Sunday, 3 June 2012

'നല്ല പാഠ'ത്തിനായി കൈകോര്‍ക്കാം

 


പുതിയ പാഠങ്ങളിലേക്കുള്ള വാതില്‍തുറന്ന് നാളെ അധ്യയനവര്‍ഷാരംഭം. മാതാപിതാക്കള്‍ ശോഭനമായ പ്രതീക്ഷകളോടെ മക്കളെ സ്കൂളിലയയ്ക്കാനൊരുങ്ങുകയാണ്. എങ്കിലും, സങ്കീര്‍ണമായ ഒരു സ്കൂള്‍സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നതു കാണാതിരുന്നുകൂടാ. നിഷ്കളങ്കത സമസ്തകാന്തികളോടുംകൂടി നിറഞ്ഞുനില്‍ക്കേണ്ട ചെറുപ്രായത്തില്‍ നമ്മുടെ കുട്ടികളില്‍ ചിലരെങ്കിലും നേര്‍വഴി വിട്ട് വീടിനും സ്കൂളിനും പുറത്തുള്ള ചതിക്കുഴികളിലേക്കു നടന്നുപോവുന്നുണ്ട്.  വടിയല്ല, വഴിയാണു കുട്ടികള്‍ക്കു വേണ്ടതെന്ന തിരിച്ചറിവോടെ അവരെ ചതിവഴികളില്‍നിന്നു വിലക്കാനും സാമൂഹികബോധം അവരില്‍ വളര്‍ത്താനും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സാധ്യതകളുടെ വലിയ ലോകത്തിലേക്ക് അവരെ കൈപിടിച്ചുനടത്താനും കഴിയണം.
നല്ല ജീവിതത്തിനായി നമ്മുടെ കുട്ടികള്‍ക്കു വഴിവെളിച്ചം നല്‍കേണ്ടത് നമ്മുടെ ഒാരോരുത്തരുടെയും കടമയാണെന്ന ബോധ്യത്തില്‍നിന്നായിരുന്നു, 'നേര്‍വഴി എന്ന കര്‍മയജ്ഞത്തിന് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ മലയാള മനോരമ തുടക്കമിട്ടത്. 'നേര്‍വഴിക്കു ലഭിച്ച സമൃദ്ധമായ ജനകീയപിന്തുണ അതിന്റെ വിശാലാര്‍ഥത്തിലുള്ള ഒരു തുടര്‍ച്ചയെക്കുറിച്ച് ഞങ്ങളെ ഒാര്‍മിപ്പിച്ചു.
അതുകൊണ്ടുതന്നെ, കേരളത്തിലെ സ്കൂളുകളെയും വിദ്യാര്‍ഥികളെയും മഹനീയമായ സാമൂഹികലക്ഷ്യത്തിലേക്ക് ഉയര്‍ത്താനുള്ള ഒരു യജ്ഞത്തിന് മനോരമ ഈ അധ്യയനവര്‍ഷത്തില്‍ തുടക്കമിടുകയാണ്. സമൂഹത്തില്‍ സജീവമായി ഇടപെടുന്ന, വരുംകാലത്തിനു മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്കൂളുകളെ പ്രോല്‍സാഹിപ്പിക്കുകയും ആദരിക്കുകയും മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തുകയും ചെയ്യുന്ന ഈ നവീന കര്‍മപദ്ധതിയെ നമുക്കു ' നല്ല പാഠം എന്നുതന്നെ വിളിക്കാം. നമ്മുടെ വിദ്യാലയങ്ങള്‍ നല്‍കുന്ന ആ നല്ല പാഠങ്ങള്‍ ഭാവിസമൂഹനിര്‍മിതിക്കുള്ള ഈടുറ്റ നീക്കിയിരിപ്പായിമാറുമെന്നു ഞങ്ങള്‍ വിനീതമായി പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഇപ്പോള്‍തന്നെ സാമൂഹിക - പരിസ്ഥിതി പ്രശ്നങ്ങളോടു ക്രിയാത്മകമായും ഫലപ്രദമായും ഇടപെടുന്ന എത്രയോ വിദ്യാലയങ്ങളും വിദ്യാര്‍ഥികളും ഇവിടെയുണ്ട്. അവര്‍ക്കു  വഴിയും തുണയുമായി ഒപ്പം നില്‍ക്കുന്ന എത്രയോ അധ്യാപകരുമുണ്ട്. ഈ മാതൃകകള്‍ എല്ലാ വിദ്യാലയങ്ങളിലും എത്തിക്കുകയാണ് 'നല്ല പാഠത്തിന്റെ മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായി, വിപുലമായ ഒരു പുരസ്കാര പദ്ധതിയും ഏര്‍പ്പെടുത്തുകയാണ്. അതിന്റെ വിശദവിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.
ഈ വലിയ കര്‍മപരിപാടി അര്‍ഥപൂര്‍ണമാകാന്‍ വിദ്യാര്‍ഥി -അധ്യാപക സമൂഹം, രക്ഷിതാക്കള്‍, പിടിഎ എന്നിവരോടൊപ്പം പൊതുസമൂഹത്തിന്റെ മുഴുവന്‍ പങ്കാളിത്തംകൂടി അനിവാര്യമാണ്.  പലതുള്ളി, വഴിക്കണ്ണ് തുടങ്ങിയ കര്‍മപദ്ധതികള്‍ കേരളത്തിനു സമര്‍പ്പിച്ചപ്പോള്‍ തിരിച്ചുകിട്ടിയ ഐക്യദാര്‍ഢ്യത്തിന്റെ ജനകീയശക്തി ഈ പദ്ധതിയിലും ഞങ്ങള്‍ക്കു വിശ്വാസം പകരുന്നു.

മലയാള മനോരമ

No comments:

Post a Comment