Saturday, 8 September 2012

ലോക സാക്ഷരതാദിനം (September 8)


"പുറത്തിരുട്ടകറ്റുവാന്‍, 
കൊളുത്തണം വിളക്കു നാം  • അകത്തിരുട്ടകറ്റുവാന്‍ 
  അക്ഷരം പഠിക്കണം"
  (എന്‍ വി കൃഷ്ണവാര്യര്‍ )

  അകത്തെ ഇരുട്ട് അകറ്റി ആധുനിക സമൂഹത്തിന്റെ ഭാഗമാകാന്‍ അക്ഷരാഭ്യാസം അനിവാര്യമാണ്. അക്ഷരം, നമ്മുടെ ചുറ്റുപാടുകളെ, പ്രകൃതിയെ എല്ലാ നേട്ടങ്ങളോടുകൂടി നമ്മുടെ മുമ്പില്‍ എത്തിക്കും. അക്ഷരാഭ്യാസത്തിലൂടെ നേടുന്ന അറിവും സ്വന്തം അനുഭവങ്ങളും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയുന്ന വ്യക്തിക്ക് ചുറ്റുപാടുകളെ വിമര്‍ശനപരമായി വിലയിരുത്താന്‍ കഴിയും. നല്ലതിനെയും ചീത്തയെയും സ്വയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസവും ധീരതയും ഒരുക്കിക്കൊടുക്കാന്‍ അക്ഷരജ്ഞാനം തുറന്നുകൊടുക്കുന്ന അറിവിന്റെ അക്ഷയഖനികള്‍ക്ക് കഴിയും. പക്ഷെ ലോകത്തിലെ നൂറുപേരില്‍ പതിനേഴ് പേര്‍ക്ക് ഇനിയും ഇതിന് കഴിഞ്ഞിട്ടില്ല. ഇവരില്‍ മൂന്നില്‍ രണ്ടുപേരും സ്ത്രീകളാണ്. ഇവരെയും അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ലോകമെമ്പാടും വിവിധങ്ങളായ പ്രവര്‍ത്തനം നടന്നുവരുന്നു.

  അവയുടെ പ്രാധാന്യം വിളിച്ചോതി ഒരു സാക്ഷരതാദിനംകൂടി. 1965-ല്‍ നിരക്ഷരതാ നിര്‍മാര്‍ജനത്തെക്കുറിച്ച് ആലോചിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ചേര്‍ന്നു. ഇറാനില്‍ചേര്‍ന്ന ഈ സമ്മേളനം സെപ്തംബര്‍ എട്ടിനാണ് ആരംഭിച്ചത്. ഇതിന്റെ സ്മരണ നിലനിര്‍ത്താനും ലോകവ്യാപകമായും സാക്ഷരതയുടെ പ്രാധാന്യം വിശദീകരിക്കുന്നതിനുമായി 1966 മുതല്‍ സാക്ഷരതാ ദിനം ആചരിക്കുന്നു. മുമ്പ് എഴുതാനും വായിക്കാനുമുള്ള കഴിവിനെയാണ് സാക്ഷരതയായി പരിഗണിച്ചിരുന്നത്. കേവലം അക്ഷരജ്ഞാനത്തിന് അപ്പുറമുള്ള കഴിവുകളാണ് ഇന്ന് സാക്ഷരതയില്‍ നിര്‍വചിക്കുന്നത്.

  എഴുത്തിനും വായനയ്ക്കുമൊപ്പം നന്നായി ആശയവിനിമയം ചെയ്യുക, സമൂഹത്തില്‍ ഇടപെടുന്നതിനാവശ്യമായ ഗണിത സംബന്ധിയായ ധാരണകള്‍ നേടുക... ഇങ്ങനെ വ്യക്തിക്ക് ജീവിത ലക്ഷ്യങ്ങള്‍ നേടുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായകമായ കഴിവുകളെ സാക്ഷരതയായി വിവരിക്കാം. സാക്ഷരത ദശകം (2003 - 2012) >>> യുനെസ്കോ നേതൃത്വത്തില്‍ നടപ്പാക്കിയ സാക്ഷരതാ ദശകത്തിന്റെ അവസാന വര്‍ഷമാണ് 2012. യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും പഠനാവശ്യങ്ങള്‍ നിറവേറ്റുക. നിലവിലെ നിരക്ഷരത അമ്പത് ശതമാനമെങ്കിലും കുറക്കുക, സ്ത്രീപുരുഷ തുല്യത ഉറപ്പുവരുത്തുക, സാക്ഷരത, ജീവിതനൈപുണി എന്നിവയില്‍ എല്ലാവരെയും ഉയര്‍ന്ന നിലവാരത്തിലെത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സാക്ഷരതാ ദശകമായി ആചരിച്ചത്. സാക്ഷരതയും സമാധാനവും എന്നതാണ് ഈ വര്‍ഷത്തെ സാക്ഷരതാ ദിനാചരണത്തിന്റെ പ്രചരണാശയം. സാക്ഷരത കണക്കാക്കുന്നത് >>> 1981 വരെയുള്ള സെന്‍സസുകളില്‍ സാക്ഷരതാ നിരക്ക് കണക്കാക്കിയത് സാക്ഷരരായ ആളുകളുടെ എണ്ണത്തെ നൂറ് കൊണ്ട് ഗുണിച്ച് ആകെ ജനസംഖ്യകൊണ്ട് ഹരിച്ചാണ്. ഇങ്ങനെ ലഭിക്കുന്ന സാക്ഷരതാ നിരക്കിനെ അപൂര്‍ണമായ സാക്ഷരത എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സാക്ഷരതാ നിരക്ക് കണക്കാക്കാന്‍ ഏഴ് വയസ് മുതലുള്ളവരുടെ എണ്ണമാണ് പരിഗണിക്കുന്നത്. അതായത് ഏഴ് വയസ് മുതലുള്ള സാക്ഷരരുടെ എണ്ണത്തെ നൂറ് കൊണ്ട് ഗുണിച്ച് ഏഴ് വയസുമുതലുള്ള ജനസംഖ്യകൊണ്ട് ഹരിച്ച്. ഇങ്ങനെ ലഭിക്കുന്ന നിരക്കിനെ യഥാര്‍ത്ഥ സാക്ഷരതാ നിരക്കായി പരിഗണിക്കുന്നു. ഇന്ത്യയില്‍ 91 മുതലുള്ള സെന്‍സസുകളില്‍ ഇങ്ങനെയാണ് സാക്ഷരതാ നിലവാരം കണ ക്കാക്കി വരുന്നത്. ലോക സാക്ഷരത >>> ലോകത്തെ ആറുപേരില്‍ ഒരാള്‍ നിരക്ഷരനാണ്. ഇവരുടെ ആകെ എണ്ണം ഏതാണ്ട് 800 ദശലക്ഷത്തോളംവരും.

  ഇനിയും സ്കൂളിലെത്താത്ത 65 ദശലക്ഷം കുട്ടികള്‍ ഭാവിയിലെ സാക്ഷരതാ നിരക്കിനെ പ്രതികൂലമായി ബാധിക്കും. അക്ഷരാഭ്യാസമില്ലാത്തവര്‍ ഏറെയും വസിക്കുന്നത് തെക്ക് പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്. മാലി (26.2), ദക്ഷിണ സുഡാന്‍ (27.0), എത്യോപ്യ (28.0), നൈജര്‍ (28.1), ബര്‍ക്കിനോഫാസോ (28.7) എന്നിവയാണ് സാക്ഷരതയില്‍ പിന്നിലുള്ള രാജ്യങ്ങള്‍. സാക്ഷരരുടെ എണ്ണത്തില്‍ ക്യൂബ (99.9), എസ്റ്റോണിയ (99.8), ലിത്വാനിയ (99.8) എന്നിവയാണ് മുമ്പില്‍. ലോക സാക്ഷരതാ പട്ടികയില്‍ ഇന്ത്യ 137-ാം സ്ഥാനത്താണ്. അയല്‍ രാജ്യങ്ങളായ ചൈന (95.9), ശ്രീലങ്ക (94.2), മ്യാന്‍മര്‍ (92) എന്നിവ ഉയര്‍ന്ന സാക്ഷരതയുള്ളവയാണ്. ഇന്ത്യയുടെ സാക്ഷരത >>> 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 74 ശതമാനമാണ്. പത്തുവര്‍ഷം മുമ്പ് നടന്ന സെന്‍സസിനെക്കാള്‍ ഒമ്പതുശതമാനത്തിന്റെ വര്‍ധന. ഇന്നും നൂറുപേരില്‍ 26 പേര്‍ നിരക്ഷരരാണ്. സാക്ഷരരായ പുരുഷന്മാര്‍ 82.1ഉം സ്ത്രീകള്‍ 65.46ഉം. അതായത് അഞ്ചു പുരുഷന്മാരില്‍ ഒരാള്‍ക്കും മൂന്നു സ്ത്രീകളില്‍ ഒരാള്‍ക്കും അക്ഷരലോകത്തേക്ക് ഇനിയും പ്രവേശിക്കാനായിട്ടില്ല. സ്ത്രീപുരുഷ സാക്ഷരതാ നിരക്കില്‍ 2001ല്‍ ഉണ്ടായിരുന്ന വ്യത്യാസം 16.68 ആയി കുറഞ്ഞിട്ടുണ്ട്. ഇത് പത്ത് ശതമാനമായി കുറച്ചുകൊണ്ടുവരാനുള്ള ദേശീയ പ്ലാനിങ് കമ്മീഷന്‍ നിര്‍ദേശത്തിലേക്ക് ഇനിയും ദൂരമവശേഷിക്കുന്നു.

  സ്ത്രീകളുടെ സാക്ഷരതാ നിരക്കിലുള്ള കുറവാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദശകത്തില്‍ വനിതകളുടെ സാക്ഷരതാ നിലവാരം 11 ശതമാനമാണ് വര്‍ധിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആകെ സാക്ഷരത 18.33 ശതമാനം മാത്രമായിരുന്നു. പ്രതികൂലമായ ഒട്ടേറെ ഘടകങ്ങള്‍ പൂര്‍ണസാക്ഷരത എന്ന ലക്ഷ്യത്തിന് തടസ്സമാകുന്നു. ദേശീയ സാക്ഷരതാമിഷന്‍ നേതൃത്വത്തില്‍ രാജ്യത്ത് നിരക്ഷരതാ നിര്‍മാര്‍ജന യജ്ഞം പുരോഗമിക്കുന്നുണ്ടെങ്കിലും സമ്പൂര്‍ണ സാക്ഷരത കൈവരിക്കാന്‍ ഇനിയും ദശകങ്ങള്‍ വേ ണ്ടി വന്നേക്കാം.

  രാജ്യത്തെ സാക്ഷരതാ നിരക്കില്‍ ഒന്നാംസ്ഥാനത്തുള്ളത് 2011-ലെ സെന്‍സസ് പ്രകാരവും കേരളമാണ്. 93.91 ശതമാനം. തൊട്ടടുത്ത് ലക്ഷദ്വീപുണ്ട്. (92.28), മിസോറം, ത്രിപുര, ഗോവ എന്നിവ പിന്നീടുള്ള സ്ഥാനങ്ങളില്‍. ബീഹാര്‍ (63.82), അരുണാചല്‍ പ്രദേശ് (66.95) എന്നിവ നിരക്ഷരരുടെ നിരക്കില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍. സ്ത്രീ സാക്ഷരതയില്‍ കേരളവും പുരുഷസാക്ഷരതയില്‍ ലക്ഷദ്വീപും രാജ്യത്ത് ഒന്നാസ്ഥാനത്താണ്.
  -രാജേഷ് എസ് വള്ളിക്കോട്
 • 1 comment: