Sunday, 15 January 2012

അപ്പീലുകള്‍ നിയന്ത്രിക്കാന്‍ നടപടിയെടുക്കും-മന്ത്രി



തൃശ്ശൂര്‍: അപ്പീലുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം മുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി.
7190 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ശനിയാഴ്ച വരെ 407 അപ്പീലുകളടക്കം 7597 പേര്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
സാധാരണ ഗതിയില്‍ ഒരിനത്തില്‍ 14 പേരാണ് പങ്കെടുക്കേണ്ടത്. പക്ഷേ 25 പേരെ വരെ പ്രതീക്ഷിച്ചാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. അപ്പീലുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ചില നിര്‍ദേശങ്ങള്‍ മുന്നിലുണ്ട്. അവ അടുത്ത കലോത്സവം മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.അപ്പീലുമായി തന്റെ അടുത്തു പോലും രക്ഷിതാക്കള്‍ എത്തുന്നുണ്ടെന്നും അവരെ താന്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി.ഒഴിവാക്കേണ്ടവരെയൊക്കെ വിധികര്‍ത്താക്കളുടെ പാനലില്‍ നിന്ന് ഒഴിവാക്കിയെന്നും അബ്ദുറബ്ബ് പറഞ്ഞു. തന്റെ ശിഷ്യര്‍ ആരും മത്സരിക്കുന്നില്ലെന്നും മത്സരാര്‍ത്ഥികളുമായി ബന്ധമില്ലെന്നും സത്യവാങ്മൂലം വാങ്ങിച്ചാണ് വിധികര്‍ത്താക്കളെ നിയമിക്കുന്നത്. പരീക്ഷയും മറ്റും ഉളളതിനാലാണ് ഇത്തവണ ജില്ലാ കലോത്സവങ്ങള്‍ ഡിസംബറില്‍ പൂര്‍ത്തിയാകാത്തത്. അപ്പീലുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ജില്ലാ തലത്തില്‍ അപ്പീല്‍ കമ്മിറ്റികളുടെ തീരുമാനം വൈകുന്നത് സ്വാഭാവികം മാത്രമാണ്. അല്ലാതെ ബോധപൂര്‍വം അപ്പീല്‍ തീരുമാനങ്ങള്‍ വൈകിപ്പിക്കാന്‍ വകുപ്പ് ശ്രമിക്കുന്നില്ല-മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എ. ഷാജഹാന്‍ പറഞ്ഞു. മേയര്‍ ഐ.പി.പോള്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, ബാബു എം. പാലിശ്ശേരി എം.എല്‍.എ എന്നിവരും മന്ത്രിയ്‌ക്കൊപ്പമുണ്ടായി.

No comments:

Post a Comment