Thursday, 5 April 2012

ഒരേസമയം രണ്ടു ഭാര്യമാര്‍; ഓഫീസറെ ഫെയ്‌സ്ബുക്ക് കുടുക്കി


സുഹൃത്തുക്കളെ പരസ്പരം ബന്ധിപ്പിക്കാനുള്ളതാണ് ഫെയ്‌സ്ബുക്ക്. പലര്‍ക്കും തുണയാകുന്ന ഈ സര്‍വീസ് ചിലരെ കുടുക്കുകയും ചെയ്യും. വാഷിങ്ടണിലെ രണ്ടു സ്ത്രീകള്‍ ഫെയ്‌സ്ബുക്കിന്റെ 'ഫ്രണ്ട്‌സ്' സംവിധാനത്തിലൂടെ കണ്ടെത്തിയതെന്തെന്നോ-തങ്ങള്‍ രണ്ടാളുടെയും ഭര്‍ത്താവ് ഒരാളാണെന്ന്! 

 ഒരേസമയം രണ്ടുപേരുടെ ഭര്‍ത്താവായ ജയിലുദ്യോഗസ്ഥന്‍ കുടുങ്ങിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരേസമയം രണ്ടു വിവാഹം കഴിച്ചതിന് നിയമനടപടി നേരിടുകയാണ് അലന്‍ എല്‍.ഒനീല്‍ എന്ന ഉദ്യോഗസ്ഥന്‍.

അധികൃതര്‍ വ്യാഴാഴ്ച സമര്‍പ്പിച്ച കോടതിരേഖകള്‍ അനുസരിച്ച്, 2001 ലായിരുന്നു ഒനീലിന്റെ ആദ്യവിവാഹം. 2009 ല്‍ ആ വിവാഹം കലുഷിതമായി. ആദ്യവിവാഹത്തില്‍ നിന്ന് മോചനം നേടാതെ അയാള്‍ പേരുമാറ്റി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നു.

ഒനീല്‍ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവായിരിക്കുന്നുവെന്ന് ഒന്നാംഭാര്യയാണ് ആദ്യം മനസിലാക്കിയത്. ഫെയ്‌സ്ബുക്കിലെ 'People You May Know' എന്ന ഫീച്ചര്‍ വഴിയായിരുന്നു അത്. രണ്ടാമത്തെ സ്ത്രീയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കടന്നപ്പോള്‍ ഒന്നാംഭാര്യ കണ്ടത് തന്റെ ഭര്‍ത്താവ് ആ സ്ത്രീയുമൊന്നിച്ച് വിവാഹകേക്ക് മുറിക്കുന്നതിന്റെ ചിത്രമാണ്. അങ്ങനെ കള്ളി വെളിച്ചത്തായി.

ഒന്നാംഭാര്യ തന്റെ ഭര്‍തൃമാതാവിനെ വിളിച്ച് ഇക്കാര്യം ചോദിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒന്നാംഭാര്യയുടെ അപ്പാര്‍ട്ട്‌മെന്റില്‍ ഭര്‍ത്താവ് നേരിട്ടെത്തി. നമ്മള്‍ എന്നാണ് വിവാഹമോചനം നേടിയത് എന്ന് ഒന്നാംഭാര്യ അയാളോട് ആവര്‍ത്തിച്ചു ചോദിച്ചു. ഇല്ല, നമ്മള്‍ ഇപ്പോഴും വിവാഹിതരാണ് എന്നായിരുന്നു അയാളുടെ മറുപടി-കോടതിരേഖകള്‍ പറയുന്നു.

ഒനീലോ അയാളുടെ ഒന്നാംഭാര്യയോ വിവാഹമോചനത്തിനായി അപേക്ഷ കൊടുത്തിട്ടില്ലെന്ന് കോടതിരേഖകള്‍ വ്യക്തമാക്കി. 2010 ഡിസംബറിലാണ് ഒനീല്‍ പേരു മാറ്റിയത്. ആ മാസം അവസാനം രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു.

പേരുമാറ്റി വിവാഹം കഴിച്ചതിനാല്‍ തന്നെയാരും പിടിക്കില്ലെന്ന് അയാള്‍ കരുതിയിരിക്കണം. ഫെയ്‌സ്ബുക്ക് കെണിയൊരുക്കുമെന്ന് ഓര്‍ത്തിരിക്കില്ല. 41-കാരനായ ഒനീലിന്റെ മുന്‍നാമം അലന്‍ ഫല്‍ക്ക് എന്നായിരുന്നു. അഞ്ചുവര്‍ഷമായി പിയേഴ്‌സ് കൗണ്ടിയില്‍ ജയിലില്‍ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുകയാണ്-അധികൃതര്‍ അറിയിച്ചു.

പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ അയാള്‍ അവധിയില്‍ പ്രവേശിച്ചു. കുറ്റം തെളിഞ്ഞാല്‍ ഒരുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാം.

2009 മുതല്‍ ഒന്നാം ഭാര്യയും ഒനീലും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. 2010 ല്‍ ഒരു സ്ത്രീയുമായി പൊതുസ്ഥലത്തുവെച്ച് വഴക്കുണ്ടാക്കിയതിന് ഒന്നാംഭാര്യ അറസ്റ്റിലായി. ഒന്നാംഭാര്യ വഴക്കിട്ട സ്ത്രീയെയാണ് ഒനീല്‍ പിന്നീട് വിവാഹം കഴിച്ചത്. 

No comments:

Post a Comment