Thursday 26 January 2012

ചങ്ങാതിപ്പറവകള്‍


image
പറന്നെത്തുന്ന വിരുന്നുകാര്‍
ദൂരങ്ങള്‍ താണ്ടി പറന്നെത്തുന്ന വിരുന്നുകാരാണ് ദേശാടനപ്പക്ഷികള്‍. പക്ഷികളുടെ ദേശാടനം ഒരു വിസ്മയമാണ്. മലകളും സമുദ്രങ്ങളുമെല്ലാം കടന്ന് എല്ലാവര്‍ഷവും കൃത്യമായി ഒരിടത്തുതന്നെ എങ്ങനെ ഈ പക്ഷികള്‍ എത്തുന്നുവെന്നത് ഇപ്പോഴും പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഭൂമധ്യരേഖയുടെ വടക്കുള്ള ധാരാളം പക്ഷികള്‍ കടുത്ത ശൈത്യത്തില്‍നിന്ന് രക്ഷ നേടാനായി തെക്ക് ഭാഗത്തേക്ക് പറന്നെത്തുന്നു. ഇങ്ങനെയെത്തുന്ന പക്ഷികള്‍ മാസങ്ങള്‍ക്കുശേഷമാണ് നാടുകളിലേക്ക് മടങ്ങുക. ചിട്ടയോടെയായിരിക്കും പക്ഷികളുടെ ദേശാടനം. ഏറക്കുറെ തെക്കോട്ടും വടക്കോട്ടുമുള്ള സഞ്ചാരമാണ് ദേശാടനപ്പക്ഷികള്‍ നടത്തുക. ആര്‍ട്ടിക്ടേണ്‍ (Artic Tern) എന്ന കടല്‍പക്ഷിയാണ് ദേശാടകരില്‍ കേമന്‍. ഉത്തരധ്രുവത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പ്രജനനം നടത്തിയ ശേഷം ഇവ തെക്കോട്ട് യാത്ര തിരിച്ച് 18,000 കിലോമീറ്ററോളം ദൂരം പറന്ന് ദക്ഷിണ ധ്രുവപ്രദേശങ്ങളില്‍ എത്തുന്നു.
നമ്മുടെ കേരളത്തിലുമെത്താറുണ്ട് 120ഓളം ഇനം ദേശാടനപ്പക്ഷികള്‍. ഏറെ ഭംഗിയുള്ള നാകമോഹനൊക്കെ (Paradise Flycatcher) ഇക്കൂട്ടത്തില്‍പെടുന്നതാണ്. നിങ്ങളുടെ ചുറ്റുപാടും ദേശാടനപ്പക്ഷികള്‍ എത്താറുണ്ടോ? അവ ഏതൊക്കെ, ഏതുകാലത്താണ് ഇവയെത്തുന്നത് എന്നൊക്കെ അന്വേഷിച്ചറിയുന്നത് ഏറെ കൗതുകകരമായിരിക്കും.

പാട്ടുപാടുന്നവര്‍ ...
കല്ലു തിന്നുന്നവര്‍ ...
പക്ഷികളുടെ മധുര ഗീതം
മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല പക്ഷികള്‍ക്കിടയിലും അനുഗൃഹീത ഗായകരുണ്ട്. വീട്ടിലിരുന്ന് ചുറ്റുവട്ടത്തേക്ക് കാതോര്‍ത്താല്‍ത്തന്നെ പക്ഷികളുടെ മധുരഗീതങ്ങള്‍ നമ്മുടെ കാതുകളിലേക്ക് ഒഴുകിയെത്തും. ഇണയെ ആകര്‍ഷിക്കാനും സ്വന്തം സാന്നിധ്യം മറ്റുള്ളവരെ അറിയിക്കുന്നതിനുമായി പക്ഷികള്‍ പുറപ്പെടുവിക്കുന്ന മധുര ശബ്ദമാണ് പക്ഷിയുടെ ‘പാട്ട്’. സാധാരണയായി ആണ്‍പക്ഷികളാണ് പാട്ടുപാടുന്നത്. പെണ്‍പക്ഷികളുടെ മറുപടിപ്പാട്ടും ചിലപ്പോള്‍ കേള്‍ക്കാവുന്നതാണ്. തൊണ്ടയിലുള്ള ‘സൈറിങ്സ്’ എന്ന അവയവത്തിന്‍െറ സഹായത്താലാണ് പക്ഷികള്‍ പാടുന്നത്. ഈ അവയവം പക്ഷികളുടെ മാത്രം പ്രത്യേകതയാണ്. നമ്മുടെ വീട്ടുമുറ്റങ്ങളില്‍ കാണുന്ന മണ്ണാത്തിപ്പുള്ളും കാട്ടുമൈനയുമെല്ലാം നല്ല പാട്ടുകാരാണ്.

കൂടൊരുക്കാന്‍ മരം വേണ്ട
കമ്പുകളും നാരുകളുമെല്ലാം ഉപയോഗിച്ച് മരച്ചില്ലകളില്‍ കൂടൊരുക്കുന്ന പക്ഷികള്‍ ധാരാളമുണ്ട്. എന്നാല്‍, മരത്തില്‍ കൂടൊരുക്കാതെ മണ്ണില്‍ കൂടുവെക്കുന്നവരും പക്ഷികളുടെ കൂട്ടത്തിലുണ്ട്. തിത്തിരിപ്പക്ഷികള്‍, കാടകള്‍, കാട്ടുകോഴികള്‍, മീന്‍കൊത്തികള്‍, വേലിത്തത്തകള്‍, വാനമ്പാടികള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും. ചിലവ മണ്ണിലെ മാളങ്ങളില്‍ മുട്ടയിടുന്നവയാണ്. ഇതില്‍ തിത്തിരിപ്പക്ഷികളുടെ (ഇറ്റിറ്റിപ്പുള്ള്) കൂടൊരുക്കലും മുട്ടയിടലും കൗതുകകരമായ കാഴ്ചയാണ്. മണലുകളിലെ ചെറുകുഴികളില്‍ വിവിധ നിറങ്ങളിലുള്ള ചെറുകല്ലുകള്‍ പെറുക്കി കൂട്ടിവെച്ച് അവയ്ക്കിടയിലാണ് തിത്തിരിപ്പക്ഷികള്‍ മുട്ടയിടുക. പുള്ളിക്കുത്തുകളുള്ള മുട്ടയിടുന്ന ഈ പക്ഷി വയലുകളിലെയും പാറപ്രദേശങ്ങളിലെയും സജീവ സാന്നിധ്യമാണ്. മനുഷ്യരെയോ ജന്തുശത്രുക്കളെയോ സംശയകരമായ വിധം കണ്ടാല്‍ ഉറക്കെക്കരഞ്ഞ് അവക്ക് മുകളിലൂടെ വട്ടമിട്ട് പറക്കുന്നത് തിത്തിരിപക്ഷികളുടെ സവിശേഷതയാണ്. അതുകൊണ്ടുതന്നെ ആള്‍കാട്ടി പ്പക്ഷിയെന്നും ഇവയെ വിളിക്കാറുണ്ട്.

‘നീളന്‍’ കാലുകാര്‍
തത്തയും കാക്കയും പ്രാവുമെല്ലാം കുഞ്ഞന്‍ കാലുകളുള്ളവരാണ്. എന്നാല്‍, കൊക്കുകളുടെ കാലുകള്‍ക്ക് എന്തൊരു നീളമാണ്! ചില പക്ഷികളുടെ നിലനില്‍പുതന്നെ ഈ നീളന്‍കാലുകളിലാണ്. നീളന്‍ കാലുകളുള്ള പക്ഷികള്‍ മിക്കവാറും ജലവാസികളായിരിക്കും. ജലത്തിലും ചതുപ്പുനിലങ്ങളിലുമെല്ലാം നടന്നുനീങ്ങി ആഹാരം തേടുന്ന പക്ഷികള്‍ക്ക് അവയുടെ ശരീരം ജലത്തിന് മുകളില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത് നീളന്‍കാലുകളാണ്.

ചിറകുകളുണ്ട്, പക്ഷേ, പറക്കാനല്ല
ചിറകുകളുണ്ടെങ്കിലും പറക്കാനാകാത്ത പക്ഷികളുമുണ്ട്. ചിറകുകളുണ്ടായതുകൊണ്ടുമാത്രം കാര്യമില്ല. ശരീരഘടന കൂടി അനുകൂലമായാല്‍ മാത്രമേ പക്ഷികള്‍ക്ക് പറന്നുയരാനാകൂ. ശരീരഭാരമാണ് പല പക്ഷികളുടെയും പറക്കലിന് തടസ്സമാകുന്നത്. ഇന്ന് ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ പക്ഷിയായ ഒട്ടകപ്പക്ഷിയാണ് പറക്കാത്ത പറവകളിലൊന്ന്.
ഒട്ടകപ്പക്ഷി കഴിഞ്ഞാല്‍ ഏറ്റവും വലിയ പക്ഷിയായി കണക്കാക്കുന്ന എമു, പറക്കാന്‍ കഴിയാത്ത ഏറ്റവും ചെറിയ പക്ഷിയായ ന്യൂസിലന്‍ഡിലും സമീപ ദ്വീപസമൂഹങ്ങളിലും കണ്ടുവരുന്ന ‘കിവി’, പെന്‍ഗ്വിനുകള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പെടും. മധ്യ-ദക്ഷിണ അമേരിക്കയിലും മെക്സികോയിലും കാണപ്പെടുന്ന ടിനമോ, ന്യൂസിലന്‍ഡിന്‍െറ ദക്ഷിണ ദ്വീപുകളിലെ ആല്‍പൈന്‍ പുല്‍ത്തകിടികളില്‍ കാണുന്ന താക്കഹി, ന്യൂസിലന്‍ഡിന്‍െറ തന്നെ ഉത്തര, ദക്ഷിണ ദ്വീപസമൂഹങ്ങളില്‍ കാണപ്പെടുന്ന കാക്കപ്പൊ... ഇങ്ങനെ പോകുന്നു പറക്കാത്ത പറവകളുടെ പേരുകള്‍.

നിറമുള്ള മുട്ടകള്‍
പക്ഷികളുടെ മുട്ടകള്‍ക്കെല്ലാം ഒരേ നിറമല്ല. നിറത്തിന്‍െറ അടിസ്ഥാനത്തില്‍ പക്ഷിമുട്ടകളെ പ്രധാനമായും രണ്ടായി തിരിക്കാം. വെളുപ്പോ മറ്റുള്ള നിറങ്ങളോ ഉള്ളവയും കടും നിറങ്ങളോ പുള്ളികളോ ഉള്ളവയും. പ്രാവുകള്‍, മീന്‍കൊത്തികള്‍, മൂങ്ങകള്‍ എന്നിവയെല്ലാം ആദ്യ വിഭാഗത്തിലാണ് പെടുന്നത്. ഈ പക്ഷികളെല്ലാം മരക്കൊമ്പുകളിലോ മാളങ്ങളിലോ കൂടുകെട്ടി മുട്ടയിടുന്നവരാണ്. ശത്രുക്കള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റാത്ത ഇടങ്ങളാണ് ഇവ. അതുകൊണ്ട് മുട്ടയുടെ സംരക്ഷണത്തില്‍ നിറം അത്ര പ്രധാനമല്ല. എന്നാല്‍, ചില പക്ഷികളുടെ മുട്ടകള്‍ തുറന്ന സ്ഥലങ്ങളിലാണ് വിരിയുക. ഇത്തരം മുട്ടകള്‍ക്ക് പരിസരത്തുനിന്നും വേഗം തിരിച്ചറിയാനാകാത്തവിധം കടും നിറങ്ങളോ പുള്ളികളോ ഉണ്ടായിരിക്കും. ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനാണിത്. തിത്തിരിപ്പക്ഷികളുടെ മുട്ടകള്‍ തന്നെ ഒരുദാഹരണം.

പാറ്റേണ്‍ പറക്കല്‍
പക്ഷികള്‍ കൂട്ടത്തോടെ പറന്നുപോകുന്നത് ചന്തമുള്ള കാഴ്ചയാണ്. ഈ പറക്കലിനിടയില്‍ പക്ഷിക്കൂട്ടം സ്വയം ക്രമീകരിക്കുന്ന പാറ്റേണുകള്‍ കാണാം. ‘V’ ആകൃതിയിലുള്ള കൂട്ടങ്ങളാണ് സാധാരണയായി കാണാറ്. ഇങ്ങനെയുള്ള പറക്കല്‍മൂലം പക്ഷികള്‍ക്ക് പല നേട്ടങ്ങളുമുണ്ട്. സാധാരണ പറക്കുമ്പോഴുള്ളതിനേക്കാള്‍ കുറവ് ഊര്‍ജം മാത്രമേ ഇങ്ങനെയുള്ള പറക്കലിന് ആവശ്യമുള്ളൂ എന്നതാണ് പ്രധാന നേട്ടം. ഏറ്റവും മുന്നില്‍ പറക്കുന്ന പക്ഷിയുടെ ചിറകിന്‍െറ ചലനം വായുവിന് മുകളിലേക്കൊരു ആക്കം നല്‍കുന്നു. ഇങ്ങനെ വായുവിനാക്കം കിട്ടിയ ഭാഗത്തായിരിക്കും അടുത്തപക്ഷി പറക്കുക. അതിന്‍െറ ഭാരത്തിലൊരു ഭാഗം വായുവിന്‍െറ മുകളിലേക്കുള്ള ഒഴുക്കില്‍ താങ്ങപ്പെടുന്നതിനാല്‍ പറക്കുന്നതിന് കുറവ് ഊര്‍ജം മാത്രമേ വേണ്ടിവരുന്നുള്ളൂ. ഏറ്റവും മുന്നില്‍ പറക്കുന്ന പക്ഷിക്കുമാത്രം കൂടുതലായാസം വേണ്ടിവരുന്നതിനാല്‍ ആ സ്ഥാനത്തേക്ക് പക്ഷികള്‍ മാറിമാറി വരുന്നു. ദേശാടനം ചെയ്യുന്ന പക്ഷികളില്‍ പ്രായംചെന്നവക്ക് മറ്റുള്ളവയെ നയിച്ചുകൊണ്ടുപോകുന്നതിനും പാറ്റേണ്‍ പറക്കല്‍ കൊണ്ട് സാധിക്കുന്നു.

കല്ലു തിന്നുന്നവര്‍!
ആഹാരത്തിനൊപ്പം പക്ഷികള്‍ ചെറിയ കല്ലുകള്‍ കൂടി അകത്താക്കാറുണ്ട്. അറിയാതെയല്ല അറിഞ്ഞുകൊണ്ടുതന്നെയാണ് പക്ഷികളുടെ ‘കല്ലുതീറ്റ’. പല്ലുകളും ശക്തമായ താടിയെല്ലുകളുമൊന്നും ഇല്ലാത്തവയാണ് പക്ഷികള്‍. അതുകൊണ്ടുതന്നെ ഭക്ഷണം ചവച്ചരക്കുകയെന്ന ധര്‍മം ഇവക്ക് നിറവേറ്റാനാകില്ല. പക്ഷികളുടെ ആമാശയത്തിന്‍െറ പിന്‍ഭാഗത്തായി പേശീസമൃദ്ധമായ കനത്ത ഭിത്തികളോടു കൂടിയ ഒരറയുണ്ട്. പക്ഷികള്‍ ചവക്കാതെ അകത്താക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഗിസാര്‍ഡിനുള്ളില്‍വെച്ച് മര്‍ദിച്ചരക്കപ്പെടുന്നു. പക്ഷികള്‍ വിഴുങ്ങുന്ന കല്ലുകളും ഇതിന് സഹായിക്കുന്നു. എങ്ങനെയുണ്ട് പക്ഷികളുടെ കല്ല് തീറ്റയുടെ രഹസ്യം? അരച്ചെടുക്കുന്ന ഭക്ഷണം ആമാശയത്തിന്‍െറ മുന്‍ഭാഗത്തുനിന്ന് പുറപ്പെടുന്ന എന്‍സൈമുകളുമായി കലര്‍ന്നശേഷം കുടലിലേക്ക് പോകുന്നു. ഇവിടെവെച്ചാണ് പോഷകാംശങ്ങള്‍ വലിച്ചെടുക്കുന്നത്.
* * *
പക്ഷികളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. നമുക്ക് ചുറ്റുമുള്ള പക്ഷികളെ നിരീക്ഷിച്ചാല്‍ കൗതുകകരമായ പല കാര്യങ്ങളും കണ്ടെത്താനാകും. ‘പക്ഷി നിരീക്ഷണം’ എന്ന വിജ്ഞാനപ്രദമായ വിനോദത്തിനായിതാ ചില മാര്‍ഗ നിര്‍ദേശങ്ങള്‍.

പക്ഷിനിരീക്ഷകനാകാം...

ഏതൊരാള്‍ക്കും ഏതു വയസ്സിലും എവിടെ എങ്ങനെ ജീവിച്ചാലും കൊണ്ടുനടക്കാന്‍ സാധിക്കുന്ന വിനോദമാണ് പക്ഷി നിരീക്ഷണം. നമ്മുടെ ചുറ്റുപാടും നിത്യവും നാം ധാരാളം പക്ഷികളെ കാണാറുണ്ട്. ഇവയുടെ പേരുകള്‍ പഠിക്കുക എന്നതാണ് പക്ഷി നിരീക്ഷണത്തിന്‍െറ തുടക്കം. കാലക്രമേണ അറുപതോ എഴുപതോ ജാതി പക്ഷികളെ തെറ്റാതെ തിരിച്ചറിയാന്‍ പഠിക്കുന്നതോടൊപ്പം തന്നെ അവയുടെ സവിശേഷതകളിലും നിങ്ങളുടെ ശ്രദ്ധ പതിഞ്ഞുതുടങ്ങും. പക്ഷികളുടെ പേരുകള്‍ പഠിക്കുമ്പോള്‍ ഇംഗ്ളീഷ് പേരു കൂടി പഠിക്കാന്‍ ശ്രമിക്കണം. പക്ഷികളെപ്പറ്റിയുള്ള നിരവധി ഇംഗ്ളീഷ് പുസ്തകങ്ങള്‍ രസിച്ചുവായിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍െറ ഗുണം.



നിരീക്ഷണത്തിന് ഒരുങ്ങുമ്പോള്‍

* രാവിലെ ആറിനും ഒമ്പതിനും ഇടക്കും വൈകുന്നേരം നാലിനും ഏഴിനും ഇടയിലുമാണ് നിരീക്ഷണത്തിന് അനുയോജ്യമായ സമയം.
*  പോക്കറ്റില്‍ വെക്കാന്‍ പറ്റിയ 4x3 ഇഞ്ച്  വലുപ്പമുള്ള നോട്ടുപുസ്തകം, പേന എന്നിവ കൈയില്‍ കരുതണം.
* വെള്ള, ചുവപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക (ഈ നിറങ്ങള്‍ പക്ഷികളെ ഭയപ്പെടുത്താന്‍ സാധ്യതയുണ്ട്)
* പതുക്കെ നടന്ന് ചുറ്റുമുള്ള പക്ഷികളെ ശ്രദ്ധിക്കണം. കഴിയുമെങ്കില്‍ നിരീക്ഷകന്‍ സൂര്യനും പക്ഷിക്കും ഇടയിലായിരിക്കണം.
* പക്ഷികളുടെ നേരെ വിരല്‍, വടി, കുട എന്നിവയൊന്നും ചൂണ്ടരുത്, പക്ഷികളുടെ പിറകെ ഓടരുത്. ഇങ്ങനെ ചെയ്യുന്നത് പക്ഷികളെ ഭയപ്പെടുത്തും.
* കൂടുകള്‍ കണ്ടെത്തിയാല്‍, അതിനടുത്ത് ചുരുങ്ങിയ സമയം മാത്രമേ ചെലവഴിക്കാന്‍ പാടുള്ളൂ. ദൂരെ അനങ്ങാതെയിരുന്ന് കൂടിന്‍െറ ഉടമസ്ഥരുടെ ഗമനാഗമനങ്ങള്‍ ശ്രദ്ധിക്കാം.

നിരീക്ഷണം മാത്രം പോരാ, കുറിച്ചെടുക്കുകയും വേണം
നോട്ടുപുസ്തകത്തില്‍ കുറിച്ചെടുക്കേണ്ട കാര്യങ്ങള്‍
* സ്ഥലത്തിന്‍െറ പേര്, സ്വഭാവം (കാട്, കുറ്റിക്കാട്, വയല്‍ എന്നിങ്ങനെ) തീയതി, സമയം, കാലാവസ്ഥ.
* കാണുന്ന പക്ഷികളുടെ പേരുകള്‍
* ശ്രദ്ധേയമായി കാണുന്ന ചലനങ്ങള്‍
* പരിചയമില്ലാത്ത പക്ഷിയെയാണ് കാണുന്നതെങ്കില്‍ പക്ഷിയുടെ വലുപ്പം, അറിയാവുന്ന പക്ഷിയുമായി താരതമ്യപ്പെടുത്തി (കാക്കയോളം വലുപ്പം, മൈനയേക്കാള്‍ ചെറുത് എന്നിങ്ങനെ)എഴുതണം.
* ആകൃതി, നിറങ്ങള്‍, ശബ്ദം. (പക്ഷിയുടെ ശബ്ദം വിവരിക്കുക പ്രയാസമാണ് എങ്കിലും ചിക്ക്, ചിക്ക്, സ്വീ എന്നൊക്കെ കുറിച്ചെടുക്കണം)
ശബ്ദം കേട്ടുമാത്രം പക്ഷികളെ തിരിച്ചറിയുന്നത് ശരിയാവണമെന്നില്ല. മണ്ണാത്തിപ്പുള്ളും ആനറാഞ്ചിയുമെല്ലാം മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കുക പതിവാണ്. കുറിച്ചെടുക്കുന്ന വിവരങ്ങള്‍ കൃത്യമായാല്‍ നല്ളൊരു പക്ഷിപ്പുസ്തകത്തിന്‍െറ സഹായത്തോടെ പക്ഷികളെ എളുപ്പത്തില്‍ കണ്ടെത്താം.



പക്ഷികള്‍ക്കൊരു ജലപാത്രം
കുടിക്കാനും കുളിക്കാനുമെല്ലാം വെള്ളം നിറച്ചുവെച്ച് നമ്മുടെ വീട്ടുവളപ്പിലേക്കും പക്ഷികളെ ആകര്‍ഷിക്കാം. മരച്ചില്ലകളിലോ മരക്കുറ്റികള്‍ക്ക് മുകളിലോ ഒക്കെ വെള്ളം നിറച്ചുവെക്കാം. ചിരട്ടകളോ മണ്‍പാത്രങ്ങളോ ഇതിനായി ഉപയോഗിക്കാം. ശല്യപ്പെടുത്തലുകളില്ലാതിരുന്നാല്‍ ‘ഈ ജലപാത്രങ്ങള്‍’ തേടി പക്ഷികള്‍ എത്തിത്തുടങ്ങും. വേനല്‍ക്കാലമായാല്‍ പക്ഷികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. ഈ സമയത്ത് ദിവസവും രണ്ടു നേരമെങ്കിലും വെള്ളം നിറക്കേണ്ടിവരും. പാത്രങ്ങളിലെ അഴുക്കുവെള്ളം കളഞ്ഞ് ശുചിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

  •  
മയിലും മലമുഴക്കി വേഴാമ്പലും
ഇന്ത്യയുടെ ദേശീയപക്ഷിയാണ് മയില്‍, നമ്മുടെ സംസ്ഥാനത്തിന്‍െറ ഒൗദ്യോഗിക പക്ഷിയാണ് മലമുഴക്കി വേഴാമ്പല്‍. ഇന്ത്യയിലെ പക്ഷികളില്‍ സൗന്ദര്യത്തിന്‍െറ കാര്യത്തില്‍ മയില്‍ തന്നെയാണ് മുന്നില്‍. മയിലുകളുടെ പീലിവിടര്‍ത്തിയാട്ടം ആരുടെയും മനം കവരും. ആണ്‍മയിലുകളും പെണ്‍മയിലുകളും തമ്മില്‍ രൂപത്തില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണാം. ആണ്‍മയിലുകള്‍ക്ക് തലയില്‍ ഉച്ചിപ്പൂവും കഴുത്തിന് നീലനിറവുമുണ്ടാകും. പെണ്‍മയിലുകളെ പച്ച, തവിട്ട്, ചാരം നിറങ്ങളിലാണ് കാണുന്നത്. ഉയര്‍ന്ന മരങ്ങളും പൊന്തകളും ഇടതൂര്‍ന്നു നില്‍ക്കുന്ന വനങ്ങളുമാണ് മയിലുകളുടെ വാസസ്ഥലം. വൃക്ഷങ്ങളില്ലാത്ത വിശാലമായ പുല്‍പ്രദേശങ്ങളിലും നദീതീരങ്ങളിലും ഇവയെ കാണാം. സസ്യഭാഗങ്ങള്‍, വിത്തുകള്‍, ചെറുപ്രാണികള്‍, ചിലന്തികള്‍ എന്നിവയെല്ലാമാണ് മയിലുകളുടെ ഭക്ഷണം. പീകോക് എന്നാണ് വിളിക്കാറെങ്കിലും, കോഴി വര്‍ഗത്തില്‍പെട്ട ഇവയെ പീഫൗള്‍ (Peafowl) എന്നു വിളിക്കുന്നതാണ് ശരിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പറക്കുമ്പോഴുണ്ടാകുന്ന ചിറകടിയുടെ മുഴക്കംകൊണ്ടാണ് കേരളത്തിന്‍െറ ഒൗദ്യോഗിക പക്ഷിക്ക് ‘മലമുഴക്കി’ (Great Indian Hornbill) എന്ന പേരുകിട്ടിയത്. കറുപ്പും വെളുപ്പും മഞ്ഞയും ചേര്‍ന്ന വര്‍ണശബളമായ നിറമാണ് ഈ പക്ഷിക്ക്. വലുപ്പമാകട്ടെ ഒരു കഴുകനോളം വരും. സമുദ്ര നിരപ്പില്‍നിന്ന് ഏതാണ്ട് 5000 അടി ഉയരത്തിലുള്ള കാടുകളിലാണ് മലമുഴക്കികളുടെ താമസം. കണ്ണുകള്‍ നോക്കിയാല്‍ ആണ്‍പക്ഷിയെയും പെണ്‍പക്ഷിയെയും തിരിച്ചറിയാം. ആണ്‍പക്ഷികളുടെ കണ്ണുകള്‍ ചുവന്നിരിക്കും.
പിടയുടേത് നീലയോ വെളുപ്പോ ആയിരിക്കും. കായ്കളും പഴങ്ങളുമാണ് ഇവയുടെ പ്രധാന ആഹാരം. ഏതാണ്ട് അമ്പത് വര്‍ഷം ഇത്തരം വേഴാമ്പലുകള്‍ ജീവിക്കാറുണ്ട്.



                         ‘പക്ഷിമനുഷ്യന്‍’
ലോകപ്രശസ്തയ പക്ഷിനിരീക്ഷകന്‍ ഡോ. സാലിം അലിയുടെ നവംബര്‍ 12. പക്ഷിമനുഷ്യന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്‍െറ പിറന്നാള്‍ദിനമാണ് ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നത്. 1896ല്‍ മുംബൈയിലായിരുന്നു ഇദ്ദേഹത്തിന്‍െറ ജനനം. ചെറുപ്പം മുതല്‍ തന്നെ പക്ഷികളെ സ്നേഹിച്ചു തുടങ്ങിയ സാലിം അലി, പക്ഷികളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘ഫാള്‍ ഓഫ് എ സ്പാരോ’യാണ് (ഒരു കുരുവിയുടെ പതനം) ആത്മകഥ. ദ ബുക് ഓഫ് ഇന്ത്യന്‍ ബേഡ്സ്, ബേസ്ഡ് ഓഫ് കേരള, ഹാന്‍ഡ്ബുക് ഓഫ് ദ ബേഡ്സ് ഓഫ് ഇന്ത്യ ആന്‍ഡ് പാകിസ്താന്‍ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍. പത്മശ്രീ, പത്മവിഭൂഷണ്‍ തുടങ്ങി ഒട്ടേറെ ബഹുമതികള്‍ക്ക് അര്‍ഹനായി. 1987 ജൂലൈ 27ന് സാലിം അലി ഈ ലോകത്തോട് വിടപറഞ്ഞു.

No comments:

Post a Comment