
ആണ്‍നയനങ്ങള്‍ കഥ പറഞ്ഞു
ആണ്‍പദങ്ങളും മുദ്രകളും നിറഞ്ഞ വേദി കലോത്സവത്തിന്റെ ആദ്യദിനത്തില്‍ ആസ്വാദകരെ രസിപ്പിച്ചു. ആണ്‍കുട്ടികള്‍ക്ക് പ്രത്യേക ഇനമായി കേരളനടനം ഉള്‍പ്പെടുത്തിയ ആദ്യ കലോത്സവമായിരുന്നു ഇത്തവണത്തേത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എട്ടുപേര്‍ മത്സരിച്ചു. ആറുപേര്‍ എ ഗ്രേഡും രണ്ടുപേര്‍ ബി ഗ്രേഡും നേടി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് നടത്തിയ മുന്‍കാല കലോത്സവങ്ങളില്‍ ആണ്‍പ്രാതിനിധ്യം താരതമ്യേന കുറവായിരുന്നു.
ശിവനെ ധിക്കരിച്ച് ദക്ഷന്റെ യാഗം കാണാനെത്തിയ പാര്‍വ്വതി, അപമാനിതയായി ഹോമകുണ്ഡത്തില്‍ ഭസ്മമായിത്തീരുന്നതും ശിവന്റെ പ്രതികാരവും അഭിനയത്തിലൂടെയും മുദ്രകളിലൂടെയും ആടിയ കണ്ണൂര്‍ ഇരിട്ടി എച്ച്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്‍ഥി കെ.പി. അനുരാഗ് ആണ്‍ കേരളനടനത്തിലെ ആദ്യ മത്സരാര്‍ത്ഥിയായി. ഗജേന്ദ്രമോക്ഷവും മാര്‍ക്കണ്ഡേയവും വേദികളില്‍ നിറഞ്ഞു. നടനഭൂഷണം ബാബു നാരായണന്‍, കലാമണ്ഡലം പ്രസന്നകുമാര്‍, കലാനിലയം ഗോവിന്ദന്‍കുട്ടി എന്നിവരാണ് വിധികര്‍ത്താക്കളായി എത്തിയത്.
മത്സരം ശരാശരിനിലവാരം പുലര്‍ത്തിയെന്നാണ് നടനഭൂഷണം ബാബു നാരായണന്റെ അഭിപ്രായം. ''കഥകളിയില്‍നിന്ന് അടര്‍ത്തിമാറ്റിയ ലളിതരൂപമാണ് കേരളനടനം. ആദ്യമായി ആണ്‍കുട്ടികള്‍ക്ക് മത്സരം ഏര്‍പ്പെടുത്തിയതിന്റെ പോരായ്മകള്‍ കണ്ടു. താളം നിലനിര്‍ത്താന്‍ കഴിയാതെ വന്നു പലര്‍ക്കും. പെണ്‍കുട്ടികള്‍ക്കൊപ്പം മത്സരിച്ച് മികച്ച നിലവാരം പുലര്‍ത്തിയ ആണ്‍കുട്ടികള്‍ മുന്‍ കലോത്സവങ്ങളില്‍ ഉണ്ടായിരുന്നു. കഥകളിപോലെ ഭാവാഭിനയവും പിന്നെ താളവും ആണ് കേരളനടനത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ശരാശരിക്ക് അപ്പുറത്തേയ്ക്കുള്ള പ്രകടനം ഉണ്ടായില്ല''- അദ്ദേഹം പറഞ്ഞു.
No comments:
Post a Comment