Saturday 1 September 2012

പറിച്ചെടുത്ത ഫലം നിറം മാറുന്നത്‌

പറിച്ചെടുത്ത ഫലങ്ങള്‍ വളരെവേഗം പഴുക്കും. ഒരു കായ്‌ പഴുക്കാന്‍ തുടങ്ങുമ്പോള്‍ രണ്ടുതരം മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇവയില്‍ ചിലത്‌ നമുക്ക്‌ കാണാന്‍ പറ്റാത്ത മാറ്റങ്ങളാണ്‌. മറ്റ്‌ ചിലത്‌ കാണാന്‍ കഴിയുന്നവയും. കാര്‍ബോഹൈഡ്രേറ്റുകളുടെയും ജൈവാണ്ടങ്ങളുടെയും അളവ്‌ കുറഞ്ഞുവരുന്നതും പഞ്ചസാരയുടെ അളവ്‌ കൂടുന്നതും കാണാന്‍ പറ്റാത്ത മാറ്റങ്ങളാണ്‌. എന്നാല്‍ കായുടെ നിറങ്ങളില്‍ വരുന്ന മാറ്റം നമുക്ക്‌ കാണാന്‍ കഴിയുന്നതാണ്‌. ഫലം മരങ്ങളില്‍തന്നെ നില്‌ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ രണ്ടുതരം മാറ്റങ്ങളും വളരെ മന്ദഗതിയിലായിരിക്കും. കാരണം വൃക്ഷത്തില്‍ നില്‍ക്കുന്ന ഫലങ്ങള്‍ വളരെ മന്ദഗതിയില്‍ മാത്രമേ ശ്വസിക്കുന്നുള്ളു. ശ്വസനം വഴി ലഭിക്കുന്ന ഉൗര്‍ജ്‌ജം ഉപയോഗിച്ചാണ്‌ ഫലം പാകമാകുന്നത്‌. കായ്‌ പഴുക്കുമ്പോള്‍ പച്ചനിറം കൊടുത്തിരിക്കുന്ന ക്ലോറോഫില്‍ (chlorophyll) വിഘടിക്കുകയും മഞ്ഞനിറത്തിന്റെയോ (xanthophyll) ചുവപ്പുനിറത്തിന്റെയോ ഉറവിടമായ ഘടകങ്ങള്‍ ദ്രുതഗതിയില്‍ വര്‍ധിക്കുകയും ചെയ്യും. ഇക്കാരണത്താലാണ്‌ പഴുക്കാന്‍ തുടങ്ങുന്നതോടെ ഫലങ്ങളുടെ നിറം മാറുന്നത്‌. പറിച്ചെടുത്ത ഫലങ്ങള്‍ വളരെ വേഗത്തില്‍ ശ്വസിക്കുന്നു. തന്മൂലം കൂടുതല്‍ ഉൗര്‍ജ്‌ജം ഉല്‌പാദിപ്പിക്കപ്പെടുകയും അങ്ങനെ ഫലം ദ്രുതഗതിയില്‍ പഴുക്കുകയും ചെയ്യുന്നു. ഫലം പെട്ടെന്ന്‌ പഴുക്കുമ്പോള്‍ നിറവ്യത്യാസവും പെട്ടെന്ന്‌ സംഭവിക്കും. പറിച്ചെടുത്ത ഫലങ്ങളില്‍, വൃക്ഷത്തില്‍ നില്‍ക്കുന്ന ഫലങ്ങളെ അപേക്ഷിച്ച്‌ എഥിലിന്‍ (ethylene) എന്ന വാതകത്തിന്റെ അംശം വളരെക്കൂടുതലാണ്‌. പെട്ടെന്ന്‌ പഴുക്കാന്‍ എഥിലിനും സഹായിക്കുന്നുണ്ട്‌. ഇങ്ങനെ ഒന്നില്‍ക്കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ ലഭിക്കുന്നതു കൊണ്ടാണ്‌ പറിച്ചെടുത്ത ഫലം പെട്ടെന്ന്‌ നിറംമാറുന്നത്‌. നിറത്തോടൊപ്പം ഫലത്തിന്റെ ഉള്ളടക്കത്തിലും ചില മാറ്റങ്ങള്‍ വരും. അതുകൊണ്ടാണ്‌ പഴുത്ത ഫലത്തിന്റെ രുചിയില്‍ വ്യത്യാസം സംഭവിക്കുന്നത്‌.

No comments:

Post a Comment