Wednesday 24 October 2012

തിയ്യാട്ട ചമയം

കാണിദാരിക വധവുമായി ബന്ധപ്പെട്ടത്.
അലൌകികവും അതിമാനുഷികവുമായ പ്രതീതിയുളവാക്കുവാന്‍ ഉപയുക്തമായ വേഷവിധാനങ്ങളാണ് പല വേഷവിധാനങ്ങള്‍ക്കുമുള്ളത്. വെള്ള, ചുമപ്പ്, കറുപ്പ്, പച്ച എന്നീ നിറങ്ങള്‍ കൊണ്ട് മുഖത്തും മാറത്തും ചിത്രങ്ങള്‍ രചിക്കുന്നതോടുകൂടി തന്നെ കോലത്തിന് പരമമായ ദിവ്യത്വം കൈവരുന്നു. ആടയാഭരണങ്ങളുടുത്തണിയുന്നതോടു കൂടി ആ ദിവ്യദൃശ്യത്തിന്റെ സൌന്ദര്യം വര്‍ദ്ധിക്കുന്നു. വെട്ടിത്തിളങ്ങുന്ന വര്‍ണ്ണത്തകിടുകള്‍ പതിച്ച കിരീടങ്ങളും മുളയും പാളയും കുരുത്തോലയും കൊണ്ട് നിര്‍മ്മിക്കുന്ന വലുതും ചെറുതുമായ മുടികളും എടുത്തണിയുന്നതോടു കൂടി ദൈവഭാവം വളരെ വര്‍ദ്ധിക്കുന്നു. കത്തിയാളുന്ന ചൂട്ടുകളുടെയും പന്തങ്ങളുടെയും വെളിച്ചത്തില്‍ ആ കോലം മിന്നിത്തിളങ്ങി നില്‍ക്കുന്നത് ദൈവീകമായ ഒരു കാഴ്ചയാണ്.
പ്രകൃതിയില്‍ തന്നെ കിട്ടുന്ന വസ്തുക്കളാണ് ചമയങ്ങള്‍ക്ക് എടുക്കുന്നത്. ഉപയോഗിച്ചശേഷം വീണ്ടും ഉപയോഗിക്കുന്നതാണ് അവയില്‍ മിക്കതും. പച്ചപ്പാള, കുരുത്തോല, വാഴപ്പോള എന്നിവ ചെത്തി മിനുക്കി മുറിച്ച് രൂപപ്പെടുത്തി ഉണ്ടാക്കുന്ന മുടിക്കും മറ്റു കോലങ്ങള്‍ക്കും അനാദൃശ്യമായ ചൈതന്യമുണ്ട്. മുരിക്ക്, കുമിഴ്, പാല എന്നിങ്ങനെ കട്ടികുറഞ്ഞ മരങ്ങള്‍ ചെത്തി രൂപപ്പെടുത്തി ചുമപ്പ്, പച്ച, മഞ്ഞ എന്നീ നിറങ്ങളില്‍ വര്‍ണ്ണത്തകിടുകളും കല്ലുകളും ശീലത്തരങ്ങളും പതിച്ച് മനോഹരമായി നിര്‍മ്മിക്കുന്ന കിരീടങ്ങളും പൊയ്ക്കാലുകളും ധാരാളമുപയോഗിക്കുന്നു. താടിക്കാല്‍, കമ്പിക്കാല്‍, കൈതോല, കാറ, കഴുക്കട്ട്, കഴുത്താരം, മാല, തണ്ട, പൂക്കാത്, മിന്നി, താടി, മീശ, വള, ചക്കമുള്ളന്‍, ഹസ്തക്കടകം, തോള്‍പ്പട്ട്, കുരലാരം, പട്ടയരഞ്ഞാണം എന്നിങ്ങനെയുള്ള മെയ്യലങ്കാരങ്ങളും വട്ടമുടി. പീലിമുടി, മണിമുടി, മകുടം, മണിമകുടം മരവെട്ടം, കേശഭാരം എന്നിങ്ങനെയുള്ള മുടികളും കിരീടങ്ങളും മുടികീറി നീളത്തില്‍ കെട്ടിയുണ്ടാക്കിയ പച്ചപ്പാള, കുരുത്തോല എന്നിവ കൊണ്ടലങ്കരിക്കുന്ന വലിയ മുടികളും ഉപയോഗിക്കുന്നു.
വട്ടപ്പുള്ളികളും കരകളും പതിച്ച ചുമപ്പ്, കറുപ്പ്, വെള്ള എന്നീ നിറത്തിലുള്ള തുണികള്‍ ചമയങ്ങള്‍ക്കായുപയോഗിക്കുന്നു.
വെള്ള, ചുമപ്പ്, കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളില്‍ അരിച്ചാന്ത്, മനയോല, കശം, മഷി എന്നീ ചമയങ്ങളാണ് കോലമെടുക്കുന്നതിനായിട്ടുപയോഗിക്കുന്നത്. ഉണങ്ങിയ നെല്ലു കുത്തി അരിയാക്കി കുതിര്‍ത്ത ശേഷം നല്ലതുപോലെ അരച്ച് അരിച്ചാണ് വെള്ളയുണ്ടാക്കുന്നത്. ഇതില്‍ അല്പം മഞ്ഞള്‍ കൂടി ചേര്‍ത്ത് അരച്ചാണ് മെയ്യില്‍ പൂശാനുള്ള മഞ്ഞളരിച്ചാന്ത് ഉണ്ടാക്കുന്നത്.
ചായങ്ങള്‍ക്ക് നിറം എന്നാണ് ആട്ടക്കാര്‍ പറയുന്നത്. ചുമല നിറത്തിന് കാരം എന്നും പറയുന്നു. പൊന്‍കാരം ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടാണ് ഇങ്ങനെ പേരു പറയുന്നത്. പൊന്‍കാരം നല്ലതുപോലെ പൊടിച്ച് ചെറുനാരങ്ങ നീര് ചേര്‍ത്ത് കുഴച്ച് കമുകിന്റെ ഇളയപോള (കൂമ്പാള) യില്‍ പൊതിഞ്ഞ് തണലില്‍ വെച്ച് ഇതുണ്ടാക്കുന്നു. ഒരു മണ്‍ചട്ടി ചൂടാക്കിയ ശേഷം ഈ പൊടി അതിലിട്ടു നല്ലതുപോലെ വറുക്കണം. ചൂടേറുന്തോറും ചുമല നിറം കൂടി വരും. പാകത്തിന് ചുമലയായാല്‍ എടുത്ത് ചാണമേല്‍ തേച്ച് നേര്‍മ്മയായി പൊടിച്ചെടുക്കുന്നു.

No comments:

Post a Comment