നവംബര്‍ ഏഴ് സി.വി. രാമന്റെ ജന്മദിനമാണ്. ഭാരതീയശാസ്ത്രലോകത്ത് സ്വാശ്രയത്വത്തിന്റെയും സ്വദേശീയതയുടെയും പര്യായമായ അദ്ദേഹത്തിന്റെ 124-ാം ജന്മദിനമാണ് 2012-ലെ നവംബര്‍ ഏഴ്. ശാസ്ത്രഗവേഷണ പഠനങ്ങളില്‍ ഒരു കാലഘട്ടത്തിന്റെ പ്രചോദനമായിരുന്ന സി.വി. രാമന്റെ ജീവിതകഥ പുതിയ തലമുറയ്ക്ക് ഉത്തേജനം പകരുന്ന ഒറ്റമൂലിയാണ്.
ഭാരതം ചരിത്രാതീതകാലം മുതല്‍ വൈജ്ഞാനിക മേഖലയില്‍ പ്രഥമസ്ഥാനം കൈവരിച്ചിരുന്നു. ഭൗതികശാസ്ത്ര, രസതന്ത്രം, ഖഗോള-ജ്യോതിശ്ശാസ്ത്രം, പദാര്‍ഥവിജ്ഞാനീയം, ആരോഗ്യശാസ്ത്രം, മനശ്ശാസ്ത്രം, ഭാഷാശാസ്ത്രം, സുകുമാരകലകള്‍ തുടങ്ങി മനുഷ്യമനസ്സില്‍ ഉരുത്തിരിയാവുന്ന എല്ലാ മേഖലകളിലും ഭാരതം തിളങ്ങിയിരുന്നു എന്നാണ് ചരിത്രം. എന്നാല്‍, ഭാരതത്തിന്റെ ഈ വൈജ്ഞാനികപൈതൃകം ഉന്നത വിദ്യാഭ്യാസം നേടിയ ഭാരതീയര്‍ക്കിടയില്‍പ്പോലും അജ്ഞാതമാണ്. ശുല്‍ബകാരന്മാര്‍, ആര്യഭടന്‍, ബ്രഹ്മഗുപ്തന്‍, സംഗമഗ്രാമ മാധവന്‍, നീലകണ്ഠ സോമയാജി തുടങ്ങിയവരുടെ ഗണിത, ജ്യോതിശാസ്ത്രപഠനങ്ങളെക്കുറിച്ച് തികച്ചും അജ്ഞാതരായ പുതിയ തലമുറയിലെ അഭ്യസ്തവിദ്യര്‍ തങ്ങളുടെ ജ്ഞാനേന്ദ്രിയം പടിഞ്ഞാറോട്ട് തിരിച്ചുവെച്ചിരിക്കുന്ന ആന്റിന മാത്രമായി ചുരുക്കിയിരിക്കുന്നു. നാം നമ്മെത്തന്നെ ഇപ്പോള്‍ അറിയുന്നത് പാശ്ചാത്യരുടെ പഠനങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന പ്രതിധ്വനിയില്‍നിന്നുമാത്രമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷം സംജാതമായത്? മക്കാളെയുടെ അധ്യക്ഷതയില്‍ 1885-ല്‍ രൂപവത്കൃതമായ വിദഗ്ധ സമിതി ഇന്ത്യന്‍ വിദ്യാഭ്യാസ പദ്ധതിയില്‍നിന്ന് ഭാരതീയ വൈജ്ഞാനികപൈതൃകം പാടേ ഒഴിവാക്കി-ചില സമിതി അംഗങ്ങളുടെ എതിര്‍പ്പിനെപ്പോലും വകവെക്കാതെ.
ഭാരതീയപൈതൃകം മുഖ്യധാരയില്‍നിന്ന് കൈവിട്ടുകൊണ്ട് ഉണ്ടായ ദോഷഫലങ്ങളില്‍ മുഖ്യം നമ്മില്‍ ആത്മധൈര്യവും ആത്മവിശ്വാസവും ചോര്‍ന്ന് അടിമത്തമനോഭവം കുടികൊണ്ടുതുടങ്ങി എന്നതാണ്. സുഗന്ധവ്യഞ്ജനങ്ങളും കമ്പോളവസ്തുക്കളും മറ്റും കയറ്റിയയയ്ക്കുന്നതിന്റെ കൂടെ ഭാരതീയ വൈജ്ഞാനികസമ്പത്തും വിദേശത്തേക്ക് കയറ്റിയയയ്ക്കപ്പെട്ടു. ഉദാഹരണമാണ്, ഗണിതജ്യോതിശാസ്ത്രമേഖലയില്‍ പ്രഗല്ഭനായ ആര്യഭടന്റെ 'ആര്യഭടീയം' എന്ന ഗ്രന്ഥത്തിന്റെ രണ്ടാംഭാഗമായ ഉപകരണനിര്‍മാണ സാമഗ്രിയെക്കുറിച്ചുള്ള ഗ്രന്ഥം. ഈയിടെ ജപ്പാനിലെ ക്വാറ്റോ സര്‍വകലാശാലയിലെ ഗണിതവിഭാഗത്തിലെ ശാസ്ത്രജ്ഞര്‍ ഒരു ജര്‍മന്‍ മ്യൂസിയത്തില്‍ ആ ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി കണ്ടെത്തുകയും അത് ഡിജിറ്റലൈസ് ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിന്റെ രത്‌നച്ചുരുക്കം മാത്രം. ആ ഗ്രന്ഥത്തില്‍ പറഞ്ഞിരുന്ന ഉപകരണങ്ങള്‍ അവര്‍ നിര്‍മിക്കുകയും ചെയ്തു. ഭരദ്വാജന്റെ യന്ത്രസംഹിതയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ജിനീയറിങ് വിഷയങ്ങള്‍ നമ്മുടെ മനോമണ്ഡലത്തിന്റെ ഇരുട്ടില്‍ മറഞ്ഞിരിക്കുകയാണ്.
സ്വാതന്ത്ര്യത്തിന്റെയും സ്വദേശി പ്രസ്ഥാനത്തിന്റെയും നൂതന പദ്ധതികളുമായി ഭാരതീയ സ്വത്വത്തിന്റെ രക്ഷയ്ക്കായി അവതരിച്ച ഗാന്ധിജിയെ ഭാരതം എന്നേ കൈയൊഴിഞ്ഞു. ശാസ്ത്രമേഖലയിലെ ഗവേഷണപഠന വിഷയങ്ങളില്‍ തികച്ചും മൗലികമായ കാഴ്ചപ്പാടുകളും അവ സാക്ഷാത്കരിക്കപ്പെടുന്നതിനുവേണ്ടിയുള്ള അക്ഷീണപ്രയത്‌നവും മേളിച്ച ഒരു സോഷ്യല്‍ ടെക്‌നോളജിസ്റ്റായിരുന്നു ഗാന്ധിജി.
ഗാന്ധിജി എന്ന സോഷ്യല്‍ ടെക്‌നോളജിസ്റ്റിന്റെ പ്രവര്‍ത്തനമേഖലയെ സസൂക്ഷ്മം പിന്തുടര്‍ന്ന ഡോ. രാജേന്ദ്രപ്രസാദ് അത്ഭുതാദരങ്ങളോടെയാണ് തന്റെ ഗ്രന്ഥമായ 'ഗാന്ധിപാദങ്ങളില്‍' സ്വാശ്രയത്വവും സ്വദേശീയതയും സൃഷ്ടിച്ച സാമൂഹികവിപ്ലവത്തെക്കുറിച്ച് വിവരിക്കുന്നത്. സാമൂഹികമേഖലയില്‍ എന്നപോലെ ശാസ്ത്രഗവേഷണപഠനത്തില്‍ സ്വാശ്രയത്വവും സ്വദേശീയതയും കൈവരിക്കാന്‍ പ്രയത്‌നിച്ച ഒരേയൊരു ഉദാഹാരമാണ് ചന്ദ്രശേഖരവെങ്കിട്ടരാമന്‍ എന്ന സി.വി. രാമന്‍. രാഷ്ട്രീയനേതാക്കളില്‍ സി.വി. രാമന്‍ വിശ്വാസമര്‍പ്പിച്ച ഒരേയൊരു വ്യക്തിയായിരുന്നു ഗാന്ധിജി. ഇപ്രകാരം സി.വി. രാമന്‍-ഗാന്ധിജിയുഗ്മം ഭാരതത്തിന്റെ സ്വദേശി-സ്വാശ്രയസിദ്ധാന്തത്തിന്റെ പര്യായമാണ്.
സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നീ മൂന്നുഘടകങ്ങളുടെ സമഞ്ജസസമ്മേളനങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന സാങ്കേതികശാസ്ത്രവിദ്യകള്‍ മാത്രമേ നിലനില്ക്കൂ എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു. സാമ്പത്തികലാഭം മാത്രം മുന്നില്‍ക്കണ്ടുകൊണ്ടുള്ള ടെക്‌നോളജി ഭാവിയില്‍ മനുഷ്യന് ദുരന്തമായിരിക്കും നല്കുക എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
1888 നവംബര്‍ ഏഴാം തിയ്യതി തൃശ്ശിനാപ്പള്ളിയില്‍ ജനിച്ച ചന്ദ്രശേഖര വെങ്കിട്ടരാമന്‍ സി.വി. രാമനായി പരിണമിച്ച കഥ പുതിയ തലമുറയ്ക്ക് മാതൃകോദാഹരണമാണ്.
കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലായി ജോലിക്ക് ചേര്‍ന്ന സി.വി. രാമന്‍ യാദൃച്ഛികമായിട്ടാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് എന്ന സ്ഥാപനം കണ്ടത്. ഭാരതീയരില്‍ ശാസ്ത്രഗവേഷണത്വര സൃഷ്ടിക്കാനായി 1878-ല്‍ മഹേന്ദ്രലാല്‍ സര്‍ക്കാര്‍ എന്ന ഒരു മെഡിക്കല്‍ ഡോക്ടര്‍ ആയിരുന്നു 'അസോസിയേഷന്‍' സ്ഥാപിച്ചത്. കഴിഞ്ഞ മുപ്പതുവര്‍ഷക്കാലമായി ആരും തിരിഞ്ഞുനോക്കാതെയിരുന്ന 'അസോസിയേഷനി'ല്‍ വിശ്വാസംനശിച്ച് മഹേന്ദ്രലാല്‍ സര്‍ക്കാര്‍ നിര്യാതനായി. എന്നാല്‍, അദ്ദേഹത്തിന്റെ അനന്തരവന്‍ അമൃതലാല്‍ സര്‍ക്കാര്‍ തന്റെ അമ്മാവന്റെ ദൗത്യം ഏറ്റെടുത്തു. ആ സമയത്താണ് സി.വി. രാമന്‍ പ്രത്യക്ഷപ്പെടുന്നത്. ''ഇതുവരെയും താങ്കള്‍ എവിടെയായിരുന്നു?'' എന്ന ചോദ്യത്തോടെ അമൃതലാല്‍ സി.വി.രാമനെ ആലിംഗനം ചെയ്തു-ശ്രീരാമകൃഷ്ണന്‍ നരേന്ദ്രനെപ്പോലെയുള്ള ഒരാളെ പ്രതീക്ഷിച്ചിരുന്നതുപോലെ.
അസോസിയേഷനില്‍ പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ച സി.വി. രാമന്‍ ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശാസ്ത്രവും സാങ്കേതികശാസ്ത്രവുമാണ് പഠിക്കാന്‍ തുടങ്ങിയത്. വിദേശത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന മുഖ്യഗവേഷണ മാസികകളില്‍ അസോസിയേഷന്റെ പേര് സി.വി. രാമനൊപ്പം അച്ചടിച്ചുവന്നു. മഹേന്ദ്രലാല്‍ സര്‍ക്കാറിന്റെ സ്വപ്നം സഫലീകരിച്ച സി.വി. രാമന്‍ ശബ്ദശാസ്ത്രത്തില്‍ അദ്വിതീനായ ശാസ്ത്രജ്ഞനായി പരിണമിച്ചുകഴിഞ്ഞു.
1917-ല്‍ കല്‍ക്കട്ടാ സര്‍വകലാശാലയില്‍ പ്രൊഫസര്‍ തസ്തികയിലേക്ക് രാമന്‍ ക്ഷണിക്കപ്പെട്ടു. കല്‍ക്കട്ട സര്‍വകലാശാലയിലെ പ്രൊഫസറാകാന്‍ വിദേശികളോ അല്ലെങ്കില്‍ വിദേശത്ത് പഠനപരിചയമുള്ള ആളുകള്‍ക്കോ മാത്രമേ സാധിക്കുകയുള്ളൂ. വൈസ് ചാന്‍സലര്‍ അശുതോഷ് മുഖര്‍ജി ഏതാനും മാസം വിദേശത്തെ ഏതെങ്കിലും സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടുവരാന്‍ രാമനെ ഉപദേശിച്ചു. രാമന്റെ ഉത്തരം ഇതായിരുന്നു:- ''ഒരു വിദേശത്തെ പരിചയംവെച്ചിട്ടുള്ള ഉദ്യോഗപദവി വേണ്ട. വേണമെങ്കില്‍ വിദേശികള്‍ക്ക് എന്റെ പരീക്ഷണശാലയില്‍ പഠനപരിചയം നല്കാം. നിയമത്തില്‍ അയവുവരുത്തി രാമന്‍ കല്‍ക്കട്ടാ സര്‍വകലാശാലയിലെ പ്രൊഫസറായി സ്ഥാനമേറ്റു.എഫ്.ആര്‍.എസ്. ലഭിച്ച രാമനെ അനുമോദിക്കാന്‍ 1922-ല്‍ കൂടിയ സമ്മേളനത്തില്‍ വെച്ച് അശുതോഷ് മുഖര്‍ജി രാമനോട് ചോദിച്ചു -''എന്താണ് ഇനി ഭാവി പരിപാടി?''
''സംശയമെന്ത്? ഒരു നൊബേ ല്‍ പുരസ്‌കാരം'' എന്ന് ആത്മധൈര്യം മുഴങ്ങിയ ഉത്തരമായിരുന്നു രാമന്റേത്. ശബ്ദശാസ്ത്രത്തില്‍നിന്ന്പ്രകാശത്തിന്റെ വര്‍ണപ്രപഞ്ചത്തിലേക്ക് ഗവേഷണപഠനങ്ങള്‍ രാമനും സഹപ്രവര്‍ത്തകരും പറിച്ചുനട്ടിരുന്നു.
പ്രകാശപ്രക്രീര്‍ണനത്തില്‍ പഠനം നടത്തിവരവെ ഏകവര്‍ണമായ പ്രകാശരശ്മി സുതാര്യമായ ദ്രാവകമാധ്യമത്തില്‍കൂടി പ്രകീര്‍ണനം വഴി പുറത്തുവരുമ്പോള്‍ വ്യത്യസ്തവര്‍ണങ്ങളായി മാറുന്ന അത്ഭുത പ്രതിഭാസം രാമനും ശിഷ്യനായ കെ.എസ്. കൃഷ്ണനും കണ്ടെത്തി. 1928 ഫിബ്രവരി 28-ാം തിയ്യതി കണ്ടെത്തിയ ഈ പ്രതിഭാസമാണ് പിന്നീട് രാമന്‍പ്രഭാവം എന്ന പേരില്‍ പ്രസിദ്ധമാവുകയും 1930-ല്‍ നൊബേല്‍ പുരസ്‌കാരം സി.വി. രാമന് ലഭിക്കാന്‍ കാരണമാവുകയും ചെയ്തത്.
വിദ്വേഷത്തിന്റെയും അസഹനീയതയുടെയും കാര്‍മേഘം സി.വി. രാമനെ ബംഗാളില്‍നിന്ന് ബാംഗ്ലൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലേക്ക് പറിച്ചുനട്ടു. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായിരുന്ന കാലത്ത് സി.വി. രാമന്‍ ജര്‍മനി യില്‍ നിന്നുള്ള ശാസ്ത്രജ്ഞരെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. മാക്‌സ്‌ബോണും നേഷ്രാഡിങ്ങറും മറ്റും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. എവിടെയും വേണ്ടാത്ത രണ്ടാംകിട ശാസ്ത്രജ്ഞരെക്കൊണ്ട് ഇന്‍സ്റ്റിറ്റിയൂട്ട് നിറയ്ക്കുകയാണ് രാമന്‍ എന്ന അഭിപ്രായം അന്തരീക്ഷത്തില്‍ മാറ്റൊലികൊണ്ടു.
രാമന്റെ അഭിപ്രായം അംഗീകരിച്ചിരുന്നുവെങ്കില്‍ ഭാരതീയശാസ്ത്രമേഖലയില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടാകുമായിരുന്നു-അമേരിക്കയില്‍ സംഭവിച്ചതുപോലെ. എന്നാല്‍, അസഹിഷ്ണുത എന്ന കാളകൂടവിഷം അതിന് വിരുദ്ധമായിരുന്നു. മനംനൊന്ത രാമന്‍ ഡയറക്ടര്‍ പദവി രാജിവെച്ച് താന്‍തന്നെ തുടങ്ങിവെച്ച ഫിസിക്‌സ് വിഭാഗത്തിന്റെ ഉന്നമനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
രാമന്‍പ്രഭാവത്തിലും ശബ്ദശാസ്ത്രത്തിലും പ്രകാശിത-ശബ്ദമേളന മേഖലയിലും അമൂല്യമായ സംഭാവനകള്‍ നല്കിയ സി.വി. രാമന്‍ 1945-ല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് റിട്ടയര്‍ ചെയ്തു. അതിന്റെ പിറ്റേ ദിവസം മുതല്‍ രാമന്റെ മുന്നില്‍ ഫിസിക്‌സ് വകുപ്പും വാതില്‍ കൊട്ടിയടച്ചു. മൈസൂര്‍ മഹാരാജാവിന്റെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ അദ്ദേഹം രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ബാംഗ്ലൂരില്‍ സ്ഥാപിച്ചു. 1970-ല്‍ ഇഹലോകവാസം വെടിയുന്നതുവരെ പുതിയ ഗവേഷണസ്ഥാപനത്തില്‍ രാമന്‍ തന്റെ പഠനഗവേഷണങ്ങള്‍ തുടര്‍ന്നു.
1950-കള്‍ മുതല്‍ സി.വി. രാമന്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ രണ്ടിന് ഗാന്ധിപ്രഭാഷണം ഓള്‍ ഇന്ത്യ റേഡിയോയില്‍ നടത്തിവന്നിരുന്നു. 1970 ഒക്ടോബര്‍ രണ്ടിന് തന്റെ അവസാനത്തെ ഗാന്ധിപ്രഭാഷണം നല്കിയ സി.വി. രാമന്‍ 1970 നവംബര്‍ 16-ന് വര്‍ണപ്രപഞ്ചത്തില്‍ ലയിച്ചു. തന്റെ മരണശേഷം ഒരു സ്മാരകമന്ദിരമോ മറ്റു കോലാഹലങ്ങളോ പാടില്ലെന്നും തന്റെ സ്ഥാപനത്തിന്റെ വളപ്പില്‍ത്തന്നെ അന്ത്യവിശ്രമം ഒരുക്കണമെന്നും രാമന്‍ നിഷ്‌കര്‍ഷിച്ചു. ഇപ്പോള്‍ രാമന്റെ അന്ത്യവിശ്രമസ്ഥലത്ത് ഒരു മരം ഏകനായി, ഊര്‍ധ്വമുഖനായി നിലകൊള്ളുന്നു.
തന്റെ ഗവേഷണപഠനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സ്വയം ആവിഷ്‌കരിച്ച് നിര്‍മിക്കുക എന്നതായിരുന്നു സി.വി. രാമന്റെ സിദ്ധാന്തം. ഇതുവഴി മാത്രമേ ഭാരതത്തില്‍ ഗവേഷണപഠനങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുകയുള്ളൂ എന്ന് അദ്ദേഹം ഉപദേശിച്ചു. സ്വാശ്രയത്തിന്റെ ഈ ഉപദേശം എന്നാല്‍, പിന്നീട് ഭാരതം കൈയൊഴിഞ്ഞു. വിദേശികള്‍ കണ്ടുപിടിച്ച ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത് ഗവേഷണപഠനങ്ങള്‍ നടത്തിയാല്‍ സമയലാഭം ഉണ്ടാകും എന്ന കണ്ടെത്തല്‍ ഭാരതീയ ഗവേഷണമേഖലയെ തളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ഇപ്പോള്‍ രാമന്‍പ്രഭാവത്തെക്കുറിച്ച് പഠിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം വിദേശത്ത് നിര്‍മിക്കുന്നവയാണ്. ബുദ്ധ, ജൈനമതങ്ങള്‍പോലെയും ആത്മീയതയെപ്പോലെയും ഇന്ത്യ രാമന്‍പ്രഭാവത്തെയും വിദേശത്തേക്ക് കയറ്റുമതി ചെയ്തു.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏതാണ്ട് 1980-'90 കള്‍ വരെയും ഗവേഷണങ്ങള്‍ക്ക് സഹായധനം നല്കുന്ന സ്ഥാപനങ്ങള്‍പോലും ഗവേഷണോപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനായിരുന്നു ഉപദേശിച്ചിരുന്നത്. ഇതിന്റെ ദൂഷ്യവശം ഇപ്പോള്‍ കണ്ടുതുടങ്ങി. '70-കളില്‍ നമ്മുടെ പിന്നിലായിരുന്ന ചൈന നമ്മെ ബഹുദൂരം പിന്നിലേക്ക് തള്ളിയിരിക്കുന്നു. അതുപോലെത്തന്നെ തങ്ങളുടെ ഗവേഷണപ്രബന്ധങ്ങള്‍ വിദേശമാസികകളില്‍ പ്രസിദ്ധീകരിക്കാന്‍ ഇന്ത്യയില്‍ അലിഖിതമായ ഉപദേശമുണ്ട്. എന്നാല്‍, സി.വി. രാമന്‍ തന്റെ പ്രബന്ധങ്ങള്‍ പ്രധാനപ്പെട്ടവയെല്ലാം ഇന്ത്യന്‍ അക്കാദമിയുടെയും നാഷണല്‍ അക്കാദമിയുടെയും മാസികകളില്‍ മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഗവേഷണമാസികകള്‍ക്ക് വിദേശത്ത് പ്രിയം ഏറേയായിരുന്നു. ഇംപാക്ട് ഫാക്ടര്‍, പേറ്റന്റ് തുടങ്ങിയ ആധുനികപദങ്ങള്‍ ഗവേഷണമേഖലയെ ആകെ മൂടിയപ്പോള്‍ ഇന്ത്യന്‍ ഗവേഷണപഠനമേഖല പിന്നിലേക്ക് തള്ളിയിടപ്പെട്ടുകൊണ്ടിരിക്കുന്നു.
Mathrubhumi.
- വി.പി.എന്‍. നമ്പൂതിരി
കൊച്ചി സര്‍വകലാശാലാ ഫോട്ടോ ണിക്‌സ് വിഭാഗം തലവനായിരുന്ന ലേഖകന്‍ യു.ജി.സി. എമരിറ്റസ് പ്രൊഫസറാണ് *
No comments:
Post a Comment