ഗൂഗിളിന്റെ ഇന്ത്യന്‍ പതിപ്പിന്റെ ഹോംപേജില്‍ ശിശുദിനമായ നവംബര്‍ 14 ന് പ്രത്യക്ഷപ്പെടുക ചണ്ഡീഗഡ് സ്വദേശിയായ വിദ്യാര്‍ഥി അരുണ്‍ കുമാര്‍ യാദവ് വരച്ച ഡൂഡില്‍. ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കത്തക്കവിധം അരുണ്‍ വരച്ച ഡൂഡിലാണ് ഗൂഗിള്‍ നടത്തിയ മത്സരത്തില്‍ ഒന്നാമതെത്തിയത്.
'എ പ്രിസം ഓഫ് മള്‍ട്ടിപ്ലിസിറ്റി' ('A Prism of Multiplicity') എന്ന പേരില്‍ അരുണ്‍ കുമാര്‍ വരച്ച ഡൂഡിലില്‍, ഒരു ഫുട്‌ബോള്‍ കളിക്കാരന്‍, കഥകളി കലാകാരന്‍, സ്വര്‍ണാഭരണം, മയില്‍, കര്‍ഷകന്‍ എന്നിവ കൂടാതെ പൂക്കളും ചിത്രീകരിച്ചിരിക്കുന്നു.
'ഡൂഡില്‍ ഫോര്‍ ഗൂഗിള്‍' (Doodle4Google) എന്ന പേരില്‍ ഗൂഗിള്‍ നടത്തിയ മത്സരത്തില്‍ വിജയിച്ച ഡൂഡിലാണ് അരുണ്‍ കുമാറിന്റേത്. രാജ്യത്തെ 60 നഗരങ്ങളില്‍ നിന്നായി രണ്ടുലക്ഷത്തോളം സബ്മിഷനുകള്‍ ലഭിച്ചതിലാണ് അരുണിന്റെ ഡൂഡില്‍ തിരഞ്ഞെടുക്കപ്പെട്ടത്.
വിദ്യാര്‍ഥികളായ വാസുദേവന്‍ ദീപക് (കോഴിക്കോട്), ശ്രാവ്യ മഞ്ജുനാഥ് (ബാംഗ്ലൂര്‍), എസ്.പ്രീതം പോള്‍ (വിശാഖപട്ടണം) എന്നിവരും മത്സരത്തില്‍ വിജയികളായി. അവര്‍ രൂപംനല്‍കിയ ഡൂഡിലുകള്‍ 'ക്ലാസ്‌മേറ്റ്' (Classmate) സൈറ്റില്‍ അപ്‌ലോഡ് ചെയ്യും, കാണാനുമാകും.
കാര്‍ട്ടൂണിസ്റ്റ് അജിത് നൈനാന്‍, നടന്‍ ബൊമന്‍ ഇറാനി എന്നിവരാണ് വിജയികളെ നിശ്ചയിച്ച ജഡ്ജിങ് പാനലില്‍ ഉണ്ടായിരുന്നത്.
നാലുവര്‍ഷം മുമ്പാണ് 'ഡൂഡില്‍ ഫോര്‍ ഗൂഗിള്‍' മത്സരം ഗൂഗിള്‍ ആരംഭിച്ചത്. സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമാണ് അതിനുള്ളതെന്ന് ഗൂഗിള്‍ ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജന്‍ ആനന്ദന്‍ അറിയിച്ചു.
No comments:
Post a Comment