കോഴിക്കോട്: സംസ്ഥാന ശാസ്ത്ര, ഗണിത-സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയമേളയ്ക്ക് മീഞ്ചന്ത ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. നവംബര്‍ 30 വരെയുള്ള നാലുനാള്‍ മേള വിസ്മയക്കാഴ്ചകളൊരുക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നെത്തിയ ശാസ്ത്രപ്രതിഭകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
മേളയുടെ ഉദ്ഘാടനം തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് നിര്‍വഹിച്ചു. കുട്ടികള്‍ക്ക് അവരുടെ അഭിരുചികള്‍ക്കനുസരിച്ച് അവര്‍ ആഗ്രഹിക്കുന്ന മേഖലകളില്‍ കഴിവുതെളിയിക്കുവാനാണ് ഇത്തരം മേളകള്‍ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പഴയതലമുറ സ്വപ്നം പോലും കാണാത്ത കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. എന്നാല്‍ കുട്ടികളുടെ പുതിയ കണ്ടെത്തലുകള്‍ മേള കഴിയുന്നതോടെ വിസ്മൃതിയിലാകുന്നതാണ് പതിവ്. ഇത്തവണ മുതല്‍ മികച്ച പ്രോജക്ടുകള്‍ സൂക്ഷിക്കാന്‍ സൗകര്യമൊരുക്കും. കുട്ടികള്‍ക്ക് മികച്ച അവസരങ്ങള്‍ നേടാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. ഇന്‍സ്‌പെയര്‍ ദേശീയശാസ്ത്രപ്രദര്‍ശനത്തില്‍ വെങ്കലമെഡല്‍ നേടിയ ടി.എ. അരുണിനെ ചടങ്ങില്‍ അനുമോദിച്ചു. പാലക്കാട് ഭാരതമാത എച്ച്.എസ്.എസ്സിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അരുണ്‍. ശാസ്ത്രമേളയുടെ ലോഗോ തയ്യാറാക്കിയ പാലോറ എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ സതീഷ്‌കുമാറിനെ ചടങ്ങില്‍ ആദരിച്ചു. എം.എല്‍.എ.മാരായ പുരുഷന്‍ കടലുണ്ടി, ഇ.കെ. വിജയന്‍, ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാരായ പി. ഉഷാദേവി, എം. രാധാകൃഷ്ണന്‍, ഡി.ഡി.ഇ. പി.ഗൗരി എന്നിവര്‍ സംസാരിച്ചു.
മേളയ്ക്കു തുടക്കം കുറിച്ച് രാവിലെ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വി.കെ. സരളമ്മ പതാക ഉയര്‍ത്തി. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കുട്ടികള്‍ അണിനിരന്ന വിളംബരജാഥ സിറ്റി പോലീസ്‌കമ്മീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മീഞ്ചന്ത ജങ്ഷന്‍ മുതല്‍ ഉദ്ഘാടനവേദിയായ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വരെയായിരുന്നു ജാഥ.











No comments:
Post a Comment