ഒരിക്കല്‍ ഒരു ചെമ്പോത്ത് ചെമ്പകത്തിന്റെ മുകളീല്‍ കൂടുകൂട്ടി മുട്ടയിട്ടു. മുട്ടകള്‍ വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തു വന്നു.
ചെമ്പോത്ത് ദിവസവും തീറ്റതേടി കൊണ്ടുവന്നു കുഞ്ഞുങ്ങള്‍ക്ക് കൊടുത്തു. കുഞ്ഞുങ്ങള്‍ കീ...കീ എന്നു കരഞ്ഞുകൊണ്ട് ചിറകുകള്‍ ചലിപ്പിച്ച് വാ തുറന്ന് തീറ്റ വാങ്ങി കഴിച്ചു.കുഞ്ഞുങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തി . അങ്ങനെയിരിക്കെ ഒരു നാള്‍ ചെമ്പോത്ത് പതിനെട്ടു മണിയന്‍ പയര്‍തോട്ടത്തില്‍ ചെന്നു അവിടെ ധാരാളം പയര്‍ മൊളികള്‍ കിടക്കുന്നതു കണ്ടു. ചെമ്പോത്ത് മൊളികള്‍ കൊത്തി പറിച്ചെടുത്ത് കൂട്ടിലേക്ക് കൊണ്ടു പോന്നു. കൂട്ടിലിരുന്ന് മൊളിയുടെ തൊലിയുരിഞ്ഞ് പയര്‍മണികള്‍ എടുത്തു. അളന്നപ്പോള്‍ നാഴി പയര്‍ ഉണ്ടായിരുന്നു. ചെമ്പോത്ത് പയറെടുത്ത് കൂട്ടില്‍ നിന്നും താഴെയിറങ്ങി. കുശവന്റെ ചൂളയുടെ അടുത്ത് ചെന്ന് പൊട്ടിക്കിടന്ന കലത്തിന്റെ കഷ്ണങ്ങളെടുത്ത് അടുപ്പു കൂട്ടി ചുള്ളിക്കമ്പുകള്‍ ശേഖരിച്ച് ചൂളയില്‍ നിന്നും തീ പിടിപ്പിച്ചു. ഒരു കലമെടുത്ത് പയര്‍ അതിലിട്ട് അടുപ്പത്തു വച്ചു വറുത്ത്, വറുത്ത പയര്‍ തണുക്കുന്നതിനു വേണ്ടി തീ കെടുത്തി കാത്തിരുന്നു. പയര്‍മണികള്‍ തണുത്തപ്പോള്‍ വട്ടയിലയില്‍ പൊതിഞ്ഞു കെട്ടി കൂട്ടില്‍ കൊണ്ടു വച്ചു. മക്കളോടു പറഞ്ഞു ‘’ മക്കളെ ഒരു പയര്‍മണി പോലും തിന്നരുത് അമ്മ വന്നിട്ട് എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് തിന്നാം’‘.
മക്കള്‍ സമ്മതിച്ചു.
അമ്മ വീണ്ടും മൊളി പറിക്കാന്‍ പോയി തിരിച്ചു കൂട്ടില്‍ വന്നപ്പോള്‍ വറുത്ത പയര്‍ എടുത്തു കൊണ്ടുവരുവാന്‍ പറഞ്ഞു.
മക്കള്‍ വറുത്ത പയര്‍ എടുത്തുകൊണ്ടു വന്ന് അമ്മയെ ഏല്‍പ്പിച്ചു.
അമ്മ പയര്‍ വാങ്ങി അളന്നു നോക്കി നാഴി പയര്‍ ഉണ്ടായിരുന്നില്ല. പയര്‍ കുറഞ്ഞിരിക്കുന്നു. ഇത് എങ്ങിനെ സംഭവിച്ചു ? മക്കള്‍ തിന്നു കാണും.
അമ്മ മക്കളെ വിളിച്ചു ചോദിച്ചു.
‘’ പയര്‍ അളവില്‍ കുറയാന്‍ എന്താണു കാരണം? നിങ്ങള്‍ തിന്നു അല്ലേ?’‘
‘’ ഇല്ലമ്മേ ഞങ്ങള്‍ ഒരു പയര്‍മണി പോലും തിന്നില്ല’‘ മക്കള്‍ ഒരുമിച്ചു ഉത്തരം പറഞ്ഞു.
അമ്മ വിശ്വസിച്ചില്ല മക്കള്‍ മനപ്പൂര്‍വ്വം നുണപറയുന്നതാണെന്ന് അമ്മ കരുതി. അമ്മയ്ക്ക് ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല അമ്മ മക്കളെ വലിച്ചു താഴേക്കിട്ടു. കുഞ്ഞുങ്ങള്‍ താഴെ വീണു ബോധമറ്റു പോയി അനക്കമില്ലതെ അവിടെ കിടന്നു.
ചെമ്പോത്തിന്റെ ദേഷ്യം അടങ്ങിയപ്പോല്‍ വീണ്ടു വിചാരമുണ്ടായി. അല്‍പ്പം പയര്‍മണി കള്‍ക്ക് വേണ്ടിയാണല്ലോ തന്റ മക്കളെ താഴേക്ക് വലിച്ചിട്ടതെന്നോര്‍ത്തപ്പോല്‍ ചെമ്പോത്തിന് കരച്ചില്‍ വന്നു. പയറിന്റെ കുരു അളന്നതിനു ശേഷം എണ്ണി നോക്കിയ കാര്യം ഓര്‍മ്മ വന്നു ചെമ്പോത്ത് കറഞ്ഞു കൊണ്ട് പയര്‍മണികള്‍ എടുത്ത് എണ്ണി നോക്കി വറുക്കുന്നതിനു മുമ്പുണ്ടായിരുന്ന എണ്ണവും ഇപ്പോഴത്തെ എണ്ണവും കൃത്യമായിരിക്കുന്നു. പിന്നെ എന്താണ് അളവില്‍ കുറയാാന്‍ കാരണം? വറുത്തപ്പോള്‍ പയ്യര്‍മണികള്‍ ചുരുങ്ങി ചെറുതായി. അതാണ് അളവു കുറയാന്‍ കാരണം. ഈ കാര്യം മനസിലായപ്പോല്‍ ചെമ്പോത്ത് ഇങ്ങനെ ബുദ്ധി മോശം വന്നു പോയല്ലോ എന്നോര്‍ത്ത് വിലപിച്ചു താഴെ മക്കളുടെ അടുത്ത് ചെന്ന് അവരെ വാരിക്കുട്ടിയെടുത്ത് ഉമ്മ വച്ചു പരഞ്ഞു ‘’ പൊന്നു മക്കളേ കുരു ഒത്തു .. കുരു ഒത്തു നിങ്ങളൊന്നു കണ്ണു തുറക്കു ഈ അമ്മയോടു ക്ഷമിക്കു ‘’ കുഞ്ഞുങ്ങള്‍ കണ്ണു തുറന്നില്ല.
ചെമ്പോത്ത് കരഞ്ഞു കൊണ്ട് കാളിപ്പെണ്ണിന്റെ അടുത്ത് ചെന്ന് ഉണ്ടായ സംഭവങ്ങള്‍ ഒന്നും ഒളിക്കാതെ തുറന്നു പറഞ്ഞു.
കാളിപ്പെണ്ണ് ചെമ്പോത്തിന്റെ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് വന്ന് ഓട്ടുകിണ്ണത്തിന്റെ അടിയില്‍ വച്ച് ക്ലിണ്ണത്തിനു മീതെ ഈര്‍ക്കിലി കൊണ്ട് മുട്ടിക്കൊണ്ടിരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കുഞ്ഞുങ്ങള്‍ അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ട് എഴുന്നേറ്റു നിന്ന് നാലുപാടും പകച്ചു നോക്കി.
കാളിപ്പെണിന് നന്ദി പറഞ്ഞുകൊണ്ട് ചെബോത്ത് കുഞ്ഞുങ്ങളെ കൂട്ടിലേക്കിടുത്തുകോണ്ട് പോയി.
ചെമ്പോത്ത് ഇന്നും മക്കളെ വിളിച്ച് കുരു ഒത്തു കുരു ഒത്തു എന്ന് കരഞ്ഞു പറഞ്ഞുകൊണ്ടാണ് നടക്കുന്നത്.
ദേഷ്യം വരുബോള്‍ ആലോചനയില്ലാതെ പ്രവര്ത്തിക്കുന്നത് ആപത്താണ്.
-സത്യൻ താന്നിപ്പുഴ
| ||
No comments:
Post a Comment