Thursday, 10 May 2012

കുഞ്ഞന്‍ നമ്പര്‍ വണ്‍എങ്ങനെയുണ്ട് ഈ കുഞ്ഞനാമ? ബഹുരസികന്‍, അല്ലേ? ലോകത്തെ ഏറ്റവും ചെറിയ ആമയായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ 'വാള്‍ട്ടര്‍' ആണിത്.

കുഞ്ഞന്‍ കയറിയിരിക്കുന്നത് ആരുടെ തലയിലെന്നോ? ലോകത്തെ വലുപ്പം കൂടിയ ആമകളിലൊന്നായ 'ഒട്ടോ' എന്ന ഭീമന്റെ തലയില്‍! ജര്‍മനിയിലെ ഹാനോവര്‍ മൃഗശാലയില്‍വെച്ചായിരുന്നു ഈ 'ഫോട്ടോ പോസ്!'

വെറും അമ്പതുഗ്രാമാണ് കുഞ്ഞനാമയുടെ ഭാരം. ഭീമന്‍ ഓട്ടോയുടെതോ? ഇരുന്നൂറ് കിലോയും! നീളത്തിലുമുണ്ട് ഇവര്‍ തമ്മില്‍ 'ഇമ്മിണി വലിയ' വ്യത്യാസം. 7.6 സെന്റിമീറ്ററാണ് കുഞ്ഞന്റെ നീളം. ഭീമന്റെ നീളമോ? 110 സെന്റിമീറ്ററും


കുഞ്ഞച്ചന്‍ഈ ചിത്രം ആരുടേതാണെന്ന് മനസ്സിലായോ? അതെ, ലോകത്തെ ഏറ്റവും കുറിയ മനുഷ്യന്‍ എന്ന ബഹുമതിയുമായി ഗിന്നസ്ബുക്കില്‍ കയറിപ്പറ്റിയ ഹിങ്പിങ്ങിന്റേതുതന്നെ! ചൈനക്കാരനായ ഈ കുഞ്ഞു മനുഷ്യന്റെ മരണവാര്‍ത്ത കൂട്ടുകാര്‍ പത്രത്തില്‍ വായിച്ചുകാണും.

മ്യാവൂ...മ്യാവൂ സ്റ്റാര്‍!

ഇതാ മാര്‍ജാരന്മാര്‍ക്കിടയിലെ കുഞ്ഞന്‍ സ്റ്റാര്‍! ലോകത്തെ ഏറ്റവും ചെറിയ പൂച്ച എന്ന ബഹുമതിയുമായി ഗിന്നസ്ബുക്കില്‍ കയറിപ്പറ്റിയ 'പീബിള്‍സ്' ആണിത്.
പതിനഞ്ചു സെന്റിമീറ്ററാണ് ഈ 'മീശക്കുഞ്ഞന്റെ' ആകെ നീളം! അതായത് കൂട്ടുകാരുടെ ജ്യോമട്രിബോക്‌സിലെ സ്‌കെയിലിനോളം! ഭാരമോ? കഷ്ടിച്ച് ഒരു കിലോ കാണും! അമേരിക്കയിലെ പെക്കിനിലുള്ള ഗുഡ്‌ഷെപ്പേഡ് വെറ്ററിനറി ക്ലിനിക്കിലാണ് പീബിള്‍സ് പൂച്ച ഉള്ളത്. ജന്മനാതന്നെ വളര്‍ച്ച മുരടിച്ചതാണ് പീബിള്‍സ് വലുതാവാതിരിക്കാന്‍ കാരണം.


അയാം ദ സ്‌മോളസ്റ്റ്!
കുപ്പിക്കകത്തെ ഈ കുഞ്ഞുമീനിനെ കാണണമെങ്കില്‍ സൂക്ഷിച്ചുനോക്കണം, അല്ലേ? ലോകത്ത് കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചെറിയ മത്സ്യമാണിത്.ഇന്‍ഡൊനീഷ്യയിലെ സുമാത്രയില്‍ നിന്നാണ് കരിമീനിന്റെ കുടുംബക്കാരനായ ഈ കുഞ്ഞനെ കണ്ടെത്തിയത്.
7.9 മില്ലീമീറ്റര്‍ മാത്രമാണ് ഇവന്റെ നീളം! പീഡോസൈപ്രസ് പ്രൊജനറ്റിക്ക' എന്ന കുഞ്ഞന്‍ മത്സ്യങ്ങളുടെ വര്‍ഗത്തില്‍പ്പെട്ടവനാണ് ഈ കുഞ്ഞന്‍!

ടൊക്...ടൊക്...കുള്ളന്‍!

ഏതോ അമ്മക്കുതിരയും കുഞ്ഞുവാവയുമാണ് ഈ നില്‍ക്കുന്നതെന്നു കരുതിയോ? എങ്കില്‍ തെറ്റി! ലോകത്തെ ഏറ്റവും വലിയ കുതിരയായ ബല്‍ജിയത്തില്‍ നിന്നുള്ള 'റഡാറും' ഏറ്റവും ചെറിയ കുതിരയായ 'തമ്പലിന'യുമാണിത്. ഗിന്നസ് ബുക്ക് ഒരുക്കിയ ഫോട്ടോസെഷനിലാണ് ഇവര്‍ ഒരുമിച്ചത്. ആറടിയാണ് ഭീമനായ 'റഡാറി'ന്റെ ഉയരം. തമ്പലിനയുടേതോ? വെറും ഒന്നര അടി! അമേരിക്കയിലെ സെന്റ് ലൂയീസിലെ ഒരു ഫാമില്‍ ആണ് തമ്പലിനയുടെ ജനനം. 2006-ല്‍, അഞ്ചു വയസ്സുള്ളപ്പോഴാണ് ഈ കുതിരക്കുഞ്ഞന്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.

ഞാന്‍ ഡക്കി!
വലുപ്പത്തിലൊന്നും വലിയ കാര്യമില്ലെന്നാണ് ഇവന്റെ ഭാവം. ഇവന്‍ ആരെന്നല്ലേ? ലോകത്തെ ഏറ്റവും ചെറിയ പട്ടി. പേര് ഡക്കി.അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലാണ് ഇവനുള്ളത്. ഒരു കുഞ്ഞു കൈപ്പത്തിയുടെ ഉയരമേ ഇവനുള്ളൂ! കൃത്യമായി പറഞ്ഞാല്‍ 12 സെന്റീമീറ്റര്‍.
ഓന്തു'പൊട്ട്!'

വിരല്‍ത്തുമ്പത്തിരിക്കുന്ന പൊട്ടോളം പോന്ന ഒരു കുഞ്ഞനെ കണ്ടില്ലേ? ലോകത്തെ ഏറ്റവും ചെറിയ ഓന്തുകളുടെ വര്‍ഗമായ ബ്രൂക്കേഷ്യമിനിമ (Brookesia Minima) യിലെ അംഗമാണിവന്‍. മഡഗാസ്‌ക്കറിലെ നോസെബി ദ്വീപില്‍ നിന്നാണ് കുഞ്ഞന്മാരിലും കുഞ്ഞനായ ഈ ഓന്തിനെ കണ്ടെത്തിയത്. 1.2 സെന്റിമീറ്ററാണ് ഇവന്റെ നീളം! അപ്പോഴിനി ഇവന് എത്ര ഭാരമുണ്ടാകുമെന്ന് കൂട്ടുകാര്‍തന്നെ ഊഹിച്ചോളൂ!


1 comment:

  1. very good effort . wish you all success
    SUNANDAN
    HAUPS AKKARA

    ReplyDelete