Sunday 25 November 2012

സംസ്ഥാന ഗണിതശാസ്ത്രമേള കോഴിക്കോട്ട് നവ.26 മുതല്‍ 29 വരെ

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ മേളയും വൊക്കേഷണല്‍ എക്‌സ്‌പോയും തിങ്കളാഴ്ച കോഴിക്കോട്ട് ആരംഭിക്കും.
മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ശാസ്ത്രമേള. പ്രവൃത്തിപരിചയമേള ആര്‍.കെ. മിഷന്‍ സ്‌കൂളിലും സാമൂഹ്യശാസ്ത്രമേള, വൊക്കേഷണല്‍ എക്‌സ്‌പോ എന്നിവ മീഞ്ചന്ത എന്‍.എസ്.എസ്. സ്‌കൂളിലും ഗണിതശാസ്ത്രമേള ചെറുവണ്ണുര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് നടക്കുക.
എല്ലാ മേളകളുടെയും രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച മീഞ്ചന്ത ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇവിടെ ഓരോ ജില്ലയ്ക്കും പ്രത്യേകകൗണ്ടര്‍ ഉണ്ടാകും.
മേളയുടെ ഉദ്ഘാടനം വൈകിട്ട് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് നിര്‍വഹിക്കും. ഇന്‍സ്‌പെയര്‍ അവാര്‍ഡ് ജേതാവ് ടി. അരുണിനെയും ലോഗോ രൂപകല്പനചെയ്ത പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സതീശ്കുമാറിനെയും വേദിയില്‍ ആദരിക്കും.
നിശ്ചലമാതൃക, പ്രവര്‍ത്തനമാതൃക, റിസര്‍ച്ച്‌ടൈപ്പ്, പ്രോജക്ട്, തത്‌സമയനിര്‍മാണം, തുടങ്ങിയ വിഭാഗങ്ങളില്‍ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മത്സരിക്കും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സ്‌പെഷല്‍സ്‌കുള്‍ പ്രവൃത്തിപരിചയമേള ഇത്തവണ പൊതുമേളയ്‌ക്കൊപ്പമാണ് സംഘടിപ്പിക്കുന്നത്. കൂടാതെ വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രോജക്ടുകള്‍ അവതരിപ്പിക്കാനുള്ള വൊക്കേഷണല്‍ എക്‌സ്‌പോയും സംഘടിപ്പിക്കുന്നുണ്ട്. 84 സ്‌കൂളില്‍നിന്നായി 200 ഓളം കുട്ടികള്‍ മേളയില്‍ പങ്കെടുക്കും. വി.എച്ച്.എസ്.ഇ. കോഴ്‌സ് പൂര്‍ത്തിയായവര്‍ക്ക് തൊഴില്‍ മേഖലകള്‍ കണ്ടെത്താനുള്ള തൊഴില്‍മേള 27-ന് രാവിലെ തുടങ്ങും. പൊതു, സ്വകാര്യ മേഖലകളില്‍നിന്നായി 25-ഓളം സംരംഭകര്‍ നിയമനം നടത്താനായി എത്തിച്ചേരും. വിവിധമേഖലകളിലെ പ്രമുഖവ്യക്തികളെ പങ്കെടുപ്പിച്ച് സെമിനാറും ഒരുക്കുന്നുണ്ട്.
വിവിധ ജില്ലകളില്‍നിന്ന് എത്തുന്ന കുട്ടികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 30-ന് രാവിലെ എം.കെ. രാഘവന്‍ എം.പി. സമാപനസമ്മേളനം ഉദ്ഘാടനംചെയ്യും.

No comments:

Post a Comment