Friday 27 July 2012

ദാരിദ്ര്യം തുടച്ചുനീക്കണം -രാഷ്ട്രപതി


ന്യൂഡല്‍ഹി: പട്ടിണിപോലെ മറ്റൊരു അപമാനമില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ''സമൂഹത്തിന്റെ താഴേത്തട്ടില്‍ കഴിയുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരണം. അതുവഴി ആധുനിക ഇന്ത്യയില്‍നിന്ന് ദാരിദ്ര്യം തുടച്ചുനീക്കണം''- രാഷ്ട്രപതിയായി സത്യപ്രതിജ്ഞചെയ്തശേഷം നടത്തിയ പ്രസംഗത്തില്‍ പ്രണബ് മുഖര്‍ജി പറഞ്ഞു.സമത്വങ്ങളില്‍ ഏറ്റവും പ്രധാനം സാമ്പത്തിക സമത്വമാണ്.
ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ വിജയഗാഥയില്‍ തങ്ങളും പങ്കാളികളാണെന്ന് രാജ്യത്തെ ഏറ്റവും പാവപ്പെട്ടവനും തോന്നണം. എങ്കിലേ വികസനം യാഥാര്‍ഥ്യമാകൂ- രാഷ്ട്രപതി പറഞ്ഞു. ബംഗാളിലെ ഗ്രാമത്തില്‍നിന്ന് ഡല്‍ഹിയുടെ തിളക്കത്തിലേക്ക് എത്തിയ ദീര്‍ഘമായ കാലയളവില്‍ നിരവധി മാറ്റങ്ങള്‍ താന്‍ കണ്ടു. ബംഗാളില്‍ ക്ഷാമത്തില്‍ ഏറെപ്പേര്‍ മരിച്ചകാലത്ത് താന്‍ കുട്ടിയായിരുന്നു. അന്നത്തെ ബുദ്ധിമുട്ടും വിഷമവും മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല.
ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന കാലത്തെ ദേശീയലക്ഷ്യം മുന്നോട്ട് കൊണ്ടുപോവേണ്ടതുണ്ട്. ദാരിദ്ര്യം തുടച്ചുനീക്കുക എന്നതാണ് ആ ലക്ഷ്യം- പ്രണബ് പറഞ്ഞു. സമാധാനമാണ് വളര്‍ച്ചയുടെ പ്രധാനഘടകം. പക്ഷേ, ഇതിന് ഭംഗം വരുത്തുന്ന ഘടകങ്ങള്‍ നിലവിലുണ്ട്. നാം ഇന്ന് ശീതയുദ്ധാനന്തരമുള്ള നാലാം ലോക മഹായുദ്ധത്തിന്റെ നടുവിലാണ്. തീവ്രവാദത്തിന് എതിരായ യുദ്ധമാണിത്. തീവ്രവാദത്തിന്റെ ഭീഷണി മറ്റുള്ളവര്‍ തിരിച്ചറിയുംമുമ്പുതന്നെ ഇന്ത്യ ഈ യുദ്ധത്തിന്റെ മുന്നണിയിലുണ്ട്.
സമാധാനത്തിന്റെ കുറച്ചുനിമിഷങ്ങള്‍ക്ക് വര്‍ഷങ്ങളിലെ യുദ്ധത്തെക്കാള്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. പരസ്​പരദ്വേഷവും അക്രമവും വളര്‍ത്തുന്നവര്‍ ഇത് തിരിച്ചറിയണം- രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും എല്ലാഅര്‍ഥത്തിലും അതിന്റെ അന്തസ്സത്ത കാത്തുസൂക്ഷിക്കുകയും ചെയ്യും-പ്രണബ് പറഞ്ഞു.
ഇന്ത്യയുടെ ഉയര്‍ച്ച ബലത്തിലോ നശീകരണത്തിലോ അധിഷ്ഠിതമല്ല. മറിച്ച് മനശ്ശക്തിയാണ് അതിന്റെ അടിസ്ഥാനം. സമാധാനവും സ്‌നേഹവും കൊണ്ടാണത് സാധ്യമാക്കുന്നത്. നന്മയുടെ എല്ലാശക്തികളെയും ഒരുമിച്ച് കൊണ്ടുവരണം -സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ച് രാഷ്ട്രപതി പറഞ്ഞു.

No comments:

Post a Comment