Wednesday, 24 October 2012

തെയ്യം

ദേവീദേവന്‍മാര്‍,യക്ഷന്‍മാര്‍,ഗന്ധര്‍വന്‍മാര്‍,ഭൂതങ്ങള്‍,നാഗങ്ങള്‍, മൃതിയടഞ്ഞ കാരണവന്‍മര്‍ എന്നിവരുടെ കോലങ്ങള്‍ കെട്ടിയാടി അവരെ ആരാധിക്കുന്ന കലാരൂപമാണ്‌ തെയ്യം.ഉത്തരകേരളത്തിലാണ്‌ ഈ അനുഷ്ഠാനകല പ്രചാരത്തിലുള്ളത്‌.തെയ്യം എന്ന വാക്കിന്‌ ദൈവം എന്നാണ്‌ അര്‍ഥം.തെയ്യത്തിലെ കോലം ദൈവം തന്നെയാണ്‌. സാധാരണക്കാരണ്റ്റെ ആരാധനാശീലമാണിത്‌.സംസാരിക്കുകയും ചലിക്കുകയും ചെയ്യുന്ന "ദൈവ"ങ്ങളെ അവര്‍ തെയ്യങ്ങളില്‍ കാണുന്നു.വണ്ണാന്‍,മലയന്‍,മാവിലന്‍,ചെറവന്‍,ചിങ്കത്താന്‍,വേലന്‍, മൂന്നൂറ്റാന്‍,അഞ്ഞൂറ്റാന്‍,കോപ്പോളന്‍,പുലയന്‍,പരവര്‍ തുടങ്ങിയ സമുദായക്കാരാണ്‌ തെയ്യം കെട്ടിയാടുന്നത്‌.പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കുവാനും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ലഭിക്കുവാനും ബാധകള്‍ തീര്‍ക്കുവാനുമൊക്കെ തെയ്യാട്ടം നടത്തുന്നു.
തെയ്യം കെട്ടുന്നയാള്‍ക്ക്‌ ക്ഠിനമായ വ്രതങ്ങളുണ്ട്‌.തെയ്യം കെട്ടുന്ന കോലക്കാരനും അയാളുടെ അടുത്ത സഹായികളും വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്‌.തീക്കുണ്‌ഡത്തില്‍ ചാടുക,ഭാരമേറിയ മുടി തലയില്‍ വയ്ക്കുക,ശരീരത്തില്‍ നിന്ന് രക്തമൊഴുക്കുക തുടങ്ങി പലതും ചെയ്യുന്ന തെയ്യങ്ങളുണ്ട്‌.അടയാളം കൊടുക്കലാണ്‌ തെയ്യത്തിലെ ആദ്യത്തെ ചടങ്ങ്‌.തീയതി നിശ്ചയിച്‌ കോലം കെട്ടുവാന്‍ കോലക്കാരനെ ഏല്‍പ്പിക്കുന്ന ചടങ്ങാണിത്‌.അതായത്‌ കാവുകളുടേയും മറ്റും അവകാശികള്‍ കോലക്കാരനെ ആദ്യം തന്നെ വരുത്തി ദേവതാസ്ഥാനത്തുവെച്ച്‌ വെറ്റില,പഴുക്ക,പണം എന്നിവ കൊടുത്ത്‌ കോലം കെട്ടിയാടേണ്ട തീയതി നിശ്ചയിക്കുന്നു.ഈ ചടങ്ങ്‌ അവസാനിക്കുന്നതോടെ കോലക്കാരന്‍ വ്രതം ആരംഭിക്കും.
തെയ്യം ആരംഭിക്കുന്നതിന്‌ തലേന്നാള്‍ കോലക്കാരനും വാദ്യക്കാരനും സിഥലത്തെത്തും.വാദ്യങ്ങള്‍ കൊട്ടി തെയ്യം നടക്കുന്ന വിവരം നാട്ടുകാരെ അറിയിക്കും."തെയ്യം കൂടല്‍"എന്നാണ്‌ ഈ ചടങ്ങിണ്റ്റെ പേര്‌.തെയ്യം കൂടിയാല്‍ നാട്ടുകാര്‍ വീടുകള്‍ വൃത്തിയാക്കി വിളക്കു വയ്ക്കാറുണ്ട്‌.തെയ്യത്തിന്‌ അണിഞ്ഞൊരുങ്ങാന്‍ പ്രത്യേകം അണിയറകള്‍ ഒരുക്കിയിട്ടുണ്ടാകും.അണിഞ്ഞൊരുങ്ങിയശേഷം തെയ്യങ്ങള്‍ കണ്ണാടി നോക്കുന്ന പതിവുണ്ട്‌.ഇതോടെ താന്‍ ദൈവമാണെന്ന തിരിച്ചറിവ്‌ തെയ്യക്കോലം കെട്ടിയയാള്‍ക്ക്‌ ഉണ്ടാകുന്നു എന്നണ്‌ സങ്കല്‍പം.അരിയെറിയുന്നതോടെ തെയ്യം ഉറഞ്ഞുതുള്ളാന്‍ തുടങ്ങുന്നു.തെയ്യങ്ങള്‍ ഭക്ത്ജനങ്ങളില്‍ നിന്ന് നേരിട്ട്‌ നേര്‍ച്ചകള്‍ സ്വീകരിക്കാറുണ്ട്‌.കണ്ണ്‍,ചെവി,മൂക്ക്‌,കൈ,കാല്‍ എന്നിവയുടെ മതൃകകള്‍ തെയ്യത്തിന്‌ അര്‍പ്പിക്കുന്നു.തെയ്യങ്ങള്‍ക്ക്‌ ആടിനെയും കോഴിയെയും മറ്റും സമര്‍പ്പിക്കാറുണ്ട്‌.

No comments:

Post a Comment