Sunday 3 June 2012

കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ പദ്ധതികള്‍











ആദ്യകാലങ്ങളില്‍ അറിവുതേടുക എന്നതു മാത്രമായിരുന്നു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിനായി ഗുരുവിനെത്തേടി ഗുരുകുലത്തിലെത്തുകയും അറിവുനേടാനായി അവിടെ താമസിച്ചു പഠിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഇത് മത്സരവേദിയിലേക്കുള്ള പ്രയാണമായി മാറിയിരിക്കുന്നു. അതിനായി ഇന്നത്തെ വിദ്യാഭ്യാസപ്രക്രിയയില്‍ കുട്ടികളുടെ ഇഷ്ടത്തിനും കഴിവിനും ഭാവിയെ മുന്‍നിര്‍ത്തിയും കാര്യങ്ങള്‍ സ്വായത്തമാക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ട്. മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ച് കുട്ടികളെ വിവിധരീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളിലേക്ക് നയിക്കാനുതകുന്ന വിവിധ വിദ്യാഭ്യാസശ്രേണികള്‍ തന്നെ ഇന്ന് നിലവിലുണ്ട്.
കട്ടികളുടെ മാനസികവും ബുദ്ധിപരവും കായികപരവുമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനുതകുന്ന വിധത്തിലുള്ള സമ്പ്രദായമാണ് ഇന്ന് സ്കൂള്‍ വിദ്യാഭ്യാസത്തില്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. എന്നാല്‍, ഒരു ഏകീകൃതമായ വിദ്യാഭ്യാസരീതി ഇന്നു ഭാരതത്തില്‍ ഉണ്ടായിട്ടില്ല. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഏജന്‍സികളിലെ വിദ്യാഭ്യാസ സമ്പ്രദായവും സംസ്ഥാനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും ചില പ്രത്യേകതകള്‍ നമുക്കു കാണാന്‍ കഴിയും. വിദ്യാഭ്യാസ രൂപീകരണത്തില്‍ പ്രാദേശികമായ പരിഗണനകളും വ്യത്യസ്ത സംസ്കാര ചിന്തകളും പലപ്പോഴും കടന്നുവരുന്നതു കൊണ്ടാണിത്. കേരളത്തിലെ വിദ്യാഭ്യാസ രീതികളെ താഴെ പറയും പ്രകാരം ക്രോഡീകരിക്കാം.
വിവിധ സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍
കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസം 3 വയസു മുതല്‍ 17 വയസുവരെയാണ് നഴ്സറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ നീണ്ടു കിടക്കുന്ന ഈ പതിനാലു വര്‍ഷത്തെ വിദ്യാഭ്യാസം കുട്ടിയുടെ വ്യക്തിത്വവികസനത്തില്‍ വളരെ യധികം പ്രധാന്യമുള്ളതാണ്. മൂന്നു വയസു മുതല്‍ അഞ്ചു വയസുവരെയുള്ള നഴ്സറി വിദ്യാഭ്യാസത്തിന് ഇന്നു കേരളത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ അംഗന്‍വാടികള്‍, ബാലവാടികള്‍, കിന്റര്‍ ഗാര്‍ഡനുകള്‍ (എല്‍കെജി, യുകെജി)എന്നിവയാണ്. ഇതിനുമുപരി 0-3 വയസുള്ള കുട്ടികള്‍ക്കു പരിശീലനം സിദ്ധിച്ച ആയമാരുള്ള ഡേകെയര്‍ യൂണിറ്റുകളും ഇന്നു മിക്കയിടങ്ങളിലും കാണുന്നുണ്ട്.

അഞ്ചു വയസു കഴിഞ്ഞ കുട്ടികള്‍ സ്കൂള്‍ തലത്തില്‍ എത്തുന്നു. അവിടെ പ്രൈമറി വിഭാഗത്തെ ലോവര്‍ പ്രൈമറി അപ്പര്‍ പ്രൈമറി എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. 1 മുതല്‍ 4 വരെ ക്ളാസുകള്‍ ലോവര്‍ പ്രൈമറി വിഭാഗത്തിലും 5 മുതല്‍ 7 വരെ ക്ളാസുകള്‍ അപ്പര്‍പ്രൈമറി തലത്തിലും പെടുന്നു. ഈ രണ്ടു തലങ്ങളില്‍ വച്ച് ലോവര്‍ പ്രൈമറിയില്‍ ഭാഷ, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ അപ്പര്‍പ്രൈമറി കാലഘട്ടത്തില്‍ സാമൂഹ്യശാസ്ത്രം, രണ്ടാംഭാഷ, മൂന്നാംഭാഷ ഇവ കൂടി ഉള്‍പ്പെടുത്തി വിഷയങ്ങള്‍ വേര്‍തിരിച്ചു പഠിച്ചു തുടങ്ങുന്നു. 8 മുതല്‍ 10വരെയുള്ള ഹൈസ്കൂള്‍ ക്ളാസുകളില്‍ ഭാഷകള്‍, സാമൂഹ്യശാസ്ത്രം, ശാസ്ത്രം, കണക്ക് തുടങ്ങിയ വിഷയങ്ങളുടെ തന്നെ ഉയര്‍ന്നതലത്തിലുള്ള കാര്യങ്ങള്‍ പഠിച്ചുതുടങ്ങും. 10-ാം ക്ളാസിലെത്തുമ്പോള്‍ ഒരു പൊതു പരീക്ഷയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ഗ്രേഡുകള്‍ നല്‍കുന്നു.
സെക്കന്‍ഡറി തലത്തിനുശേഷമുള്ള രണ്ടു വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കുട്ടികളെ ബിരുദ ബിരുദാനന്തര കോഴ്സുകളും പ്രൊഫഷണല്‍ കോഴ്സുകളും തിരഞ്ഞെടുക്കാനുതകുന്ന തരത്തില്‍ സജ്ജരാക്കുന്നു. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പോലെ തന്നെ, സെക്കന്‍ഡറി തലം കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരമായ പ്രാവീണ്യം നേടിക്കൊടുക്കുന്ന രണ്ടു വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയും ഐടിഐ, പോളിടെക്നിക് കോഴ്സുകളും ഇന്നു കേരളത്തില്‍ ലഭ്യമാണ്.
5-ാം ക്ളാസു മുതല്‍ 10-ാം ക്ളാസുവരെ ടെക്നിക്കല്‍ വിദ്യാഭ്യാസം നല്‍കുന്ന ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളുകളും 8 മുതല്‍ 10 വരെ അല്ലെങ്കില്‍ 8 മുതല്‍ 12 വരെ ടെക്നിക്കല്‍ വിദ്യാഭ്യാസം നല്‍കുന്ന ഗവണ്‍മെന്റ് അംഗീകാര സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും ഇന്നു കേരളത്തില്‍ ഉണ്ട്.
കായികപരിശീലനവും വിദ്യാഭ്യാസവും ഒരേ കുടക്കീഴില്‍ നല്‍കി വിദ്യാഭ്യാസമുള്ള മികച്ച സ്പോര്‍ട്സ് താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി സ്പോര്‍ട്സ് സ്കൂളുകളും നിലവിലുണ്ട്. ഇതുകൂടാതെ വിദ്യാഭ്യാസമേഖലയില്‍ തീരപ്രദേശ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഗുണം നല്‍കുന്നു. ഫിഷറീസ് സ്കൂളുകളും കേരളത്തിലുണ്ട്.
ദേശീയ തലത്തില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ പ്രൈമറി സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ എന്ന സ്കീമുകളില്‍ കൂടി കേരളത്തിലെ ചില സ്കൂളുകളില്‍ നല്‍കിവരുന്നു. പാഠ്യപദ്ധതിയുടെ ചില പ്രത്യേകതകളാണ് സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ എന്നിവയെ വേര്‍തിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള മറ്റ് രണ്ട് വിദ്യാഭ്യാസ പദ്ധതികളാണ് കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും. കേന്ദ്രീയ വിദ്യാലയത്തിലും നവോദയ വിദ്യാലയത്തിലും കുട്ടികളുടെ പ്രവേശനത്തിന് ചില നിബന്ധനകള്‍ ഉണ്ട്.

No comments:

Post a Comment