Thursday 31 May 2012

സിംഹസവാരി നടത്താം, ചീറ്റയെ ഊട്ടാം!


ആനസവാരി എന്ന്‌ കേള്‍ക്കുമ്പോള്‍ നമുക്ക്‌ ഒരു ആവേശം തോന്നിയേക്കാം. എന്നാല്‍, ആന സവാരിയുടെ സ്‌ഥാനത്ത്‌ സിംഹസവാരിയെ കുറിച്ച്‌ സങ്കല്‍പ്പിച്ചാലോ? ആവേശമെല്ലാം അവസാനിച്ച്‌ ശരീരമാകെ ഭീതിയുടെ ഒരു തരിപ്പ്‌ പടര്‍ന്നേക്കാം. എന്നാല്‍, നാം ഭീതിയോടെ അകലം പാലിച്ചിരുന്ന വന്യമൃഗങ്ങള്‍ക്കൊപ്പം അതിരുകളില്ലാതെ സൗഹൃദം പങ്കിടാന്‍ സാധിക്കുന്ന ഒരിടമുണ്ട്‌. ബ്യൂണസ്‌ ഐറിസിലെ ലുജാന്‍ മൃഗശാലയിലാണ്‌ നമുക്ക്‌ ഈ അവസരം ലഭിക്കുക!
ലുജാനില്‍ സന്ദര്‍ശകര്‍ക്ക്‌ വേണമെങ്കില്‍ സിംഹത്തിനു പുറത്ത്‌ സവാരി നടത്താം, ചീറ്റപ്പുലിക്ക്‌ ആഹാരം നല്‍കാം, ആനസവാരി നടത്താം, കരടികള്‍ക്ക്‌ ആഹാരം നല്‍കാം. കൂട്ടിലടച്ചിട്ട നിലയില്‍ മാത്രം നാം കണ്ടിരുന്ന വന്യമൃഗങ്ങളുമായി ഏതു തരത്തില്‍ സൗഹൃദം സ്‌ഥാപിക്കണോ അതെല്ലാം ഇവിടെ സാധ്യമാണ്‌!
ഇതൊക്കെ കേള്‍ക്കുമ്പോള്‍ വന്യമൃഗങ്ങളല്ലേ ഏതു നിമിഷവും അരുതാത്തത്‌ എന്തെങ്കിലും സംഭവിച്ചേക്കാം എന്നൊരു ആശങ്കയും ഉണ്ടായേക്കാം. എന്നാല്‍, അത്തരം ആശങ്കകളൊന്നും മൃഗശാലാധികൃതര്‍ക്കില്ല. സന്ദര്‍ശകര്‍ക്ക്‌ പ്രത്യേക കരാറിന്റെ അടിസ്‌ഥാനത്തിലൊന്നുമല്ല പ്രവേശനം നല്‍കുന്നത്‌. കുട്ടികള്‍ക്കു പോലും പ്രവേശനത്തിന്‌ നിയന്ത്രണമില്ല. 1994 ല്‍ ആണ്‌ ഈ 'തുറന്ന' മൃഗശാല പ്രവര്‍ത്തനമാരംഭിച്ചത്‌. ഇതുവരെയും ഒരു അപകടവും ഇവിടെ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല എന്നതാണ്‌ പ്രധാന 'ഹൈലൈറ്റ്‌'.

No comments:

Post a Comment