Wednesday, 18 January 2012

പാവപ്പെട്ടവര്‍ക്കും മത്സരിക്കാന്‍ അവസരമൊരുക്കണം- ടി. പത്മനാഭന്‍


തൃശ്ശൂര്‍: സ്‌കൂള്‍ കലോത്സവങ്ങളില്‍ പാവപ്പെട്ടവര്‍ക്കും മത്സരിക്കാന്‍ അവസരമൊരുക്കണമെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍ അഭിപ്രായപ്പെട്ടു. കലോത്സവത്തിന്റെ ഭാഗമായി സാഹിത്യ അക്കാദമി അങ്കണത്തില്‍ നടക്കുന്ന സാസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലയിലുള്ള താത്പര്യം മേലാളന്മാരുടെ കുട്ടികള്‍ക്ക് മാത്രമുള്ളതല്ല. പാവപ്പെട്ട വീട്ടിലെ കുട്ടിയാണെങ്കില്‍ കഴിവുണ്ടെങ്കില്‍പോലും മത്സരിക്കാനാകാത്ത സ്ഥിതിയാണ്. ആടയാഭരണങ്ങളും ഗുരുദക്ഷിണയും ഒട്ടേറെ പുറം ചെലവുകളും വരുമ്പോള്‍ കുട്ടിക്ക് തന്റെ പാടവം പ്രദര്‍ശിപ്പിക്കാനാകില്ല. വിദ്യാര്‍ഥികളുടെ ആരോഗ്യകരമായ മത്സരമല്ല ഇപ്പോള്‍ നടക്കുന്നത്.  ഒളിയമ്പുകളും കൂരമ്പുകളും ബോംബേറും വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം ഇടനിലക്കാരും ഉണ്ടെന്നാണ് കേള്‍വി. ഈ രീതികള്‍ ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രൊഫ.സി. രവീന്ദ്രനാഥ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കലോത്സവ വിജയികള്‍ക്കുള്ള സമ്മാനവിതരണത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു.

തൃശ്ശൂര്‍ പെരുമ എന്ന പരിപാടിയില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി.എസ്. മുഹമ്മദ്‌സഗീര്‍ ആമുഖ പ്രഭാഷണം നടത്തി. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ., കലാമണ്ഡലം ക്ഷേമാവതി, പെരുവനം കുട്ടന്‍ മാരാര്‍, കെ.പി. ശങ്കരന്‍, ഫാ. ഡേവിസ് ചിറമ്മല്‍, വൈശാഖന്‍, ഡോ.പി.വി. കൃഷ്ണന്‍ നായര്‍, മാള അരവിന്ദന്‍, വിദ്യാധരന്‍, പി. നാരായണമേനോന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍, എ.കെ. അബ്ദുല്‍ഹക്കിം എന്നിവര്‍ പ്രസംഗിച്ചു.
കുഞ്ചലത ഒറിയയും പത്മജ പാലക്കാടും അവതരിപ്പിച്ച ഒഡീസ്സി നൃത്തവും അരങ്ങേറി

No comments:

Post a Comment