Saturday 1 December 2012

ശാസ്ത്രത്തിലും പ്രവൃത്തിപരിചയത്തിലും പാലക്കാട്; കണക്കില്‍ കോഴിക്കോട്


കോഴിക്കോട്: സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. ഗണിതശാസ്ത്രമേളയില്‍ കോഴിക്കോട് ജേതാക്കളായി. സാമൂഹ്യശാസ്ത്രമേളയില്‍ കണ്ണൂരാണ് വിജയികള്‍.
ശാസ്ത്രമേളയില്‍ 171 പോയന്റാണ് പാലക്കാട് നേടിയത്. 168 പോയന്റ് നേടിയ മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 140 പോയന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി.
ഗണിതശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനത്തെത്തിയ കോഴിക്കോടിന് 345 പോയന്റുണ്ട്. 295 പോയന്‍േറാടെ പാലക്കാട് രണ്ടാം സ്ഥാനത്തും 293 പോയന്‍േറാടെ കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.
രണ്ടാം കിരീടം നേടിക്കൊടുത്ത പ്രവൃത്തിപരിചയ മേളയില്‍ പാലക്കാടിന് 48,361 പോയന്റുണ്ട്. 47,025 പോയന്‍േറാടെ കാസര്‍കോട് രണ്ടാം സ്ഥാനത്തും 46,930 പോയന്റുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി.
സാമൂഹ്യശാസ്ത്രമേളയില്‍ 158 പോയന്‍േറാടെയാണ് കണ്ണൂര്‍ വിജയികളായത്. 154 പോയന്‍േറാടെ കോഴിക്കോടും തൃശ്ശൂരും രണ്ടാമതെത്തി.

ശാസ്ത്രമേള കൊടിയിറങ്ങി കുട്ടികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കും- മന്ത്രി മുനീര്‍
കോഴിക്കോട്: ശാസ്ത്രമേളകളിലെ കുട്ടികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കുമെന്ന് സാമൂഹികക്ഷേമമന്ത്രി മുനീര്‍ പറഞ്ഞു. സംസ്ഥാന ശാസ്‌ത്രോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ പല കണ്ടുപിടിത്തങ്ങളും നമ്മള്‍ നിസ്സാരവത്കരിക്കുന്നത് പലപ്പോഴും അവ കടല്‍കടന്നുപോവാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത് വളരെ മോശമാണ്. ഗ്രേസ് മാര്‍ക്കിനും മത്സരവിജയങ്ങള്‍ക്കുമപ്പുറത്തേക്ക് കുട്ടികളുടെ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിലേക്ക്‌വലുതായാലേ ഇത്തരം മേളകള്‍ക്ക് അര്‍ഥമുണ്ടാകൂ-അദ്ദേഹം പറഞ്ഞു.
വിജയികള്‍ക്കുള്ള ട്രോഫികള്‍ അദ്ദേഹം വിതരണംചെയ്തു. ശാസ്‌ത്രോത്സവത്തിന്റെ സ്മരണികയും അദ്ദേഹം പുറത്തിറക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ എം. രാധാകൃഷ്ണന്‍, വി.കെ. അബ്ദുറഹ്മാന്‍, ക്രാഫ്റ്റ് വില്ലേജ് സി.ഇ.ഒ. വി.ഭാസ്‌കരന്‍, വി.എച്ച്.എസ്.ഇ. അഡീഷണല്‍ ഡയരക്ടര്‍ പി. ഗൗരി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment