റാബിയ അൽ ബസ്റി (717-801 C.E.) Rābiʻa al-ʻAdawiyya al-Qaysiyya (Arabic: رابعة العدوية القيسية) or simply Rābiʿah al-Baṣrī (Arabic: رابعة البصري) (717–801 C.E.) ഇറാഖിലെ ബസ്രയിലെ സൂഫി സന്ന്യാസിനിയായിരുന്നു.
- ദൈവം നിന്നിൽ നിന്നു കവരട്ടെ,
അവനിൽ നിന്നു നിന്നെക്കവരുന്ന സർവതും. - ഒരു കൈയിൽ പന്തമുണ്ട്, മറുകൈയിൽ വെള്ളവും;
ഇതുമായി ഞാൻ പോകുന്നു സ്വർഗ്ഗത്തിനു തീ കൊടുക്കാൻ,
നരകത്തിലെ തീ കെടുത്താനും.മൂടുപടം വലിച്ചുകീറട്ടെ,
ഉന്നമെന്തെന്നു കാണട്ടെ, ദൈവത്തിലേക്കുള്ള പ്രയാണികൾ. - എനിക്കുള്ള നേരം ദൈവത്തെ സ്നേഹിക്കാൻ;
പിശാചിനെ വെറുക്കാൻ എനിക്കില്ല നേരം. - എന്റെ ദൈവമേ, എന്റെ പ്രാർത്ഥനയിൽ കലരുന്നു
പിശാചിന്റെ വചനങ്ങളെങ്കിൽ അവ പെറുക്കിയെടുത്തു കളയേണമേ;
അതാവില്ല നിനക്കെങ്കിൽ വലിച്ചെറിഞ്ഞുകളഞ്ഞേക്കൂ
എന്റെ പ്രാർത്ഥനകളപ്പാടെ, പിശാചിന്റെ വചനങ്ങളും പിന്നെയുള്ളതുമൊക്കെയായി. - നിന്നിൽ വന്നൊളിയ്ക്കട്ടെ ഞാൻ നിന്നിൽ
നിന്നെന്റെ ശ്രദ്ധ തെറ്റിക്കുന്ന സർവതിൽ നിന്നും,
നിന്നിലേക്കോടിയെത്തുമ്പോളെന്നെത്തടയുന്ന സർവതിൽ നിന്നും. - പ്രഭോ,
ഞാനങ്ങയെ ആരാധിക്കുന്നതു നരകഭയം കൊണ്ടെങ്കിൽ
കെടാത്ത നരകത്തീയിലേക്കെന്നെയെറിയൂ,
ഞാനങ്ങയെ ആരാധിക്കുന്നതു സ്വർഗ്ഗേച്ഛ കൊണ്ടെങ്കിൽ
സ്വർഗ്ഗത്തിന്റെ വാതിലെനിക്കു കൊട്ടിയടയ്ക്കൂ.
നീയൊന്നു മാത്രമാണെന്റെയാരാധനത്തിനുന്നമെങ്കിൽ
എനിക്കു നിഷേധിക്കരുതേ, നിന്റെ നിത്യസൗന്ദര്യം. - ദൈവമേ,
ഈ ലോകത്തെനിക്കു നീക്കിവച്ചത്
എന്റെ ശത്രുക്കൾക്കു നല്കിയാലും,
പരലോകത്തെനിക്കായിക്കരുതിയത്
നിന്റെ ഭക്തന്മാർക്കു നല്കിയാലും.
-നീ മാത്രമായി എനിക്കെല്ലാമായി. - തുറക്കൂ, തുറക്കൂയെന്നു യാചിച്ചും കൊണ്ടെത്രകാലമിടിയ്ക്കും നിങ്ങൾ തുറന്നുകിടക്കുന്ന വാതിലിൽ!
- ഗുരുവെന്നല്ലേ, നിങ്ങളഭിമാനിക്കുന്നു? എങ്കിൽ പഠിക്കൂ!
- എന്നിൽ തൃപ്തനാവൂ, പ്രിയനേ,
എന്നാൽ തൃപ്തയാവും ഞാനും. - നിന്റെ ദേശത്തൊരന്യ ഞാൻ, നിന്റെ ഭക്തരിലേകാകിനി, അതാണെന്റെ പരാതിയും.
No comments:
Post a Comment