Sunday 2 September 2012

ആദിവാസി ചരിത്രം



ലോകത്ത് ഏറ്റവും പ്രതികൂലമായ സാഹചര്യത്തില്‍ ജീവിക്കുന്ന ജനവിഭാഗമാണ് ആദിവാസികള്‍ (Tribals). അഞ്ചു വന്‍കരകളില്‍ ഇവരുണ്ട്. ബംഗ്ളാദേശ്  (Bangladesh), ബര്‍മ (Burma), ചൈന (China), ഇന്ത്യ (India), ഇന്തോനേഷ്യ (Indonesia), ജപ്പാന്‍ (Japan), മലേഷ്യ (Malaysia), പാകിസ്താന്‍ (Pakistan), ശ്രീലങ്ക (Sri Lanka), തായ്ലന്‍ഡ് എന്നീ ഏഷ്യന്‍ രാജ്യങ്ങളിലാണ് ആദിവാസികളുടെ ആകെ ജനസംഖ്യയുടെ പകുതിയോളം കാണപ്പെടുന്നത്.
ആദിവാസി എന്ന വാക്കിന്‍െറ ശരിയായ ഭാഷാര്‍ഥം ‘പൂര്‍വ നിവാസികള്‍’ എന്നാണ്. ഇന്ത്യയില്‍ സര്‍ക്കാറും മറ്റും ട്രൈബ് എന്ന വാക്കാണ് ആദിവാസികളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന (United Nations) ഓരോ രാജ്യത്തെയും തനത് നിവാസികളെ സൂചിപ്പിക്കാനാണ് തദ്ദേശവാസികള്‍ എന്ന വാക്കുപയോഗിക്കുന്നത്. ഇന്ത്യയില്‍ തദ്ദേശവാസികള്‍ ആദിവാസികള്‍ എന്നറിയപ്പെടുന്നു.
2001ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ആദിവാസി ജനസംഖ്യ 3,64,189 ആണ്. ഇതില്‍ 1,80,169 പേര്‍ പുരുഷന്മാരും 1,84,020 പേര്‍ സ്ത്രീകളുമാണ്. കൂടുതല്‍ ആദിവാസികളുള്ളത് വയനാട് (Wayand District ) ജില്ലയിലാണ്-1,36,062 പേര്‍. കേരളത്തിലെ മൊത്തം ആദിവാസികളില്‍ 37.36 ശതമാനവും വയനാട്ടിലാണ്. വയനാട്ടിലെ ആകെ ജനസംഖ്യയുടെ 17.48 ശതമാനവും ആദിവാസികളാണ്.
അടിമത്തം, ബലം പ്രയോഗിച്ചുള്ള ജോലിയെടുപ്പിക്കല്‍, വിവേചനം, പട്ടിണി, മോശം ആരോഗ്യസ്ഥിതി, തൊഴിലില്ലായ്മ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് ആദിവാസിസമൂഹം ഇന്ന് നേരിടുന്നത്.
കാടത്തംനിറഞ്ഞ പ്രാകൃതജീവിതത്തില്‍നിന്ന് പൊതുസമൂഹത്തിലേക്ക് എത്തിപ്പെട്ടതോടെ ഇവരുടെ ജീവിതരീതിയിലും ഭാഷയിലും സംസ്കാരത്തിലും വസ്ത്രരീതിയിലും നാഗരികതയുടെ സ്വാധീനം തെളിഞ്ഞുനിന്നു.
കാലാന്തരത്തില്‍ പല ഗോത്രങ്ങളും കേട്ടുകേള്‍വിയായി. മറ്റു ഗോത്രത്തിലുള്ളവരുമായുള്ള വിവാഹം പല ഗോത്രങ്ങളെയും നാമാവശേഷമാക്കി. മുഖ്യധാരയിലേക്കുള്ള തള്ളിക്കയറ്റം മൂലം ഗോത്ര ആചാരങ്ങള്‍ ആദിവാസികളിലെ പുതുതലമുറക്കുതന്നെ അറിയാത്ത അവസ്ഥയായി. പ്രത്യേക മേഖലയില്‍ വലിയ കൂട്ടമായി കണ്ടിരുന്ന പല ഗോത്രങ്ങളും നഗര-ഗ്രാമ ഭേദമില്ലാതെ ഒറ്റക്കും ചെറിയ ഗ്രൂപ്പുകളായും താമസിക്കാന്‍ തുടങ്ങി.
കേരളത്തിലെ വിവിധ ആദിവാസികളെക്കുറിച്ചുള്ള ലഘു വിവരങ്ങളാണ് ഇവിടെ പ്രതിപാദ്യം.
ഇതു വായിക്കുമ്പോള്‍ കൂട്ടുകാര്‍ക്ക് പലര്‍ക്കും ഒരു സംശയം തോന്നിയേക്കാം . തങ്ങളുടെ ഒപ്പം പഠിക്കുന്നവര്‍, വീടിന് അടുത്തുള്ളവര്‍, കണ്ടുപരിചയമുള്ളവര്‍ എന്നിങ്ങനെ വിവിധ ആദിവാസി സമൂഹത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതില്‍ പറയുന്ന രീതികള്‍ ഒന്നുമില്ലല്ലോയെന്ന്. അത് സത്യമാണ്. ഇവരുടെ ആചാരത്തിലും ജീവിതരീതിയിലും ഭാഷയിലും തുടങ്ങി എല്ലാ മേഖലകളിലും മാറ്റങ്ങള്‍ വന്നു.
 പല വിഭാഗങ്ങളും സാധാരണക്കാരുടെ ജീവിതരീതിയാണ് പിന്തുടരുന്നത്. പഴയ ആള്‍ക്കാര്‍ മാത്രമാണ് പാരമ്പര്യം പിന്തുടരുന്നത്. എങ്കിലും, പല ആചാരങ്ങളും പല ഗോത്രങ്ങളും പിന്തുടരുന്നുണ്ട്.


  • കൊറഗര്‍ (Koragar/Koraga)

കാസര്‍കോട് (Kasargod) ജില്ലയിലെ പെരഡാള്‍, ബേള, മഞ്ചേശ്വരം, മംഗലപ്പാടി എന്നീ സ്ഥലങ്ങളിലും ഹോസ്ദുര്‍ഗ് (Hosdurg)താലൂക്കിലുമാണ് കേരളത്തില്‍ കൊറഗ കുടുംബങ്ങളുള്ളത്.
‘കൊറുവര്‍’ എന്ന പദത്തില്‍നിന്നാണ് ‘കൊറഗര്‍’ രൂപവത്കരിച്ചത്. ‘കൊറുവര്‍’ എന്നത് തുളു പദമാണ്. ‘മലയിലെ ആളുകള്‍’ എന്നാണ് അര്‍ഥം. കേരളത്തില്‍ കൊറഗരുടെ ജനസംഖ്യ ഏതാണ്ട് 1,500ഓളമേ വരൂ.
കേരളത്തില്‍ കൊറഗര്‍ രണ്ടു വിഭാഗമുണ്ട്.
ചപ്പു കൊറഗര്‍ (Chappu Koragar)
‘ചപ്പു’ എന്ന പദത്തിന് തുളുവില്‍ ഉണങ്ങിയ ഇലയെന്നാണ് അര്‍ഥം.



  • കുണ്ടു കൊറഗര്‍ (Kundu Koragar)

 ‘കുണ്ടു’ എന്നതിന് തുണിയെന്നര്‍ഥം.
കൊട്ട മെടച്ചിലാണ് ഇവരുടെ പ്രധാന ഉപജീവന മാര്‍ഗം.
വിവാഹത്തിന് വരന്‍ വധുവിന്‍െറ അമ്മക്ക് വധുവിലയായി രണ്ടു രൂപ നല്‍കണം. വിവാഹദിവസം വധുവിന്‍െറ വീട്ടുകാര്‍ക്ക് വരന്‍െറവീട്ടുകാര്‍ അരി, തുണി, വെറ്റില, അടക്ക എന്നീ സാധനങ്ങള്‍ കൊടുക്കണം. വിവാഹം വധുവിന്‍െറ വീട്ടില്‍. കറുത്ത കല്ലുകള്‍ കോര്‍ത്തുണ്ടാക്കിയ മാല വരന്‍ വധുവിനെ അണിയിക്കും. ഇതാണ് വിവാഹത്തിന്‍െറ പ്രധാന ചടങ്ങ്. അതിനുശേഷം, വധൂവരന്മാര്‍ വിളമ്പിയചോറിനുമുന്നില്‍, ഒരു പായില്‍ ഇരിക്കും. മുതിര്‍ന്നവരും ക്ഷണിക്കപ്പട്ടവരും അവരുടെ തലയില്‍ അരിയിട്ട് അനുഗ്രഹിക്കും. വിവാഹമോചനം നിഷേധിക്കപ്പെട്ടിട്ടില്ല. പുനര്‍വിവാഹവും അനുവദനീയം. കുട്ടികളുണ്ടായാല്‍ എട്ടാംദിവസം പേരിടണം. മൂന്നാമത്തെ വയസ്സില്‍ കാതുകുത്തണം.
പുതുതലമുറ ഹിന്ദുക്കളുടെ ആരാധനാക്രമങ്ങളാണ് സ്വീകരിക്കുന്നത്. മരിച്ചാല്‍ ശവം കുഴികളില്‍ മറവുചെയ്യുകയാണ് പതിവ്.



  • കാസര്‍കോട്, ഹോസ്ദുര്‍ഗ് താലൂക്കുകളില്‍ മാത്രം കണ്ടുവരുന്നവരാണ് മറാട്ടികള്‍ (Maratti)

മഹാരാഷ്ട്രയില്‍നിന്ന് (Maharastra) കര്‍ണാടകക്കു(Karnataka) നേരെയുണ്ടായ ആക്രമണത്തില്‍ മഹാരാഷ്ട്രക്കാരോടൊപ്പം ഇവിടെവന്ന് തിരിച്ചുപോകാത്തവരാണ് മറാട്ടികള്‍ എന്ന് പറയപ്പെടുന്നു.
കാസര്‍കോട്ടെ ആദൂര്‍, ദേലമ്പാടി, ബദിയടുക്ക, പടരെ, പാണത്തൂര്‍ എന്നീ സ്ഥലങ്ങളിലാണ് ഇവര്‍ അധികമുള്ളത്. മൈസൂരിലും മറാട്ടികളുണ്ട്.
സമ്പന്ന വിഭാഗമാണ് മറാട്ടികള്‍. മറ്റുള്ള ഗിരിവര്‍ഗക്കാരുമായി വിവാഹബന്ധമില്ല. ഒന്നിച്ചിരുന്ന് ഭക്ഷണംകഴിക്കുകയുമില്ല. ഹിന്ദു(Hindu) സമുദായത്തിലെ ഉയര്‍ന്ന ജാതിക്കാരുടെ ആചാരങ്ങളും ചടങ്ങുകളുമാണ് അവര്‍ക്കുള്ളത്.കൃഷിയും കൂലിവേലയുമാണ് പ്രധാന തൊഴില്‍. മറാട്ടികള്‍ക്ക് ഒരു തലവനുണ്ട്. ഇയാളെ ഗോത്തുകാരന്‍, യജമാനന്‍ എന്നിങ്ങനെ വിളിക്കുന്നു. ഏവരും ഇയാളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യും. സമുദായത്തിലുണ്ടാകുന്ന വിവാഹത്തിനും മരണത്തിനും ഗോത്തുകാരന്‍ എത്തിച്ചേരണമെന്നത് നിര്‍ബന്ധമാണ്. വിവാഹം നിശ്ചയിക്കുന്നത് ബ്രാഹ്മണ പുരോഹിതരാണ്.
വിവാഹത്തിന്‍െറ തലേദിവസം വരന്‍ വധുവിന്‍െറ കുടുംബത്തിന് ചുരുങ്ങിയത് ഒരു പറ അരിയും പത്തുരൂപയില്‍ കുറയാത്ത സംഖ്യയും നല്‍കണം.
മഞ്ഞളില്‍മുക്കിയ വസ്ത്രങ്ങളാണ് വധൂവരന്മാര്‍ ധരിക്കേണ്ടത്.
വധൂവരന്മാര്‍ ഒരു പായില്‍ അഭിമുഖമായി നില്‍ക്കും. പുരോഹിതന്‍ ഒരു ചരടുകൊണ്ട് അവരെ തലയിലും അരയിലും കണങ്കാലിലും ചുറ്റുന്നു. കുറച്ചുകഴിഞ്ഞ് ചരടഴിക്കും. കോര്‍ത്ത പൂമാല വധുവിന്‍െറ നെറ്റിയില്‍ അണിയിക്കും. അതിനുശേഷം, പരസ്പരം കൈകോര്‍ത്ത് ഇരിക്കുന്നു. ഇരുവരുടെയും മാതാപിതാക്കളും അതിഥികളും അവരുടെ കോര്‍ത്തുപിടിച്ച കൈകളിലേക്ക് കിണ്ടിയില്‍നിന്ന് വെള്ളമൊഴിച്ചുകൊടുക്കുന്നു. ഇതാണ് വിവാഹത്തിലെ പ്രധാന ചടങ്ങ്. ശേഷം, വരന്‍  വധുവിന് താലികെട്ടുന്നു. അതോടൊപ്പം, ഒരു മൂക്കുത്തി, ബ്ളൗസ് എന്നിവ കൊടുക്കണം. താലിയും മൂക്കുത്തിയും ഭര്‍ത്താവിന്‍െറ മരണശേഷം മാത്രമേ അഴിക്കാന്‍ പാടുള്ളൂ. ആദ്യരാത്രിയില്‍ വരനും പാര്‍ട്ടിയും വധൂഗൃഹത്തില്‍ താമസിക്കും. ആ ദിവസം ഇരുവരും ഒന്നിച്ചു കിടക്കാറില്ല. ബഹുഭര്‍തൃത്വം അനുവദനീയമല്ല. എന്നാല്‍, ബഹുഭാര്യത്വം നിഷിദ്ധമല്ല. വിവാഹമോചനവും പുനര്‍വിവാഹവും അംഗീകരിച്ചിട്ടുണ്ട്. മൃതദേഹം ദഹിപ്പിക്കുന്ന പതിവാണ് മറാട്ടികള്‍ക്കുള്ളത്. ശവദാഹചടങ്ങുകള്‍ ബ്രാഹ്മണസമുദായത്തിന്‍േറതുപോലെയാണ്. മറാട്ടികള്‍ മാംസഭുക്കുകളാണ്.


  • കാസര്‍കോട്ടെ ഹോസ്ദുര്‍ഗ് താലൂക്കിലും കണ്ണൂരിലെ തളിപ്പറമ്പ് താലൂക്കിലും കണ്ടുവരുന്ന ഗിരിവര്‍ഗമാണ് മാവിലാന്മാര്‍ (Mavilans)

കാസര്‍കോട്ടെ ഹോസ്ദുര്‍ഗ് താലൂക്കിലും കണ്ണൂരിലെ തളിപ്പറമ്പ് താലൂക്കിലും കണ്ടുവരുന്ന ഗിരിവര്‍ഗമാണ് മാവിലാന്മാര്‍. ഈ താലൂക്കുകളിലെ എളേരി, മാലോം, വയക്കര, തടകടവ്, നടുവില്‍, എരുവേശ്ശി എന്നീ സ്ഥലങ്ങളിലാണ് മാവിലാന്മാര്‍ ഉള്ളത്. ഇവരുടെ ഭാഷ തുളുവാണ്.
‘മാവിലാന്‍’ എന്ന വാക്ക് തുളുവില്‍നിന്ന് വന്നതാണെന്ന് പറയപ്പെടുന്നു. മാവിലാന്മാര്‍ പറിച്ചുവില്‍ക്കാറുള്ള ഒരു പച്ചമരുന്നിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്.
മാവിലാന്മാരുടെ ആദ്യകാല ചരിത്രത്തെക്കുറിച്ചും ആഗമനത്തെക്കുറിച്ചും പറയത്തക്ക രേഖകളോ ഐതിഹ്യങ്ങളോ ഇല്ല. മൈസൂരില്‍നിന്ന് വന്നവരാണെന്ന് പറയപ്പെടുന്നു. എന്നാല്‍, ഇവര്‍ക്കിടയില്‍ തുളുവന്‍ എന്നൊരു വിഭാഗം കൂടിയുള്ളതുകൊണ്ട് തുളുനാട്ടില്‍നിന്ന് വന്നവരാണെന്നും പറയപ്പെടുന്നു.
മാവിലാന്മാര്‍ മക്കത്തായക്കാരാണ്. ഇവരുടെ തലവനെ ചിങ്ങനെന്നും അയാളുടെ ഭാര്യയെ ചിങ്ങത്തിയെന്നും വിളിക്കുന്നു. ഇവരെ മാവിലാന്മാര്‍ വളരെയധികം ബഹുമാനിക്കുന്നു.
ഹിന്ദു ആചാരരീതികളാണ് സ്വീകരിച്ചിരിക്കുന്നത്.
വിവാഹത്തിന് വരന്‍െറ ആള്‍ക്കാര്‍ വധുവിന് പണംനല്‍കുന്ന പതിവുണ്ട്. പണമില്ലാത്തവര്‍ക്ക് പല തവണകളായി അടച്ചുതീര്‍ക്കാനുള്ള സൗകര്യവും അനുവദിച്ചിട്ടുണ്ട്. വധുവിന്‍െറ വീട്ടില്‍ നടക്കുന്ന വിവാഹത്തിന് ചെലവുവഹിക്കേണ്ടത് വരനാണ്. മറ്റു ജാതിക്കാരുമായോ വര്‍ഗക്കാരുമായോ വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടാറില്ല.
മൃതദേഹത്തിന്‍െറ വായില്‍ അരി നിക്ഷേപിക്കുന്ന പതിവുണ്ട്. സ്ത്രീകള്‍ മരിച്ചാല്‍ കര്‍മം സ്ത്രീകള്‍തന്നെ ചെയ്യണം.





  • കണ്ണൂര്‍ (Kannur)ജില്ലയിലെ തളിപ്പറമ്പിലെ തടിക്കടവ്, പടിയൂര്‍, വയക്കര എന്നിവിടങ്ങളിലാണ്

മലവേട്ടുവര്‍ (Malavettuvar)
ധാരാളം തുളുപദങ്ങള്‍ ഉള്‍പ്പെട്ട, ഏറ്റവും പ്രാകൃതമായ മലയാളമാണ് ഇവരുടെ ഭാഷ.
വേട്ടക്കാരന്‍, വേടന്‍ എന്നീ പദങ്ങളിലേതെങ്കിലും ‘വേട്ടുവന്‍’ എന്നായി മാറിയതായി കരുതപ്പെടുന്നു. അവിവാഹിതകളായ സ്ത്രീകള്‍ ആഭരണങ്ങള്‍ അണിഞ്ഞുകൂടാ എന്നൊരു നിയമം മലവേട്ടുവരുടെയിടയിലുണ്ട്.തമിഴ്നാട്ടില്‍നിന്ന് കേരളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍  കൊങ്ങ രാജാവിനോടൊപ്പം ഇവിടെ വന്ന വേടന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് ഇവരെന്നാണ് പറയപ്പെടുന്നത്.മലവേട്ടുവര്‍ക്ക് മൂപ്പന്മാരുണ്ട്. ആ സ്ഥാനം പരമ്പരാഗതമല്ല.മലവേട്ടുവരുടെ വിവാഹത്തിനും വധുവിനാണ് പണം കൊടുക്കേണ്ടത്. ആ പണം വിവാഹത്തിനുമുമ്പ് കൊടുത്തിരിക്കണം. വിവാഹത്തിന്‍െറ പ്രധാനചടങ്ങ് പുടവ കൊടുക്കലാണ്. താലികെട്ടുമുണ്ട്. ഇവര്‍ക്കിടയില്‍ വിവാഹമോചനം നടക്കുകയാണെങ്കില്‍ വാങ്ങിയ പണവും താലിയും തിരിച്ചുകൊടുക്കണം. ഒരു സ്ത്രീ പ്രസവിക്കാതിരിക്കുന്നത് വിവാഹമോചനത്തിന് പ്രധാന കാരണങ്ങളിലൊന്നാണ്. പുനര്‍വിവാഹം അനുവദനീയം.സ്വര്‍ണം അല്ലെങ്കില്‍ വെള്ളി ഒരു കല്ലില്‍ ഉരസി, കുങ്കുമപ്പൂചേര്‍ത്ത വെള്ളത്തില്‍ കലക്കി മൃതദേഹത്തിന്‍െറ വായില്‍ ഒഴിച്ചുകൊടുക്കും.ഇതു ചെയ്യേണ്ടത് മരിച്ച വ്യക്തിയുടെ മകനോ അനന്തരവനോ ആണ്. മൃതദേഹത്തിന്‍െറ കാല്‍ കഴുകിയ വെള്ളം കുടുംബാംഗങ്ങളും ബന്ധുക്കളും കുടിക്കണം.


  • കണ്ണൂര്‍ ജില്ലയിലെ ചുരുക്കംചില പ്രദേശങ്ങളില്‍ കണ്ടുവരുന്ന ആദിവാസി സമുദായമാണ്

ചിങ്ങത്താന്മാര്‍ (Chingatthan)
പെരിങ്ങോം, കുറ്റൂര്‍, കാഞ്ഞിരപൊയ്ലി, പെരുവമ്പ, കോയിപ്പാറ, രാമന്തളി എന്നിവിടങ്ങളിലാണ് അവരുള്ളത്. ചിങ്ങത്തില്‍ നടത്തുന്ന തെയ്യാട്ടത്തിലെ തെയ്യാട്ടക്കാരായതുകൊണ്ടാണ് ഇവരെ ചിങ്ങത്താന്മാരെന്നു വിളിക്കുന്നത്. കോലംകെട്ടിയാടലാണ് ഇവരുടെ പ്രധാന തൊഴില്‍.
ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ക്ഷേത്രങ്ങളായ മാടായിക്കാവിലെയും ചീമേനിക്കാവിലെയും ഉത്സവങ്ങള്‍ക്ക് കോലംകെട്ടി ആടുന്നത് ചിങ്ങത്താന്മാരാണ്. ചിറക്കല്‍ രാജാവായിരുന്ന കോലത്തിരിയുടെ ആളുകളാണവരെന്നും ‘ചിങ്ങത്താന്‍’ എന്ന് അവരെ പേരുവിളിച്ചത് കോലത്തിരി രാജാവായിരുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു. മലയാളമാണ് ഇവരുടെ ഭാഷ.ചിങ്ങത്താന്മാര്‍ക്ക് മൂപ്പന്മാരോ തലവന്മാരോ ഇല്ല. ഓരോ കുടുംബത്തിനും തലവനായി ഒരു കാരണവരുണ്ടാകുമെന്നു മാത്രം. കുടുംബത്തില്‍ നടക്കുന്ന മരണത്തിനു ശേഷം 12 ദിവസത്തോളം പുല ആചരിക്കും. പുല അവസാനിക്കുമ്പോള്‍ സദ്യ നടത്തും.


  • കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലും തെക്കേ വയനാട്, കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളിലും കണ്ടുവരുന്നു കരിമ്പാലന്മാര്‍ (Karimbalan)

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലും തെക്കേ വയനാട്, കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളിലും കാരിമ്പാലന്മാരെ കണ്ടുവരുന്നു.
തടികള്‍വെട്ടി കരിച്ച്, കരിയുണ്ടാക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരായതുകൊണ്ടാണ് ഇവര്‍ക്ക് കരിമ്പാലന്മാര്‍ എന്ന് പേരുണ്ടായത്. ശുദ്ധമല്ലാത്ത ഒരുതരം പ്രാകൃത മലയാളമാണ് ഇവരുടെ ഭാഷ. ഭാഷയില്‍ തുളുപദങ്ങള്‍ കലര്‍ന്നിട്ടുണ്ട്. തങ്ങളുടെ ചരിത്രത്തെക്കുറിച്ച് കരിമ്പാലന്മാര്‍ക്ക് ഐതിഹ്യങ്ങളൊന്നുമറിയില്ല.വധു സ്വന്തം ഗൃഹത്തില്‍ പോകുമ്പോഴെല്ലാം ഭര്‍ത്താവ് എന്തെങ്കിലും കൊടുത്തയക്കണമെന്ന് നിര്‍ബന്ധമാണ്. പെണ്ണിന്‍െറ ഭാഗത്തുനിന്നാണ് വിവാഹബന്ധം വേര്‍പെടുത്തുന്നതെങ്കില്‍ വിവാഹത്തിന് വധുവിന് കൊടുത്ത പണം വരനെ തിരിച്ചേല്‍പിക്കണം. വിവാഹമോചനവും പുനര്‍വിവാഹം അനുവദിക്കും.
മരിച്ചാല്‍, പ്രായമായവരെ ദഹിപ്പിക്കുകയും കുട്ടികളെ മറവുചെയ്യുകയും ചെയ്യുന്നു.


  • കണ്ണൂര്‍ ജില്ലയിലെ ആറളത്ത് കണ്ടുവരുന്ന ആദിവാസിവര്‍ഗമാണ് മലയാളര്‍ (Malayalar)

കണ്ണൂര്‍ ജില്ലയിലെ ആറളത്ത് കണ്ടുവരുന്ന ആദിവാസിവര്‍ഗമാണ് മലയാളര്‍. ‘മലയിലെ ആള്‍ക്കാര്‍’ എന്ന അര്‍ഥത്തിലാണ് ഇവര്‍ക്ക് മലയാളര്‍ എന്ന പേരുണ്ടായത്. കോട്ടയം രാജാവാണ് ആറളത്തെ വീര്‍പ്പാടുകാടുകളില്‍ കുടിയിരുത്തിയതെന്ന് അവര്‍ അവകാശപ്പെടുന്നു.
മലയാളര്‍ ഹിന്ദുമത വിശ്വാസികളാണ്. ഇവരുടെ പ്രധാനദൈവം മുത്തപ്പനാണ്. മലയാളരുടെ തലവനെ ‘ഊരാളനെ’ന്നു വിളിക്കുന്നു. സാമുദായികമായി ഒട്ടേറെ അധികാരങ്ങളും അവകാശങ്ങളും അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. വിവാഹത്തില്‍ പുടവ കൊടുക്കലാണ് പ്രധാന ചടങ്ങ്. താലി കെട്ടില്ല. സ്ത്രീധന സമ്പ്രദായവുമില്ല.



  • ഊരാളികള്‍ (Urali)

എറണാകുളം(Ernakulam), ഇടുക്കി9Idukki), കൊല്ലം9Kollam) ജില്ലകളില്‍ കാണുന്ന ഒരു ആദിവാസിവിഭാഗമാണ് ഊരാളികള്‍. തമിഴും മലയാളവും ഇടകലര്‍ന്ന പ്രത്യേക ഭാഷ അവര്‍ക്കുണ്ട്. എന്നാല്‍, മറ്റുള്ളവരോട് മലയാളത്തില്‍ത്തന്നെ സംസാരിക്കും. വരന്‍ വധുവിന് താലികെട്ടുന്നതാണ് വിവാഹത്തിലെ പ്രധാന ചടങ്ങ്.ഇവരുടെ തലവനെ കാണിയെന്നോ വേലനെന്നോ വിളിക്കുന്നു. കാണിയെ ഊരാളികള്‍ ബഹുമാനിക്കുന്നു. ഇവരുടെ ശവസംസ്കാര ചടങ്ങുകള്‍ക്ക് എടുത്തുപറയത്തക്ക പ്രത്യേകതകളൊന്നുമില്ല.


  • മന്നാന്‍ (Mannan)

പാലക്കാട് (Palakkad), ഇടുക്കി(Idukki), കോട്ടയം(Kottayam) ജില്ലകളിലാണ് മന്നാന്മാരുള്ളത്. തമിഴും മലയാളവും കലര്‍ന്ന ഒരു പ്രാകൃതഭാഷയാണ് അവര്‍ സംസാരിക്കുന്നത്. മന്നാന്മാരുടെ തലവനെ കാണിയെന്നോ കെട്ടു കാണിയെന്നോ വിളിക്കുന്നു. കാണിയുടെ ഭാര്യ കാണിക്കാരത്തിയാണ്.
വിവാഹത്തിനുമുമ്പ് പെണ്ണിന്‍െറ അച്ഛനുവേണ്ടി വരന്‍ ജോലി ചെയ്യുന്ന പതിവുണ്ട്. ചീര്‍പ്പ്, വെറ്റില എന്നിവ കൊടുക്കലും താലിക്കെട്ടുമാണ് വിവാഹത്തിലെ പ്രധാന ചടങ്ങുകള്‍. വിവാഹബന്ധം പാവനമായി കരുതുന്നവരാണ് മന്നാന്മാര്‍. മൃതദേഹം ക്ഷൗരംചെയ്യുന്ന പതിവുണ്ട്.


  • പളിയര്‍ (Paliyar)

ഇടുക്കി (Idukki)ജില്ലയില്‍ മാത്രമുള്ളവരാണ് പളിയര്‍. മലയാളവും തമിഴും കലര്‍ന്നതാണ് ഭാഷ. വിവാഹത്തില്‍ മുറപ്പെണ്ണിനാണ് മുന്‍ഗണന. വസ്ത്രംകൊടുക്കല്‍ വിവാഹത്തിലെ പ്രധാന ഇനമാണ്. പളിയര്‍ മൃതദേഹം മറവുചെയ്യും.


  • മലപ്പുലയര്‍ (Malappulayar)

ഇടുക്കി 9Idukki)ജില്ലയില്‍ മാത്രം കാണുന്നവരാണ് മലപ്പുലയര്‍. ഇവര്‍ കുറുമ്പപ്പുലയര്‍, കരവഴി പുലയര്‍, പമ്പാപുലയര്‍, ഹീല്‍ പുലയര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇവരില്‍ രണ്ടു വിഭാഗമുണ്ട്. കുറുമ്പ പുലയരും കരവഴിപ്പുലയരും. തമിഴിന്‍െറ ഒരു ദേശഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. കുറുമ്പ പുലയരുടെ വിവാഹത്തിലെ പ്രധാന ചടങ്ങ് വസ്ത്രം കൊടുക്കലാണ്. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവിന് മൃഗങ്ങളെ കൊല്ലാനോ ശവമഞ്ചം ചുമക്കാനോ പുര മേയാനോ ക്ഷൗരംചെയ്യാനോ പാടില്ല. കുറുമ്പ പുലയരുടെ തലവനെ അരശണെന്നാണ് വിളിക്കുക. മലപ്പുലയര്‍ക്ക് അവരുടേതായ ചില സംഗീതോപകരണങ്ങളുണ്ട്. ചെണ്ടമേളത്തോടും സംഗീതത്തോടുംകൂടിയാണ് അവര്‍ ശവസംസ്കാര യാത്ര നടത്തുക. പൊതു ശ്മശാനങ്ങളിലാണ് മൃതദേഹം മറവുചെയ്യുക.


  • വയനാട്ടിലെ മാനന്തവാടിക്കു സമീപപ്രദേശങ്ങളില്‍ വസിക്കുന്നവരാണ് അടിയാന്മാര്‍ (Adiyan)

കണ്ണൂരിലെ(Kannur) തളിപ്പറമ്പ് താലൂക്കിലും ഇക്കൂട്ടരുണ്ട്. വേമം, ബാവലി, കുപ്പത്തോട്, മുതിരമല എന്നിവിടങ്ങളിലാണ് വയനാട്ടില്‍ അധികമായി അടിയാന്മാരെ കാണുന്നത്.
അടിയാനെന്ന പദത്തിന്‍െറ അര്‍ഥം അടിമയെന്നാണ്. അടിയാന്മാരിലെ സ്ത്രീകള്‍ പച്ചകുത്താറുണ്ട്.പ്രാകൃത കന്നടയാണ് ഇവരുടെ ഭാഷ. പ്രാകൃത മലയാളത്തിന്‍െറ കലര്‍പ്പ് ആ ഭാഷയിലുണ്ട്.അടിയാന്മാരുടെ സങ്കേതങ്ങള്‍ക്ക് ‘മണ്ടു’ എന്നാണ് പറയുക. അടിയാന്മാരുടെ ഓരോ കുടുംബത്തിനും ഓരോ തലവനുണ്ടാകും. തലവനെ  ‘പെരുമാന്‍’ എന്നാണ് വിളിക്കുന്നത്. പെരുമാന്‍സ്ഥാനം പരമ്പരാഗതമാണ്. അടിയാന്മാര്‍ക്ക് അവരുടേതായ പാട്ടുകളും നൃത്തങ്ങളുമുണ്ട്.വിവാഹം വധൂഗൃഹത്തിലാണ് നടക്കുക. സദ്യ വരന്‍െറ ഗൃഹത്തിലാണ്. മുറപ്പെണ്ണിനെ വിവാഹംചെയ്യുന്ന പതിവില്ല. അടിയാന്മാര്‍ ഹിന്ദുക്കളാണ്. എന്നാല്‍, ഇവര്‍ക്കായി ക്ഷേത്രങ്ങളില്ല.


  • കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പല മേഖലകളിലും താമസിക്കുന്നുണ്ട് കുറിച്യര്‍ (Kurichyar)
കണ്ണൂര്‍(Kannur), വയനാട് (Wayanad), കോഴിക്കോട്(Kozhikkod) ജില്ലകളിലെ പല മേഖലകളിലും കുറിച്യര്‍ താമസിക്കുന്നുണ്ട്. മലബാറിലെ സമതലങ്ങളില്‍നിന്ന് ആദ്യമായി വയനാട്ടിലെത്തി കൃഷി ആരംഭിച്ചത് കുറിച്യരായിരുന്നു. സാമൂഹികമായി അവരുടെ സ്ഥാനം മറ്റെല്ലാ ആദിവാസികളുടെയും മീതെയാണ്. മറ്റുള്ള ആദിവാസികള്‍ അവരെ തൊട്ടാലും തീണ്ടിയാലും അവര്‍ അയിത്തമാകും. മറ്റുള്ളവര്‍ തൊട്ട വെള്ളംപോലും അവര്‍ കുടിക്കാറില്ല.അബദ്ധത്തില്‍ ഒരു പണിയനെയോ കുറുമനെയോ തൊട്ടുപോയാല്‍ 40തവണ വെള്ളത്തില്‍ മുങ്ങണം. വീട്ടില്‍നിന്ന് പുറത്തുപോയാലും തിരിച്ചുകയറുമ്പോള്‍ കുളിക്കണം. അയിത്തത്തില്‍ കുറിച്യരെപ്പോലെ വിശ്വാസമുള്ള മറ്റൊരു ജാതിയില്ല.കുറിച്യര്‍ ഒന്നാന്തരം വില്ലാളികളാണ്. ബ്രിട്ടീഷുകാരുമായുണ്ടായ പഴശ്ശിയുദ്ധങ്ങളില്‍ അമ്പും വില്ലും ധരിച്ച കുറിച്യര്‍ പഴശ്ശി രാജാവിന്‍െറ പിന്നണിപ്പടയാളികളായിരുന്നു.കുറിച്യര്‍ സത്യസന്ധരും വിശ്വസ്തരുമാണ്.ലക്ഷ്യസ്ഥാനത്തുകൊള്ളുന്ന ശരപ്രയോഗം വശമുള്ളതുകൊണ്ടാണ് അവരെ കുറിച്യരെന്ന് വിളിക്കുന്നതെന്ന് ഒരഭിപ്രായമുണ്ട്. നെറ്റിയിലും മാറിലും കുറി പൂശുന്നതുകൊണ്ടാണ് കുറിച്യര്‍ എന്ന പേരു വന്നതെന്നും അഭിപ്രായമുണ്ട്.സാമ്പത്തികമായി മെച്ചപ്പെട്ട ഒരു സമുദായമാണ്. കുറിച്യരുടെ ഭാഷ മലയാളമാണ്. ഉച്ചാരണത്തിന്‍െറ പ്രത്യേകതയാല്‍ അവര്‍ പറയുന്നത് മനസ്സിലാക്കാന്‍ പ്രയാസംതോന്നാറുണ്ട്.വിളക്കുകത്തിക്കാന്‍ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. കുറിച്യര്‍ക്കും തലവനുണ്ട്. അദ്ദേഹത്തെ മൂപ്പനെന്നും മൂത്ത പണിക്കരെന്നും വിളിക്കും. മൂത്ത പണികര്‍ക്കു പുറമെ മിക്ക കുടികളിലും ഇളയ പണിക്കരുമുണ്ടായിരിക്കും. മൂപ്പന്‍െറ അരയില്‍ വെള്ളിപ്പിടിയില്‍ കത്തി തിരുകിയിരിക്കും. ഇത് ധരിക്കുമ്പോള്‍ മാത്രമേ മൂപ്പനായി അംഗീകരിക്കുകയുള്ളൂ.കുറിച്യര്‍ക്കിടയില്‍ താലിക്കെട്ടുകല്യാണമുണ്ട്. പെണ്‍കുട്ടി ഋതുമതിയാകുന്നതിനുമുമ്പ് നിര്‍ബന്ധമായി നടത്തേണ്ട ചടങ്ങാണിത്. താലികെട്ടുന്നത് അച്ഛനോ അമ്മാവനോ ആയിരിക്കും. ശരിയായ വിവാഹം വയസ്സറിയിച്ചതിനു ശേഷം മാത്രമേ പാടുള്ളൂ.
വിവാഹത്തിന് അമ്പും വില്ലും ധരിച്ച വരന്‍ വധൂഗൃഹത്തില്‍ വരും. വധുവിനും വധുവിന്‍െറ അമ്മക്കും ഓരോ പുടവയും മറ്റു സമ്മാനങ്ങളും നല്‍കും. പിന്നീട് അവരെയും കൂട്ടി വരന്‍െറ വീട്ടിലേക്ക് വരും. വരന്‍െറ വീട്ടില്‍വെച്ച് താലികെട്ടും സദ്യയും നടക്കും.
കുറിച്യര്‍ മരുമക്കത്തായക്കാരാണ്. എന്നാല്‍, വിവാഹശേഷം ഭാര്യ ഭര്‍ത്താവിന്‍െറ വീട്ടിലാണ് താമസിക്കുക.കുട്ടി പിറന്നാല്‍ 41 ദിവസം പുല കഴിയുന്നതുവരെ അച്ഛന് കുട്ടിയെ കാണാന്‍ പാടില്ല.മൃതദേഹം മറവുചെയ്യുകയാണ് പതിവ്. മരിച്ചത് പുരുഷനാണെങ്കില്‍ കുഴിമാടത്തിനു മുകളില്‍ അമ്പും വില്ലും വെക്കും. സ്ത്രീയാണെങ്കില്‍ മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന വലയും.




No comments:

Post a Comment