Saturday 12 January 2013

വിക്ടേഴ്സ് ചാനലിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.


വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ഒരു ടി.വി. ചാനല്‍ എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന മലയാളത്തിലെ സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെ ലോഗോ പി.ആര്‍. ചേമ്പറില്‍ വച്ച് ബഹു. വിദ്യാഭ്യാസമന്ത്രി ശ്രീ. പി.കെ അബ്ദു‌റബ്ബ് പ്രകാശനം ചെയ്തു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഐ.ടി@സ്കൂള്‍ പ്രോജക്ട് ആണ് വിക്ടേഴ്സ് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. Virtual Classroom Technology on Edusat for Rural Schools എന്നറിയപ്പെട്ടിരുന്ന ഇന്ററാക്ടീവ് സംവിധാനമാണ് കേരളത്തിന്റെ സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ചാനലായി മാറിയിരിക്കുന്നത്. ഈ അവസരത്തില്‍ 'Versatile ICT Enabled Resource for Students' എന്ന ചുരുക്കപ്പേരിലാവും വിക്ടേഴ്സ് ഇനി അറിയപ്പെടുക. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിക്ടേഴ്സ് ക്ലബ്ബുകള്‍ സ്ഥാപിച്ച് വിക്ടേഴ്സില്‍ വിദ്യാര്‍ത്ഥികളുടെ വ്യാപകമായ പങ്കാളിത്തം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന ഓഫീസുകളുടെ Front office പോലെയുള്ള പൊതുജനസാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വിക്ടേഴ്സ് ചാനല്‍ പ്രദര്‍ശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. വിക്ടേഴ്സിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കി സംപ്രേക്ഷണം ചെയ്ത 'ഹരിതവിദ്യാലയം' എന്ന റിയാലിറ്റി ഷോയ്ക്ക് ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് ഇത്തരത്തിലുള്ള വ്യത്യസ്തമായ പരിപാടികള്‍ വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും അവകാശമാണ് വിക്ടേഴ്സ് വിദ്യാഭ്യാസ ചാനല്‍. അതിനാല്‍ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി എല്ലാ കേബിള്‍ ഓപ്പറേറ്റര്‍മാരും വിക്ടേഴ്സ് ചാനലിന്റെ ലഭ്യത അതാത് സ്ഥലങ്ങളില്‍ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ടെലിവിഷന്‍ വഴിയുള്ള സംപ്രേഷണത്തിനു പുറമേ www.victers.itschool.gov.in എന്ന പോര്‍ട്ടല്‍ വഴിയുള്ള ലൈവ് സ്ട്രീമിംഗിലൂടെ 68 രാജ്യങ്ങളില്‍ വിക്ടേഴ്സിന് പ്രേക്ഷകരുണ്ട്. വിക്ടേഴ്സ് ചാനല്‍ ടാബ്‌ലെറ്റ് പി.സി. പോലെയുള്ള മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉടന്‍ തന്നെ നിലവില്‍വരും. www.youtube.com/itsvicters എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിലും സംപ്രേഷണം ചെയ്ത പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യാനുസരണം കാണുന്നതിനുള്ള സംവിധാനവും, ഐ.ടി@സ്കൂള്‍ ഒരുക്കിയിട്ടുണ്ട്. 'SSLC ഒരുക്കം' പോലെയുള്ള പരിപാടികള്‍ യുട്യൂബിലൂടെ ഇതിനകം മികച്ച ഹിറ്റ് നേടിക്കഴിഞ്ഞു എന്ന് ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു.
സംസ്ഥാന സ്കൂള്‍ കലോല്‍സവം പോലെയുള്ള വ്യത്യസ്തമായ പരിപാടികള്‍ ഏതു സമയത്തും ലഭ്യമാകുന്ന തരത്തില്‍ യുട്യൂബ് വഴി വിക്ടേഴ്സ് ലഭ്യമാക്കും. കലോല്‍സവത്തിന്റെ '6' വേദികളില്‍ നിന്നുള്ള ലൈവ് സ്ട്രീം വഴിയുള്ള സംപ്രേഷണത്തിലൂടെ ലോകത്തിന്റെ എല്ലാ കോണിലുമുള്ള പ്രേക്ഷകര്‍ക്കും നമ്മുടെ കുട്ടികളുടെ കലാപ്രകടനം ആസ്വദിക്കാന്‍ വേദിയൊരുക്കുന്നുണ്ട്.
വിവരവിനിമയ സാങ്കേതികവിദ്യയില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള മികച്ച മാതൃകയായി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല മാറിയിരിക്കുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ഏക ചാനലായ വിക്ടേഴ്സിന് ഐ.ടി@സ്കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ ഇനിയും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയട്ടെ എന്ന് ബഹു. വിദ്യാഭ്യാസമന്ത്രി ശ്രീ. പി.കെ. അബ്ദുറബ്ബ് പറഞ്ഞു.

No comments:

Post a Comment