Saturday, 24 March 2012

പോക്കറ്റ് കാലിയാക്കാത്ത ഒരു ടാബ്‌ലറ്റ്‌


പണ്ട് സ്‌കൂളില്‍ കൊണ്ടുപോയിരുന്ന സ്ലേറ്റിനെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. സ്ലേറ്റും കല്ലുപെന്‍സിലും മഷിത്തണ്ടുമൊക്കെയുണ്ടായിരുന്ന ആ കാലം ഇന്ന് ഓര്‍മ മാത്രം. എന്നാല്‍, പുതിയ കാലം സ്ലേറ്റിനെ ഹൈടെക് രൂപത്തില്‍ പുനര്‍ജനിപ്പിക്കുകയാണ്. അതാണ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍....പെന്‍സിലും മഷിത്തണ്ടും ഇല്ലെന്ന് മാത്രം.

കമ്പ്യൂട്ടിങിന്റെ പുത്തന്‍യുഗത്തിന്റെ വരവാണ് ടാബ്‌ലറ്റുകളിലൂടെ ലോകമറിഞ്ഞത്. 2010 ല്‍ ആപ്പിള്‍ ആവതരിപ്പിച്ച ഐപാഡില്‍ ആരംഭിക്കുന്നു പുതിയ ടാബ്‌ലറ്റ് യുഗം. ഐപാഡിന് തൊട്ടുപുറകെ ഗാലക്‌സി ടാബുമായി സാംസങ് എത്തി. അതിന് പിന്നാലെ മറ്റനേകം കമ്പനികളും ടാബ്‌ലറ്റ് വിപണിയില്‍ ചുവടുറപ്പിക്കാന്‍ നോക്കി.

ഇന്നിപ്പോള്‍ മുന്‍നിര ഗാഡ്ജറ്റ് കമ്പനികള്‍ക്കെല്ലാം ടാബ്‌ലറ്റ് മോഡലുകളുണ്ട്. കൊണ്ടുനടക്കാനുള്ള സൗകര്യവും ഭാരക്കുറവും കാരണം എക്‌സിക്യൂട്ടീവുകള്‍ ലാപ്‌ടോപ്പ് ഉപേക്ഷിച്ച് ടാബ്‌ലറ്റുകളിലേക്ക് ചെക്കേറുന്ന തിരക്കിലാണ്.

ടാബ്‌ലറ്റ് വാങ്ങണമെന്ന് മോഹിക്കുന്നവര്‍ ഏറെയുണ്ടെങ്കിലും വില കേള്‍ക്കുന്നതോടെ മിക്കവരുടെയും മുഖം വാടും. ആപ്പിള്‍ ഐപാഡ് രണ്ടിന് 24,500 രൂപയാണ് ഇന്ത്യയിലെ വില. സാംസങ് ഗാലക്‌സി ടാബ് 620 ന് 26500 രൂപയും ബ്ലാക്ക്‌ബെറി പ്ലേബുക്കിന് 20,000 രൂപയും മുടക്കണം. സോണിയുടെ ഒരു ടാബ്‌ലറ്റ് മോഡലിന് 34,000 രൂപയാണ് വില.

ആകാശ് എന്ന പേരില്‍ വില കുറഞ്ഞ ടാബ്‌ലറ്റ് പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയാന്‍ തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും ഇതുവരെ സംഗതി വെളിച്ചം കണ്ടിട്ടില്ല. 3500 രൂപയ്ക്ക് ടാബ്‌ലറ്റ് അവതരിപ്പിക്കുമെന്ന ബിഎസ്എന്‍എല്‍ പ്രഖ്യാപനവും നടപ്പായിട്ടില്ല. രണ്ടു ടാബ്‌ലറ്റുകള്‍ക്കുമായി ലക്ഷക്കണക്കിന് ആളുകളാണ് ഓണ്‍ലൈന്‍ ബുക്കിങും നടത്തി കാത്തിരിക്കുന്നത്.

വില കുറഞ്ഞ ടാബ്‌ലറ്റുകളോടുള്ള ഇന്ത്യക്കാരുടെ താത്പര്യം മനസിലാക്കിയാണ് ഹോങ്കോങ് കമ്പനി ഐബെറിയുടെ പുതിയ നീക്കം. ഓക്‌സസ് എഎക്‌സ് 02 എന്ന പേരില്‍ ഐബെറി ഇറക്കിയിരിക്കുന്ന ടാബ്‌ലറ്റിന്റെ വില 9,990 രൂപ മാത്രം. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷന്‍ ഒഎസിലാണ് ഈ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്. സാംസങിന്റെ ഇതേ വെര്‍ഷനിലുള്ള ടാബ്‌ലറ്റിന്റെ വില 30,000 രൂപയാണെന്ന കാര്യമോര്‍ക്കണം. അതിന്റെ മൂന്നിലൊന്നു വിലയ്ക്ക് ടാബ്‌ലറ്റ് നല്‍കുന്ന ഐബെറിയുടെ നീക്കം ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.

വിലകുറവാണെങ്കിലും ഹാര്‍ഡ്‌വേര്‍ കരുത്തില്‍ ഒട്ടും പുറകിലല്ല ഐബെറി ഓക്‌സസ് എഎക്‌സ് 02. മുന്‍നിര ടാബ്‌ലറ്റുകളോട് കിടപിടിക്കുന്ന ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍ ഇതിലുണ്ട്. ഒരു ജിഗാഹെര്‍ട്‌സ് ആം കോര്‍ടെസ് എ8 പ്രൊസസര്‍, ഒരു ജിബി റാം, വൈഫൈ കണക്ടിവിറ്റി, എട്ട് ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെയുള്ള കാര്‍ഡ് സപ്പോര്‍ട്ട് എന്നിവയെല്ലാമുണ്ട്.

ഏഴിഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീനാണ് ഇതിലുള്ളത്. എക്‌സ്‌റ്റേണല്‍ യുഎസ്ബി മോഡമുപയോഗിച്ച് ത്രിജി സംവിധാനവും ഇതില്‍ ഉപയോഗപ്പെടുത്താം. സ്‌ക്രീന്‍ റെസല്യൂഷന്‍ 400/800 പിക്‌സല്‍സ്. ഐപാഡിലുള്ളതു പോലെ പിഞ്ച് ടു സൂം ഫങ്ഷന്‍, രണ്ട് മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, എച്ച്ഡിഎംഐ ഔട്ട്പുട്ട് സൗകര്യം എന്നിവയും ഓക്‌സസ് ടാബ്‌ലറ്റിന്റെ സവിശേഷതകളാണ്.

ഇന്ത്യന്‍ഭാഷകളെ പിന്തുണയ്ക്കുന്ന ബ്രൗസറാണ് ഈ ഇതിലുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. അഡോബി ഫ്ലാഷ് 11.1 വെര്‍ഷനെ പിന്തുണയ്ക്കുന്ന ബ്രൗസറാണിത്. ലി-പോളി 4000 എംഎഎച്ച് ബാറ്റിയാണ് ഈ ടാബ്‌ലറ്റിന് ഊര്‍ജ്ജം പകരുന്നത്. 25 മണിക്കൂര്‍ തുടര്‍ച്ചയായി പാട്ടുകേള്‍ക്കല്‍, അഞ്ചുമണിക്കൂര്‍ വീഡിയോ കാണല്‍, ആറുമണിക്കൂര്‍ തുടര്‍ച്ചയായ വെബ് ബ്രൗസിങ്... ഇതൊക്കെയാണ് കമ്പനി ഉറപ്പുതരുന്ന ബാറ്ററി ആയുസ്സ്.

പുതിയൊരു ഗാഡ്ജറ്റ് ആയതിനാല്‍ ഇതുപയോഗിച്ചവരുടെ അഭിപ്രായങ്ങളൊന്നും ഇതുവരെ വന്നുതുടങ്ങിയിട്ടില്ല. ഈ ടാബ്‌ലറ്റിന്റെ വില്‍പനാന്തര സര്‍വീസിനെക്കുറിച്ചൊന്നും വ്യക്തത വന്നിട്ടുമില്ല. 2002 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച ഐബെറിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം ചെന്നൈയിലാണ്. ബുക്ക് ചെയ്ത് ഏഴുദിവസത്തിനകം ഈ ടാബ്‌ലറ്റ് വീട്ടിലെത്തിക്കാമെന്നായിരുന്നു ചെന്നൈയിലേക്ക് വിളിച്ചപ്പോള്‍ കിട്ടിയ മറുപടി. കേരളത്തില്‍ ഡിസ്ട്രിബ്യൂട്ടര്‍ ഇല്ലാത്തതിനാല്‍ കമ്പനി വെബ്‌സൈറ്റില്‍ തന്നെ ഓണ്‍ലൈന്‍ ബുക്കിങ് നടത്തേണ്ടിവരും.

ഒരുവര്‍ഷത്തെ വാറന്റിയോടെയാണ് ഓക്‌സസ് എഎക്‌സ് 02 നിങ്ങളുടെ കൈകളിലെത്തുന്നത്. ഈ കാലയളവിനുള്ളില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ കമ്പനി പ്രതിനിധി നിങ്ങളുടെ വീട്ടിലെത്തി നന്നാക്കിത്തരുമെന്നാണ് ഐബെറിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പറില്‍ നിന്നു ലഭിച്ച ഉറപ്പ്.

വിലയുടെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്റെയും കാര്യത്തില്‍ തൃപ്തി നല്‍കുന്ന ടാബ്‌ലറ്റ് തന്നെയാണ് ഐബെറി ഓക്‌സസ്. വില്‍പനാന്തര സേവനം കൂടി തൃപ്തികരമായാല്‍ കൊടുക്കുന്ന കാശ് മുതലാകുമെന്നുറപ്പ്.
                                                -പി.എസ്.രാകേഷ്‌

No comments:

Post a Comment