Sunday, 27 May 2012

ഇരട്ട മധുരം

ഓള്‍ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷന്‍
ചെറുപുഴ യൂണിറ്റ് സംഘടിപ്പിച്ച ഇരട്ടകളുടെ മഹാസംഗമത്തില്‍ നിന്ന്


ഇരട്ടകള്‍ ഒഴുകിയെത്തി ചെറുപുഴ ഇരട്ടക്കടലായി. രാജ്യത്തെ ഏറ്റവും വലിയ ഇരട്ടസംഗമത്തിന്റെ റെക്കോര്‍ഡ് ഇനി ചെറുപുഴയ്ക്കു സ്വന്തം. ഓള്‍ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷന്‍ ചെറുപുഴ യൂണിറ്റ് സംഘടിപ്പിച്ച ഇരട്ടകളുടെ മഹാസംഗമമാണു നാടിന്റെ ഉല്‍സവമായത്. അഞ്ചു മാസം പ്രായമായ റോഹന്‍ മാത്യു വര്‍ഗീസ്-റയന്‍ മാത്യു വര്‍ഗീസ് ഇരട്ട പയ്യന്‍സ് മുതല്‍ കഴക്കാരത്തി വീട്ടില്‍ കെ. നാരായണി-കെ. കാര്‍ത്ത്യായനി ഇരട്ട മുത്തശ്ശിമാര്‍ വരെ ഇരട്ടകളുടെ മൂന്നു തലമുറകള്‍ സംഗമത്തിനെത്തി.
ഫോട്ടോ ചേട്ടന്മാരുടെ കാര്യം.
വെറുതെ നാലു പടമെടുത്തു നടക്കുന്ന സമയത്താണു ചെറുപുഴയിലെ ഫൊട്ടോഗ്രഫര്‍മാരുടെ തലയില്‍ കിടിലന്‍ ഐഡിയ ഫ്ളാഷടിച്ചത്. നമുക്കൊന്നു നാട്ടുകാരെ ഞെട്ടിച്ചാലോ? ഞെട്ടിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ നാലാളറിയണം എന്നു ചിലര്‍ക്കൊരു വാശി. അങ്ങനെയാണ് ഇരട്ടകളുടെ മഹാസംഗമത്തിന് കളമൊരുങ്ങിയത്. ചോദിച്ചു പറഞ്ഞു വന്നപ്പോള്‍ ഇരട്ടസംഗമത്തിന്റെ പേരിലൊരു റെക്കോര്‍ഡ് ഉണ്ടുപോലും... അങ്ങ് ഹരിയാനയില്‍. 81 ഇരട്ടകളാണ് അവരുടെ ബഡാ റെക്കോര്‍ഡ്. നാടിളക്കി നടത്തിയ പ്രചാരണത്തിനൊടുവില്‍ ഇന്നലെ ചെറുപുഴയിലേക്ക് ഒഴുകിയതു നൂറും ഇരുനൂറുമല്ല, 600 ജോഡി ഇരട്ടകളാണ്. അതായത് 1200 പേര്‍. അതോടെ ഹരിയാനയിലെ റെക്കോര്‍ഡ് കുഴിയാനയായി.
ചില വീട്ടുകാര്യങ്ങള്‍
കെ. കുഞ്ഞിരാമന്‍ എംഎല്‍എയുടെ ഇരട്ടമക്കളായ അനിലും സുനിലുമായിരുന്നു ഇന്നലത്തെ താരങ്ങള്‍. ഭാര്യമാരായ ഇരട്ടസഹോദരിമാരെയും
കൂട്ടിയാണ് ഇരുവരുമെത്തിയത്. അനിലും ഭാര്യ ജിജിനയും സുനിലും ഭാര്യ ഷിജിനയും ഇരട്ടവിശേഷം പങ്കുവച്ചു പറന്നുനടന്നു. വെസ്റ്റ് എളേരിയില്‍ നിന്നെത്തിയ തോമസ്-ഫിലിപ്പ് ഇരട്ട സഹോദരന്മാര്‍ ഭാര്യമാരും ഇരട്ടകളുമായ ജിജിയേയും മിനിയേയും കൂട്ടിയാണു സംഗമത്തിനെത്തിയത്. പുള്ളിയുടുപ്പിട്ട് ചെറുപുഴയിലെ കൊച്ചുമിടുക്കികളായ ആന്‍ മരിയയും ആന്‍ ട്രീസയുമെത്തിയപ്പോള്‍ പ്രാപ്പൊയിലില്‍ നിന്നെത്തിയ അനിലും സുനിലും ഷര്‍ട്ടും മുണ്ടുമുടുത്ത് തനി നാടനായി. നടുവില്‍ സ്വദേശികളായ അബ്ദുല്‍ഖാദറും മൊയ്തീനും ജീന്‍സിലും ഷര്‍ട്ടിലും തിളങ്ങി.
പറ്റിച്ചു കളഞ്ഞല്ലോ?
ഇരട്ടകളുടെ വന്‍പട കണ്ടപ്പോള്‍ ചെറുപുഴക്കാരുടെ കണ്ണുതള്ളി. പരസ്പരം കണ്ടപ്പോള്‍ ഇരട്ടക്കൂട്ടങ്ങളും ചെറുതായി അമ്പരന്നു. എന്നാലും എന്റേടീ... നമ്മളൊക്കെ എന്നാ ഇരട്ടകളാ? അവരല്ലേ ഇരട്ടകള്‍... എന്ന തരത്തിലായിരുന്നു ഓരോരുത്തരുടേയും നോട്ടം. സാമ്യമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഇരട്ടത്തം കൈവിടാതിരിക്കാന്‍ മിക്കവരും ശ്രദ്ധിച്ചു.
കലയിലും ഒരുമ
രൂപത്തിലും ഭാവത്തിലും മാത്രമല്ല കഴിവിലും ഇരട്ടകള്‍ ഒരുപോലെയാണെന്നു കൂടി ഇരട്ടസംഗമം തെളിയിച്ചു. നാടോടിനൃത്തവും സിനിമാറ്റിക് ഡാന്‍സും പാട്ടും കവിതയുമൊക്കെയായി ഇരട്ടക്കൂട്ടങ്ങള്‍ നാട്ടുകാരെ കയ്യിലെടുത്തു.
ഒന്നും രണ്ടുമല്ല, മൂന്ന്
ചെറുപുഴക്കാരെ ശരിക്കും ഞെട്ടിച്ചതു കോലുവള്ളി സ്വദേശികളായ ഹരീഷ്, സുഭാഷ്, രാജേഷ് സഹോദരങ്ങളാണ്. ഇരട്ടകളെ പ്രതീക്ഷിച്ചു നിന്നവരുടെ ഇടയിലേക്ക് ഒരു പോലെയുള്ള മൂന്നു പേര്‍ വന്നപ്പോള്‍ എല്ലാ മുഖങ്ങളിലും കൌതുകം. രണ്ടാണെങ്കില്‍ ഇരട്ടകള്‍, മൂന്നാണെങ്കില്‍ എന്താ മുരട്ടകളാണോ...? സദസിലുയര്‍ന്ന ചോദ്യം ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു.

No comments:

Post a Comment