Monday 3 September 2012

നെഹ്രുകപ്പ്: ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്ക് ഹാട്രിക്‌


ന്യൂഡെല്‍ഹി: ഒരിക്കല്‍ക്കൂടി പെനാല്‍റ്റി ഷൂട്ടൗട്ട് ഇന്ത്യയുടെ തുണയ്‌ക്കെത്തി. കരുത്തരായ കാമറൂണിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച ഇന്ത്യ നെഹ്രുകപ്പില്‍ ഹാട്രിക് തികച്ചിരിക്കുകയാണ്. സ്‌കോര്‍ : 5-4. 2009ലും ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ വിജയം. പുതിയ ഡച്ച് കോച്ച് വിം കോവര്‍മാന്‍സിന്റെ കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ വിജയമാണിത്.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും രണ്ടു ഗോള്‍ വീതമടിച്ചു തുല്ല്യത പാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഇന്ത്യയുടെ മുഴുവന്‍ കിക്കുകളും ലക്ഷ്യത്തിലെത്തിയപ്പോള്‍ കാമറൂണിനുവേണ്ടി അവസാന കിക്കെടുത്ത സൂപ്പര്‍ സ്‌ട്രൈക്കര്‍ മാക്കണ്‍ തിയറിക്ക് പിഴച്ചു. തിയറിയുടെ കിക്ക് സൈഡ് പോസ്റ്റിലിടിച്ചു മടങ്ങുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി റോബിന്‍ സിങ്, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഡെന്‍സില്‍ ഫ്രാങ്കൊ, മെഹ്താബ് ഹുസൈന്‍, ക്ലിഫോഡ് മിറാന്‍ഡ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കാമറൂണിനുവേണ്ടി അഷു ടെംബെ, ഔസമില ബാബ, ക്യാപ്റ്റന്‍ പോള്‍ ബെബെ, കിന്‍ഗ്വു എംപോണ്ടൊ എന്നിവര്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു.

19-ാം മിനിറ്റില്‍ ഗൗര്‍മാംഗിയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. സെന്റര്‍ സര്‍ക്കിളിന് അടുത്തുവച്ച് ക്ലിഫോഡ് മിറാന്‍ഡ തൊടുത്ത ഇടങ്കാലന്‍ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗൗര്‍മാംഗി മനോഹരമായി തന്നെ കുത്തി നെറ്റിലിടുകയായിരുന്നു. കാമറൂണ്‍ പ്രതിരോധത്തിന്റെ വലിയ പിഴവാണ് ഈ ഗോളിന് വഴിവച്ച്.

എന്നാല്‍, പത്ത് മിനിറ്റിനുള്ളില്‍ തന്നെ ഇന്ത്യന്‍ പ്രതിരോധത്തിന്റെ ഒരു ഗുരുതരമായ പിഴവില്‍ നിന്ന് കാമറൂണ്‍ സമനില ഗോള്‍ നേടി. ഒരു ക്രോസ് ഡിഫന്‍ഡര്‍ രാജു ഗെയ്ക്‌വാദ് ഹെഡ് ചെയ്ത് നേരെ ചെന്നത്ത് സൂപ്പര്‍ സ്‌ട്രൈക്കര്‍ മാക്കന്‍ തിയറിയുടെ കാലില്‍. തിയറി തൊടുത്ത ഷോട്ട് ഗോളി സുബ്രതപാലിനെ മറികടന്ന് വലയില്‍.

54-ാം മിനിറ്റില്‍ കിന്‍ഗ്യു എം പോണ്ടൊ മികച്ചൊരു ഹെഡ്ഡറിലൂടെ കാമറൂണിനെ മുന്നിലെത്തിച്ചു. തിയറി മാക്കണിന്റെ ക്രോസില്‍ നിന്നായിരുന്നു ഹെഡ്ഡര്‍. കിന്‍ഗ്യുവിനെ മാര്‍ക്ക് ചെയ്യാതിരുന്ന നിര്‍മല്‍ ഛേത്രിയാണ് കാമറൂണിന് ഈ ഗോള്‍ സമ്മാനിച്ചത്.

78-ാം മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി കൃത്യമായി വലയിലാക്കി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ടീമിന് സമനില ഗോള്‍ നേടിയത്. ഛേത്രിയെ ഗോളി വീഴ്ത്തിയതിനാണ് പെനാല്‍റ്റി കിട്ടിയത്. പിന്നീട് 83-ാം മിനിറ്റില്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിന്റെ ഒരു ക്രോസില്‍ സുനില്‍ ഛേത്രിക്ക് ഒരു തുറന്ന അവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഹെഡ്ഡര്‍ പുറത്തേയ്ക്ക് പറന്നു.

No comments:

Post a Comment