Monday, 20 February 2012

ഗൂഗിള്‍ നയം വ്യക്തമാക്കുമ്പോള്‍




ഒരു കമ്പനിക്ക് എത്ര സ്വകാര്യതാനയം വേണം. 70 എണ്ണം ഏതായാലും ഇത്തിരി കൂടുതലാണെന്ന് ഒടുവില്‍ ഗൂഗിളിന് ബോധ്യമായി. അതിന്റെ അനന്തരഫലമാണ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പുതിയ നയം. 2012 മാര്‍ച്ച് ഒന്ന് മുതല്‍ ഏകീകരിച്ച ഒരു സ്വകാര്യതാനയം ആയിരിക്കും ഗൂഗിളിന്റെ വ്യത്യസ്ത ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബാധകമാകുക.

ഗൂഗിളിന്റെ പുതിയ സ്വകാര്യതാനയത്തിന് കീഴില്‍ 60 വ്യത്യസ്ത വെബ്ബ്‌സര്‍വീസുകള്‍ ഉണ്ടാകും. ജീമെയില്‍, യൂട്യൂബ്, വ്യക്തിഗത സെര്‍ച്ച് എന്നിങ്ങനെയുള്ള സര്‍വീസുകളെല്ലാം ഈ നയത്തിന് കീഴില്‍ വരുമെങ്കിലും, പ്രത്യേക കാരണങ്ങളാല്‍ ഗൂഗിള്‍ ബുക്ക്‌സ്, ഗൂഗിള്‍ വാലറ്റ്, ഗൂഗിള്‍ ക്രോം എന്നിവ ഈ നയത്തിന് വെളിയിലായിരിക്കും.

ഗൂഗിള്‍ അക്കൗണ്ടുള്ള ആരും ജീമെയില്‍, യൂട്യൂബ് തുടങ്ങിയ സര്‍വീസുകളിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ സ്വകാര്യതാനയം അംഗീകരിക്കേണ്ടി വരും. പുതിയ നയം അംഗീകരിക്കുകയെന്നാല്‍, നിങ്ങള്‍ വെബ്ബില്‍ തിരയുകയും വായിക്കുകയും പങ്കുവെയ്ക്കുകയുമൊക്കെ ചെയ്യുന്ന സംഗതികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗൂഗിളിന് അനുവാദം നല്‍കുക എന്നു കൂടിയാണ് അര്‍ഥം. ഇത്തരം സ്വകാര്യ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിക്കാന്‍ പാടില്ല എന്ന നിലപാടാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, ഗൂഗിള്‍ അക്കൗണ്ട് ഉപേക്ഷിക്കാം.

പുതിയ ഏകീകൃതനയത്തില്‍ അഞ്ച് പ്രധാന വിഭാഗങ്ങളാണുള്ളത്. ഗൂഗിളിന്റെ വ്യത്യസ്ത സര്‍വീസുകള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കല്‍, പങ്കിടാനും സഹകരിക്കാനും എളുപ്പത്തില്‍ വഴിയൊരുക്കല്‍, ഉപയോക്താവിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കല്‍, യൂസര്‍ ഡേറ്റ ഗൂഗിള്‍ ഉപയോഗിക്കുന്നത് സുതാര്യമാക്കല്‍ എന്നിവയൊക്കെ പുതിയ നയത്തിന്റെ ഭാഗങ്ങളാണ്.

ഏങ്ങനെയൊക്കെ യൂസര്‍ ഡേറ്റ ഗൂഗിള്‍ ഉപയോഗിക്കുന്നു എന്നകാര്യം പുതിയ വിവിദത്തിന് വഴി തെളിച്ചിട്ടുണ്ട്. ചില കേന്ദ്രങ്ങള്‍ ഗൂഗിളിന്റെ സുതാര്യമായ നിലപാടിനെ പ്രകീര്‍ത്തിക്കുകയും ശരിയായ ദിശയിലുള്ള ചുവടുവെപ്പായി ഇക്കാര്യത്തെ വിശേഷിപ്പിക്കുകയും ചെയ്യുമ്പോള്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ഇതിനെ മറ്റ് ചിലര്‍ വിമര്‍ശിക്കുന്നു.

പുതിയ ഗൂഗിള്‍ നയത്തെ അനുകൂലിക്കുന്നവരില്‍ യൂറോപ്യന്‍ കമ്മീഷണര്‍ ജസ്റ്റിസ് വിവിയന്‍ റെഡിങും ഉള്‍പ്പെടുന്നു. ഡേറ്റ സംരക്ഷണത്തിനും ഇന്റര്‍നെറ്റ് നയത്തിനുമുള്ള നിയമം നിര്‍മിക്കണമെന്ന് ശക്തിയായി വാദിക്കുന്ന വ്യക്തിയാണ് റെഡിങ്. ഇക്കാര്യത്തില്‍ പുതിയ യൂറോപ്യന്‍ നിയമം വരുന്നതിന് മുമ്പുതന്നെ പുതിയ നയം ഗൂഗിള്‍ പ്രഖ്യാപിച്ചത് ശരിയായ ദിശയിലുള്ള നീക്കമാണെന്ന് അവര്‍ പറയുന്നു.

എന്നാല്‍, ഉപയോക്താവ് വ്യത്യസ്ത ഗൂഗിള്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നതിന്റെ വിവരങ്ങള്‍ ശേഖരിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നത് അനുകൂലിക്കാവുന്ന സംഗതിയല്ലെന്ന് യു.എസ്.പ്രതിനിധി സഭയിലെ എഡ് മാര്‍കീ അഭിപ്രായപ്പെട്ടു. ഒരു ഉപയോക്താവിന്റെ വെബ്ബ് ഉപയോഗം സംബന്ധിച്ച് ഏതൊക്കെ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടണം എന്ന് തീരുമാനിക്കാനുള്ള അവകാശം ആ ഉപയോക്താവിന് ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറയുന്നു.

പുതിയ സ്വകാര്യതാനയം ഗൂഗിള്‍ സംസ്‌കാരത്തിലെ ചുവടുമാറ്റമായി സെര്‍ച്ച് എന്‍ജിന്‍ വിദഗ്ധനും ടെക് ബ്ലോഗറുമായ ഡാന്നി സുല്ലിവന്‍ വിശേഷിപ്പിക്കുന്നു. ഒരു വെബ്ബ് പോര്‍ട്ടലായി രൂപാന്തരപ്പെടാനുള്ള ഗൂഗിളിന്റെ ആഗ്രഹമായി ഇതിനെ കാണാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്കിലേക്ക് ലോഗിന്‍ ചെയ്യുന്നത് പോലെയാണിതെന്ന് സുല്ലിവന്‍ ചൂണ്ടിക്കാട്ടുന്നു. ഫെയ്‌സ്ബുക്കിലേക്ക് ഒരു തവണ ലോഗിന്‍ ചെയ്താല്‍, അതിലുള്ള വ്യത്യസ്ത സര്‍വീസുകള്‍ക്ക് വീണ്ടും ലോഗിന്‍ ചെയ്യേണ്ട കാര്യമില്ല. അതുപോലൊരു സംഗതിയാണ് ഗൂഗിളിലും വരാന്‍ പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുതിയ ഗൂഗിള്‍ നയം എന്താണ് അര്‍ഥമാക്കുന്നത് -


ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിക്കുമ്പോള്‍, യഥാര്‍ഥത്തില്‍ ഗൂഗിള്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കേണ്ടതുണ്ട്. ജീമെയില്‍, പിക്കാസ, യൂട്യൂബ്, സെര്‍ച്ച്, ഗൂഗിള്‍ പ്ലസ് എന്നിങ്ങനെ വ്യത്യസ്ത സര്‍വീസുകള്‍ ഉപയോഗിക്കുമ്പോഴെല്ലാം, നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന വിവരം ഗൂഗിള്‍ ശേഖരിക്കുന്നു. ആ വിവരങ്ങളെ ക്രോഡീകരിക്കുക വഴി നിങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഗൂഗിളിന് അവസരം ലഭിക്കുന്നു.

കലണ്ടര്‍, ലൊക്കേഷന്‍ ഡേറ്റ, സെര്‍ച്ച് മുന്‍ഗണനകള്‍, കോണ്‍ടാക്ടുകള്‍ എന്നിങ്ങനെ നിലവിലുള്ള ഗൂഗിള്‍ ഇക്കോസിസ്റ്റത്തിലെ ഏത് സര്‍വീസിലെയും വിവരങ്ങള്‍ സമ്മേളിപ്പിക്കാന്‍ ഗൂഗിളിന് സാധിക്കും. ഗൂഗിള്‍ സര്‍വീസുകളെ മെച്ചപ്പെടുത്തി മികച്ച യൂസര്‍ അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ, ലോഗിന്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിക്കാന്‍ പുതിയ നയം വഴി ഗൂഗിളിന് സാധിക്കും.

വ്യത്യസ്ത ഉത്പന്നങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സമ്മേളിപ്പിക്കുമ്പോള്‍ കൂടുതല്‍ 'നല്ല സംഗതികള്‍' സാധ്യമാകുമെന്ന് ഗൂഗിള്‍ പറയുന്നു. നിങ്ങള്‍ എത്രത്തോളം വിവരങ്ങള്‍ ഗൂഗിളുമായി പങ്കുവെയ്ക്കാന്‍ തയ്യാറാകുന്നുവോ, അത്രയും കൂടുതല്‍ നിങ്ങളെ സഹായിക്കാന്‍ ഗൂഗിളിന് അവസരം ലഭിക്കുന്നതായി കമ്പനി പറയുന്നു.

ഉദാഹരണത്തിന് നിങ്ങളുടെ ഗൂഗിള്‍ കലണ്ടറും ലോക്കേഷനും മനസിലാക്കി, നിങ്ങള്‍ യാത്ര ചെയ്യുന്ന റൂട്ടിലെ ഗതാഗതത്തിന്റെ അവസ്ഥ പരിശോധിച്ച്, കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു മീറ്റിങിന് നിങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടോ എന്ന് ഗൂഗിളിന് നിങ്ങളെ അറിയിക്കാന്‍ സാധിക്കും. മറ്റൊരു ഉദാഹണം -നിങ്ങളുടെ സുഹൃത്തുക്കളുടെ പേരുകള്‍ കോണ്‍ടാക്ട് ലിസ്റ്റിലുള്ളതിനാല്‍, ആ പേരുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരത്തെറ്റ് ഒഴിവാക്കാന്‍ ഗൂഗിള്‍ നിങ്ങളെ സഹായിക്കും. ഇത്തരത്തില്‍ നിങ്ങളെ കൂടുതല്‍ സഹായിക്കാന്‍ പുതിയ നയം സഹായിക്കുമെന്ന നിലപാടാണ് ഗൂഗിളിന്റേത്.

No comments:

Post a Comment