Monday 11 March 2013

സര്‍ക്കാര്‍ ജോലിക്കു മലയാളം നിര്‍ബന്ധമാക്കി



തിരുവനന്തപുരം. കേരളത്തിലെ സര്‍ക്കാര്‍ ജോലി ഇനി മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് മാത്രം. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ശുപാര്‍ശ പിഎസ്സി യോഗം അംഗീകരിച്ചു. മലയാളം അറിയാത്തവര്‍ക്കായി പിഎസ്സി യോഗ്യതാ പരീക്ഷ നടത്തും. 

മലയാളം ഒന്നാം ഭാഷയോ, രണ്ടാം ഭാഷയോ ആയി സ്വീകരിച്ച് എസ്എസ്എല്‍സിക്കോ പ്ലസ് ടുവിനോ പരീക്ഷ പാസായവരായിരിക്കണം ഉദ്യോഗാര്‍ഥികള്‍ എന്ന നിബന്ധനയാണു കൊണ്ടുവരുന്നത്. മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്കു മാത്രം സംസ്ഥാന സര്‍ക്കാരില്‍ തൊഴില്‍ നല്‍കിയാല്‍ മതിയെന്നു മന്ത്രിസഭാ യോഗം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. 

സിബിഎസ്ഇ, ഐസിഎസ്ഇ പോലുള്ള പാഠ്യപദ്ധതികളില്‍ മലയാളം നിര്‍ബന്ധമല്ല. അത്തരം സിലബസില്‍ നിന്നു വരുന്ന, മലയാളം നന്നായി എഴുതാനോ വായിക്കാനോ പോലുമറിയാത്തവര്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കുന്നതു കൂടിവരുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നിബന്ധന വയ്ക്കാന്‍ നിര്‍ദേശമുയര്‍ന്നത്. ഭരണഭാഷ മലയാളമാക്കി മാറ്റിയ സാഹചര്യത്തില്‍, മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയാല്‍ ഫയലുകളില്‍ മലയാളത്തില്‍ കുറിപ്പ് എഴുതാനോ, മലയാളത്തിലെഴുതിയ കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാനോ പോലും കഴിയാതെവരും. 

മലയാളം പാഠ്യപദ്ധതി പ്രകാരം പഠിച്ചിട്ടില്ലാത്തവര്‍ക്കായി മലയാളം യോഗ്യതാ പരീക്ഷ നടത്തണം എന്ന നിര്‍ദേശവും പിഎസ്സി അംഗീകരിച്ചു.

1 comment: