Friday, 20 April 2012

അഗ്‌നി-5 വിക്ഷേപണം വിജയകരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5 വിക്ഷേപിച്ചു. ഒഡിഷയിലെ വീലര്‍ ദ്വീപില്‍ കാലത്ത് 8.05നു നടന്ന വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആര്‍ .ഡി.ഒ. അറിയിച്ചു. ബുധനാഴ്ച നടത്തേണ്ടിയിരുന്ന പരീക്ഷണ വിക്ഷേപണം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. യു.എസ് , റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ഭൂഖണ്ഡാന്തര മിസൈലുകള്‍ സ്വന്തമായുണ്ടായിരുന്നത്. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പ്രഹരപരിധി അയ്യായിരം കിലോമീറ്ററാണ്. ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ഏറ്റവും പ്രഹരപരിധി കൂടിയ മിസൈലായിരിക്കുകയാണ് അഗ്‌നി-5. ഡി.ആര്‍ .ഡി.ഒ ശാസ്ത്രജ്ഞര്‍ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണിത്. ഒരു ടണ്ണിലേറെ ഭാരം വരുന്ന അണ്വായുധം പേറാന്‍ ശേഷിയുള്ള മിസൈലിന് പതിനേഴ് മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണുള്ളത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇതിന്റെ പ്രവര്‍ത്തനം. 750 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള കെ-15, 3,500 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള കെ-4 മിസൈലുകളും പൂര്‍ണമായി സജ്ജമായിക്കഴിഞ്ഞാല്‍ അഗ്‌നി-5 ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകും. ഇന്ത്യന്‍ തദ്ദേശീയമായി വികസിപ്പിച്ച ഐ.എന്‍.എസ്. അരിഹന്റിലായിരിക്കും അഗ്‌നി-5 വിന്യസിക്കുക. മിസൈലിനു പിറകില്‍ പ്രവര്‍ത്തിച്ച ഡി. ആര്‍.ഡി. ഒ.യിലെ ശാസ്ത്രജ്ഞരെ പ്രതിരോധമന്ത്രി ഏ.കെ. ആന്റണി അഭിനന്ദിച്ചു. രാജ്യത്തിന്റെ മിസൈല്‍ ഗവേഷണ രംഗത്ത് ഒരു നാഴികക്കല്ലാണ് അഗ്‌നി-5ന്റെ വിക്ഷേപണമെന്ന് ആന്റണി പറഞ്ഞു.

No comments:

Post a Comment