Thursday 19 January 2012

'ചന്ദ്രയാന്റെ' വിജയഗാഥ വീണ്ടും; ചന്ദ്രനില്‍ ഹിമശേഖരം കണ്ടെത്തി



ശരിക്കും ഫീനിക്‌സ് പക്ഷിയെപ്പോലെയായിരിക്കുകയാണ് ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍ ഒന്ന്', ദൗത്യം അവസാനിച്ചിട്ടും അതില്‍ നിന്നുള്ള കണ്ടുപിടിത്തങ്ങള്‍ തീരുന്നില്ല. ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍ മഞ്ഞുപാളികളുടെ വന്‍ശേഖരമുണ്ടെന്ന് ചന്ദ്രയാനിലെ പരീക്ഷണോപകരണങ്ങളില്‍ (പേലോഡുകള്‍) ഒരെണ്ണം കണ്ടെത്തിയെന്നതാണ് പുതിയ വാര്‍ത്ത.

അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയുടെ 'മിനിസര്‍' (Mini-Sar) എന്ന പരീക്ഷണോപകരണം നല്‍കിയ വിവരമാണ്, ചാന്ദ്രധ്രുവത്തില്‍ മഞ്ഞുപാളികളുടെ ശേഖരമുണ്ടെന്ന് വ്യക്തമാക്കിയത്. 40 ചെറു ഗര്‍ത്തങ്ങളില്‍ മിനിസര്‍ ഉപകരണം ഹിമപാളികളുടെ സാന്നിധ്യം കണ്ടു. ഏതാണ്ട് 60 കോടി മെട്രിക് ടണ്‍ ഹിമശേഖരം ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍ ഉണ്ടാകാമെന്നാണ് കണക്കുകൂട്ടല്‍.

ചാന്ദ്രധ്രുവത്തിലെ തണുത്തുറഞ്ഞ ഗര്‍ത്തങ്ങളില്‍ ഹിമപാളികളുണ്ടോ എന്നകാര്യം പരിശോധിക്കുകയായിരുന്നു ചന്ദ്രയാനില്‍ ഘടിപ്പിച്ചിരുന്ന മിനിസറിന്റെ ലക്ഷ്യം. രണ്ടു മുതല്‍ 15 കിലോമീറ്റര്‍ വരെ വ്യാസമുള്ള മഞ്ഞുപാളികള്‍ തിരിച്ചറിയാന്‍ ചന്ദ്രയാന് കഴിഞ്ഞതായി നാസ വെളിപ്പെടുത്തി. 

'ശാസ്ത്രീയമായും, പര്യവേക്ഷണത്തിന്റെ തലത്തിലും ചന്ദ്രന്‍ കരുതിയിരുന്നതിലും ആകര്‍ഷകമായ ഒരു ലക്ഷ്യസ്ഥാനമാണെന്ന് പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു'-മിനിസര്‍ ഉപകരണത്തിന്റെ മുഖ്യഗവേഷകനും ഹൂസ്റ്റണിലെ ലൂണാര്‍ ആന്‍ഡ് പ്ലാനെറ്ററി ഇന്‍സ്റ്റിട്ട്യൂട്ടിലെ ശാസ്ത്രജ്ഞനുമായ പോള്‍ സ്​പുഡിസ് അഭിപ്രായപ്പെട്ടു. ടെക്‌സാസില്‍ നടക്കുന്ന 41-ാമത് ലൂണാര്‍ ആന്‍ഡ് പ്ലാനെറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് ഈ കണ്ടെത്തല്‍ നാസ അവതരിപ്പിച്ചത്.

ചന്ദ്രയാനില്‍ നിന്ന് ലഭിച്ച വിവരം, നാസയുടെ 'എല്‍ക്രോസ്' ദൗത്യം നല്‍കിയ വസ്തുതകളുമായി ഗവേഷകര്‍ ഒത്തുനോക്കി ശരിയെന്ന് ഉറപ്പിക്കുകയും ചെയ്തു. മഞ്ഞുപാളികള്‍ക്കൊപ്പം ചാന്ദ്രധ്രുവത്തില്‍ ഹൈഡ്രോകാര്‍ബണുകളും കാണപ്പെടുന്നുണ്ടെന്ന് പഠനവിവരം പറയുന്നു.

ചന്ദ്രന്റെ ഉത്തരധ്രുവത്തിലുണ്ടെന്ന് കരുതുന്ന ഹിമപാളിക്ക് തുല്യമായ അളവില്‍ റോക്കറ്റ് ഇന്ധനമുണ്ടെങ്കില്‍, ദിവസം ഒന്ന് എന്ന കണക്കില്‍ 2200 വര്‍ഷത്തേക്ക് സ്‌പേസ് ഷട്ടില്‍ വിക്ഷേപിക്കാന്‍ അതു മതിയാകുമെന്ന് പോള്‍ സ്​പുഡിസ് പറഞ്ഞു.

'മിനിയേച്ചര്‍ സിന്തറ്റിക് അപ്പര്‍ച്വര്‍ റഡാര്‍' എന്നതിന്റെ ചുരുക്കപ്പേരാണ് 'മിനിസര്‍'. ചന്ദ്രയാന് വേണ്ടി നാസ നല്‍കിയ ഈ പരീക്ഷണോപകരണം ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയ്ക്ക് കീഴിലെ അപ്ലൈഡ് ഫിസ്‌ക്‌സ് ലബോറട്ടറിയും അമേരിക്കയുടെ നേവല്‍ എയര്‍ വാര്‍ഫെയര്‍ സെന്ററും ചേര്‍ന്നാണ് വികസിപ്പിച്ചത്. ചാന്ദ്രധ്രുവത്തില്‍ സ്ഥിരമായി സൂര്യപ്രകാശം പതിക്കാത്ത ഇരുണ്ട ഗര്‍ത്തങ്ങളിലെ ഹിമസാന്നിധ്യം തേടുകയായിരുന്ന 8.77 കിലോഗ്രാം ഭാരമുണ്ടായിരുന്ന മിനിസറിന്റെ ലക്ഷ്യം. 

ചാന്ദ്രയാനിലുണ്ടായിരുന്ന 11 പഠനോപകരണങ്ങളില്‍ ഒന്നായ നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്), ചന്ദ്രോപരിതലത്തിലുടനീളം ജലാംശമുള്ളതായി കണ്ടെത്തിയിരുന്നു. ചന്ദ്രപ്രതലത്തിലെ ഓരോ ടണ്‍ മണ്ണിലും കുറഞ്ഞത് ഒരു ലിറ്റര്‍ വെള്ളമെങ്കിലുമുണ്ടാകുമെന്നാണ് ആ ഉപകരണം തിരിച്ചറിഞ്ഞത്.

ചന്ദ്രപ്രതലത്തിലെ ജലത്തിന് കാരണം ബാഹ്യസ്രോതസ്സുകളല്ല, ജലതന്മാത്രകള്‍ ചന്ദ്രനില്‍ തന്നെ രൂപപ്പെടുന്നു എന്ന്, യൂറോപ്യന്‍ യൂണിയനും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് വികസിപ്പിച്ച സബ് കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് ആറ്റം റിഫ്‌ളെക്ടിങ് അനലൈസര്‍ (സാറ) എന്ന ചാന്ദ്രയാനിലെ പേലോഡ് കണ്ടെത്തിയ വിവരം പുറത്ത് വന്നത് 2009 ഒക്ടോബര്‍ 15-നാണ്.

2009 ആഗസ്ത് 28-നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത്. 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കെയാണ് അവസാനിച്ചത്. പക്ഷേ, പ്രതീക്ഷിക്കാത്തത്ര വലിയൊരു വിജയക്കുതിപ്പ് നടത്തിയിട്ടാണ് ചന്ദ്രയാന്‍ വിടവാങ്ങിയതെന്ന് അന്ന് ആരും കരുതിയില്ല. 

No comments:

Post a Comment