Monday 9 January 2012

ഗണിത താളം ശാസ്ത്ര മേളം
Posted on: 09 Jan 2012


പാലക്കാട്: കേരളംനേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തിനും ഇന്ധനക്ഷാമത്തിനും മാലിന്യസംസ്‌കരണത്തിനുംവരെ പരിഹാര മാതൃകകളുമായി ശാസ്ത്രപ്രതിഭകള്‍ എത്തി. നഗരത്തിലെ നാല് സ്‌കൂളിലായി അടുത്ത മൂന്നുദിവസം തങ്ങളുടെ അറിവും കണ്ടെത്തലുകളും ഇവര്‍ പ്രദര്‍ശിപ്പിക്കും. എണ്ണായിരത്തോളം ശാസ്ത്രപ്രതിഭകള്‍ ഒരുമിക്കുന്ന അറിവിന്റെ ഉത്സവത്തെ ഐ.എസ്.ആര്‍.ഒ., ഐ.ആര്‍.ടി.സി., ബാര്‍ക്ക് തുടങ്ങിയ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളും പ്രതീക്ഷയോടെ നിരീക്ഷിക്കുന്നുണ്ട്.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് കുട്ടികള്‍ കാണുന്ന പരിഹാരം പ്രധാന ആകര്‍ഷണമാകും. മലിനീകരണത്തിനും ഗതാഗതതടസ്സത്തിനും പരിഹാരമായി 3:1 സംവിധാനം, പരിസ്ഥിതിനാശത്തിനും അന്തരീക്ഷമലിനീകരണത്തിനും ആഗോളതാപനത്തിനുമെതിരായ ആശയങ്ങളും പ്രതിഷേധവും തുടങ്ങിയവയൊക്കെ ശ്രദ്ധേയമാകും. ഇതിനൊപ്പം ശാസ്ത്രരംഗത്തെ പുതിയ കുതിപ്പുകള്‍, ഗണിതശാസ്ത്രരംഗത്തെ അമ്പരിപ്പിക്കുന്ന കണ്ടെത്തലുകള്‍, നമ്പര്‍ ചാര്‍ട്ട്, കണക്കിലെ കളികള്‍ തുടങ്ങിയവയൊക്കെയുണ്ടാകും.
ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന വൊക്കേഷണല്‍ എക്‌സ്‌പോയില്‍ പഠനത്തോടൊപ്പം തൊഴില്‍ എന്ന ആശയവുമായി 84 സ്റ്റാളാണ് ഒരുക്കിയിരിക്കുന്നത്. വി.എച്ച്.എസ്.ഇ.കളിലെ പരിശീലനകേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും മറ്റുമാണ് ഉണ്ടാവുക. 550 പ്രതിഭകളാണ് ഈയിനത്തില്‍ മത്സരരംഗത്തുണ്ടാവുക.
കൂടുതല്‍പേര്‍ക്ക് തൊഴില്‍സാധ്യതകള്‍ കണ്ടെത്തുന്നതിനായി 'തൊഴില്‍മേള' 10-ാം തീയതി നടക്കും. ടൗണ്‍ഹാളിലും കോട്ടമൈതാനത്തുമായാണ് വൊക്കേഷണല്‍ എക്‌സ്‌പോയും തൊഴില്‍മേളയും നടക്കുക.
വൊക്കേഷണല്‍ എക്‌സ്‌പോയുടെ പ്രചാരണാര്‍ഥം തിങ്കളാഴ്ച വൈകീട്ട് 3ന് നഗരത്തില്‍ സന്ദേശയാത്ര നടത്തും. വിക്ടോറിയകോളേജ് മൈതാനത്തുനിന്നാരംഭിക്കുന്ന സന്ദേശയാത്ര നഗരംചുറ്റി കോട്ടമൈതാനത്ത് സമാപിക്കും. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment