്.

ബഷീര്‍ നിരവധി ഗ്രാമഫോണ്‍ റെക്കാര്‍ഡുകളുടെ ഉടമയാണ്. വളരെ അധികം റെക്കാര്‍ഡുകള്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു. പലപ്പോഴും കേട്ടാസ്വദിക്കുന്നു. ക്ലാസിക്കല്‍ സംഗീതം, ഇംഗ്ലീഷുപാട്ടുകള്‍ (പ്രത്യേകിച്ച് പാള്‍ റോബ്‌സണ്‍ മുതലായവരുടെ) അറബിപ്പാട്ടുകള്‍, പഴയ ഹിന്ദി സിനിമാപ്പാട്ടുകള്‍ ഇവയിലെല്ലാം താത്പര്യമുള്ള മനുഷ്യനാണ്. ബഷീര്‍ ബേപ്പൂരില്‍ താമസം മാറ്റിയതു മുതല്‍ പലപ്പോഴും അദ്ദേഹത്തിന്റെ വലിയ റിക്കാര്‍ഡ്‌പ്ലേയറില്‍ റെക്കാര്‍ഡുകള്‍ അട്ടിവെച്ച് പാടിച്ച് കേള്‍ക്കുകയും മറ്റുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യുക ഒരു വിനോദമായിരുന്നു. പലകഥകളിലും സംഗീതം ഒരു കഥാപാത്രമായിത്തന്നെ വന്നിട്ടുണ്ട്. പിന്നീട് ഭാര്‍ഗവീനിലയം എന്ന സിനിമയായ നീലവെളിച്ചം എന്ന കഥ ഇതിനൊരു ദൃഷ്ടാന്തമാണ്.

ബഷീര്‍ വിശാലമനസ്‌കനാണ്. ലോകത്തുള്ള മുഴുവന്‍ മനുഷ്യരേയും മാനുഷിക മൂല്യങ്ങളേയും ഉള്‍ക്കൊള്ളുന്ന വിശാല മനസ്‌കന്‍. അദ്ദേഹത്തില്‍ സ്‌നേഹം തുളുമ്പുന്നു എന്നുമാത്രമല്ല സ്‌നേഹിതന്മാരെ പെട്ടെന്ന് പിടിച്ചെടുക്കുവാനുമറിയാം. അദ്ദേഹം ഒരു സ്‌നേഹിതനെ ഒരിക്കലും മറക്കുകയില്ല. അദ്ദേഹത്തിന് ശത്രുക്കള്‍ ഇല്ലെന്ന് മാത്രമല്ല, അദ്ദേഹത്തോട് വല്ലവരും വല്ല ദോഷവും ചെയ്തിട്ടുണ്ടെങ്കില്‍ അതു മറക്കുന്നു. അദ്ദേഹം ജീവിച്ചത് അല്പത്വത്തിന്റേയും അസൂയയുടേയും എത്രയോ അകലെയുള്ള ഒരു മണ്ഡലത്തിലാണ്. ആ വക വികാരങ്ങള്‍ അദ്ദേഹത്തെ ബാധിക്കുന്നതേയില്ല.

ബഷീര്‍ ഒരെഴുത്തുകാരനെന്ന നിലയ്ക്ക് താനെഴുതുന്നത് കുറ്റമറ്റതാക്കാന്‍ എപ്പോഴും ശ്രമിക്കുന്ന ഒരാളാണ്. പുസ്തകങ്ങളുടെ കൈയെഴുത്ത് പ്രതികള്‍ നിര്‍ദാക്ഷണ്യം കീറിക്കളഞ്ഞ് വീണ്ടും വീണ്ടും അവ മെച്ചപ്പെടുത്തി എഴുതാന്‍ ശ്രമിക്കുന്ന ഒരു പെര്‍ഫക്ഷനിസ്റ്റ്(ുലൃളലരശേീിശേെ) ആണ്. പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങള്‍ തന്നെ പുനഃപ്രസിദ്ധീകരണത്തിന് അയയ്ക്കുന്നതിനുമുന്‍പ് അവ ഒന്നുകൂടി തിരുത്താന്‍ ശ്രമിക്കും. ഇതെല്ലാം കൊണ്ടായിരിക്കും ഏതാണ്ട് 40 കൊല്ലത്തോളം എഴുത്തുകാരനായിരുന്നിട്ടും. ഇത്ര കുറച്ചു പുസ്തകങ്ങള്‍ മാത്രം പ്രസിദ്ധപ്പെടുത്തിയത്.

ബഷീര്‍ തന്റെ കലയിലും കലാവിരുതിലും തികച്ചും അഭിമാനിക്കുന്ന ഒരു എഴുത്തുകാരനാണ്. അതില്‍ അഹംഭാവമല്ല, സ്വാഭിമാനമാണ് മുന്നിട്ടുനില്ക്കുന്നത്. തന്റെ ആര്‍ട്ടിസ്റ്റിക് ഇന്റഗ്രിറ്റി(Artistic Integrity)യിലുള്ള തികഞ്ഞ ആത്മവിശ്വാസം.

('ഉസ്താദും ഞാനും' എന്ന പുസ്തകത്തില്‍ നിന്ന്)
വി.അബ്ദുള്ള                             കടപ്പാട് :മാതൃഭൂമി 

No comments:

Post a Comment