Saturday 4 August 2012

അഭിമാനമായി വിജയകുമാറിന്റെ വെള്ളി


ലണ്ടന്‍ : നഷ്ടക്കണക്കുകള്‍ ഈറനണിയിച്ച കണ്ണുകള്‍ക്ക് മുന്നിലിതാ വെള്ളിവെളിച്ചം തൂകി ഒരു സ്വപ്‌നനേട്ടം. വിജയകുമാര്‍ എന്ന സൈനികനാണ് വെള്ളിമെഡല്‍ വെടിവച്ചു നേടി നൂറു കോടി ജനങ്ങളുടെ മാനം കാത്തത്. ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. രണ്ടും ഷൂട്ടര്‍മാരുടെ വക തന്നെ. ഗഗന്‍ നാരംഗ് നേരത്തെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ വെങ്കലം നേടിയിരുന്നു.പുരുഷന്മാരുടെ 25മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളിലാണ് ഇരുപത്തിയാറുകാരനായ വിജയകുമാറിന്റെ അസുലഭ നേട്ടം. നാലാമനായി ഫൈനലിലെത്തിയ വിജയകുമാര്‍ 30 പോയിന്റ് നേടിയാണ് വെള്ളി നേടിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഷൂട്ടിങ്ങില്‍ വെള്ളി നേടുന്നത്. ആതന്‍സ് ഒളിമ്പിക്‌സില്‍ രാജ്യവര്‍ധന്‍സിങ് റാത്തോഡ് എന്ന സൈനികനാണ് ഇതിന് മുന്‍പ് ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ നേടിത്തന്നത്. ബെയ്ജിങ്ങില്‍ അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യത്തെ വ്യക്തിഗത സ്വര്‍ണവും നേടിത്തന്നിരുന്നു.
ശരിക്കും വീറുറ്റ പ്രകടനം തന്നെയാണ് ഹിമാചല്‍പ്രദേശുകാരനായ വിജയകുമാര്‍ പുറത്തെടുത്തത്. 5, 4, 4, 3, 4, 4,4,2 എന്നിങ്ങനെയായിരുന്നു ഫൈനലിലെ വിജയകുമാറിന്റെ സ്‌കോര്‍. അവസനാ വെടിയില്‍ രണ്ടെണ്ണം പാഴാവുകയും വിജയകുമറിന് കേവലം രണ്ടു പോയിന്റുമായി സംതൃപ്തിയേണ്ടിവരികയും ചെയ്തതോടെ ഇന്ത്യയുടെ മനസ്സൊന്ന് ആളിയതാണ്. ഈ പാഴ്‌വെടിയാണ് വിജയകുമാറിന് സ്വര്‍ണം നഷ്ടപ്പെടുത്തിയത്. എന്നാല്‍, ഇതിനകം തന്നെ വിജയ് വെള്ളി മെഡല്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. പുതിയ ലോക റെക്കോഡിട്ട ക്യൂബയുടെ ലെയുറിസ് പുപോയ്ക്കാണ് സ്വര്‍ണം. ചൈനയുടെ ഫെറ്റ് ഡിങ് വെങ്കലം നേടി.

No comments:

Post a Comment