Wednesday 22 August 2012

ഓണവരികളിലൂടെ.......



ഭൂമിമലയാളത്തിനെന്ന പോലെ കാവ്യമലയാളത്തിനും ഓണം പ്രിയപ്പെട്ടതാണ്. 
പലകാലങ്ങളില്‍ മലയാളകവിതയിലുണ്ടായ ഓണവരികളിലൂടെ....... 

എന്തുല്ലാസഭരം നിനയ്ക്കിലുളവാ-
കുന്നെന്തൊരാനന്ദമി-
ന്നെന്തോ കേരളമാകെയാകൃതി പകര്‍ന്നു
ദ്യോവിലും ഭൂവിലും
അന്തശ്ശോഭ കലര്‍ന്ന രണ്ടു മഴ തന്‍-
മധ്യസ്ഥമാം കാലവും
ചന്തം ചിന്തിയെഴുന്നു രണ്ടിലകളു-
ള്ളമ്പും നറുമ്പൂവുപോല്‍.
- കുമാരനാശാന്‍

ചെമ്മുറ്റ തൃക്കാക്കരയപ്പനെച്ചമപ്പാനായ്-
ച്ചെമ്മണ്ണുകൂട്ടി പശ്ചാദ്ദിക്കിങ്കലന്തിക്കാര്‍കള്‍-
നാളെയാണോണം, സാക്ഷാല്‍ മാബലി മലയാള-
നാടിതു തൃക്കണ്‍പാര്‍ക്കാന്‍ വന്നെത്തും ശുഭദിനം
-വള്ളത്തോള്‍

ഏകത്വമാനന്ദമെന്ന തത്ത്വത്തിനു-
ള്ളേകദൃഷ്ടാന്തമാമോണനാളേ,
അങ്ങയ്ക്കനുഗ്രഹപാത്രങ്ങളോ, ഹന്ത,
ഞങ്ങള്‍ വിഭന്നിതാരാധകന്‍മാര്‍!
-നാലപ്പാട്ട് നാരായണമേനോന്‍

ഓണമേ, നിനക്കൊരു പാട്ടു പാടാമോ വന്നെന്‍
പ്രാണനില്‍ക്കടന്നിരുന്നെന്റെ മണ്‍കുടില്‍ പൂകി?
പോയ കാലത്തിന്‍ വെട്ടമിത്തിരി കിടപ്പുണ്ടു;
നീയതിലിരുന്നൊരു കൊച്ചു പല്ലവി പാടൂ
-ജി. ശങ്കരക്കുറുപ്പ്

നമ്മളിലാരാനുമീടുവെപ്പില്‍ ച്ചേര്‍ത്തു
നല്ലോണം സൂക്ഷിച്ചിരിപ്പുണ്ടെങ്കില്‍
ആട്ടേയെടുത്തതു നോക്കല്ലേ വീണ്ടും മണ്‍-
കട്ടയില്‍ നന്നോ വിരലുരയ്ക്കാന്‍?
- ഇടശ്ശേരി

ദാനവവീരനദ്ദാനശീലന്‍
ആനന്ദനൃത്തങ്ങളാടിടുന്നു.
പോവല്ലേ, പോവല്ലേ, പൊന്നോണമേ!
പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു
-ഇടപ്പള്ളി

അരിമയിലോണപ്പാട്ടുകള്‍ പാടി-
പ്പെരുവഴി താണ്ടും കേവല, രെപ്പൊഴു-
മരവയര്‍ പട്ടിണി പെട്ടവര്‍, കീറി-
പ്പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍
-വൈലോപ്പിള്ളി

വിണ്ണണിത്തറവാടിന്റെ
മുറ്റം കുങ്കുമലിപ്തമായ്
തെളിഞ്ഞു കാണായി വീണ്ടും
ചിങ്ങത്തിന്‍ പുതു പൂക്കളം
-പി.കുഞ്ഞിരാമന്‍നായര്‍

എങ്കിലുമിന്നാ മധുരസ്മൃതികളില്‍
സങ്കല്‍പ്പമങ്ങനെ സഞ്ചരിക്കെ;
സഞ്ചയിക്കുന്നിതെന്‍ ചേതന, മേല്‍ക്കുമേല്‍
പുഞ്ചിരിക്കൊള്ളുന്നൊരോണപ്പൂക്കള്‍
-ചങ്ങമ്പുഴ കൃഷ്ണപിള്ള

നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി-
ച്ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി, തിരുവോണമേ നന്ദി.
-എന്‍.എന്‍. കക്കാട്

കാലം മുടങ്ങാതെ
വന്നുപോകും പക്ഷി
ജാലങ്ങളെപ്പോലെ -
യാരോ നയിപ്പതായ്
ഒന്നുമറിയാതെ,
യാന്ത്രികമായ് തന്നെ
വന്നുപോകുന്നതാം
നീയുമെന്നോണമേ!
അല്ലായ്കിലെന്നേ
വരാതീരുന്നേനെ നീ-
യല്ലിനെ സ്നേഹിക്കു-
മെങ്ങള്‍ തന്‍ നാടിതില്‍!
-സുഗതകുമാരി

ആഴക്കുമൂഴക്കു പൂവുതേടി
പോയവരുണ്ണികള്‍ മിന്നല്‍ വേഗം
പാരിനു വേണ്ടുന്നതൊക്കെയുമായ്
ആഴികള്‍ കയറിവരുന്നുണ്ടല്ലോ
ആരുണ്ടവര്‍ക്കെതിരേറ്റുചെല്ലാന്‍?
-കടമ്മനിട്ട

ആര്‍ വരും ചിങ്ങത്തിലെന്ന കൌതൂഹലം
തേന്‍ നിറപ്പൂ നേന്ത്രവാഴക്കുലകളില്‍
ആരുടെ കിരീടമിപ്പാവമാം കൊങ്ങിണി-
പ്പൂവിനെപ്പൊന്നാക്കുമാവണിത്തിങ്കളായ്
ആ നീതിമാനിതാ സ്വാഗതം! പോരികെന്‍
നാടിന്നബോധപാതാളങ്ങള്‍ വിട്ടുവ-
ന്നീയവശിഷ്ടങ്ങളില്‍ വെയില്‍ പെയ്യുക!
-സച്ചിദാനന്ദന്‍

ഏതവധൂതന്‍ ജ്വലിക്കുന്ന കണ്ണുമായ്
പാതമുറിച്ചുവരുന്നു, പരശ്ശതം
പാണികള്‍ കൊണ്ടെഴുതുന്നു സിരാതന്ത്രി-
വീണയില്‍ ഓണനിലാവിന്റെ ശീലുകള്‍.
-റഫീക്ക് അഹമ്മദ്

No comments:

Post a Comment