Tuesday, 17 January 2012

പൂരനാട്ടില്‍ കലോത്സവമേളം തുടങ്ങി



തൃശ്ശൂര്‍: തേക്കിന്‍കാടിന്റെ ചുറ്റുവട്ടത്ത് കലാകേരളത്തെ അണിനിരത്തി സ്‌കൂള്‍ കലോത്സവത്തിന്റെ കൊടിയുയര്‍ന്നു. രാവിലെ ഡി.പി.ഐ എ ഷാജഹാന്‍ പതാകയുയര്‍ത്തിയതോടെ മേളയ്ക്ക് തുടക്കമായി.

ഇതോടെ പ്രതിഭകള്‍ കയ്യൊപ്പിട്ട നൂറ്റിപ്പതിനേഴരപ്പവന്റെ ഉപഹാരം ഏറ്റുവാങ്ങാനുള്ള പോരാട്ടം ആരംഭിച്ചു. 52-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് പൂരനാടിന്റെ തട്ടകമൊരുങ്ങി.

ഉച്ചയ്ക്ക് രണ്ടു മണിക്ക് ഘോഷയാത്ര നടക്കും. വൈകിട്ട് മുഖ്യവേദിയില്‍ ഔപചാരിക ഉത്ഘാടനം നടന്നു. ഗാനഗന്ധര്‍വന്‍ യേശുദാസ് ഭദ്രദീപം തെളിച്ചാണ് ഉത്ഘാടനം നിര്‍വഹിച്ചത്. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ്, സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, എം.വിന്‍സെന്റ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

കഴിഞ്ഞകാല കലോത്സവങ്ങളെ സര്‍ഗസൗന്ദര്യംകൊണ്ട് വിസ്മയിപ്പിച്ച താരങ്ങള്‍ വന്നെത്തിയതായിരുന്നു ഞായറാഴ്ചയുടെ തിളക്കം. ഔപചാരികമായ ഉദ്ഘാടനത്തിനു മുമ്പുതന്നെ മേളയുടെ ഹൃദ്യമായ വിളംബരമായി ആ ഒത്തുചേരല്‍. പൊന്നമ്പിളി അരവിന്ദു മുതല്‍ ആതിരാനാഥ് വരെയുള്ള തിലകങ്ങള്‍. അജിത്തും ഷിജിത്തും മുരളിയുമടക്കമുള്ള പ്രതിഭകള്‍. അവരുടെ വാക്കുകളില്‍ കലയുടെ കമലദളം വിരിഞ്ഞു.

വരുന്ന എട്ടുദിനങ്ങളിലായി 218 ട്രോഫികള്‍ ഏറ്റുവാങ്ങാന്‍ താരങ്ങള്‍ അരങ്ങിലെത്തും. ആണ്‍കുട്ടികളുടെ പ്രത്യേക കേരളനടന മത്സരമാണ് ഇക്കുറി പുത്തനിനം. അപ്പീലിലൂടെ അര്‍ഹത നേടിയ 490 പേരടക്കം എണ്ണായിരത്തോളം കുട്ടികളാണ് മാറ്റുരയ്ക്കുക. നിലവിലുള്ള ജേതാക്കളായ കോഴിക്കോടും ആതിഥേയരായ തൃശ്ശൂരും തിരുവനന്തപുരവും പാലക്കാടുമെല്ലാം കിരീടപ്രതീക്ഷകളുമായി എത്തുമ്പോള്‍ മത്സരം തീപാറും.

രജിസ്‌ട്രേഷന്‍ രാവിലെ എട്ടിന് തൃശ്ശൂര്‍ പാലസ് റോഡിന് സമീപമുള്ള മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ ആരംഭിച്ചു. മത്സരഫലങ്ങള്‍ തത്‌സമയം വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

No comments:

Post a Comment