Sunday 13 January 2013

കലോല്‍സവ ചരിത്രം


നാനൂറാളുമായി ആദ്യം
 കൊടിയേറി നാളെ തിരശീല വീഴുന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവം ഓര്‍മയുള്ള കുറച്ചു പേരെങ്കിലും ഇപ്പോഴുമുണ്ട്. അര നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ ഈ കലാമാമാങ്കത്തിന് ഇപ്പോള്‍ ഏഴാം ദിവസവും കണ്ണിമ ചിമ്മാന്‍ മടി. കാലങ്ങളിലൂടെ കലോല്‍സവത്തിനു വന്ന മാറ്റങ്ങള്‍ പറഞ്ഞാല്‍ ഈ ഓര്‍മച്ചെപ്പില്‍ ഇനികാക്കാരിശ്ശി നാടകംയും ഒരുപാടു രസക്കൂട്ടുകള്‍ കിട്ടും.

കേരളത്തില്‍ ആദ്യ മന്ത്രിസഭ രൂപമെടുക്കുന്നതിനും മുന്‍പ് 1957 ജനുവരി 26നും 27നും എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന ആദ്യ കലോല്‍സവത്തിന് 'ഇന്റര്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍' എന്നായിരുന്നു പേര്. 1954ല്‍ ഡല്‍ഹിയില്‍ അന്തര്‍ സര്‍വകലാശാലാ കലോല്‍സവത്തില്‍ പങ്കെടുത്ത, കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി.എസ്. വെങ്കിടേശ്വരനു മനസില്‍ തോന്നിയ ആശയത്തിന്റെ പൂര്‍ത്തീകരണമായിരുന്നു ആദ്യ സ്കൂള്‍ കലാമേള. നാനൂറോളം വിദ്യാര്‍ഥികള്‍ മാത്രം പങ്കെടുത്ത ആദ്യ മേളയില്‍ ഇനങ്ങള്‍ 12 മാത്രം. ആകെ മല്‍സരങ്ങള്‍ പതിനെട്ടും! ഊണൊരുക്കാന്‍ അടുക്കളയുണ്ടായിരുന്നില്ല. പകരം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണ ടിക്കറ്റ് കൊടുത്ത് അടുത്തുള്ള ഹോട്ടലിലേക്കു പറഞ്ഞയച്ചു.

മന്ത്രിയായി; ഊണൊരുങ്ങി
തിരുവനന്തപുരം മോഡല്‍ ഹൈസ്കൂളില്‍ 1958ല്‍ അടുത്ത മേള നടക്കുമ്പോഴേക്കു ജോസഫ് മുണ്ടശേരി കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റിരുന്നു. മല്‍സരാര്‍ഥികള്‍ അറുന്നൂറിലെത്തി. മല്‍സരങ്ങള്‍ 33 ആയി. ചങ്ങനാശേരിയില്‍ നടന്ന ആറാം കലോല്‍സവത്തിനു (1962) വിഭവങ്ങള്‍ നിറഞ്ഞ ഊണിന്റെ പക്കമേളവുമുണ്ടായി. ഓരോ വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാരെ മാത്രം സംസ്ഥാനത്തേക്കു വിട്ടാല്‍ മതിയെന്ന നിബന്ധന ഈ മേളയോടെയാണു നിശ്ചയിക്കപ്പെട്ടത്.

കണക്കൊപ്പിച്ച്, ജനകീയമായി
തിരുവല്ലയില്‍ നടന്ന എട്ടാം മേള (1964) ആദ്യ ജനകീയ കമ്മിറ്റിയുടെ ആതിഥേയത്വത്തിനു വേദിയൊരുക്കി. കലോല്‍സവത്തിലെ മികച്ച കലാസൃഷ്ടികള്‍ ആകാശവാണിയിലൂടെ ലോകം കേട്ടുതുടങ്ങിയതും ഈ മേളയില്‍. ഷൊര്‍ണൂരില്‍ നടന്ന ഒന്‍പതാം മേള ചരിത്രത്തില്‍ രേഖപ്പെടുന്നതു ചെലവഴിച്ച തുകയുടെ കണക്കുവച്ചതിനെത്തുടര്‍ന്നാണ്. മൂന്നു ദിവസത്തെ മേളയ്ക്ക് അന്നു ചെലവഴിച്ചതു വെറും 10,250 രൂപ!

സ്മരണിക തുറന്നതു തൃശൂരില്‍
വിദ്യാഭ്യാസ മന്ത്രിമാരുടെ ഗാമര്‍ വേദിയായി കലോല്‍സവം മാറിത്തുടങ്ങിയത് 1968ല്‍ തൃശൂരിലായിരുന്നു. സി.എച്ച്. മുഹമ്മദ് കോയയായിരുന്നു അന്നു വിദ്യാഭ്യാസ മന്ത്രി. കലോല്‍സവ വിശേഷങ്ങളുമായി സ്മരണിക പുറത്തിറക്കിയ ആദ്യ മേളയും ഇതുതന്നെ.

വലിയ വേദി, ഘോഷയാത്ര
തൃശൂരിലെ ഇരിങ്ങാലക്കുടയില്‍ 1970ലെ കലോല്‍സവം വിസ്മയത്തിന്റെ മറ്റൊരു കുട നിവര്‍ത്തി. വലിയ പന്തലുകളും വേദികളുമായി കലാമേള വികസനത്തിന്റെ ചിറകു വിരിച്ചത് ആട്ടക്കഥയുടെ ഈ നാട്ടിലാണ്. സാമൂതിരിയുടെ തലസ്ഥാനമായ കോഴിക്കോട്ട് 1976ല്‍ കലോല്‍സവത്തെ വേറിട്ട ശൈലിയില്‍ വരവേറ്റതു വര്‍ണശബളമായ ഘോഷയാത്രയ്ക്കു തുടക്കമിട്ടുകൊണ്ടാണ്.

എല്ലാം മാനുവലിലായി
എറണാകുളത്തു 1977ല്‍ ഇന്റര്‍കോം സൌകര്യമുള്ള ടെലിഫോണ്‍ സംവിധാനങ്ങളോടെ മേള സാങ്കേതികമായി മുന്നിലെത്തി. ആദ്യ 17 മേളയ്ക്കു ശേഷം തൃശൂരില്‍ വീണ്ടും ചരിത്രം വേദിയില്‍ കയറി. പതിനെട്ടാം മേളയില്‍ (1978) ഒറ്റ വേദിയെന്ന പതിവ് തൃശൂരുകാര്‍ തിരുത്തി. നാലു വേദികളിലായി മല്‍സരങ്ങള്‍. 1979ലെ കോട്ടയം മേള ചരിത്രമായത് ആദ്യമായി മാനുവല്‍ ഏര്‍പ്പെടുത്തിയ ചിട്ടവട്ടങ്ങളോടെ മല്‍സരങ്ങള്‍ നടത്തിയതിലൂടെയാണ്.

തിലകം തൊട്ടു, പ്രതിഭയണിഞ്ഞു
കറ കളയാത്ത കലയുമായി എത്തുന്ന കുട്ടികള്‍ക്കു കലാതിലകം, കലാപ്രതിഭ അംഗീകാരമുദ്രകള്‍ ചാര്‍ത്തി 1986ല്‍ തൃശൂര്‍ വീണ്ടും ചരിത്രത്തിന്റെ ഇലഞ്ഞിത്തറയില്‍ കയറി. 87ല്‍ കോഴിക്കോട്ട് സ്വര്‍ണക്കപ്പിന്റെ പകിട്ടിലൂടെ ചാംപ്യന്‍ഷിപ് കിട്ടുന്ന ജില്ലയ്ക്കു തിളക്കമേറി. തിരുവനന്തപുരത്തേക്കാണു സ്വര്‍ണക്കപ്പ് ആദ്യം ചെന്നത്.

മാറ്റുരയ്ക്കാന്‍ ജില്ലകള്‍
ഒന്നു മുതല്‍ പത്തു വരെ ക്ളാസുകാരെ ഒരേ വിഭാഗത്തിലാക്കി കലാമേളയില്‍ പങ്കെടുപ്പിച്ചു വിവാദക്കപ്പ് നിറച്ചത് 1989ല്‍ കൊച്ചിയിലാണ്. പക്ഷേ അതിലേറെ സ്മരണീയമായി ആ കലോല്‍സവം മാറിയത്, വിദ്യാഭ്യാസ ജില്ലകള്‍ തമ്മിലുള്ള മല്‍സരം അവസാനിപ്പിച്ചതിലൂടെയാണ്. ജില്ലകള്‍ തമ്മിലുള്ള മാറ്റുരയ്ക്കലായി അതോടെ സ്കൂള്‍ കലാമേള മാറി. 1992ല്‍ എല്‍പി, യുപി മല്‍സരങ്ങള്‍ ജില്ലാതലത്തില്‍ പരിമിതപ്പെടുത്തി. അങ്ങനെ തിരൂരിലെ ആ മേള മുതല്‍ സംസ്ഥാന സ്കൂള്‍ കലോല്‍സവം ചേട്ടന്‍മാരുടേതും ചേച്ചിമാരുടേതും മാത്രമായി.

സംസ്കൃതക്കാരും കുട്ടി ടീച്ചര്‍മാരും
സാംസ്കാരിക സമ്പന്നതയ്ക്കു തൃശൂര്‍ വീണ്ടും സംഭാവനയേകിയതു 1993ല്‍. സാംസ്കാരിക സന്ധ്യകള്‍ കലോല്‍സവത്തിന്റെ ഭാഗമായത് അക്കുറി മുതലാണ്. കഴിഞ്ഞില്ല, സംസ്കൃതോല്‍സവം കലോല്‍സവത്തിന്റെ ഭാഗമായതും ആ വര്‍ഷം. അടുത്ത വര്‍ഷം കോഴിക്കോട്ട് ടിടിഐക്കാരും തൊട്ടടുത്ത കൊല്ലം കണ്ണൂരില്‍ പിപിടിടിഐക്കാരും മല്‍സരാര്‍ഥികളായെത്തി.

എല്ലാം കംപ്യൂട്ടറിലൊതുങ്ങി
കോഴിക്കോട്ട് 1994ല്‍ മറ്റൊരു സുപ്രധാന മാറ്റമുണ്ടായി സിബിഎസ്ഇ സ്കൂളുകളെ കലോല്‍സവത്തില്‍നിന്ന് ഒഴിവാക്കി. 1998ലെ തിരുവനന്തപുരം മേളയ്ക്കു മുന്‍പു കലോല്‍സവ മാനുവല്‍ വീണ്ടും പുതുക്കിയതോടെ കലാതിലകം, പ്രതിഭ സ്ഥാനങ്ങള്‍ക്ക് ഒട്ടേറെ മാനദണ്ഡങ്ങള്‍ പുതുതായി വന്നു. 2001ലെ തൊടുപുഴ മേള ചരിത്രപ്രസിദ്ധമാകുന്നതു സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണത്തോടെയാണ്. 2003ല്‍ ആലപ്പുഴയില്‍ സര്‍ട്ടിഫിക്കറ്റുകളടക്കം കംപ്യൂട്ടര്‍ സഹായത്തോടെ തയാറാക്കിത്തുടങ്ങി. കലാതിലകം, പ്രതിഭ മുദ്രകള്‍ 2005ലെ തിരൂര്‍ കലോല്‍സവത്തോടെ അവസാനിപ്പിച്ചു.

പേരു മാറി, പെരുമയേറി
2006ല്‍ എറണാകുളത്തുവച്ച് അറബിക് സാഹിത്യോല്‍സവം സ്കൂള്‍ കലോല്‍സവത്തിനൊപ്പം കൂടി. എല്ലാ കലാമേളകളെയും സമന്വയിപ്പിച്ചു കേരള സ്കൂള്‍ കലോല്‍സവമെന്ന പേരും അക്കുറിയുണ്ടാക്കി. കലോല്‍സവത്തിന്റെ സോഷ്യലിസത്തിനു തിരശീല ഉയര്‍ന്നതും ഈ മേളയില്‍. ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനക്കാരെ ഒഴിവാക്കി ഗ്രേഡിങ്ങിനു തുടക്കമായതും 2006ലാണ്. പക്ഷേ അത്തവണ ഒന്നാം സ്ഥാനക്കാരെ മാത്രം പ്രഖ്യാപിച്ചു. 2007ല്‍ കണ്ണൂരില്‍ അതും നിര്‍ത്തി.

വലിയ കുട്ടികള്‍ വന്നു, വലിയ മേളയായി
പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (2000) പാലക്കാട്ട് കലോല്‍സവത്തിന്റെ ഓണ്‍ലൈന്‍ വിവരസംവേദനത്തിനു തുടക്കമായിരുന്നു. പക്ഷേ ഔദ്യോഗിക വിവരങ്ങളുമായി കലോല്‍സവത്തിനു വെബ്സൈറ്റ് വന്നതു 2009ല്‍ തിരുവനന്തപുരത്താണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പരിഷ്കരണത്തിനും ആ വര്‍ഷം തുടക്കമായി ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗക്കാരെക്കൂടി സ്കൂള്‍ കലോല്‍സവത്തിന്റെ ഭാഗമാക്കി. അതോടെ മേള അഞ്ചു ദിവസത്തില്‍നിന്ന് ഏഴിലേക്കു മുന്നേറി. ടിടിഐ, പിപിടിടിഐ വിഭാഗക്കാരെ സ്കൂള്‍ കലോല്‍സവത്തില്‍നിന്ന് ഒഴിവാക്കിയതും ഇതേ വര്‍ഷം.

അംഗീകാരം മുദ്ര ചാര്‍ത്തുന്നു
2008ല്‍ കൊല്ലത്തു കലോല്‍സവത്തിലെ മികച്ച റിപ്പോര്‍ട്ടിനും ഫോട്ടോയ്ക്കും ചരിത്രത്തില്‍ ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയതു കൊല്ലം പ്രസ് ക്ളബാണ്. അടുത്ത വര്‍ഷം മുതല്‍ ഈ ദൌത്യം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇപ്പോള്‍ വിവിധ മാധ്യമ മേഖലകളില്‍ സര്‍ക്കാരിന്റെ അംഗീകാരം നല്‍കിവരുന്നു.

ടി.എം. ജേക്കബ്ബും സ്വര്‍ണക്കപ്പും
കലോല്‍സവങ്ങളുടെ നവജീവനാണ് 1983-87 ലെ ടി.എം. ജേക്കബിന്റെ വിദ്യാഭ്യാസമന്ത്രി കാലഘട്ടം. പലനില മണിപ്പന്തലുകളും നവരസക്കൂട്ടുള്ള സദ്യയുമൊക്കെയായി യുവജനോല്‍സവം ലോകശ്രദ്ധ നേടിത്തുടങ്ങി. ആദ്യ കലോല്‍സവത്തില്‍ മല്‍സരാര്‍ഥികളെയും അധ്യാപകരെയും എറണാകുളം ഗേള്‍സ് സ്കൂളിന്റെ മുന്നിലുള്ള ഹോട്ടലിലേക്കു ടിക്കറ്റ് കൊടുത്തു ഭക്ഷണം കഴിക്കാന്‍ പറഞ്ഞുവിടുകയായിരുന്നെങ്കില്‍, പില്‍ക്കാലത്തെ ഓരോ മേളകളിലും മല്‍സരമില്ലാത്ത ഇനമായി സദ്യ കയ്യടി നേടി.

അറുപത്തഞ്ചിലെ ഷൊര്‍ണൂര്‍ മേളയ്ക്കു 10,000 രൂപയായിരുന്നത്രെ ആകെ ബജറ്റ്! അത് ഇക്കുറി ഒന്നരക്കോടിയാകുന്നു. എന്നിട്ടും തികയുമോ എന്ന ആശങ്ക ബാക്കി. കലോല്‍സവത്തിന്റെ കാലക്കണക്കില്‍ എന്നും തെളിമയോടെ നില്‍ക്കുന്ന സ്വര്‍ണക്കപ്പ് '87 ല്‍ ഉണ്ടാക്കിയപ്പോഴത്തെ ചെലവ് രണ്ടേകാല്‍ ലക്ഷം രൂപ! ഇപ്പോള്‍ അതിന്റെ വിലയെത്ര മതിക്കും? 1985 ല്‍ എറണാകുളത്തു നടന്ന രജതജൂബിലി കലോല്‍സവമാണു സ്വര്‍ണക്കപ്പിന്റെ വഴിതുറന്നത്. ഡര്‍ബാര്‍ ഹാളില്‍ പദ്യപാരായണം, അക്ഷര്ലശോകം മല്‍സരങ്ങള്‍ നടക്കുന്നു. വിധികര്‍ത്താക്കളിലൊരാള്‍ കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍. തൊട്ടപ്പുറത്തു മഹാരാജാസ് ഗ്രൌണ്ടില്‍ ഫുട്ബോള്‍ മാമാങ്കം. 'പന്തുകളിക്കാര്‍ക്കു സ്വര്‍ണക്കപ്പു കൊടുക്കുന്നു, കലയിലെ താരങ്ങള്‍ക്കും അതു വേണ്ടേ' എന്നു ടി.എം. ജേക്കബിനോടു ചോദിച്ചതു വൈലോപ്പിള്ളിയാണ്. സമാപനച്ചടങ്ങില്‍ ജേക്കബ് അതു പ്രഖ്യാപിച്ചു: വരും വര്‍ഷം മുതല്‍ മേളയിലെ കിരീടം നേടുന്ന ജില്ലയ്ക്കു സ്വര്‍ണക്കപ്പ്. കൂടാതെ മികച്ച ആണ്‍, പെണ്‍ താരങ്ങള്‍ക്കു പ്രത്യേക സമ്മാനം.

അടുത്ത മേള തൃശൂരിലായിരുന്നു; സ്വര്‍ണത്തിന്റെ സ്വന്തം നാട്ടില്‍. കലോല്‍സവത്തിനു മുന്‍പേ സ്വര്‍ണക്കച്ചവടക്കാരെ വിളിച്ചുകൂട്ടി കപ്പിനു സ്വര്‍ണം ശേഖരിക്കാനായി ജേക്കബിന്റെ ശ്രമം. അതു പക്ഷേ, ലക്ഷ്യം കണ്ടില്ല. 101 പവന്‍ ലക്ഷ്യമിട്ടപ്പോള്‍ കിട്ടിയതു നാലിലൊന്നു മാത്രം. നിരാശനായ ജേക്കബ് സ്വര്‍ണം പൂശിയ കപ്പ് കൊടുത്തു പാതി ദുഃഖം മാറ്റി.

എന്നാല്‍ 87 ലെ കോഴിക്കോട് മേളയോടെ ജേക്കബിന്റെ ദുഃഖം മാറി. കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നുമൊക്കെ പിരിച്ചെടുത്ത പണം കൊണ്ടു യുവജനോല്‍സവത്തിനു സ്വര്‍ണക്കപ്പുണ്ടായി. മല്‍സരിച്ചു സ്വീകരിച്ച ഡിസൈനുകളില്‍ അംഗീകരിക്കപ്പെട്ടതു ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടേത്. പൂര്‍ത്തീകരണമെത്തിയപ്പോള്‍ കപ്പിന്റെ ചെപ്പില്‍ പവന്‍ 101 എന്നതു നൂറ്റിപ്പതിനേഴരയിലെത്തി.

No comments:

Post a Comment